DCBOOKS
Malayalam News Literature Website

ലോക ഫോട്ടോഗ്രഫി ദിനം

ആഗസ്റ്റ് 19.. ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം…ഫോട്ടോഗ്രാഫിയുടെ സ്വന്തം ദിനമാണ് ഓഗസ്റ്റ് 19. 1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ഈ ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്. ലൂയി ടെഗ്വരെ എന്ന ഫ്രഞ്ചുകാരനെയാണ് ഫോട്ടോഗ്രാഫിയുടെ പിതാവായി കാണുന്നത്. പക്ഷെ അതിനും എത്രയോ വര്‍ഷം മുന്‍പേ തന്നെ ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന അരിസ്റ്റോട്ടില്‍ ഈ വിദ്യയെപ്പറ്റി ലോകത്തിനു പറഞ്ഞു കൊടുത്തിരുന്നത്രേ. ആദ്യത്തെ പിന്‍ഹോള്‍ ക്യാമറയായ”ക്യാമറ ഒബ്സ്ക്യുര” യുടെ പിറവിക്കു പിന്നിലും ഈ തത്ത്വം ഉപയോഗപ്പെടുത്തി. ഒരു ഇരുട്ട്മുറിയിലേക്ക് ചെറിയൊരു സുഷിരത്തിലൂടെ കടത്തിവിടുന്ന
സൂര്യകിരണങ്ങള്‍ മുറിയുടെ പ്രതലത്തില്‍ തലകീഴായ ചിത്രങ്ങള്‍ ഉണ്ടാക്കുന്നു എന്ന പ്രതിഭാസമാണ് അന്ന് അരിസ്ടോട്ടില്‍ ലോകത്തിനു പറഞ്ഞു കൊടുത്തത്.

യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ഇരുളും, നെഞ്ചില്‍ കാത്തു സൂക്ഷിക്കാന്‍ കൊതിക്കുന്ന മനോഹര നിമിഷങ്ങളുടെ വെളിച്ചവും പകര്‍ത്തി കാലങ്ങളിലേക്ക് കാത്തുസൂക്ഷിച്ച ഫോട്ടോഗ്രഫി. മനുഷ്യന്റെ നിത്യജീവിതത്തിന്റെ ദൃശ്യങ്ങള്‍ ഓരോനിമിഷവും ക്യാമറാ കണ്ണുകള്‍ ഒപ്പിയെടുക്കുന്നു. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള ശാസ്ത്ര നേട്ടങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഫൊട്ടോഗ്രഫി. പലപ്പോഴും ഒറ്റ ക്ലിക്കിലൂടെ ഒരുപാട് കാര്യങ്ങള്‍ ഓരോ ഫോട്ടോയ്ക്കും പറയാനുണ്ട്. സമാധാനത്തിന്റെയും യുദ്ധത്തിന്റെയും സന്തോഷത്തിന്റെയും കഥകള്‍ പറഞ്ഞ ചിത്രങ്ങൾ.

ലോകത്തിന്റെ ഏതു കോണില്‍ നടക്കുന്ന ചെറു ചലനങ്ങള്‍ പോലും വീട്ടിലെ ടിവി സ്‌ക്രീനില്‍ തത്സമയം ദര്‍ശിക്കുന്ന തലം വരെ ഫോട്ടോഗ്രാഫി വളര്‍ന്നിരിക്കുന്നു.

Comments are closed.