DCBOOKS
Malayalam News Literature Website

കാഴ്ചകൾ അവസാനിക്കുന്നില്ല ; വിസ്മയലോകം വീണ്ടും വിനോദത്തിലൂടെ ഉണർവിലേക്ക്…  

ഏതു തരത്തിലുള്ള സഞ്ചാരികള്‍ക്കും ആസ്വദിക്കുവാന്‍ പറ്റുന്ന തരത്തിലുള്ള കാഴ്ചകളും സ്ഥലങ്ങളും നമ്മുടെ നാട്ടിലുണ്ട്. യുനസ്കോയുടെ ലോക പൈതൃത പട്ടികയില്‍ ഇന്ത്യയില്‍ നിന്നു മാത്രം 38 പൈതൃക സ്മാരകങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്.

മനു ഡി ആന്റണി

കോവിഡ് മഹാമാരി കാരണം പൂർണ്ണമായി അടഞ്ഞു കിടന്ന മേഖലയാണ് വിനോദ സഞ്ചാര മേഖല. എന്നാലും കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക വിനോദസഞ്ചാര ദിനം യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ(യുഎന്‍ഡ്ബ്ല്യുടിഒ) ആഹ്വാനപ്രകാരം സെപ്റ്റംബര്‍ 27-ന് ആചരിക്കുകയാണ് .ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ യുഎന്‍ഡ്ബ്ല്യുടിഒയുടെ മുന്നാം പൊതുസഭയില്‍ 1979 മുതലാണ് ടൂറിസം ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.

ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങള്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ,സാമ്പത്തിക മൂല്യങ്ങള്‍ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഇത് ആഘോഷിക്കുന്നത്. വിനോദസഞ്ചാരമേഖലയില്‍ രാജ്യാന്തരസഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആരംഭിച്ചു. ഇതിന്റെ തുടര്‍ച്ചയായി ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഒഫിഷ്യല്‍ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷന്‍സ് എന്ന പേരില്‍ 1925-ല്‍ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു. തുടര്‍ന്ന് 1947-ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ 1950-ല്‍ ഇതില്‍ അംഗമായി. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയായി മാറിയത്. സ്‌പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം. 1980 മുതല്‍ ലോക ടൂറിസം ദിനം ആചരിച്ചുവരുന്നു.

മഹാമാരി കാരണം ടൂറിസം മേഖല ആകെ നിശ്ചലമാക്കപ്പെട്ട അവസ്ഥയിൽ നിന്ന് മറികടന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു സഞ്ചാരികളെ ആകര്‍ഷിക്കാനും സൗകര്യമൊരുക്കാനുമുള്ള ശ്രമം പുരോഗമിക്കുകയാണിവിടെ. സംസ്ഥാന സമ്പദ്ഘടനയുടെ നട്ടെല്ലായ വിനോദസഞ്ചാര രംഗം മഹാമാരിയാൽ ഏറ്റ ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ്.

സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍,തേക്കടി,പൊന്മുടി ആലപ്പുഴ,കുമരകം എന്നിവയെല്ലാം സാധാരണ നിലയിലേക്ക് തിരിച്ചു വരികയാണ്. കോവിഡ് ഏല്‍പ്പിച്ച തിരിച്ചടികള്‍ മറികടക്കുകയാണ് ടൂറിസം മേഖല. കൂടാതെ ഗവണ്മെന്റിന്റെ പുതിയ പദ്ധതിയിൽ ഒന്നായ ടൂറിസം വകുപ്പ് പുറത്തിറക്കിയ ആപ്പ്, വിനോദ സഞ്ചരികൾക്ക് ഏറെ സഹായകമാവും എന്നതിൽ സംശയമില്ല.

ഇന്ത്യയോട്ടാകെ ടൂറിസം മേഖലയിൽ പുത്തൻ പ്രതീക്ഷകളോടെയാണ് നോക്കി കാണുന്നത്. ഇന്ത്യയില്‍ വിനോദ സഞ്ചാരത്തിന് പരമാവധി ഉണര്‍വ്വേകുക, സഞ്ചാരികളെ ആകര്‍ഷിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ഈ ദിനം കടന്നു വരുന്നത്.നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവുമായി ബന്ധപ്പെട്ട അവബോധം പ്രചരിപ്പിക്കാനും ഈ ദിവസത്തിന് ലക്ഷ്യമുണ്ട്.അതുപോലെ തന്നെ

