DCBOOKS
Malayalam News Literature Website

ഇന്ന് ലോക ബ്രെയ്‌ലി ദിനം

ലൂയിസ് ബ്രെയ്‌ലി- അന്ധർക്ക് എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രെയ്‌ലി ലിപിയുടെ ഉപജ്ഞാതാവ്

ബ്രെയ്‌ലി ലിപിയുടെ ഉപജ്ഞാതാവായ ലൂയിസ് ബ്രെയ്‌ലിയുടെ ജന്മദിനമായ ജനുവരി 4 ലോക ബ്രെയ്‌ലി ദിനമായി ആചരിക്കുന്നു. അന്ധരും കാഴ്ചശക്തി കുറഞ്ഞവരുമായ ജനതയുടെ എഴുത്തിനും വായനയ്ക്കും ബ്രെയ്‌ലി നല്കിയ സംഭാവനകളെ പുരസ്കരിച്ചാണ് ഈ ദിനം ലോകമെങ്ങും ബ്രെയ്‌ലിദിനമായി ആചരിക്കപ്പെടുന്നത്. കാഴ്ചശക്തിക്ക് പരിമിതിയുള്ളവർ നേരിടുന്ന വെല്ലുവിളികളെ പൊതുസമൂഹത്തിന്റെ ബോധമണ്ഡലത്തിലേക്ക് എത്തിക്കുന്നതിനുള്ള യത്നമാണ് ഈ ദിനാചരണം, അതോടൊപ്പം അന്ധരുടെ ക്ഷേമത്തിന് സർക്കാരും വ്യാവസായികലോകവും തയ്യാറാകേണ്ടതിന്റെ ഓർമ്മപ്പെടുത്തൽ കൂടി ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നു.

ലൂയിസ് ബ്രെയ്‌ലി – അന്ധർക്ക് എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രെയ്‌ലി ലിപിയുടെ ഉപജ്ഞാതാവ്

ബ്രെയ്‌ലി ഫ്രാൻസിൽ പാരീസിന് സമീപത്തുള്ള ഒരു ചെറിയ പട്ടണത്തിൽ 1809 ജനുവരി 4-ന് ജനിച്ചു. തുകലുത്പന്നങ്ങളുടെ നിർമ്മാണമായിരുന്നു പിതാവിന്റെ തൊഴിൽ. കളികൾക്കിടയിൽ ഒരു ദിവസം തുകലുത്പന്നങ്ങൾ തയ്ക്കുവാൻ ഉപയോഗിക്കുന്ന വലിയ സൂചി ലൂയിസിന്റെ ഒരു കണ്ണിൽ തുളച്ചുകയറി. വേണ്ട ചികിത്സ നല്കിയെങ്കിലും ആ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അധികം വൈകാതെ മറ്റേ കണ്ണിനും അണുബാധ ഉണ്ടായി. അങ്ങനെ അഞ്ചാം വയസ്സിൽ ലൂയിസ് പൂർണ്ണമായും അന്ധനായിത്തീർന്നു. തുടർന്ന് അന്ധവിദ്യാലയത്തിൽ ചേർന്നാണ് പഠിച്ചത്. പഠനാനന്തരം ആ വിദ്യാലയത്തിൽ തന്നെ അധ്യാപകനായി നിയമിതനായി.

അന്ധർക്ക് പഠനത്തിനു സഹായിക്കുന്ന സൗകര്യപ്രദമായൊരു ലിപി കണ്ടുപിടിക്കുക എന്നത് അദ്ദേഹത്തിന്റെ ചെറുപ്പത്തിലേയുള്ള ആഗ്രഹമായിരുന്നു. അക്കാലത്ത് ഫ്രഞ്ചു പട്ടാളക്കാർ രഹസ്യങ്ങൾ കൈമാറാൻ ഉപയോഗിച്ചിരുന്ന ഒരു രീതി ഉണ്ടായിരുന്നു. അത് പരിഷ്കരിച്ച് പുതിയൊരു ലിപി സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. തന്റെ പതിനഞ്ചാം വയസ്സിൽ അദ്ദേഹത്തിന്റെ പ്രയത്നം ഫലം കണ്ടു. തുകൽ തുന്നുവാൻ ഉപയോഗിക്കുന്ന വലിയ സൂചി ഉപയോഗിച്ച് രേഖപ്പെടുത്താവുന്ന പുതിയ ലിപിസമ്പ്രദായത്തിന് ലൂയിസ് രൂപം നല്കി. 1824-ൽ അദ്ദേഹം സഹപ്രവർത്തകരുടെ മുന്നിൽ തന്റെ പുതിയ ലിപി അവതരിപ്പിച്ചു. പിന്നീട് ലോകം മുഴുവൻ ആ ലിപി അംഗീകരിച്ചു. അതാണ് ബ്രെയ്‌ലി ലിപി. 1852 ജനുവരി 6-ന് അദ്ദേഹം അന്തരിച്ചു

Comments are closed.