DCBOOKS
Malayalam News Literature Website

പരിസ്ഥിതി ദിനത്തില്‍ നമുക്ക് കൈകോര്‍ക്കാം

ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയുള്ള മനുഷ്യവര്‍ഗ്ഗം ചെയ്തുകൂട്ടുന്ന അതിക്രമങ്ങളാണ് ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജൈവവൈവിധ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി മാറുന്ന തരത്തില്‍ നടക്കുന്ന വനനശീകരണവും നഗരവല്‍ക്കരണവും ഭൂമിയുടെ മുഖച്ഛായ തന്നെ മാറ്റി. പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മനുഷ്യന്‍ അതില്‍നിന്ന് ഒരു പാഠവും പഠിക്കുന്നില്ല എന്നത് ഏറെ ദുഃഖകരമാണ്. ആഗോളതാപനം അതിരൂക്ഷമായ സമകാലിക സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യുന്നു ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം.

പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ഇതിനായുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായാണ് 1972 ജൂണ്‍ 5 മുതല്‍ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. കാര്‍ബണ്‍ ന്യൂട്രാലിറ്റി ൈകവരിക്കുന്നതിലൂടെ ഓസോണ്‍ പാളിയുടെ വിള്ളലിന് കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

എല്ലാ രാജ്യങ്ങളും വിപുലമായ പദ്ധതികള്‍ പരിസ്ഥിതി ദിനത്തില്‍ പ്രഖ്യാപിക്കാറുണ്ട്. വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം. ചൈനയാണ് ആതിഥേയ രാജ്യം.

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഈ വര്‍ഷം മുതല്‍ പുതിയൊരു മാതൃക സൃഷ്ടിക്കാനൊരുങ്ങുകയാണ് ഡി സി ബുക്‌സ്. വര്‍ദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് സാമഗ്രികളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡി സി ബുക്‌സ് ശാഖകളില്‍ നിന്ന് പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കി പകരം പേപ്പര്‍ ബാഗുകളായിരിക്കും ഇനി മുതല്‍ ഉപയോഗിക്കുക.

കൂടാതെ, ദിനാചരണത്തിന്റെ ഭാഗമായി നിങ്ങളുടെ ഫെയ്‌സ്ബുക്ക് പിക്ചര്‍ പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള ഫ്രെയിമും ഡി സി ബുക്‌സ് ഒരുക്കിയിട്ടുണ്ട്. എത്ര ആളുകള്‍ പ്രൊഫൈല്‍ പിക്ചര്‍ അപ്‌ഡേറ്റ് ചെയ്യുന്നുവോ അത്രയും വൃക്ഷത്തൈകള്‍ ഭൂമിയില്‍ നട്ടുപിടിപ്പിച്ച് പ്രകൃതിയോട് താദാത്മ്യപ്പെടാനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു.
https://www.facebook.com/profilepicframes/?selected_overlay_id=358066744852335

നമ്മുടെ മുന്നിലേക്ക് എല്ലാ വര്‍ഷവും വന്നുപോകുന്ന ഓരോ പരിസ്ഥിതി ദിനവും നാശത്തിലേക്ക് വഴുതി വീഴുന്ന പച്ചപ്പിനെയും പ്രകൃതിയുടെ സ്വത്വത്തെ തന്നെ തകിടം മറിക്കുന്ന ആവാസ വ്യവസ്ഥയെയും തിരികെ പിടിക്കാന്‍ ഓര്‍മ്മിപ്പിക്കുന്നതാണ്. ഇല്ലാതാകുന്ന പച്ചപ്പിനേയും ആവാസവ്യവസ്ഥയേയും തിരികെപ്പിടിക്കാനുള്ള ശ്രമമാകണം ഓരോ പരിസ്ഥിതി ദിനവും. അതിനായി നമുക്ക് ഒത്തൊരുമിച്ച് കൈകോര്‍ക്കാം.

Comments are closed.