രാജ്യത്ത് ടൂറിസത്തിന്റെ പ്രാധാന്യവും അത് ഇന്ത്യയുടെ സാമ്പത്തിക സാധ്യതകളെ എങ്ങനെ ബാധിക്കുന്നുവെന്നതും പ്രത്യേകം എടുത്തു കാണിക്കേണ്ടതാണ്. “രാജ്യത്തെ ഓരോ പ്രദേശത്തിനും സമ്പന്നമായ ഒരു ചരിത്രമുണ്ട്, അത് വിവിധ രീതികളിൽ അനുസ്മരിക്കപ്പെടുന്നു. ഇതെല്ലാം ഉയർത്തിക്കാട്ടുന്നതിനുള്ള മികച്ച മാർഗമാണ് ടൂറിസം”. ഇതോടൊപ്പം, രാജ്യത്തും ഇത് വഹിക്കുന്ന പങ്കിനെക്കുറിച്ച് ആളുകൾക്ക് ബോധവൽക്കരണം നൽകുന്നതിലും ടൂറിസം പ്രാധാന പങ്കു വഹിക്കുന്നു.

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന രംഗമാണ് നമ്മുടെ വിനോദ സഞ്ചാര മേഖല.ഭാരതത്തിന്‍റെ വൈവിധ്യം നിറഞ്ഞ കാഴ്ചകള്‍ തന്നെയാണ് ഇവിടേക്ക് ഇത്രയധികം സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 2020 ൽ കോവിഡ് മൂലം വിനോദ സഞ്ചാര മേഖലയ്ക്ക് ചില ആഘാതങ്ങൾ ഏറ്റെങ്കിലും ഒരു ഉയർത്തെഴുനേൽപ്പിന്റെ തിരക്കിലാണ് ഈ മേഖല.2019 ൽ ഏകദേശം 18 ദശലക്ഷം അന്താരാഷ്ട്ര വിനോദ സഞ്ചാരികളും പ്രവാസി ഇന്ത്യക്കാരും ഇന്ത്യയിലെത്തി. അതിനുമുമ്പ്, 2018 ൽ ഏകദേശം 17 ദശലക്ഷം അന്താരാഷ്ട്ര യാത്രക്കാർ ഇന്ത്യയിൽ വന്നിറങ്ങി, അതിൽ മൂന്ന് ദശലക്ഷം സഞ്ചാരികളെത്തിയത് ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ്.

ഏതു തരത്തിലുള്ള സഞ്ചാരികള്‍ക്കും ആസ്വദിക്കുവാന്‍ പറ്റുന്ന തരത്തിലുള്ള കാഴ്ചകളും സ്ഥലങ്ങളും നമ്മുടെ നാട്ടിലുണ്ട്. യുനസ്കോയുടെ ലോക പൈതൃത പട്ടികയില്‍ ഇന്ത്യയില്‍ നിന്നു മാത്രം 38 പൈതൃക സ്മാരകങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്.

ലോകത്തിലെ സപ്ത ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ സ്ഥിതി ചെയ്യുന്ന രാജ്യം കൂടിയാണ് നമ്മുടേത്.ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയപ്പെട്ട ഭാര്യ മുംതാസ് മഹലിനായി നിർമ്മിച്ച സ്മാരകം പേർഷ്യ, ഇസ്ലാം, തുർക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ വാസ്തുവിദ്യയുടെ മനോഹരമായ മിശ്രണം കൂടിയാണ്. ഇസ്‌ലാമിക കലയുടെയും വാസ്തുവിദ്യയുടെയും ഉത്തമ മാതൃകയായി ഇത് കണക്കാക്കപ്പെടുന്നു. 22 വര്‍ഷം എടുത്ത് പതിനായിരക്കണക്കിന് തൊഴിലാളികള്‍ ചേര്‍ന്നാണ് ഈ ലോകാത്ഭുതം പണിതുയര്‍ത്തിയത്.

