DCBOOKS
Malayalam News Literature Website

പ്രവാചകന്‍ എന്ന ചലച്ചിത്രം

മുഹമ്മദ് പ്രവാചകനെ അങ്ങേയറ്റം പോസിറ്റീവായി അവതരിപ്പിക്കുന്ന ഒരു സിനിമപോലും സൗദി അറേബ്യയ്ക്കും അവരെ പിന്തുടരുന്ന മറ്റു രാജ്യങ്ങള്‍ക്കും നിഷിദ്ധമാകുന്നു. അതേ നിഷിദ്ധത ഇന്ത്യയിലും ആവര്‍ത്തിക്കുന്നു. രാജഭരണത്തിലും ജനാധിപത്യത്തിലും സെന്‍സറിങ് ഒരേപോലെ പ്രവര്‍ത്തിക്കുന്നു. ഈ പ്രശ്‌നമാണ് മജീദിയുടെ സിനിമാപ്രദര്‍ശനം ഐ.എഫ്.എഫ്.കെയില്‍ നിരോധിച്ച പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതലായി ചര്‍ച്ച ചെയ്യപ്പെടേണ്ടത്. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ വി.മുസഫര്‍ അഹമ്മദ് എഴുതിയ ലേഖനം.

2018-ലെ ഐ.എഫ്.എഫ്.കെ ഹാന്‍ഡ് ബുക്കില്‍ 224-ാം പേജില്‍ ‘മുഹമ്മദ്: ദ മെസഞ്ചര്‍ ഓഫ് ഗോഡ് ‘ എന്ന സിനിമയെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:”ആറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഇസ്‌ലാം പ്രവാചകന്‍ മുഹമ്മദിന്റെ ബാല്യകാലം അടയാളപ്പെടുത്തുന്നു. ഏഴാം നൂറ്റാണ്ടിലെ മക്കയിലെ സംഭവങ്ങളും ചിത്രം പരാമര്‍ശിക്കുന്നു.” ഐ.എഫ്.എഫ്.കെ പ്രതിനിധികള്‍ക്ക് നല്‍കിയ ഫിലിം ഷെഡ്യൂളില്‍ ഡിസംബര്‍ 10 ന് രാത്രി പത്തര മണിക്ക് നിശാഗന്ധിയില്‍ മജീദ് മജീദിയുടെ പ്രവാചകനെക്കുറിച്ചുള്ള ചിത്രം പ്രദര്‍ശിപ്പിക്കുമെന്നറിയിക്കുകയും ചെയ്തിരുന്നു. അന്നു വൈകുന്നേരം നാലു മണിമുതല്‍, സെന്‍സര്‍ ഇളവ് ലഭിക്കാത്തതിനാല്‍ പ്രവാചകനെക്കുറിച്ചുള്ള സിനിമയുടെ പ്രദര്‍ശനം റദ്ദാക്കിയിരിക്കുന്നു എന്ന എസ്.എം.എസ്. പ്രതിനിധികള്‍ക്കു വരാന്‍ തുടങ്ങി. 2017 ഐ.എഫ്.എഫ്.കെയിലും ഇതേ കാരണം പറഞ്ഞ് ഈ സിനിമ റദ്ദാക്കിയിരുന്നു. പക്ഷേ, 2018 ഐ.എഫ്.എഫ്.കെയുടെ ജൂറി ചെയര്‍മാന്‍ മജീദ് മജീദിയായിരുന്നു. അദ്ദേഹത്തിനു തന്നെയായിരുന്നു ഇത്തവണത്തെ അഞ്ചു ലക്ഷം രൂപ സമ്മാനത്തുകയുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ സിനിമ പ്രദര്‍ശിപ്പിക്കപ്പെട്ടില്ല. ഇന്ത്യയില്‍ കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. അവിടെ സെന്‍സര്‍ എന്ത് ഇളവാണ് നല്‍കിയതെന്ന് അറിയില്ല. എന്തായാലും തിരുവനന്തപുരത്ത് കേന്ദ്ര സെന്‍സര്‍ അനുമതി നല്‍കിയില്ലെന്ന വിശദീകരണമാണ് ചലച്ചിത്ര അക്കാദമി പ്രതിനിധികളെ അറിയിച്ചത്. എന്തായാലും സിനിമ പ്രദര്‍ശിക്കപ്പെട്ടില്ല. ചലച്ചിത്രമേളയുടെ വേദിയില്‍ ചെറിയ പ്രതിഷേധം, സമാന്തര പ്രദര്‍ശനശ്രമം എന്നിവയുണ്ടായി എന്നതൊഴിച്ചാല്‍ ഇക്കാര്യം വലിയ ചര്‍ച്ചയാവുകയുണ്ടായില്ല.

