DCBOOKS
Malayalam News Literature Website

നിങ്ങളിലാരാണ് ഇടതുപക്ഷക്കാര്‍

രവിചന്ദ്രന്‍ സി.

നവംബർ ലക്കം പച്ചക്കുതിരയില്‍

സ്വതന്ത്രമനുഷ്യര്‍ എപ്പോഴും ഏതെങ്കിലും പക്ഷത്ത് അടിമബോധത്തോടെ ശിലാരൂപത്തില്‍ ഉറച്ച് നില്‍ക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. സന്ദര്‍ഭം, സാഹചര്യം, വസ്തുത, തെളിവ് എന്നിവയുടെ അടിസ്ഥാനത്തില്‍ അതാത് സമയങ്ങളില്‍ ശരിയും യുക്തിസഹവും മാനവികവുമായ നിലപാട് സ്വീകരിക്കാനാണ് സ്വതന്ത്രമനുഷ്യര്‍ തയ്യാറാകേണ്ടത്. പക്ഷാഘാതം സൃഷ്ടിക്കുന്ന പരിമിതികള്‍ ഭയാനകമാണ്. മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങളെല്ലാം പരിശോധിച്ചാല്‍ കേരളത്തിലെ പാരമ്പര്യ യുക്തിവാദികളും കമ്മ്യൂണിസ്റ്റുകളും തീവ്ര വലതുപക്ഷമാണെന്ന് വ്യക്തമാകും.

‘പച്ചക്കുതിര’യില്‍ എഴുതിയിട്ട് കാലം കുറെയായി; എഡിറ്ററുമായി ഒരു ദശകത്തെ പരിചയമുണ്ട്. 2022 ഒക്‌ടോബര്‍ രണ്ടിന് എറണാകുളത്തെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എസെന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച,
ഏഴായിരത്തിലധികം പേര്‍ പങ്കെടുത്ത ലിറ്റ്മസ് 22 എന്ന ഏകദിന നാസ്തിക-സ്വതന്ത്രചിന്താ സെമിനാറിന്റെ വിജയത്തിന് ശേഷം എനിക്കും എസെന്‍സ് ഗ്ലോബലിനും എതിരായി മാധ്യമ-സൈബര്‍ ലോകത്ത് ഉണ്ടായ pachakuthiraലിഞ്ചിംഗിന്റെയും വെറുപ്പ് കാമ്പയിന്റെയും കാരണങ്ങള്‍ ആരാഞ്ഞ് അദ്ദേഹം ഈയിടെ വിളിച്ചിരുന്നു. ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു. ശേഷം വാട്‌സ് ആപ്പില്‍ ചില ചോദ്യങ്ങള്‍ അയച്ചുതന്നു. ആ പ്രശ്നങ്ങളോടുള്ള പ്രതികരണം മാസികയില്‍ എഴുതണം എന്ന സ്‌നേഹപൂര്‍വമുള്ള നിര്‍ദ്ദേശത്തിന്റെ ഉത്പന്നമാണ് ഈ ലേഖനം.

‘പച്ചക്കുതിര’യുടെ 2018 ഏപ്രില്‍ ലക്കത്തില്‍ ചില സ്വകാര്യ അനുഭവങ്ങളെ കുറിച്ച് എഴുതിയിരുന്നു. എന്നാല്‍ ഇവിടെ വിഷയം കൂടുതലും രാഷ്ട്രീയമാണ്. ചെറുപ്രായത്തില്‍തന്നെ നാട്ടില്‍ കക്ഷിരാഷ്ട്രീയജ്വരം ഉണ്ടായിരുന്നു. ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ സ്വന്തമായി ഒരു കയ്യാല തല്ലിക്കൂട്ടി അവിടെ ചുണ്ണാമ്പും നീലവും ഉപയോഗിച്ച് സി.കെ.തങ്കപ്പന് അരിവാള്‍ ചുറ്റിക അടയാളത്തില്‍ വോട്ട്‌ചെയ്ത് വിജയിപ്പിക്കുക എന്നെഴുതിവെച്ചത് ഓര്‍മ്മയുണ്ട്. ഒരാഴ്ചത്തെ പ്രയത്‌നമായിരുന്നു അത്. കോളേജില്‍ ചെല്ലുമ്പോഴേക്കും കക്ഷിരാഷ്ട്രീയം വിട്ടു. ദൈവവിശ്വാസത്തില്‍ നിന്ന് മോചിതനായതും ക്രമേണയാണ്. അഞ്ചാംക്ലാസ് കഴിഞ്ഞതോടെ പ്രാര്‍ത്ഥന നിലച്ചു. ഹൈസ്‌കൂളില്‍ എത്തിയപ്പോഴേക്കും ക്ഷേത്രദര്‍ശനം അവസാനിച്ചു. പിന്നെ കുറെക്കാലം മതാതീത ആത്മീയത, ഭഗവത്ഗീത, വിവേകാനന്ദസാഹിത്യം, അദ്വൈതം എന്നൊക്കെയുള്ള ലൈനില്‍. ഇരുപതുകളുടെ തുടക്കത്തില്‍ സമ്പൂര്‍ണ്ണമോചനം നേടിയെങ്കിലും മതം, ദൈവം ഇത്യാദി സംഗതികള്‍ ഗൗരവത്തോടെ കാണാന്‍ താല്പര്യമുണ്ടായിരുന്നില്ല. വിശ്വാസികള്‍ അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കട്ടെ, തര്‍ക്കിച്ചിട്ട് കാര്യമില്ല, ഒന്നും മാറാന്‍ പോകുന്നില്ല, കഴിയുന്നിടത്തോളം ഒത്തുപോകുന്നതാണ് യുക്തിസഹം എന്നൊക്കെയുള്ള നിസ്സംഗതയായിരുന്നു. മതാചാരങ്ങളെയോ ദൈവവാദങ്ങളെയോ എതിര്‍ക്കാനോ ധിക്കരിക്കാനോ പോയിട്ടില്ല. വിവാഹം പരമ്പരാഗത രീതിയില്‍. നാസ്തിക-സ്വതന്ത്രചിന്ത ആക്റ്റിവിസത്തിലേക്ക് തിരിയുന്നത് നാല്‍പ്പതിനോട്
അടുപ്പിച്ചാണ്. ശേഷം ഇപ്പോള്‍ ചവിട്ടി നിറുത്താന്‍ പറ്റാത്ത അവസ്ഥയില്‍. യുക്തിവാദി പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടായിരുന്നില്ല. ചെറിയ തോതിലെങ്കിലും ബന്ധപെട്ടിരുന്നത് ശാസ്ത്ര സാഹിത്യപരിഷത്തുമായാണ്.

പൂര്‍ണ്ണരൂപം നവംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്‌

 

Comments are closed.