DCBOOKS
Malayalam News Literature Website

പത്തുമിനിറ്റുകൊണ്ട് ആശയം ഗ്രഹിച്ച് വിവരണം നടത്താവുന്ന പുസ്തകമല്ല മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്; അരുന്ധതി റോയി

ന്യൂഡല്‍ഹി; താനെഴുതിയ ലേഖനങ്ങളെക്കുറിച്ചുള്ള വാദപ്രതിവാദത്തിന് ഒരുക്കമാണെങ്കിലും നോവലിലെ എഴുത്തിനെ പ്രതിരോധിക്കാനാവില്ലെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ അരന്ധതിറോയി. ‘രാജ്കമല്‍ പ്രകാശന്‍ സമൂഹ്’ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. എഴുത്തിലെ സത്യത്തെക്കുറിച്ച് എഴുതുന്നയാള്‍ക്ക് വലിയ അവകാശവാദമൊന്നും നടത്താനാകില്ല. വായനക്കാര്‍ക്ക് അനുഭവിക്കാനാകണം അത്. നോവലാകുമ്പോള്‍ അതില്‍ വ്യാഖ്യാനത്തിന് വലിയ സാധ്യതകളുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കഥകള്‍ക്ക് മാത്രം ആവിഷ്‌കരിക്കാവുന്ന സാധ്യതതകളുണ്ട്. അത് റിപ്പോര്‍ട്ടുകളില്‍ കൊണ്ടുവരാനാകില്ല. ഉദാഹരണത്തിന് കാശ്മീരിന്റെ അനുഭവതലം ഒരു മനുഷ്യാവകാശ റിപ്പോര്‍ട്ടിനും രേഖപ്പെടുത്താനാവില്ല. ഭീകരതയുടെ അന്തരീക്ഷത്തിലെ ജനങ്ങളുടെ ദുരന്തം വരച്ചുകാണിക്കാന്‍ കഥകള്‍ വേണ്ടിവരും. ഒരു നോവലിന് എന്താണ് ചെയ്യാനാവുക എന്ന അന്വേഷണമായിരുന്ന മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ് എഴുതുന്നതിനുപിന്നിലെ ആശയം.

വെറുതേ മറ്റൊരു പുസ്തകം എഴുതുക എന്ന ആലോചന ഉണ്ടായിരുന്നില്ല. അങ്ങനെയെങ്കില്‍ ‘സണ്‍സ് ഓഫ് ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്’ എന്നോ, ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് – രണ്ടാം ഭാഗം എന്ന പേരിലോ പുസ്തകം എഴുതാമായിരുന്നു. പത്തുമിനിറ്റുകൊണ്ട് ആശയം ഗ്രഹിച്ച് മറ്റുള്ളവരോട് വിവരണം നടത്താവുന്ന പുസ്തകമല്ല മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്. അതൊരു ബേബി ഫുഡ് അല്ല. ഒരു പ്രപഞ്ചമുണ്ടാക്കി വായനക്കാരെ അതിലൂടെ സഞ്ചരിപ്പിക്കാനാണ് ശ്രമിച്ചതെന്നും അരുന്ധതി കൂട്ടിച്ചേര്‍ത്തു.

ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് എന്ന ആദ്യനോവലിനുശേഷം രണ്ട് പതിറ്റാണ്ടുകള്‍കഴിഞ്ഞാണ് അരുന്ധതി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ് എന്ന നോവല്‍ എഴുതിയത്. അതാകട്ടെ ഇതിനകം 40ലധികം ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുസ്തകത്തിന്റെ ഹിന്ദി ഉര്‍ദു പരിഭാഷകള്‍ ഏപ്രില്‍ 20ന് പുറത്തിറങ്ങും. പുസ്തകത്തിന്റെ തര്‍ജമയില്‍ അരുന്ധതിറോയി സജീവപങ്കാളിത്തം വഹിച്ചിട്ടുണ്ട്.

 

 

Comments are closed.