DCBOOKS
Malayalam News Literature Website

കോവിഡ് രോഗബാധയാൽ മരണമടഞ്ഞ ആളുടെ മൃതദേഹം കൈകാര്യം ചെയ്‌താൽ രോഗം പകരുമോ? എന്താണ് ശാസ്ത്രീയമായ വസ്തുതകൾ?

കോവിഡ് രോഗബാധയാൽ മരണമടഞ്ഞ ആളുടെ മൃതദേഹം കൈകാര്യം ചെയ്‌താൽ രോഗം പകരുമോ?

കോവിഡ് ബാധിതന്റെ മൃതദേഹം കൈകാര്യം ചെയ്യുന്നതും സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹത്തിൽ പല തെറ്റിധാരണകൾ നില നിൽക്കുന്നു, തന്മൂലം ശവസംസ്കാരവുമായി ബന്ധപ്പെട്ട് എതിർപ്പുകൾ പലയിടങ്ങളിലും ഉണ്ടാവുന്നുണ്ട്. ആയതിനാൽ ഈ വിഷയത്തിൽ ഏവർക്കും ശരിയായ അവബോധം ഉണ്ടാവേണ്ടതാണ്, എങ്കിൽ മാത്രമേ ആത്മവിശ്വാസത്തോടെ ശരിയായ രീതിയിൽ മൃതദേഹം കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളൂ. മാത്രമല്ല ശരിയായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കിയാൽ ജനങ്ങൾക്കിടയിൽ ഉണ്ടാകുന്ന ആശങ്ക ഒഴിവാക്കാനും സാധിക്കും.

പ്രതിഷേധങ്ങൾ മൂലം ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്നതും കൂടുതൽ സമയം ആ സാഹചര്യം കൈകാര്യം ചെയ്യേണ്ടി വരുന്നതുമാണ് യഥാർത്ഥത്തിൽ രോഗവ്യാപന സാധ്യത കൂട്ടുന്നത് എന്ന തിരിച്ചറിവ് ഉണ്ടാവേണ്ടതുണ്ട്.

എന്താണ് ശാസ്ത്രീയമായ വസ്തുതകൾ?

1. മൃതദേഹത്തിൽ നിന്നും രോഗം പകരുമോ?

മൃതദേഹത്തിൽ നിന്നും കോവിഡ് രോഗം പകരാൻ സാധ്യത കുറവാണ്. സാധ്യതകൾ കുറവെങ്കിലും അതും ഒഴിവാക്കാൻ വേണ്ടിയാണ് നാം കരുതൽ നടപടികൾ സ്വീകരിക്കുന്നത്.

വൈറസ് എന്ന സൂക്ഷ്മാണുവിന് ജീവനുള്ള കോശങ്ങൾക്ക് പുറത്ത് അതിജീവിക്കാൻ ഉള്ള കഴിവ് വളരെ കുറവാണ്.

ഒരാളുടെ സ്രവകണികകളിലൂടെ പ്രതലങ്ങളിൽ പറ്റിപ്പിടിക്കപെടുന്ന കൊറോണ വൈറസിന് ആ പ്രതലങ്ങളിൽ അനുകൂല സാഹചര്യം ഉള്ളപ്പോൾ പോലും അതിജീവിക്കാൻ കഴിയുന്നത് ഏതാനും മണിക്കൂറുകൾ ആണ്. പഠനങ്ങളിൽ ചില പ്രതലങ്ങളിൽ ഏറിയാൽ 3 ദിവസം വരെയാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഇത്തരത്തിൽ കാണപ്പെടുന്ന വൈറസിന് രോഗം പകർത്താനുള്ള ശേഷിയുണ്ടോ എന്ന് ഉറപ്പില്ല.

അപ്പോൾ മരണപ്പെട്ട ഒരാളുടെ മൃതകോശങ്ങളിൽ വൈറസിന് അധികം കാലം അതിജീവിക്കാൻ കഴിയില്ല, സാന്നിധ്യം ഉണ്ടെങ്കിൽ പോലും അവ രോഗം പകർത്താൻ ശേഷി ഉള്ളവ ആവണം എന്നുമില്ല.

2. മൃതദേഹത്തിൽ നിന്നും രോഗപ്പകർച്ച ഉണ്ടാവുന്നതെങ്ങനെ?

പ്രാഥമികമായി കോവിഡ് ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ്. ഒരാൾ ചുമയ്ക്കുകയും തുമ്മുകയും ഉച്ചത്തിൽ സംസാരിക്കുകയും മറ്റും ചെയ്യുമ്പോൾ പ്രസരിപ്പിക്കുന്ന സ്രവകണികകൾ മുഖേനയാണ് രോഗം പ്രധാനമായും പകരുന്നത്.

