DCBOOKS
Malayalam News Literature Website

യുവതീപ്രവേശനം: ശബരിമലയില്‍ നട അടച്ചിട്ട് ശുദ്ധിക്രിയ നടത്തി

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ ക്ഷേത്ര നട അടച്ചിട്ട് തന്ത്രിയുടെ നേതൃത്വത്തില്‍ ശുദ്ധിക്രിയ നടത്തി. ബിംബശുദ്ധി ഉള്‍പ്പെടെയുള്ള ശുദ്ധിക്രിയകള്‍ക്കു ശേഷം നട തുറന്നു. അരമണിക്കൂറിനു ശേഷം നെയ്യഭിഷേകം ആരംഭിക്കും. തുടര്‍ന്ന് മറ്റു പൂജകള്‍ നടത്തും. ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തരെ പതിനെട്ടാം പടിക്കു താഴേക്കു മാറ്റിയാണ് ശുദ്ധിക്രിയകള്‍ നടന്നത്.

കോഴിക്കോട്, മലപ്പുറം സ്വദേശിനികളായ ബിന്ദുവും കനകദുര്‍ഗയുമാണ് ഇന്ന് പുലര്‍ച്ചെ 3.45ഓടെ മഫ്ത്തിയില്‍ എത്തിയ ഏതാനും പൊലീസുകാരുടെ സംരക്ഷണയില്‍ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി മടങ്ങിയത്. പതിനെട്ടാം പടി ഒഴിവാക്കി സമീപത്തുള്ള പടികളിലൂടെയാണ് ഇരുവരും ക്ഷേത്രത്തില്‍ പ്രവേശിച്ചത്. പുലര്‍ച്ച മൂന്നു മണിയോടെയാണ് ശബരിമല നട തുറക്കുന്നത്. ഇരുവരും മൂന്നേമുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. യുവതികള്‍ മല കയറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചിരുന്നു. പൊലീസും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ബിന്ദുവും കനകദുര്‍ഗയും ആറു പുരുഷന്മാരും ഉള്‍പ്പെടെ എട്ടംഗ സംഘമാണ് എത്തിയതെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 24ന് ഇരുവരും സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയെങ്കിലും അയ്യപ്പകര്‍മ്മസമിതിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങിപ്പോവുകയായിരുന്നു.

Comments are closed.