DCBOOKS
Malayalam News Literature Website

‘യൂദാസ്’ വീണ്ടും വരുമ്പോൾ…

കെ ആർ മീരയുടെ നോവലുകളിൽ ബെന്യാമിന് ഏറെ ഇഷ്ടം യൂദാസിന്റെ സുവിശേഷമാണ്. സാഹിത്യ അക്കാദമി പുരസ്‌കാര സമർപ്പണചടങ്ങിൽവെച്ച് ബെന്യാമിൻതന്നെയാണ് മീരയുടെ ചോദ്യത്തിനുള്ള മറുമൊഴിയായി ഇഷ്ടപുസ്തകത്തെക്കുറിച്ച് പറഞ്ഞത്. യൂദാസിന്റെ സുവിശേഷം ഇന്ന് ഒരുപാട് വായനക്കാരുടെ പ്രിയപ്പെട്ട സുവിശേഷപുസ്തകമാണ്. നീണ്ടൊരു നിദ്രാകാലം കഴിഞ്ഞ് യൂദാസിന്റെ സുവിശേഷം ഒറ്റപ്പുസ്തകമായി എത്തിയ ശേഷമായിരുന്നു അത്. നോവലിന് രണ്ടാം പതിപ്പ് പുറത്തിറങ്ങിയ സന്തോഷനിമിഷത്തിൽ ആ നോവലെഴുത്തിലെ ഉള്ളുരുക്കങ്ങളെക്കുറിച്ച് കെ ആർ മീര എഴുതിയ ഹൃദ്യമായ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം.