ആഘോഷങ്ങളുടെ കാര്യത്തിലും ഒട്ടും പിറകിലല്ല ഇന്ത്യ. വൈവിധ്യമാർന്ന ആഘോഷങ്ങൾ നാടിനു കൂടുതൽ നിറം ചാർത്തുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ മതപരമായ, തീര്‍ത്ഥാ‌ടക കൂടിച്ചേരലുകളില്‍ ഒന്നാണ് കുംഭമേള. 12 വർഷത്തിലൊരിക്കൽ നടക്കുന്ന തീർഥാടക സംഗമമാണ് കുംഭമേള. നാല് മേളകളാണ് കുംഭമേളയായി അറിയപ്പെടുന്നത്. ഹരിദ്വാര്‍, അലഹാബാദിലെ പ്രയാഗ്, നാസിക്, ഉജ്ജയ്ന്‍ ,എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്. 12 വർഷത്തിലൊരിക്കലാണ് ഈ കുംഭമേളകള്‍ നടക്കുക. അര്‍ദ്ധ കുംഭമേള ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും അലഹബാദിലും നടക്കുന്നു. . ഹരിദ്വാറിൽ ഗംഗാ നദിയും ഗംഗാ, യമുനാ സരസ്വതി നദിയുടെ സംഗമം പ്രയാഗിലും ഗോദാവരി നദിയുടെ സാന്നിധ്യം നാസിക്കിലും ഷിപ്രാ നദിയുടെ സാന്നിധ്യം ഉജ്ജയിനിലും കാണാം.

മറ്റൊരു പ്രാധാന വിനോദ സഞ്ചാര കേന്ദ്രമാണ് ആൻഡമാൻ നിക്കോബാർ ദീപുകൾ.ആൻഡമാൻ നിരവധി റിസോർട്ടുകൾ, കാഴ്ചകൾ കാണാനുള്ള സ്ഥലങ്ങൾ, അവധിക്കാല യാത്രകൾ എന്നിവയ്ക്ക് പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രമാണ്. എന്നാൽ ദ്വീപിലെ അയൽവാസിയായ നിക്കോബാറിനെക്കുറിച്ച് കഥകൾ വ്യത്യസ്തമാണ്. പുറം ലോകമായി ബന്ധമില്ലാത്ത ഇവർ കുറച്ച് അപകടകാരികളാണ്. നിക്കോബാർ ദ്വീപുകളിൽ രണ്ട് ‘മംഗോളോയിഡ്’ ഗോത്രങ്ങളുണ്ട്. ഷോംപെൻ, നിക്കോബറീസ്. ഈ ഗോത്രവർഗ്ഗക്കാർ ആഫ്രിക്കയിൽ നിന്ന് 60,000 വർഷങ്ങൾക്ക് മുമ്പ് ദ്വീപിലെത്തിയതായി കരുതപ്പെടുന്നു. ഗോത്രങ്ങളെ അവരുടെ സമുദായങ്ങളുടെയും സന്ദർശകരുടെയും സുരക്ഷയ്ക്കായി ലോകത്തിൽ നിന്ന് വേർപെടുത്തിയിരിക്കുന്നു. അവർ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്.

നഗരങ്ങൾ ചുറ്റിക്കാണുന്നത് ഇന്ന് പതിവ് കാഴ്ചകകളിൽ ഒന്നാണ്. അതിലൊന്നാണ് മുംബൈ.ഒരു കാലത്ത് മലയാളികള്‍ ജോലി ‌തേടി എത്താറുണ്ടാ‌യിരുന്ന മഹാനഗരങ്ങളില്‍ ഒന്നാണ് മുംബൈ. സ്വപ്‌നങ്ങളുടെ മഹാനഗരം എന്ന വിശേഷണത്തിലുപരി മറ്റൊരു പേരും മുംബൈയ്ക്ക് നല്‍കാനില്ല, കാരണം എല്ലാകാലത്തും ജീവിതത്തിലെ പലതരം സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി രാജ്യത്തിന്റെ പലഭാഗത്തുനിന്നായി എത്തുന്നവരെയെല്ലാം കൈനീട്ടി സ്വീകരിയ്ക്കുന്ന നഗരമാണ് മുംബൈ.

ഇനി മലയാളികളുടെ കാര്യമെടുത്താൽ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പ്രകൃതി മനോഹാരിതയെ കാണാതെ പോകാൻ വയ്യ. ഒരു കൂട്ടം ആളുകളുടെ മനസ്സിന് ഇമ്പം നൽകുമ്പോൾ ഒരു പറ്റം ആൾക്കാർക്ക് അവരുടെ അന്നമാണ് വിനോദ സഞ്ചരികളുടെ ആഗമനം. ഈ ഒരു ലേഖനം എഴുതുമ്പോൾ നമ്മുടെ സ്വന്തം വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്താതെ പോകാൻ വയ്യ.