മജീദ് മജീദി

എന്നാല്‍ മേള കഴിഞ്ഞ് വിവിധ പ്രസിദ്ധീകരണങ്ങളില്‍ മജീദ് മജീദിയുടെ അഭിമുഖങ്ങള്‍ വന്നു. അതിലെല്ലാം പ്രധാന പ്രശ്‌നമായി ഉയര്‍ത്തപ്പെട്ടിരിക്കുന്നത് സിനിമയുടെ പ്രദര്‍ശന നിരോധമായിരുന്നു. സാധാരണഗതിയില്‍ അഭിപ്രായ പ്രകടനങ്ങളില്‍ ഒട്ടും രാഷ്ട്രീയം കലരാതിരിക്കാന്‍ അതീവ ജാഗ്രത കാണിക്കുന്നയാളാണ് മജീദ് മജീദി. ഇറാനില്‍ വീട്ടുതടങ്കലിലായ ജാഫര്‍ പനാഹിയെക്കുറിച്ചോ പല നാടുകളിലായി ജീവിക്കേണ്ടിവരുന്ന മക്ബല്‍ ബഫിനെക്കുറിച്ചോ ഇറാനിലെ സെന്‍സര്‍ നിയമങ്ങളെക്കുറിച്ചോ ഉള്ള ചോദ്യങ്ങളില്‍നിന്ന് അതിവിദഗ്ധമായി ഒഴിഞ്ഞുമാറുന്ന ഇദ്ദേഹത്തിനു പക്ഷേ, രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിക്കാതിരിക്കാന്‍ പറ്റാത്ത വിധത്തിലുള്ള ഒരു സാഹചര്യം ഉണ്ടായി, അതിനെ അഭിസംബോധന ചെയ്യാതിരിക്കാന്‍ കഴിയാത്ത നിലയും ഉണ്ടായി.

ഈ പ്രദര്‍ശനനിരോധത്തോട് വിവിധ മാധ്യമങ്ങളോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു:

1. എന്റെ സിനിമയെ എതിര്‍ത്ത രാജ്യങ്ങളിലൊന്ന് സൗദി അറേബ്യയാണ്. സൗദി അറേബ്യയല്ല ഇന്ത്യ.

2. കേരളത്തില്‍ സംഭവിച്ചത് വലിയ പിശകാണ്. വലിയ വൈകാരിക വിഷയമായി അവരതു മാറ്റി. ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നെങ്കില്‍ ഒന്നും സംഭവിക്കുമായിരുന്നില്ല. അത് അവര്‍ക്ക് ബോധ്യപ്പെടും എന്നുതന്നെയാണ് എന്റെ വിശ്വാസം.

3. ജനാധിപത്യമില്ലാത്ത രാജ്യങ്ങളും ജനാധിപത്യ രാജ്യവും ഒരേ പോലെയാണ് ഈ സിനിമയോട് പെരുമാറുന്നത്.

4. എനിക്കും എ.ആര്‍. റഹ്മാനുമെതിരേ ഇന്ത്യയിലെ ഒരു സംഘടനയുടെ ഫത്‌വയുള്ളതാകാം സെന്‍സേഴ്‌സിനെ സ്വാധീനിക്കുന്നത്.