മൃതദേഹം ചുമയ്ക്കുകയോ തുമ്മുകയോ ഒന്നും ചെയ്യില്ലല്ലോ, അത് കൊണ്ട് അത്ര കണ്ടു സാധ്യതകൾ കുറയും.

എന്നാൽ മൃതശരീരത്തിൽ പറ്റിപ്പിടിച്ചിട്ടുള്ളതോ, ഉള്ളിൽ നിന്നും വരുന്നതോ ആയ സ്രവങ്ങളിൽ രോഗാണുക്കൾ കണ്ടേക്കാം. ഇത് ആരുടെ എങ്കിലും കയ്യിൽ പറ്റുകയോ, കൈ ശുചിയാക്കാതെ അവർ മൂക്കിലോ വായിലോ കണ്ണിലോ സ്പർശിക്കുകയോ ചെയ്യുന്നത് വഴി രോഗം പകരാൻ സാധ്യതയുണ്ട് എന്ന് കരുതാം.

അതായത് ഇങ്ങനെയൊരു സാഹചര്യത്തിൽ, മരിച്ച ഉടൻ മൃതദേഹം കൈകാര്യം ചെയ്യുന്ന ആരോഗ്യപ്രവർത്തകർ, പോസ്റ്റ്‌മോർട്ടം പരിശോധന ചെയ്യുന്നവർ, ചില കേസുകളിൽ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ഇത്യാദി ആൾക്കാർക്കാണ് രോഗബാധയ്ക്കുള്ള സാധ്യത കൂടുതൽ.

എന്നാൽ മാർഗ്ഗനിർദ്ദേശങ്ങൾ ശരിയായി പാലിച്ച്, വ്യക്തിസുരക്ഷാ നടപടികൾ എടുത്താൽ ഈ റിസ്ക് പൂർണ്ണമായും ഒഴിവാക്കാവുന്നതാണ്.

3. ആശുപത്രിയിൽ നിന്ന് കൈമാറുന്ന മൃതദേഹം കൈകാര്യം ചെയ്യുന്നവർക്ക് രോഗവ്യാപന സാധ്യത ഉണ്ടോ?

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് അത്തരം രോഗികളുടെ മൃതദേഹം കൈമാറാൻ തയ്യാറാക്കുന്നത്.

കേരളത്തിലെ പ്രോട്ടോക്കോളുകൾ ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന, പല രാജ്യങ്ങളിലും പാലിക്കുന്ന രോഗനിയന്ത്രണ മാർഗ്ഗങ്ങളേക്കാൾ ഒരു പടി മുകളിലാണ്.

ശരീര സ്രവങ്ങൾ പുറത്തേക്കു ഒഴുകാതിരിക്കാൻ, മൂക്ക്, വായ തുടങ്ങി എല്ലാ ദ്വാരങ്ങളും, രോഗിയുടെ ശരീരത്തിൽ മെഡിക്കൽ പ്രക്രിയകൾക്കു വേണ്ടി ഉണ്ടാക്കിയ സുഷിരങ്ങളും കോട്ടൺ / പഞ്ഞി കൊണ്ട് പാക്ക്/സീൽ ചെയ്യും.

ഇതിന് ശേഷം രണ്ട് പാളി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ശരീരം പൂർണ്ണമായും മൂടും, ഇതിന് ശേഷം തുണിയിൽ പൊതിഞ്ഞ് മൃതദേഹം നൽകാം എന്നാണു ലോകാരോഗ്യ സംഘടന പറയുന്നത്.

എന്നാൽ കേരളത്തിൽ അതിനു പകരം കട്ടിയുള്ള പ്ലാസ്റ്റിക് ബോഡി ബാഗിലാക്കി പൂർണ്ണമായും ഭദ്രമായി അടച്ചാണ് നൽകുന്നത്. കൂടാതെ ബാഗിന്റെ പുറം ഭാഗം ബ്ലീച്ച് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കുന്നുമുണ്ട്.

ആയതിനാൽ പിന്നീട് മൃതദേഹം കൈകാര്യം ചെയ്യുന്നവർക്ക് രോഗവ്യാപന സാധ്യത ഇല്ല എന്ന് തന്നെ കരുതാം. ഇത്തരുണത്തിൽ കൈകാര്യം ചെയ്യുന്നവർ മാസ്ക്കും ഗ്ലൗസും മാത്രം ധരിച്ചാൽ മതിയാകും എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം. എങ്കിലും കേരളത്തിൽ ശരീരം മുഴുവൻ മൂടുന്ന PPE കിറ്റ് ധരിച്ചാണ് ആരോഗ്യപ്രവർത്തകർ ബോഡി കൈകാര്യം ചെയ്യുന്നത്.

