DCBOOKS
Malayalam News Literature Website

വീണ്ടും മഹാഭാരതം എന്തുകൊണ്ട്? എം എ ബേബി എഴുതുന്നു

എം. എ. ബേബി

പല ചരിത്ര കാലഘട്ടങ്ങളിലായി വളര്‍ന്നു രൂപപ്പെട്ട ഒരു വിസ്മയ സാഹിത്യസൃഷ്ടിയായാണ് സാഹിത്യ-സാംസ്‌കാരിക ലോകം മഹാഭാരതത്തെ നോക്കിക്കാണുന്നത്. മഹാഭാരതങ്ങള്‍ ഇപ്പോഴും എഴുതപ്പെടുകയാണ്. ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ട്. 18 ദിവസം കൊണ്ട് മഹാഭാരതയുദ്ധം ജയിച്ചെങ്കില്‍ 21 ദിവസത്തെ ലോക്ഡൗണ്‍ യുദ്ധം കൊണ്ട് നാം കോവിഡിനെതിരായ യുദ്ധം ജയിക്കുമെന്നു നരേന്ദ്രമോദിയുടെ മേനിപറച്ചില്‍ ദുരുപയോഗപ്പെടുത്തലിന്റെ മികച്ച ഉദാഹരണം.

‘മഹാഭാരതം’ ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസകൃതിയെന്ന നിലയില്‍ ഹിമവല്‍സദൃശമായ ഗാംഭീര്യത്തോടെ നീണ്ടുനിവര്‍ന്നുയര്‍ന്നു നിലകൊള്ളുന്നു; സാഹിത്യമണ്ഡലത്തില്‍ സൃഷ്ടികളുടെ വലിപ്പവും മൂല്യവും അളക്കാനുള്ള മാനദണ്ഡംപോലെ. ഒരു കൃതിയെന്ന നിലയില്‍ അത് നമ്മെ വീണ്ടും വീണ്ടും വായനയ്ക്കും പുനര്‍വായനയ്ക്കും പ്രലോഭിപ്പിക്കുന്നു; പൂര്‍ണ്ണമായി വായിച്ചുതീര്‍ത്തിട്ടില്ലാത്തവരെ, ആ തിരിച്ചറിവ് വ്യാകുലപ്പെടുത്തുന്നു. മഹാഭാരതമെന്ന വിശ്വമഹാവൃക്ഷത്തില്‍നിന്നു പൊട്ടിപ്പടര്‍ന്ന കലാസാഹിത്യസൃഷ്ടികളും രൂപകങ്ങളും പ്രതീകങ്ങളുമെത്രയെത്ര? ഏകലവ്യന്‍, കര്‍ണ്ണശപഥം, ശാകുന്തളം, നളചരിതം, സുഭദ്രാര്‍ജനം, യയാതി, ദ്രൗപതി, ഭാരതപര്യടനം, കര്‍ണ്ണന്‍, കര്‍ണ്ണഭൂഷണം, ഇനി ഞാനുറങ്ങട്ടെ, യുഗാന്ത, ദേവയാനി, രണ്ടാമൂഴം, സുയോധനപര്‍വം അങ്ങനെ ആ പട്ടിക നീണ്ടുനീണ്ടുപോകുന്നു.

ഇപ്പോള്‍ എന്റെ മുന്നിലുള്ളത് ‘മഹാഭാരതം സാംസ്‌കാരികചരിത്രം’ എന്ന സുനില്‍ പി. ഇളയിടത്തിന്റെ ബൃഹത് പഠനമാണ് (ഡി സി ബുക്‌സ്). 973 പേജുള്ള ഈ കൃതി നമ്മുടെ വായനാസമൂഹത്തില്‍ അനല്പമായതാ ത്പര്യമുണര്‍ത്തിക്കഴിഞ്ഞു. അതിനു മൂന്നു നാലു കാരണങ്ങളെങ്കിലുമുണ്ട്. ഒന്നാമത്തേത് സ്വന്തമായ വായനക്കാരുടെയും ശ്രോതാക്കളുടെയും അസാധാരണമായ ബഹുജനപിന്തുണയുള്ള സുനിലിന്റെ ‘മഹാഭാരത പ്രഭാഷണ പരമ്പര’ നേരത്തേതന്നെ വിപുലമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നുഎന്നതാണ്. എന്താണ് സുനി
ല്‍ മഹാഭാരതത്തെപ്പറ്റി പറയുന്നത് എന്നറിയാനുള്ള ജിജ്ഞാസയോടെ പ്രഭാഷണങ്ങള്‍ നേരിട്ടും യൂട്യൂബ് വഴിയും കേട്ടവരും പറഞ്ഞറിഞ്ഞവരും അതിന്റെ വിപുലീകൃതമായ പുസ്തകരൂപത്തില്‍ സവിശേഷമായ താത്പര്യമെടുക്കുക തികച്ചും സ്വാഭാവികം.

പൂര്‍ണ്ണരൂപം വായിക്കാന്‍ ആഗസ്റ്റ് ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ  ലക്കം ലഭ്യമാണ്‌

 

Comments are closed.