DCBOOKS
Malayalam News Literature Website

ഒരു ഭരണാധികാരി പുലർത്തേണ്ട സത്യസന്ധതയും , ധർമ്മവും , നീതിബോധവും…!

നാളുകളേറെയായി “വിക്രമാദിത്യ കഥകൾ” കൈവശം സൂക്ഷിക്കാൻ തുടങ്ങിയിട്ട് . വായിച്ച് കുറച്ചാകുമ്പോഴേക്കും എന്തെങ്കിലും തടസ്സം വന്ന് പെട്ട് അതിൽ നിന്ന് വഴുതിപ്പോകാറാണ് പതിവ് .എന്നാൽ ഇപ്രാവശ്യം എന്തുതന്നെ ആയാലും വായിച്ചിട്ട് തന്നെ ബാക്കികാര്യം എന്ന ദൃഢനിശ്ചയത്തോടെ മുഴുവനും വായിച്ചു തീർത്തു.

പതിനൊന്നും പതിമൂന്നും നൂറ്റാണ്ടുകൾക്കിടയിൽ സംസ്കൃതഭാഷയിൽ രൂപം കൊണ്ട കഥകളാണ് ഈ പുസ്തകത്തിന് ആധാരം .വിക്രമാദിത്യ കഥകളുടെ മൂലരൂപം ചെയ്തത് ആരെന്നോ , കൃത്യമായ കാലം ഏതായിരുന്നെന്നോ ഇന്നും അറിയാൻ കഴിഞ്ഞിട്ടില്ല .മിക്കവാറും എല്ലാ പ്രധാനപ്പെട്ട ഭാരതീയ ഭാഷകളിലേക്കും വിക്രമാദിത്യ കഥകൾ തർജ്ജമ ചെയ്തിട്ടുണ്ട്. സമ്പൂർണ്ണ രീതിയിലുള്ള ഈ വിവർത്തനം തയ്യാറാക്കിയിരിക്കുന്നത് ശ്രീ.സി മാധവൻ പിള്ളയാണ് .

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഉജ്ജയിനി ഭരിച്ചിരുന്ന വിക്രമാദിത്യ ചക്രവർത്തിയുടേയും മന്ത്രി ഭട്ടിയുടേയും അവരുടെ അനുചരൻ വേതാളത്തിന്റെയും കഥകൾ ബാല്യസഹജമായ കൗതുകം നമ്മൾ മുതിർന്നവരിലും സൃഷ്ടിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട് .

വിക്രമാദിത്യ ചക്രവർത്തിയെ കുറിച്ച് ലോകം അറിയുന്നത് ഭോജരാജവിലൂടെയാണ് . പ്രതാപശാലിയായ ആ ഭരണാധികാരിയെ പ്രതിപാദിച്ചു കൊണ്ടാണ് കഥാകഥനം ആരംഭിക്കുന്നത് .

കൊട്ടാരത്തിലെ തിരക്കുകളിൽ നിന്ന് കുറച്ചു കാലം മാറി നിൽക്കുന്നതിനു വേണ്ടി കാനനവാസത്തിനും മൃഗയാവിനോദത്തിനും ആയി പുറപ്പെടുന്ന ഭോജരാജാവ് അതിമനോഹരമായ ഒരു കൃഷിത്തോട്ടം വനത്തിൽ കാണുന്നു.നിറയെ ഫലവർഗ്ഗങ്ങൾ കായ്ച്ചു നിൽക്കുന്ന ആ കൃഷിയിടം കണ്ട് അതിശയപ്പെട്ട രാജാവും പരിവാരങ്ങളും അതിന്റെ ഉടമസ്ഥനായ കൃഷീവലനെ അന്വേഷിച്ചു തോട്ടത്തിൽ പ്രവേശിക്കുകയാണ് …

തോട്ടത്തിനു നടുവിൽ മാടം കെട്ടി അതിലാണ് കൃഷിക്കാരൻ താമസിക്കുന്നത് …

രാജാവും പരിവാരങ്ങളും തന്നെത്തേടി വന്നതു കണ്ട കൃഷിക്കാരൻ സന്തോഷം കൊണ്ട് മതിമറന്നുപോകുന്നു .