4. മരണാന്തര ചടങ്ങുകൾ നടത്താമോ?

മൃതദേഹത്തിനോടും മരിച്ച വ്യക്തിയോടും അദ്ദേഹത്തിൻറെ ബന്ധുമിത്രാദികളോടും അനാദരവ് കാണിക്കാൻ പാടുള്ളതല്ല. വിടപറയാനും വിശ്വാസങ്ങൾക്ക് അനുസൃതമായി സാമൂഹിക സാംസ്കാരിക ആചാരങ്ങൾ അനുഷ്ഠിക്കാനും അവർക്ക് അവസരം നൽകണം എന്നാണു ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം.

എന്നാൽ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചു കൊണ്ട് വേണം ചടങ്ങുകൾ നടത്താൻ. മൃതദേഹത്തെ സ്പർശിക്കാനോ, ഉമ്മ വെക്കാനോ പാടുള്ളതല്ല, രണ്ടു മീറ്റർ അകലം പാലിക്കണം എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.

5. പങ്കെടുക്കുന്നവർക്ക് മൃതദേഹത്തിലൂടെ രോഗം പടരുമോ?

ഇങ്ങനെ ആശുപത്രികളിൽ നിന്നും സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിച്ച്, കൈമാറ്റം ചെയ്യപ്പെടുന്ന മൃതശരീരത്തിൽ നിന്നും രോഗം പകരാൻ തീരെ സാധ്യത ഇല്ലെങ്കിലും അധിക സുരക്ഷയ്ക്ക് വേണ്ടിയാണ് മൃതദേഹത്തിൽ നിന്നും അകലം പാലിക്കാനും മറ്റും നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

എന്നാൽ അവിടെ കൂടുന്ന പലരും രോഗബാധ ഉള്ളവരാകാൻ സാധ്യതയുണ്ട്. ആൾക്കൂട്ടം ഉണ്ടായാൽ ജീവനുള്ളവരിൽ പരസ്പരം രോഗബാധ പകരാൻ സാധ്യത വർദ്ധിക്കുന്നു. അതിനാൽ ആൾക്കൂട്ടം ഒഴിവാക്കുന്നതാണ് നല്ലത്.

6. മൃതദേഹം കുഴിച്ചിടുന്നതാണോ അതോ ദഹിപ്പിക്കുന്നതാണോ ശരിയായ രീതി?

രണ്ടു രീതി ആയാലും രോഗവ്യാപന സാധ്യത ഒട്ടും ഇല്ല, ശാസ്ത്രീയമായ പ്രോട്ടോകോൾ പാലിക്കണമെന്ന് മാത്രം.

7. ശ്മശാനങ്ങളുടെ പരിസരപ്രദേശത്ത് രോഗവ്യാപന സാധ്യത ഉണ്ടോ?

ഇല്ല.

അണുവിമുക്തമാക്കപ്പെട്ട വാഹനങ്ങളിൽ, രോഗനിയന്ത്രണ മാർഗ്ഗ നിർദേശങ്ങൾ പാലിച്ച്, ആരോഗ്യ പ്രവർത്തകരാണ് നിലവിൽ മൃതദേഹം ശ്മാശാനങ്ങളിൽ എത്തിക്കുന്നത്. ആരോഗ്യ പ്രവർത്തകർ തന്നെ ഇത് ചെയ്യണം എന്ന് ഒരു നിർബന്ധവുമില്ല. ഇതിനൊക്കെ മാറ്റം വരുത്തുന്ന കാര്യം ആലോചിക്കാവുന്നതാണ്.

8. ശവദാഹം നടത്തുമ്പോൾ പുകയിലൂടെയോ ചാരത്തിലൂടെയോ വൈറസ് പകരുമോ?

ഇല്ല.

വൈറസ് അല്പം എങ്കിലും മൃതദേഹത്തിൽ ബാക്കി ഉണ്ടെങ്കിൽ ശവദാഹം നടത്തുമ്പോൾ ഉള്ള ഉന്നത താപനിലയിൽ നശിച്ചു പോവും. 60 ഡിഗ്രി സെന്റിഗ്രേഡിനു മുകളിൽ ഒക്കെ അധികം അതിജീവിക്കാത്ത കൊറോണ വൈറസ്, 900 ഡിഗ്രിയിൽ നശിക്കാതെ പുകയിലൂടെയും ചാരത്തിലൂടെയും പകരും എന്ന് കരുതുന്നത് തികഞ്ഞ അബദ്ധ ധാരണയാണ്.

ചിതാഭസ്മം മരണാന്തര ക്രിയകൾക്കു ഉപയോഗിക്കുന്നതിൽ അപകടസാധ്യത ഇല്ല.

