DCBOOKS
Malayalam News Literature Website

വാക്കുകളും ഭാഷയും പുതുക്കിപ്പണികളും

മധുസൂദന്‍ വി.

ജൂൺ ലക്കം പച്ചക്കുതിരയില്‍

ബോധം കാലത്തിനൊപ്പം സഞ്ചരിക്കണം, പക്ഷേ, പലപ്പോഴും കാലം മുന്നോട്ടുപോവുമ്പോഴും നമ്മുടെ ബോധം നിന്നിടത്ത് നിന്ന് പിന്നോട്ടു തിരിഞ്ഞുനോക്കുമ്പോഴുണ്ടാവുന്ന സാംസ്‌കാരികദുരന്തത്തിന്റെ ആഴം ചെറുതല്ല. പുലയാടി, അഴിഞ്ഞാട്ടം, താറുമാറാവുക, നല്ല തന്ത, ഒറ്റ തന്ത… നിത്യവ്യവഹാരപദങ്ങള്‍ അങ്ങനെ പോവുമ്പോള്‍, ഒരു ഭാഷയിലെ തെറികളായ തെറികളത്രയും അധഃസ്ഥിതരെയും സ്ത്രീകളെയും അഭിസംബോധന ചെയ്യുന്നതാവുമ്പോള്‍ അതു കാണിക്കുന്നത് ഒരു ഭാഷയുടെ ശേഷ്ഠതയല്ല, മ്ലേച്ഛതയാണ്.

ഭാഷ ഒരു വാക്കിനെ സൃഷ്ടിച്ചാല്‍ ആ വാക്കിന്റെ പ്രഥമ ദൗത്യം സംസ്‌കാരത്തെ ഒന്നു പുതുക്കിപ്പണിയുകയാണ്. വാക്കുകള്‍ നമ്മുടെ ബോധത്തെ കൃത്യമായി പ്രതിഫലിപ്പിക്കും, യാഥാര്‍ത്ഥ്യങ്ങളുടെ പുതിയൊരു ലോകത്തെ പണിതെടുക്കും. ബോധത്തിന്റെ ഭൂമധ്യത്തിലാണോ അതോ ബോധച്ചൂടേല്‍ക്കാത്ത സംസ്കാരത്തിന്റെ പുറമ്പോക്കിലാണോ നമ്മളെന്നറിയാന്‍ ചില വാക്കുകളില്‍ നിന്നും അവ സാക്ഷ്യപ്പെടുത്തുന്ന നമ്മുടെ Pachakuthira Digital Editionബോധത്തിലേക്ക് ഒന്നു ചൂടിപ്പിടിച്ചാല്‍ മതിയാവും. ഉദാഹരണമായി ഒരു റിപ്പോര്‍ട്ടിങ് രീതി നോക്കുക. ശ്രീമതി ആയിഷ കുഞ്ഞിക്കണ്ണനു സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. കുന്നുമ്മല്‍ കുഞ്ഞിക്കണ്ണന്റെ ഭാര്യയാണ് ആയിഷ. ഇനി കുഞ്ഞിക്കണ്ണനാണ് ഡോക്ടറേറ്റു കിട്ടിയതെങ്കില്‍ ആയിഷയുടെ ഭര്‍ത്താവാണു കുഞ്ഞിക്കണ്ണന്‍ എന്നെഴുതുമോ? ഇല്ല. അവിടെ ഭര്‍ത്താവ് എന്ന പദം അധികാരസൂചകമാണെങ്കില്‍കൂടിയും അതേ ശൈലി ഉപയോഗിക്കുന്നില്ല, മറിച്ച് ആയിഷയാണ് ഭാര്യ എന്നേ എഴുതൂ. നമ്മള്‍ പറയുന്ന സമത്വം വാക്കില്‍, സംസ്‌കാരത്തില്‍, ബോധത്തില്‍ എവിടെയാണ്? ഒരിടത്തുമില്ല. പുരുഷമേധാവിത്വസ്വരത്തിന്റെ മുദ്രാഫലകമായി എഴുത്ത് മാറുകയാണ്. ഈ വാചകങ്ങള്‍ വായനക്കാരനോടു പറയുന്നത്, എഴുത്തുകളിലേക്ക് ഇന്നും പ്രവഹിക്കുന്നത് മനുവിന്റെ ആദിമഷിതന്നെയാണെന്നാണ്. അതും ഇത്രയധികം വനിതകള്‍ മാധ്യമസ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്ന കാലത്ത്.