തോട്ടത്തിലെ കായ്ഫലങ്ങൾ പറിച്ച് കഴിക്കുവാനുള്ള അനുവാദം അയാൾ മാടത്തിലിരുന്നു കൊണ്ട് രാജാവിനും പരിവാരങ്ങൾക്കും നൽകി . ആ സമയം കൃഷിക്കാരന്റെ പെരുമാറ്റം സൗമ്യവും ഗാംഭീര്യവും ആഢ്യത്വം നിറഞ്ഞതുമായിരുന്നു .

എന്നാൽ മാടത്തിനു പുറത്തിറങ്ങിയ കൃഷിക്കാരൻ തന്റെ കൃഷിത്തോട്ടത്തിലെ കായ്കനികൾ പറിച്ചതിന് രാജാവിനേയും പരിവാരങ്ങളെയും വഴക്ക് പറയുകയും അവരോട് അപമര്യാദയായി പെരുമാറുകയും ചെയ്യുന്നു .

വീണ്ടും മാടത്തിനകത്ത് പ്രവേശിക്കുന്ന സമയം പഴയത് പോലെ സൗമ്യനും ശാന്തനുമായി പെരുമാറുന്നു .

പുസ്തകം ഇ-ബുക്കായി വായിക്കാൻ സന്ദർശിക്കുക

കൃഷിക്കാരന്റെ സ്വഭാവത്തിലെ ഈ വൈചിത്ര്യം കണ്ട് കൗതുകം തോന്നിയ രാജാവ് ആ കൃഷിയിടം അയാളിൽ നിന്നും വിലകൊടുത്ത് വാങ്ങുകയാണ് . അതിനു ശേഷം മാടം സ്ഥിതി ചെയ്തിരുന്ന സ്ഥലം കുഴിച്ചു നോക്കുവാൻ അനുചരന്മാർക്ക് നിർദേശം നൽകുന്നു ..

C Madhavan Pillai-Vikramadithyakathakalദിവസങ്ങൾ കടന്നുപോയി. ഒരുനാൾ നിലം കുഴിക്കുന്ന പണിക്കാർ ആശ്ചര്യം കൊണ്ട് മതിമറന്നു . അവരുടെ പണിയായുധം സ്വർണ്ണവർണ്ണമാർന്ന ഒരു സ്തൂപികയിലാണ് ചെന്നിടിച്ചത് .

മണ്ണ് മാറ്റൽ പ്രക്രിയ തുടർന്ന പണിക്കാർ കണ്ടത് സ്തൂപികക്കടിയിൽ തനി തങ്കത്തിൽ തീർത്ത , പല വർണ്ണങ്ങളിലുള്ള രത്നങ്ങൾ പതിച്ച മഹാസിംഹാസനമാണ് . അതിലേക്ക് കയറാൻ
മുപ്പത്തി രണ്ട് പടികൾ ഉണ്ടായിരുന്നു . ഓരോ പടിക്കും കാവലായി ഓരോ സാലഭഞ്ജികമാരെയും ഭോജരാജാവ് കണ്ടു .

കർഷകൻ മാടപ്പുര കെട്ടി ഇത്രനാളും താമസിച്ചിരുന്നത് ഈ സിംഹാസനത്തിനു മുകളിൽ ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ .

രാജാവ് ഈ സിംഹാസനം കൊട്ടാരത്തിലേക്ക് കൊണ്ടുപോയി .
യഥാവിധി കർമ്മങ്ങൾക്ക് ശേഷം അതിൽ സ്ഥാനാരോഹണം നടത്താനായി ആദ്യപടിയിൽ തന്റെ കാലെടുത്ത് വച്ചതും മധുരിതമായതും അതേ സമയം ഗർവ്വ് നിറഞ്ഞതുമായ പൊട്ടിച്ചിരിയാണ് ഒന്നാം സാലഭഞ്ജികയിൽ നിന്നും ഉയർന്നത് .