9. മൃതദേഹം കുഴിച്ചിടുന്നത് ഏതെങ്കിലും തരത്തിൽ രോഗവ്യാപനത്തിനു കാരണമാവുമോ?

ഇല്ല.

സാധാരണ രീതിയിൽ തന്നെ മൃതദേഹം മറവു ചെയ്യാനാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്. എന്നാൽ എബോള പോലുള്ള മാരക രോഗത്തിന്റെ കാര്യത്തിൽ പാലിക്കുന്ന കരുതൽ നടപടികളാണ് കേരള സർക്കാർ പ്രോട്ടോക്കോൾ അനുശാസിക്കുന്നത്.

12 അടി താഴ്ചയുള്ള കുഴി എടുക്കേണ്ട ആവശ്യമുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. സാധാരണ രീതിയിൽ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്താലും പകരാനുള്ള സാധ്യത ഇല്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. മരണശേഷം 18 മണിക്കൂർ കഴിയുമ്പോൾ തന്നെ മൃതശരീരത്തിലെ ജീർണ്ണിക്കൽ പ്രക്രിയ നമുക്ക് കാണാൻ സാധിക്കും. കുഴിയുടെ ആഴം എത്ര ആണെങ്കിലും ജീർണ്ണിക്കൽ പ്രക്രിയ നടന്നുകൊണ്ടിരിക്കും. പ്ലാസ്റ്റിക് ബാഗിൽ അടക്കം ചെയ്ത മൃതശരീരം മണ്ണിൽ കുഴിച്ചിടുമ്പോൾ ഈ അഴുകൽ അന്തരീക്ഷവായുവിന്റെ സാന്നിധ്യത്തിൽ സംഭവിക്കുന്നതിനേക്കാൾ വളരെ പതുക്കെ ആയിരിക്കും എന്ന് മാത്രം. എങ്കിലും ഈ അവസ്ഥയിൽ ശരീരസ്രവങ്ങൾ പുറത്തു വരാൻ തീരെ സാദ്ധ്യതയില്ല. ഇനി ഏതെങ്കിലും സാഹചര്യവശാൽ പുറത്തു വന്നാൽ പോലും രോഗം പകരാൻ സാധ്യത ഇല്ല.

8. ഇങ്ങനെ മറവ് ചെയ്യുന്ന മൃതശരീരത്തിൽ നിന്നും അടുത്തുള്ള കിണറുകളും കുളങ്ങളും വഴി വൈറസ് പകരുമോ ?

ഇല്ല. അങ്ങനെ ഒരു സാധ്യതയില്ല.

9. ബോഡി ബന്ധുക്കളെ കാണിക്കാമോ?

പരേതന്റെ മുഖം ബന്ധുമിത്രാദികളെ കാണിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ ബന്ധുമിത്രാദികൾ അകലം പാലിക്കണം. ചുംബനവും സ്പർശനവും പാടില്ല. ഇതിൽ വീഴ്ച പറ്റാൻ സാധ്യതയുണ്ടെങ്കിൽ ഒഴിവാക്കുന്നതാണ് നല്ലത്.

10. ആഭരണങ്ങൾ വീണ്ടും ഉപയോഗിക്കാമോ?

ഉപയോഗിക്കാം.

ബ്ലീച്ച് ലായനി അല്ലെങ്കിൽ 70 % ആൽക്കഹോൾ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കിയതിന് ശേഷം ഉപയോഗിക്കാം.

രോഗ്യവ്യാപനത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പലപ്പോഴും അനാവശ്യ ഭീതിയിലേക്കും അതു മൂലമുള്ള അവജ്ഞയിലേക്കുമൊക്കെ നയിക്കുന്നത്. അത് അകറ്റാനുള്ള നടപടികൾ ത്വരിതഗതിയിൽ നടപ്പാക്കേണ്ടതുണ്ട്.

അതീവജാഗ്രതയും പരമാവധി കരുതലും പുലർത്തുന്ന ഈ പ്രോട്ടോകോൾ പരോക്ഷമായെങ്കിലും തെറ്റായ സന്ദേശം നൽകുന്നുണ്ടോ എന്നൊരു ചോദ്യം ഉയരുന്നുണ്ട്. കേസുകൾ കൂടുന്നതോടെ മരണങ്ങളും കൂടാൻ സാധ്യതയുണ്ടെന്നതിനാൽ കാലോചിതമായി ലഭ്യമാകുന്ന ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രോട്ടോക്കോൾ യഥാസമയം പരിഷ്കരിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.

എഴുതിയത്: Dr. Deepu S, Dr. Manoj Vellanad, Dr. Navya Thaikattil, Dr. Arun Mangalath & Dr. Jinesh P S

Info Clinic

Comments are closed.