DCBOOKS
Malayalam News Literature Website

‘വല്ലി’ ശ്വാസത്തിലും പ്രാണനിലും പ്രകൃതിക്കു വേണ്ടി വിങ്ങുന്ന ഒരു എഴുത്തുകാരിയുടെ ദീർഘശ്വാസം

ഷീല ടോമിയുടെ വല്ലി എന്ന നോവലിനെക്കുറിച്ച് മനോഹരന്‍ വി പേരകം
പങ്കുവെച്ച വായനാനുഭവം
വയനാടിന്റെ കഥകൾ പറഞ്ഞുകഴിയുന്നില്ല. ഓരോ കാലത്തും ഓരോരോ എഴുത്തുകാരായി വയനാടിന്റെ മനുഷ്യരെപ്പറ്റിയും അതിന്റെ പ്രകൃതിയെപ്പറ്റിയും പല കോൺ കാഴ്ചകളിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്നു. എസ്.കെ പൊറ്റെക്കാട്ടിന്റെ വിഷകന്യകയിലൂടെയും പി.വത്സലയുടെ നെല്ലിലൂടെയും കെ.ജെ ബേബിയുടെ മാവേലിമന്റത്തിലൂടെയും ആ വയനാടൻ ധാര ശക്തമായിരുന്നു. ഉറാട്ടിയും ഗദ്ദികപ്പാട്ടുകാരന്റെ കല്യാണവുമെഴുതിയ ടി.സി.ജോണും ചോരപ്പരിശവും തിരുവരശുമെഴുതിയ രാഘവൻ അത്തോളിയും വയനാടിന്റെ തനതെഴുത്തിനെ തീണ്ടിയവരാണ്.
നദികളാകാൻ ക്ഷണിക്കുന്നു എഴുതിയ ബാലൻ വേങ്ങരയും കറുത്ത പുലികൾ, അരിവാൾ ജീവിതം തുടങ്ങിയ നോവലുകളെഴുതിയ ജോസ് പാഴൂക്കാരൻ തുടങ്ങിയവരും വയനാടിന്റെ തിക്തതയും കാടകഭംഗിയും അനുഭവിപ്പിച്ചവരാണ്.
സി.അഷറഫെന്ന എഴുത്തുകാരൻ ഇടക്കൊക്കെ നരക ജീവിതത്തിൽ നിന്നും അവധിയെടുത്തെന്നപോലെ വയനാടിന്റെ ഉള്ളുജീവിതത്തിലേക്ക് കുറച്ചുദിവസത്തേക്കായി രക്ഷപ്പെട്ടെത്താറുണ്ട്. ചൂടുകാലത്ത് അവനെന്നെയും ആ കുളിരിലേക്കും പ്രകൃതിയിലേക്കും വലിച്ചു കൊണ്ടുപോവും. നടക്കും, മല കയറും. തിരുനെല്ലിയിലെ നീരൊഴുക്കിൽ നനഞ്ഞുകിടക്കും. മാനന്തവാടിയിൽ ബസ്സിറങ്ങിയാൽ ഇരുവശത്തും കാണുന്ന ടീ Textഷോപ്പുകളിലെ കൽത്തപ്പങ്ങൾ അങ്ങനെയാണ് ഈയുള്ളവന് പ്രിയതരമായത്. അതേ പലഹാരങ്ങളോളം പ്രകൃതിയോളം പ്രിയപ്പെട്ടതാണ് വയനാടനെഴുത്തുകളും.
ഈയിടെ വായിച്ച ഒരു വയനാടെഴുത്താണ് ഷീല ടോമിയുടെ “വല്ലി.”
ഷീല ടോമിയുടെ എഴുത്തുകളൊന്നും എവിടെയും വായിച്ചതായി ഓർക്കുന്നില്ല. സുപ്രസിദ്ധ വിവർത്തകയും എഴുത്തുകാരിയുമായ ജയശ്രീ കളത്തിൽ വിവർത്തനം ചെയ്യുന്ന നോവൽ എന്ന നിലക്കാണ് വല്ലി ശ്രദ്ധയിൽ പെട്ടത്. വയനാടിന്റെ കല്ലുവഴിയുടെ പ്രകൃതിയും ജീവിതവും വഴിയുന്ന നോവലാണ് വല്ലി എന്നു പറയാം. മറ്റു വയനാടൻ നോവലുകളേക്കാൾ എഴുത്തടക്കമുള്ള കൃതിയെന്നതാണ് വല്ലിയുടെ മേന്മയായി തോന്നിയത്. കൃതഹസ്തയായ ഒരെഴുത്തുകാരി തന്റെ ദേശത്തെയും പരിസരത്തെയും എഴുതുന്നു. ആത്മവിനെ തൊട്ടറിയുന്നു എന്നൊക്കെപ്പറഞ്ഞാൽ അതിൽപ്പരം ക്ലീഷെയില്ല.
“പണ്ട് പണ്ട് …. ബൂമി ഒണ്ടായ കാലത്ത് പാക്ക മൊണ്ടായി. പാക്കo വാഴാൻ പാക്കത്തൈവ മൊണ്ടായി.”
“അങ്കുറുമാലെ ഇങ്കുറുമാലെ ചമ്പാ മാലെ…..
അപ്പുറം മല. ഇപ്പുറം മല ചമ്പാ മല. പുലി കരയുന്നുണ്ട് , വേഗം പോകാം. കുട്ടിയെ നോക്കാൻ പോകാം.”
ശ്വാസത്തിലും പ്രാണനിലും പ്രകൃതിക്കു വേണ്ടി വിങ്ങുന്ന ഒരു എഴുത്തുകാരിയുടെ ദീർഘശ്വാസമാണ് വല്ലി. മനുഷ്യൻ കെട്ടിപ്പൊക്കിയതിനും ഇടിച്ചു നിരപ്പാക്കിയതിനും കുളമാക്കിയതിനും പ്രകൃതി തന്നെ മറുപടി പറയുമെന്ന ഓർമ്മിപ്പിക്കുകളോടൊപ്പം കല്ലുവയലിന്റെ ഇതിഹാസങ്ങളും ഹൃദയാർദ്രതയും അടയാളപ്പെടുത്തുന്ന
പച്ചപ്പുസ്തകം !

Comments are closed.