മരപ്പാവ ചിരിക്കുന്നത് കണ്ട് സഭാവാസികളെല്ലാം ഞെട്ടിത്തരിച്ച് പോയി . പരിഹാസം നിറഞ്ഞ ഈ ചിരിയുടെ അർത്ഥം എന്താണെന്ന് വിനയത്തോടെ രാജാവ് പ്രതിമയോട് ആരാഞ്ഞു .

ഒന്നാം സാലഭഞ്ജിക സ്വയം പരിചയപ്പെടുത്തി , എന്റെ പേര്
വിനോദരഞ്ജിതവല്ലി എന്നാണ് . ഈ മഹാസിംഹാസനം പ്രജാവത്സലനും ധർമ്മിഷ്ഠനും ത്യാഗശീലനും മറ്റനേകം സ്വഭാവഗുണങ്ങളുടെ ഉടമയുമായ.
വിക്രമാദിത്യ ചക്രവർത്തിയുടേതാണ് . ഇത്തരം ഒരു മഹാനുഭവന്റെ സിംഹാസനത്തിലിരിക്കാനുള്ള യോഗ്യത താങ്കൾക്കുണ്ടോ എന്നാലോചിച്ചാണ് ഞാൻ ചിരിച്ചു പോയത് .

ഇത്രയും പറഞ്ഞതിനു ശേഷം ആ സാലഭഞ്ജിക വിക്രമാദിത്യ ചക്രവർത്തിയുടെ മാതാപിതാക്കൾ , ജനനം , സഹോദരങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച് ഒരു ആമുഖം നൽകുന്നു . സന്ധ്യ ആയതോടെ രാജാവും പരിവാരങ്ങളും സ്ഥാനാരോഹണം നടത്താൻ കഴിയാതെ തിരിച്ചു പോവുകയാണ് .

അതിനടുത്ത ദിവസം സിംഹാസനത്തിലിരിക്കുവാനായി ചക്രവർത്തി രണ്ടാമത്തെ പടിയിലേക്ക് കാലെടുത്ത് വച്ചതും കഴിഞ്ഞ ദിവസം സംഭവിച്ചതുപോലെ രണ്ടാമത്തെ സാലഭഞ്ജികയായ മദനാഭിഷേകവല്ലിയും പെരുമാറുന്നു .

ഭോജരാജാവിന്റെ അറിവിലേക്കായി ആ സാലഭഞ്ജികയും വിക്രമാദിത്യ ചക്രവർത്തിയുടെ അപദാനങ്ങൾ വർണ്ണിക്കുകയും സരസമായി ആ കാലഘട്ടം രാജാവിനു മുന്നിൽ കാഴ്ച വെക്കുകയും ചെയ്യുന്നു .

ഇങ്ങനെ മുപ്പത്തി രണ്ടു ദിവസങ്ങളിലായി ഓരോ സാലഭഞ്ജികമാരും വിക്രമാദിത്യന്റെ രാജ്യ ഭരണവും ജീവിതവും സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഭോജരാജാവിന്റെ അറിവിലേക്കായി പകരുന്നു .

ആ കഥകളാണ് വിക്രമാദിത്യ കഥകളായി നമുക്ക് മുന്നിൽ
ശ്രീ.സി മാധവൻ പിള്ള അവതരിപ്പിക്കുന്നത് …

വളരെയധികം വായനാനുഭവവും ധാർമ്മികതയും നിറഞ്ഞ ഒരു കഥാകഥനരീതിയാണ് ഇതിൽ നമുക്ക് കാണാൻ കഴിയുക .

ഒരു ഭരണാധികാരി പുലർത്തേണ്ട സത്യസന്ധതയും , ധർമ്മവും , നീതിബോധവും ഈ കഥകളിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നു …

പുസ്തകം ഇ-ബുക്കായി വായിക്കാൻ സന്ദർശിക്കുക

Comments are closed.