യൂദാസ്’ വീണ്ടും വരുമ്പോൾ

യൂദാസിൻറെ സുവിശേഷം‘ ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിക്കാൻ ഞാൻ വലിയ താൽപര്യമെടുത്തിരുന്നില്ല. കാരണം, ആ പുസ്തകം കയ്യിലെടുക്കുമ്പോഴൊക്കെ മനസ്സു മ്ലാനമാകും. എഴുതപ്പെട്ടതു കടുത്ത പകർച്ചപ്പനിക്ക് ഇടയിലായതു കൊണ്ടു മാത്രമല്ല, അതൊരു ഭാഗ്യമില്ലാത്ത പുസ്തകമായിരുന്നു. വായിക്കപ്പെടാതിരിക്കുന്നതിനേക്കാൾ ഭാഗ്യക്കേട് എന്തുണ്ട്, പുസ്തകങ്ങൾക്ക്?
ഒറ്റുകാരനായി മുദ്ര കുത്തപ്പെട്ട ഒരാളുടെ ആത്മവ്യഥയെക്കുറിച്ച് ഞാൻ ആദ്യമായി ചിന്തിച്ചതു കൂട്ടുകാരിയും പ്രശസ്ത കവിയുമായ അനിത തമ്പിയുമായുള്ള സംഭാഷണത്തെ തുടർന്നായിരുന്നു. വിമൻസ് വേൾഡ് ഡൽഹിയിൽ 2007 ഫെബ്രുവരിയിൽ നടത്തിയ ഇൻറർനാഷനൽ കോളോക്കിയം ഓഫ് വിമൻ റൈറ്റേഴ്‌സ് ആയിരുന്നു വേദി.
ഗ്ലോറിയ സ്റ്റെയ്‌നമും നവ്‌നീത ദേവ് സെന്നും കമല ഭാസിനും ഗീതാഞ്ജലി ശ്രീയും വോൾഗയും ബാമയും റിതു മേനോനും അമ്മു ജോസഫും എസ്തർ ഡേവിഡും ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. ജെ. ദേവിക വിവർത്തനം ചെയ്ത ‘മോഹമഞ്ഞ’ എന്ന കഥ മാത്രമായിരുന്നു അന്ന് അവിടെ എൻറെ മേൽവിലാസം.
ഞാൻ ആദ്യമായി അനിതയെ കാണുകയായിരുന്നു. പക്ഷേ, അതുകൊണ്ട് ഞങ്ങൾ രണ്ടു പേർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. നിറഞ്ഞു കവിഞ്ഞ ഓഡിറ്റോറിയത്തിൽ പ്രഭാഷണം നടത്താൻ ഗ്ലോറിയ സ്റ്റെയ്‌നം പ്രവേശിക്കുന്നതും കാത്തിരിക്കെയുള്ള കൊച്ചുവർത്തമാനത്തിന് ഇടയിലാണു നക്‌സലിസത്തിൽ എത്തിപ്പെട്ടതും പോലീസ് മർദ്ദനത്തിൽ എന്തോ വെളിപ്പെടുത്തിയെന്നു കുറ്റബോധം അനുഭവിക്കുന്ന ഒരു നക്‌സൽ പ്രവർത്തകനെക്കുറിച്ച് കേട്ടിട്ടുണ്ട് എന്ന് അനിത പറഞ്ഞതും. എനിക്ക് അത്രയേ വേണ്ടിയിരുന്നുള്ളൂ. ഒരു വലിയ കഥയായി അതു ഞാൻ അനുഭവിച്ചു കഴിഞ്ഞിരുന്നു.
എങ്കിലും, മാസങ്ങൾക്കു ശേഷമാണ് അത് എഴുതാൻ സാധിച്ചത്. എഴുതാൻ ഇരിക്കുമ്പോൾപ്പോലും അതാണ് എഴുതപ്പെടാൻ പോകുന്നതെന്നു ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല.
അത്ര കടുത്ത പനിയായിരുന്നു. ഒരു പത്രാധിപർക്കു കൊടുത്ത വാക്കു പാലിക്കാൻ വേണ്ടി മാത്രം എഴുതാൻ തുനിയുകയായിരുന്നു. ശൂന്യമായ കംപ്യൂട്ടർ സ്‌ക്രീനിൽ ഒരു പച്ച നിറം മിന്നി മായുന്നതുപോലെ തോന്നി.
ആ നിറം മഴക്കാലത്തെ ശാസ്താംകോട്ട കായലിനെ ഓർമ്മിപ്പിച്ചു. എനിക്ക് കുട്ടിക്കാലം ഓർമ്മ വന്നു. ലോകത്തിനു വേണ്ടി സ്വയം സമർപ്പിക്കാൻ സന്നദ്ധനായ ഒരു നക്‌സലൈറ്റിനെ സ്വയമെരിഞ്ഞു പ്രേമിക്കാൻ ആഗ്രഹിച്ചിരുന്ന കൗമാരം ഓർമ്മ വന്നു.
പ്രേമിക്കുമ്പോൾ മാത്രം വിഡ്ഢിയാകാൻ മടിയില്ലാത്ത പ്രേമ പിറവിയെടുത്തു. ‘യൂദാസിൻറെ സുവിശേഷ’ത്തിൽ മാത്രമാണ് ഞാൻ ശാസ്താംകോട്ട കായലിനെ ആവാഹിച്ചിട്ടുള്ളത്.
കായൽ, ചരൽ നിറഞ്ഞ കായൽത്തീരം, കലമ്പെട്ടികൾ, ഡ്രൊസീറ ചെടികൾ, കരിമീനുകൾ, മൃതദേഹങ്ങൾ… അതെഴുതിയ ദിവസങ്ങളിലേക്കു തിരികെപ്പോകാൻ ആഗ്രഹം തോന്നാറുണ്ട്. എഴുത്തിൻറെ ഏറ്റവും വലിയ ആനന്ദം അതിൻറെ വേദനയാണ്.