കേരളത്തിലെ ഏറ്റവും സുന്ദരമായ സ്ഥലം ഏതെന്ന് ചോദിച്ചാല്‍ മൂന്നാര്‍ എന്ന് ഉത്തരംപറയാം. കേരളത്തിലെ വേനല്‍ക്കാല വിനോദകേന്ദ്രങ്ങളില്‍ പ്രമുഖസ്ഥാനത്താണ് മൂന്നാര്‍. കേരളത്തില്‍ അധികം സ്ഥലങ്ങളില്‍ അനുഭവിയ്ക്കാന്‍ കഴിയാത്ത കാലാവസ്ഥയും മനോഹരമായ പ്രകൃതിയും അസംഖ്യം ജീവജാലങ്ങളുമുള്‍പ്പെടുന്ന മൂന്നാര്‍ കേരളത്തിന് ടൂറിസം മേഖലയില്‍ ഏറെ അഭിമാനമുണ്ടാക്കുന്ന ഒന്നാണെന്ന് പറയാതെ തരമില്ല.

കേരളത്തിലെ ഏറ്റവും ആകര്‍ഷകവും അത്യപൂര്‍വ്വമായ വിസ്മയാനുഭവങ്ങള്‍ സന്ദര്‍ശകന് സമ്മാനിക്കുന്ന ടൂറിസ്റ്റ് കേന്ദ്രവുമാണ് ഇടുക്കി ജില്ലയിലെ തേക്കടി. വിശ്വപ്രസിദ്ധമായ പെരിയാര്‍ വന്യജീവി സംരക്ഷണ മേഖലയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണ ഘടകമെങ്കിലുംഎല്ലാ തരക്കാരുടെയും ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്താന്‍ തേക്കടി സമ്പന്നമാണ്.

പാലക്കാട് ജില്ലയിലേക്കൊന്നു കണ്ണോടിച്ചാൽ ‘കേരളത്തിന്റെ വൃന്ദാവനം ‘എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് പാലക്കാട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന മലമ്പുഴ. അവിടെത്തെ അണക്കെട്ടും പരിസരത്തെ പൂന്തോട്ടവും ചുറ്റും കാവല്‍ നില്‍ക്കുന്ന മലനിരകളുമെല്ലാം ഉള്‍പ്പെടുന്ന പ്രദേശം പ്രകൃതിസൗന്ദര്യത്തിന്റെ അക്ഷയഖനിയാണ്.

തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും കേവലം 16 കിലോമീറ്റര്‍ മാത്രം ദൂരത്താണ് സഞ്ചാരികളുടെ സ്വപ്നഭൂമിയായ കോവളം കടല്‍ത്തീരം. മഹാമാരിക്ക് മുൻപേ ഒരു വിദേശിയെങ്കിലും വരാത്ത ദിവസങ്ങളില്ലായിരുന്നു കോവളത്ത്. തെങ്ങിന്‍കൂട്ടങ്ങള്‍ നിറഞ്ഞ കോവളത്തിന് എത്രയും ചേരുന്നതാണ് ഈ പേര്. കാശ്മീരിനെ ഭൂമിയിലെ സ്വര്‍ഗം എന്നു വിശേഷിപ്പിക്കുന്ന സഞ്ചാരികള്‍ കോവളത്തിനെ വിളിക്കുന്നത് തെക്കിന്റെ പറുദീസ എന്നാണ്, എത്രയും അര്‍ത്ഥവത്തായ വിളിപ്പേര്.

തിരുവനന്തപുരത്തുനിന്നും നേരെ കന്യാകുമാരിയിലേക്കാണ്.

ദൂരം 85 കിലോമീറ്ററിനടുത്തു . മനോഹരമായ സായന്തനങ്ങള്‍ക്കും ഉദയക്കാഴ്ചകള്‍ക്കും പേരുകേട്ട സ്ഥലം കൂടിയാണ് കന്യാകുമാരി. ഇ‌താ‌‌ണ് കന്യാകുമാരിയെ മലയാളികളുടെ ഇഷ്ട സ്ഥലമാക്കി മാറ്റുന്നത്.