പ്രമുഖ മാധ്യമങ്ങളുടെ ഈ ശൈലിയെ പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചിട്ടുണ്ട്, കുറച്ചൊക്കെ മാറിയിട്ടുമുണ്ട്. ഇപ്പോഴാണ് സര്‍ക്കാര്‍ ‘ജീവിതപങ്കാളി’ എന്നു മതി എന്നാക്കിയത്. നമുക്ക് ഒരു സാംസ്‌കാരികവകുപ്പും സാഹിത്യ അക്കാദമിയും ഒക്കെയുള്ളപ്പോള്‍,  സാഹിത്യകാരെ എഴുത്തുകാരെ ഒക്കെയും പ്രോത്സാഹിപ്പിക്കാന്‍ നിരവധി അവാര്‍ഡുകളും നല്കുമ്പോള്‍ ആനുപാതികമായെങ്കിലും ഭാഷയെ ശുദ്ധീകരിക്കുവാനുള്ള ദൗത്യം, സംസ്‌കാരത്തെ മുന്നോട്ടെടുക്കുവാനുള്ള ദൗത്യം അവരുടെ ബാധ്യതയാണ്. സംസ്‌കാരത്തിന്റെ ഷോ കേസുകളില്‍ ലോകത്തെവിടെയും കരുതിവെക്കുക മഹത്തായ അംശങ്ങളാണ്, പിന്തിരിപ്പന്‍ ഗതകാലത്തിന്റെ തിരുശേഷിപ്പുകളാവരുത്. വാക്കുകള്‍ കറന്‍സിപോലെയാണ്, കൃത്യമായ മൂല്യമുണ്ടാവണം. കറന്‍സിക്കു തുല്യവസ്തു ലഭിക്കുന്നതുപോലെ വാക്കുകള്‍ക്കു തുല്യമായ ബോധം പകര്‍ന്നുകിട്ടുക അപ്പോള്‍മാത്രമാണ്.

ശ്രേഷ്ഠഭാഷയിലെ മ്ലേച്ഛ പദാവലികളും പ്രയോഗങ്ങളും

പഴയ വാക്കുകള്‍ പുതിയകാല ബോധത്തെ പ്രതിഫലിപ്പിക്കുന്നതില്‍ എത്രത്തോളം വിജയിക്കുന്നുവെന്നറിയാന്‍ ഒറ്റദിവസത്തെ പത്രം വായിച്ചാല്‍ മതി. സ്ത്രീപുരുഷതുല്യതയുണ്ടാവേണ്ട ലോകത്താണു നമ്മളുള്ളത് എന്നു നമുക്കറിയാം. ആ തുല്യത നമ്മുടെ ദൈനംദിന വ്യവഹാരഭാഷയിലും വാക്കുകളിലും വന്നുവോ എന്നു ഗൗരവമായി ആലോചിക്കേണ്ടതാണ്, ഇല്ലെങ്കില്‍ വരുത്തേണ്ടതാണ്. പഴയകാലത്തെ സ്ത്രീവിരുദ്ധതയുടെ വാക്കുകളെയും ശൈലികളെയും ഉപേക്ഷിക്കുമ്പോള്‍ മാത്രമാണ് പുതിയ തലമുറ ആരോഗ്യകരമായ സ്ത്രീപുരുഷസമത്വം ശ്വസിച്ചു വളരുക. ഒന്നു സൂക്ഷിച്ചു നോക്കുക – മിസ്/മിസിസ് അഥവാ കുമാരി/ശ്രീമതി. പുരുഷന്റെ മിസ്റ്ററില്‍ അഥവാ ശ്രീമാനില്‍ കെട്ടിയവനും കെട്ടാത്തവനും ശ്രീക്ക് തുല്യാവകാശിയാണ്. അതായത് ശ്രീ. കുഞ്ഞിക്കണ്ണന്‍ എന്നു കണ്ടാല്‍ കുഞ്ഞിക്കണ്ണന്‍ വിവാഹിതനോ അല്ലയോ എന്നറിയാന്‍ വഴിയില്ല. പക്ഷേ,
നമുക്ക് ആയിഷയാവുമ്പോള്‍, കുഞ്ഞിക്കണ്ണന്റെ ഭാര്യയായതുകൊണ്ടു മാത്രം ശ്രീ വന്നു ഭവിച്ചവള്‍ എന്നു നമുക്കു പറയേണ്ടിയിരിക്കുന്നു – ശ്രീമതി ആയിഷ.

പൂര്‍ണ്ണരൂപം 2023 ജൂൺ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂൺ ലക്കം ലഭ്യമാണ്‌

Comments are closed.