രണ്ട്

ഈ സിനിമ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഷിയ സോഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ഇംഗ്ലിഷ് സബ്‌ടൈറ്റിലുകളോടെയാണ് ചിത്രം ഈ ലേഖകന്‍ കണ്ടത്. കാരുണ്യത്തിലും ഉദാരതയിലും അനുദിനം വളരുന്ന മുഹമ്മദ് എന്ന ബാലന്റെ 13 വയസ്സുവരെയുള്ള(40-ാം വയസ്സിലാണ് മുഹമ്മദ് പ്രവാചകനാകുന്നത്) ജീവിതമാണ് മജീദ് മജീദി ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. 13 വയസ്സുവരെ, 13-40 വയസ്സുവരെ, നാല്‍പ്പതു മുതല്‍ മരണംവരെ എന്ന രീതിയില്‍ മൂന്നു ഭാഗങ്ങളുള്ള (ട്രിലജി) സിനിമാ പരമ്പരയാണ് തന്റെ മനസ്സിലുള്ളതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രം ആരംഭിക്കുന്നത് പ്രവാചകന്റെ മക്ക ജീവിതകാലത്താണ്. പ്രവാചകനെ വധിക്കുകതന്നെ വേണമെന്ന മക്കയിലെ പ്രമാണിമാരുടെ തീരുമാനം വരുന്ന സമയത്ത് അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ ചില സംഭവങ്ങളിലൂടെ, പ്രവാചകന്‍ എങ്ങനെ രൂപപ്പെട്ടു (മേക്കിങ് ഓഫ് ദ പ്രോഫറ്റ്) എന്നതിലേക്ക് ഓര്‍മ്മകളെ കൊണ്ടുപോകുന്ന രീതിയാണ് സിനിമയില്‍ കാണാനാവുക.

സ്വന്തം അമ്മാവന്റെ വീട്ടിലെ അടിമയെ മോചിപ്പിക്കാന്‍ നടത്തുന്ന വിജയകരമായ ശ്രമം, പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്നത്് ഇല്ലാതാക്കാന്‍ നടത്തുന്ന (പിതാവ് കുഴിയിലേക്ക് ജീവനോടെ വെച്ച പെണ്‍കുഞ്ഞിനെ എടുത്ത്, ഈ കുഞ്ഞിന്റെ കണ്ണിലെ തിളക്കം നിങ്ങളുടെ കണ്ണിലെ തിളക്കമാണ് എന്ന് പറഞ്ഞ്് കുഞ്ഞിനെ രക്ഷിക്കുന്നത്) നീക്കം, മക്കയില്‍നിന്നും സിറിയയിലേക്കുള്ള യാത്രയില്‍ ജറേഷ് എന്ന ദൈവത്തെ ആരാധിക്കുന്ന, പട്ടിണികൊണ്ട് വലയുന്ന ഒരു വിഭാഗം മനുഷ്യരെ മത്സ്യങ്ങളാല്‍ അനുഗ്രഹിച്ച് രക്ഷപ്പെടുത്തുന്ന സംഭവം… ഇത്തരത്തിലുള്ള ഒരു നരേറ്റീവിലൂടെയാണ് സിനിമ പ്രവാചകന്റെ ബാല്യം അവതരിപ്പിക്കുന്നത്. സ്വന്തം

മാതാവിന്റെ അനാരോഗ്യം, വളര്‍ത്തമ്മയുടെ കരുതല്‍, പിതൃവ്യന്റെയും അമ്മാവന്റെയും സംരക്ഷണവും സിനിമയില്‍ കടന്നുവരുന്നു. ഒരു പക്ഷേ, ഈ സിനിമയിലെ ഏറ്റവും മനോഹരമായ രംഗങ്ങളിലൊന്ന് അബ്രാഹത്തിന്റെ കഅ്ബ ആക്രമണ ശ്രമമാണ്. ആനപ്പടയുമായി വന്ന് കഅ്ബ ആക്രമിച്ചു കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അബാബീല്‍ പക്ഷികള്‍ വായില്‍ തീക്കഷണങ്ങളുമായിവന്ന് ആനപ്പടയെ നശിപ്പിക്കുന്നതാണ് ഈ സംഭവം. (കഅ്ബയെ കേന്ദ്രീകരിച്ചുള്ള ഏറ്റവും ശക്തമായ മിത്തുകളിലൊന്നാണിത്).

തുടര്‍ന്നു വായിക്കാം

വി.മുസഫര്‍ അഹമ്മദ് എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ജനുവരി ലക്കം പച്ചക്കുതിരയില്‍

Comments are closed.