DCBOOKS
Malayalam News Literature Website

കിളിക്കൂട്ടില്‍ അഭയം തേടിയ പെണ്‍പക്ഷികളുടെ കഥ

വ്യതിരിക്തമായ സങ്കല്പലോകങ്ങളിലൂടെ വായനക്കാരനെ ഭ്രമിപ്പിച്ച കഥാകാരനാണ് സേതു. പാണ്ഡവപുരം എന്ന ഒറ്റനോവല്‍ കൊണ്ടുതന്നെ മലയാളി വായനക്കാരില്‍ ചിരപ്രതിഷ്ഠ നേടിയ സേതുവിന്റെ തൂലികയുടെ മാന്ത്രികസ്പര്‍ശം എന്നും അനുവാചകനില്‍ അത്ഭുതങ്ങള്‍ മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്. വ്യത്യസ്തമായ അനുഭവവഴികളിലൂടെ സഞ്ചരിച്ച സേതുവിന്റെ ഏറ്റവും പുതിയ നോവലാണ് കിളിക്കൂട്. ഡി.സി ബുക്‌സ് 44-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ കൃതിയുടെ ആദ്യ പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

കന്യാസ്ത്രീയുടെ തിരുവസ്ത്രം ഊരി സമൂഹത്തിലേക്കിറങ്ങിയ അഗാത എന്ന സ്ത്രീയുടെ കഥയാണ് ഈ നോവലില്‍ പറയുന്നത്. കുറേപ്പേരുടെ സഹായത്തോടെ അവര്‍ അനാഥര്‍ക്കായി ഒരു കൂടുപണിയുന്നു. അതായിരുന്നു കിളിക്കൂട്. അവിടെ പറന്നെത്തുന്ന കുറച്ചു പെണ്‍പക്ഷികള്‍. അവരുടെ കദനം നിറഞ്ഞ ഭൂതകാലത്തെ മായ്ച്ചുകളഞ്ഞ് സ്വയം മുന്നേറാന്‍ കരുത്തു നല്കുന്നു അഗാത. പിന്നെ അവരെല്ലാം കൂടുവിട്ടു പറക്കുന്നു. ഒടുവില്‍ അഗാതയും എന്നെന്നേക്കുമായി കൂടൊഴിയുന്നു…

നോവലിനെ കുറിച്ച് സേതു കുറിയ്ക്കുന്നു…

“ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ്, തിരുവസ്ത്രം ഊരി, പീഡിതരായ പെണ്‍കുട്ടികള്‍ക്കായി, ജാതിമതഭേദമില്ലാത്ത ഒരു ഹോസ്റ്റല്‍ തുടങ്ങുന്ന സിസ്റ്റര്‍ അഗാത എന്ന കഥാപാത്രത്തിന് രൂപം കൊടുക്കുമ്പോള്‍ ഭാവിയില്‍ നീതി കിട്ടാനായി ഒരു കൂട്ടം കന്യാസ്ത്രീകള്‍ക്ക് തെരുവില്‍ ഇറങ്ങേണ്ടി വരുമെന്ന് ഞാന്‍ സ്വപ്നം പോലും കണ്ടിരുന്നില്ല. പല പ്രദേശങ്ങളില്‍ നിന്ന്, പല പരിസരങ്ങളില്‍ നിന്ന് വരുന്ന ഈ പെണ്‍കുട്ടികള്‍ തങ്ങളുടെ കോമ്പൗണ്ടില്‍ തങ്ങളുടെ ജാതിമതങ്ങളെപ്പറ്റി സംസാരിക്കാന്‍ പാടില്ലെന്നായിരുന്നു അഗാതയുടെ ചട്ടം. അങ്ങനെ നടപ്പു കാലത്തിന്റെ ഇരുളില്‍ ഒരു കൊച്ചു കൈത്തിരിയുമായി ഇവര്‍ കടന്നു വരുന്നു.”

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച സേതുവിന്റെ കൃതികള്‍ വായിക്കുവാന്‍ സന്ദര്‍ശിക്കുക

 

Comments are closed.