പക്ഷേ, പറഞ്ഞല്ലോ, അതൊരു ഭാഗ്യമില്ലാത്ത നോവലായിരുന്നു. അധികമാരും ശ്രദ്ധിക്കാത്ത ഒരു വിശേഷാൽപ്രതിയിലാണ് ‘യൂദാസിൻറെ സുവിശേഷം ‘ വെളിച്ചം കണ്ടത്. ” ഒറ്റുകാരന് ഒരിക്കലും ഉറക്കം വരികയില്ല. വിശപ്പടങ്ങുകയോ ദാഹം ശമിക്കുകയോ ഇല്ല.വെള്ളത്തിൽ മുങ്ങിക്കിടന്നാലും അയാളുടെ ശരീരത്തിന്റെ പുകച്ചിൽ അണയുകയില്ല. മൂക്കറ്റം മദ്യപിച്ചാലും അയാളുടെ ബോധം മറയുകയുമില്ല” എന്നു തുടങ്ങുന്ന അവതരണ ഭാഗം ആ വിശേഷാൽപ്രതിയുടെ എഡിറ്റർ അനുവാദമില്ലാതെ വെട്ടിക്കളയുകയും ചെയ്തു.
എനിക്കു വല്ലാത്ത ക്ഷോഭമുണ്ടായി. ഞാൻ കലഹിച്ചു. അവർ തന്ന ചെക്ക് സ്ഥാപനത്തിൻറെ അന്നത്തെ മാനേജിങ് ഡയറക്ടർക്ക് തിരിച്ചയച്ചു. കലാകൗമുദി എഡിറ്റർ പ്രസാദ് ലക്ഷ്മൺ അതു പുന:പ്രസിദ്ധീകരിക്കാൻ തയ്യാറായി. ‘പൂർണ്ണമായും ജലത്തിൽ മുങ്ങിയ ആദ്യ മലയാള നോവൽ’ എന്ന് അക്കാലത്ത് ഒരാൾ അതിനെ പരിഹസിച്ചു.
പക്ഷേ, എനിക്കു വലിയ സങ്കടമുണ്ടായിരുന്നു. ഉള്ളുരുകി എഴുതിയത് ശ്രദ്ധിക്കപ്പെടാതെ പോയല്ലോ. വീണ്ടും വായിച്ചപ്പോഴൊക്കെ അതു വലിയൊരു നോവലാക്കി വികസിപ്പിക്കാൻ ആഗ്രഹമുണ്ടായി. ഞാൻ കക്കയത്തു പോയിട്ടുണ്ടായിരുന്നില്ല.
പോകണം എന്നു തോന്നി. കക്കയത്തു പോയി. നാടകപ്രവർത്തകനും പഴയ നക്‌സൽ പ്രവർത്തകനുമായ മധുമാഷ് ഒപ്പം വന്നു. മധു മാഷിൻറെ ഒപ്പമുള്ള യാത്ര വളരെ രസകരമായിരുന്നു. മടങ്ങി വന്നു ‘യൂദാസിൻറെ സുവിശേഷം’ എഡിറ്റ് ചെയ്തു. അത് ഇന്നു കാണുന്ന രൂപത്തിലായി.
കേരള സാഹിത്യ അക്കാദമിയുടെ കഥയ്ക്കുള്ള അവാർഡ് ആവേ മരിയയ്ക്കു കിട്ടിയ വർഷം നോവലിനുള്ള അവാർഡ് ബെന്യാമിൻറെ ‘ആടു ജീവിതം ‘ ആണു നേടിയത്. സ്റ്റേജിൽ രണ്ടാം നിരയിലിരുന്ന ഞങ്ങൾ കഥകളെക്കുറിച്ചു സംസാരിച്ചു.
ഞാൻ ചോദിച്ചു, ‘എൻറെ പുസ്തകങ്ങളിൽ ബെന്യാമിന് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്?’ ഒരു നിമിഷം പോലും ആലോചിക്കാതെ ബെന്യാമിൻ പറഞ്ഞു : ‘യൂദാസിൻറെ സുവിശേഷം.’ എനിക്ക് വലിയ സന്തോഷം തോന്നി -ഒന്നാമത്, ആ പുസ്തകം വായിച്ച ഒരാളെ കണ്ടുമുട്ടാൻ കഴിഞ്ഞു. രണ്ടാമത്, ബെന്യാമിനെ പോലെ ഒരു എഴുത്തുകാരന് അത് ഇഷ്ടപ്പെട്ടു ! പിൽക്കാലത്ത് എഴുത്തുകാരിയായ ധന്യ രാജും ആ പുസ്തകം ഇഷ്ടപ്പെട്ടതായി എഴുതിയിരുന്നു.
കുറേക്കാലത്തിനുശേഷം, ‘ ആരാച്ചാർ ‘ ഇറങ്ങിക്കഴിഞ്ഞ് ഡിസി ബുക്‌സ് ചെറുനോവലുകൾ സമാഹരിച്ചു ‘മീരയുടെ നോവെല്ലകൾ’ പ്രസിദ്ധീകരിച്ചതോടെയാണു ‘യൂദാസിൻറെ സുവിശേഷ’ത്തെ കുറിച്ചു നല്ല വാക്കുകൾ പറയുന്ന വായനക്കാരെ കൂടുതലായി കണ്ടുമുട്ടിത്തുടങ്ങിയത്.
ഏതാണ്ട് അതേ കാലത്ത്, ‘ആരാച്ചാർ’ പരിഭാഷയായ Hangwoman ഇറങ്ങി. അടുത്ത പുസ്തകത്തെ കുറിച്ച് അന്നു പെൻഗ്വിൻറെ കമ്മിഷനിങ് എഡിറ്റർ ആയിരുന്ന ആർ. ശിവപ്രിയ ചോദിച്ചപ്പോൾ ‘യൂദാസിൻറെ സുവിശേഷം’ പരിഭാഷപ്പെടുത്താൻ നിർബന്ധിച്ചതു കൂട്ടുകാരിയായ ഡോ. പീയൂഷ് ആൻറണിയും പീയൂഷിൻറെ സഹോദരൻ ഡോ. അമൽ ആന്റണിയുമായിരുന്നു.
തീർത്തും കേരളത്തിൻറെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലമുള്ള ‘യൂദാസ്’ ഇംഗ്ലിഷ് വായനക്കാർക്ക് ഇടയിൽ എങ്ങനെയാണു സ്വീകരിക്കപ്പെടുക എന്നോർത്ത് എനിക്ക് അധൈര്യമുണ്ടായി. പക്ഷേ, രാജേഷ് രാജമോഹന്റെ The Gospel Of Yudas ഭാഷയുടെ അതിർവരമ്പുകളെ മറികടന്നു.