മറ്റൊന്ന് തൃശ്ശൂർ ജില്ലയിലാണ്. അതിരപള്ളിയിലെ കള കള നാദത്തോടെയുള്ള വെള്ളച്ചാട്ടം.അതിരപ്പ‌ള്ളിയെ മലയാളികള്‍ക്ക് ഇത്ര സുപരി‌ചിതമാക്കിയത് തമിഴ് സിനിമകളാണ്. ദിവ‌സേ‌ന നിരവധി ആളുകളാണ് അതിരപ്പള്ളി ‌വെ‌ള്ളച്ചാട്ടത്തി‌ന്റെ സൗന്ദര്യം നുകരാന്‍ എത്തിച്ചേരുന്നത്..

ഒന്നോ രണ്ടോ ദിവസം അവധി കിട്ടിയാൽ കേരളത്തിനകത്തല്ലെങ്കിൽ പോലും മലയാളികൾ എത്തുന്ന സ്ഥലമാണ് കുടജാദ്രി.മലയാളികള്‍ക്കിടയില്‍ ഏറ്റവും പ്രശസ്തമായ സ്ഥലമാണ് കുടജാദ്രി എന്നു പറയുന്നതിൽ തെറ്റില്ല.കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലാണ് കുടജാദ്രി, മൂകാംബിക നാഷണല്‍ ഫോറസ്റ്റിന്റെ മധ്യഭാഗത്തുള്ള ഏറ്റവും ഉയര്‍ന്ന സ്ഥലമാണ് കുടജാദ്രി. കുടജാദ്രിയുടെ താഴ്‌വാരത്തിലാണ് മൂകാംബികയുടെ സന്നിധി. ഒരു കൊച്ചു കേരളം തന്നെ കുടജാദ്രിയിൽ കാണാം.

മറ്റൊനാണ് കോയമ്പത്തൂർ ജില്ലയിലെ വാൽപ്പാറ.അടുത്ത കാലത്ത് മലയാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തി നേ‌ടിയ സ്ഥലമാണ് വാല്‍പ്പാറ. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലാണ് ഈ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ ഏറ്റവും മനോഹരമായ ഹില്‍സ്റ്റേഷനുകളിലൊന്നാണിത്. കോയമ്പത്തൂര്‍ ജില്ലയില്‍ പെടുന്ന ഈ സ്ഥലം അണ്ണാമലൈ മലനിരകളിലാണ്.

ഇങ്ങനെ ഇനിയുമുണ്ട് എത്ര ഓർത്താലും തീരാത്ത അത്ര മലയാളികൾ എത്തിച്ചേരുന്ന സ്ഥലങ്ങൾ.ചന്ദ്രനില്‍ പോയാല്‍ അവിടെ മലയാളിയുടെ ചായക്കട ഉണ്ടാകു‌മെന്ന് പറയുന്നത് മലയാളിയുടെ യാത്ര ‌ശീലത്തെ ഉദ്ദേശിച്ച് കൂടിയാണ്. ലോകത്ത് എവിടെ പോയാ‌ലും അ‌വിടെ ഒരു മലയാളിയേക്കാണാന്‍ കഴി‌യും. മലയാളികളില്‍ ഭൂരിഭാഗം ആളുകളും യാത്ര ചെയ്യുന്നവരാണ്. ‌തൊഴില്‍ തേടിയുള്ള യാത്രകളായി‌രുന്നു മലയാളികള്‍ മുന്‍പ് നടത്തിയിരുന്നത്. എ‌ന്നാല്‍ ലോകത്തെ അറിയാനും കാണാനും സ‌ഞ്ചരിക്കുന്ന മലയാളികളുടെ എണ്ണം പ്രതിദിനം കൂടിവരികയാണ്.

മലയാളികളില്‍ ചിലര്‍ പു‌തിയ സ്ഥലങ്ങള്‍ കാണാനും പുതിയ അറിവുകള്‍ നേടാനും ശ്രമിക്കുമ്പോള്‍ ഭൂരിഭാഗം ആളുകളും പ്രശസ്തമായ ചില സ്ഥലങ്ങളില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. മഹാമാരിയുടെ തീവ്രത കുറഞ്ഞു ഒരു പുത്തൻ ഉണർവോടെ വിനോദ സഞ്ചാര മേഖല കുതിച്ചുയരട്ടെ എന്നു ലോക വിനോദ സഞ്ചാര ദിനത്തിൽ ആശംസിക്കുന്നു.

Comments are closed.