DCBOOKS
Malayalam News Literature Website

പ്രണയത്തിലൂടെ മനസ്സില്‍ പതിഞ്ഞ പലതും…

കേരളത്തില്‍ മുമ്പ് വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് തന്നോട് എപ്പോഴും ചോദിക്കുന്ന ചോദ്യം ആണിതെന്നും കേരളത്തില്‍ വരുന്നതില്‍ അതിശയിക്കുന്നതെന്തിന്, ഇത് ദൈവത്തിന്റെ സ്വന്തം നാടല്ലേ എന്ന് ചോദിച്ചു കൊണ്ടാണ് രവീന്ദര്‍ സിങ് സംസാരിച്ചു തുടങ്ങിയത്. തന്റെ ആദ്യ നോവല്‍ എഴുതുന്നതിനു തൊട്ടുമുമ്പ് വരെ താന്‍ ഒരൊറ്റ ബുക്ക് പോലും വായിച്ചിരുന്നില്ല. കാമുകിയായ ഖുശി വാഹനാപകടത്തില്‍ കൊല്ലപ്പെട്ട അവസരത്തിലാണ് താന്‍ ആദ്യമായി എഴുതുന്നത്. ഡിസംബര്‍ ഒന്നിന് ആദ്യ നോവലായ I too had a love story വിപണിയില്‍ ഇറങ്ങിയിട്ട് പത്തുവര്‍ഷം തികഞ്ഞെന്നും എന്നാല്‍ ഇന്നും കാര്യങ്ങള്‍ ഒട്ടും മാറിയിട്ടില്ലെന്നും രവീന്ദര്‍ പറഞ്ഞു. ഇന്നലെ രാത്രിയും അശ്രദ്ധയോടെ വണ്ടിയോടിച്ച ഏതോ ഒരുവന്‍ ആരുടെയോ ഖുശിയെ മരണത്തിലേക്ക് തള്ളിവിട്ടു കാണണം. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഈ വിഷയത്തില്‍ എനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ ഒരുപാട് ആലോചിച്ചു. അതിന്റെ ഭാഗമായാണ് പുതിയ പുസ്തകം ‘Will You Still Love Me’ എഴുതിയത്. യുവത്വത്തിന്റെ മനസിലേക്ക് കൂടുതല്‍ ആഴ്ന്നിറങ്ങാന്‍ വേണ്ടിയാണ് തന്റെ പുസ്തകങ്ങളില്‍, തന്റെ എഴുത്തുകളില്‍ പ്രണയത്തിന്റെ പുറംചട്ട കൊടുക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.എന്നാല്‍ അത് വഴി താന്‍ ഉദ്ദേശിക്കുന്ന, സമൂഹത്തില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്ന സന്ദേശങ്ങള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. വാഹനാപകടങ്ങളോട് ചേര്‍ത്തു വായിക്കേണ്ട കാര്യമാണ് അമിതവേഗതയുടെ പേരില്‍ പോലീസ് പിടിക്കുമ്പോള്‍ കൈക്കൂലി കൊടുത്ത് അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതും എന്ന് അദ്ദേഹം പറഞ്ഞത്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ നാമെന്നും അവഗണിക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രാതിനിധ്യം എന്ത് കൊണ്ടില്ലാതാവുന്നു എന്നദ്ദേഹം ചോദിച്ചു. ഇത്തരത്തിലുള്ള ഒരുപാട് വിഷയങ്ങള്‍ അദ്ദേഹത്തിന്റെ വിവിധ നോവലുകളിലായി പ്രണയത്തില്‍ പൊതിഞ്ഞ് ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്. വായനക്കാരനെ പിടിച്ചിരുത്തുന്ന എഴുത്തുകള്‍ പലപ്പോഴും അവനിലേക്ക് ആവേശിപ്പിക്കുന്നത് ഇത്തരത്തില്‍ ഉള്ള സന്ദേശങ്ങള്‍ കൂടിയാണ്.

തന്റെ നോവലുകളില്‍ ചില ഡയലോഗുകള്‍ മാതൃഭാഷയായ ഹിന്ദിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ബോധപൂര്‍വമാണെന്ന് അദ്ദേഹം പറഞ്ഞു. ജനിച്ചു വളര്‍ന്ന, കേട്ടും പറഞ്ഞും അറിഞ്ഞും വളര്‍ന്ന മാതൃഭാഷക്ക് മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഓര്‍മകള്‍, ജീവിതാനുഭവങ്ങള്‍, ഡല്‍ഹിയിലെ ക്രൂരമായ ബലാത്സംഗത്തോടനുബന്ധിച്ചുള്ളത്.ഇങ്ങനെ ഒട്ടനവധി നോവലുകള്‍ വിവിധ വിഷയങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.’Eternal Love’ല്‍ താന്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഒരു നോവലില്‍ വിവാഹേതര ബന്ധത്തെ കുറിച്ചും അതിന്റെ പ്രശ്‌നങ്ങളെ കുറിച്ചും താന്‍ എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ ഒരു ഫെമിനിസ്റ്റ് ആണെന്നും എന്നാല്‍ ഒരു ചെറിയ വിഭാഗം പുരുഷന്മാര്‍ അനുഭവിക്കുന്ന പാര്‍ശ്വവല്‍ക്കരണവും നമ്മള്‍ വിട്ട് കളയരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നും നിലവിലുള്ള ജാതി മത വ്യവസ്ഥകളെ കുറിച്ചും അദ്ദേഹം അപലപിച്ചു.

ഓഡിയന്‍സിന്റെ ഭാഗത്ത് നിന്നുള്ള ചോദ്യത്തിന് ഉത്തരമായി തന്റെ ആദ്യ നോവലായ ‘I too had a love story’ പുറത്തിറക്കാന്‍ താന്‍ നേരിട്ട പ്രതിസന്ധികളേക്കുറിച്ച് വളരെ ഹൃദയസ്പര്‍ശിയായി അദ്ദേഹം സംസാരിച്ചു. ദില്ലിയിലെ ചെറിയ സ്ട്രീറ്റുകളില്‍ അലഞ്ഞുനടന്ന് 500 കോപ്പിയെങ്കിലും വില്‍ക്കാന്‍ സാധിച്ചാല്‍ അതൊരു വലിയ വിജയമാവും എന്ന് കരുതിയ കാലത്ത് നിന്ന് ഇന്ന് അതേ നോവല്‍ ഒരു മില്യണ്‍ കോപ്പികള്‍ വിറ്റുകഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഏതൊരാള്‍ക്കും തന്റെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ കഴിയുമെന്നും ക്ഷമയും, പ്രയത്‌നവും മാത്രമാണ് അതിനു കൈമുതലായി ഉണ്ടാവേണ്ടത് എന്നും അദ്ദേഹത്തിന്റെ സെഷനില്‍ നിന്നും വ്യക്തമായിരുന്നു.

തയ്യാറാക്കിയത്: ശില്പ മോഹന്‍ (കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒഫീഷ്യല്‍ ബ്ലോഗര്‍) 

Comments are closed.