ആ ദിവസങ്ങളിലൊന്നിലാണു പെൻഗ്വിൻറെ ഓഫിസിൽ വച്ചു മീന രാജശേഖരനെ ആദ്യം കണ്ടത്. അതിനു മുമ്പ് ഒരിക്കൽ Hangwoman, Yellow Is The Colour of Longing എന്നീ പുസ്തകങ്ങളുടെ പുതിയ കവറുകളെ കുറിച്ചു ഫോണിലൂടെ സംസാരിച്ചിട്ടേയുണ്ടായിരുന്നുള്ളൂ. കാഴ്ചയ്ക്ക് ചെറിയൊരു പെൺകുട്ടി. ‘യൂദാസി’ൻറെ കവറിനെ കുറിച്ചാണു ചർച്ച ചെയ്തത്. രണ്ടു മൂന്നു സാധ്യതകൾ പറഞ്ഞു.
സ്‌കെച്ച് അയച്ചു തന്നു. അതെങ്ങനെ രൂപപ്പെടുമെന്നു ധാരണയുണ്ടായിരുന്നില്ല. പക്ഷേ, രംഗനാഥ് കൃഷ്ണമണി ഇലസ്‌ട്രേറ്റ് ചെയ്ത കവർ കണ്ട് മനസ്സു നിറഞ്ഞു. (തൊട്ടടുത്ത വർഷം The Poison of Loveഉം അതിനു പിന്നാലെ The Unseeing Idol Of Lightഉം ഡിസൈൻ ചെയ്തു മീനയും രംഗനാഥും വീണ്ടും ഞെട്ടിച്ചു.!)
പെൻഗ്വിൻറെ ഇൻറർനാഷനൽ ഇംപ്രിൻറ് ആയ ഹാമിഷ് ഹാമിൽട്ടൻ ഹാർഡ് ബൗണ്ട് ആയി ഇറക്കിയ The Gospel Of Yudas ഇന്ത്യയിലെ മിക്കവാറും ഇംഗ്ലീഷ് പത്രമാസികകളിൽ റിവ്യൂ ചെയ്യപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു. പക്ഷേ, മലയാളത്തിൽ അന്നു മുതൽ ഇന്നോളം ഒരൊറ്റ നിരൂപണം മാത്രമേ ‘യൂദാസി’നെ കുറിച്ച് എഴുതപ്പെട്ടിട്ടുള്ളൂ പി. മുരളീധരൻ കലാകൗമുദിയിൽ എഴുതിയത്!
പറഞ്ഞു വന്നത്, ‘യൂദാസിൻറെ സുവിശേഷം’ വീണ്ടും ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടതിനെ കുറിച്ചാണ്.
അതിന് ഒരു കാരണമേയുള്ളൂ മീന രാജശേഖരനും രംഗനാഥ് കൃഷ്ണമണിയും ചേർന്നു The Gospel Of Yudas നു സൃഷ്ടിച്ച കവർ മലയാളത്തിൽ കൂടി കാണാനുള്ള എൻറെ അത്യാഗ്രഹം !
പുതിയ കവറുമായി ‘യൂദാസിൻറെ സുവിശേഷം ‘ രണ്ടാം പതിപ്പിലേക്ക് പ്രവേശിക്കുമ്പോൾ നിറഞ്ഞ സന്തോഷം. വായിക്കപ്പെടുന്നതിനേക്കാൾ ഭാഗ്യമെന്തുണ്ട്, പുസ്തകങ്ങൾക്ക്?

 

Comments are closed.