DCBOOKS
Malayalam News Literature Website

ഏതു വേണം? മതരാഷ്ട്രമോ മതേതര രാഷ്ട്രമോ?

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

സച്ചിദാനന്ദന്‍/ജയ്‌ദേവ് കെ.വി

സമ്മതിദായകര്‍ കൃത്യമായ നിലപാട് എടുക്കേണ്ട സമയമാണ് ഇത്. ഈ തിരഞ്ഞെടുപ്പ് പ്രാഥമികമായും ജനാധിപത്യവും സമഗ്രാധിപത്യവും തമ്മിലുള്ളതാണ്. ഒപ്പം മതേതര രാഷ്ട്രവും മതരാഷ്ട്രവുംതമ്മില്‍, ഭൂരിപക്ഷ ക്ഷേമത്തില്‍ ഊന്നുന്ന വികസന സങ്കല്പവും ചെറിയ ഒരു ന്യൂനപക്ഷത്തിനു വേണ്ടി ഭൂരിപക്ഷത്തെ ചൂഷണം ചെയ്യുന്ന സാമ്പത്തിക നയവും തമ്മില്‍, വ്യര്‍ഥമായ വാഗ്ദാനങ്ങളും വാഗ്ദാനങ്ങള്‍ നടപ്പാക്കുന്ന ഭരണവും തമ്മില്‍, ഭരണഘടന പിന്തുടരുന്നവരും ലംഘിക്കുന്നവരും തമ്മില്‍, വിശ്വാസപരവും സാംസ്‌കാരികവും ഭാഷാപരവും വംശപരവും മറ്റുമായ നാനാത്വം നിലനിര്‍ത്താന്‍ തീരുമാനിച്ചവരും ബഹുസ്വരതയ്ക്ക് എതിര്‍ നില്‍ക്കുന്നവരും തമ്മില്‍, ഒന്നിപ്പിക്കുന്നവരും ഭിന്നിപ്പിക്കുന്നവരും തമ്മില്‍, അഴിമതിയും സത്യസന്ധതയും തമ്മില്‍, ഉള്ള തിരഞ്ഞെടുപ്പാണ് ഇത്: സച്ചിദാനന്ദന്‍ നിലപാട് വ്യക്തമാക്കുന്നു.

ലോക്‌സഭയിലേക്കുള്ള, ഇന്ത്യയുടെ നിര്‍ണ്ണായകമായ ഭാവിയിലേക്കുള്ള തിരഞ്ഞെടുപ്പു മാസമാണ് ഈ ഏപ്രില്‍. ഈ വിഷയം Pachakuthira Digital Editionമുന്‍നിര്‍ത്തി, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍കൂടിയായ കവി സച്ചിദാനന്ദനോട് സമകാലികമായ അഞ്ച് ചോദ്യങ്ങള്‍.

ജയ്‌ദേവ് കെ.വി: ഹിന്ദുത്വഭരണകൂടം ഇന്ത്യയില്‍ തുടര്‍ച്ചയായ 10 വര്‍ഷം പൂര്‍ത്തിയാക്കി പതിനഞ്ചുവര്‍ഷത്തേക്കുള്ള തയ്യാറെടുപ്പിലാണ്. ഭരണ മാറ്റം സംഭവിക്കും എന്നുതോന്നിക്കുന്ന പ്രതീക്ഷാനിര്‍ഭരമായ അന്തരീക്ഷമൊന്നും ഇന്ത്യയില്‍ പ്രത്യക്ഷത്തില്‍ കാണാനുമില്ല. അതെന്തുകൊണ്ട് സംഭവിക്കുന്നു?

സച്ചിദാനന്ദന്‍: ഈ മറുപടി എഴുതുമ്പോള്‍ ഞാന്‍ ഡല്‍ഹിയില്‍ ആണ്. അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റ് വിമതബുദ്ധിജീവികളില്‍ മാത്രമല്ല, ഒരു പാട് സാധാരണക്കാരിലും വലിയ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. ഒപ്പംതന്നെ മുന്‍പുള്ള സര്‍ക്കാരുകള്‍ നടത്തിയിരിക്കാവുന്ന ഏതു അഴിമതിയെയും നിസ്സാരമാക്കും വിധം ഭയാനകമായ ഇലെക്റ്ററല്‍ ബോണ്ട് ‘സ്‌കാം’ (അതിനെ നേരിടാനാണ് അരവിന്ദ് അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിലും) മുഖ്യധാരാപത്രങ്ങള്‍ക്കു പോലും മറച്ചു പിടിക്കാനോ മുക്കിക്കളയാനോ ആകാത്ത വിധം വലുതായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മറ്റൊരു രാജ്യത്തായിരുന്നെങ്കില്‍ നിശ്ചയമായും തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ അത് നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുമായിരുന്നു. അത് ഇപ്പോഴത്തെ സര്‍ക്കാരിനെ ഭയപ്പെടുത്തിയിട്ടുണ്ട് എന്നത് തീര്‍ച്ചയാണ്. അവരുടെ പരിഭ്രമവും എതിര്‍പ്രചാരണങ്ങളും തിരക്ക് പിടിച്ചുള്ള പ്രതിപക്ഷപീഡനവും കള്ളക്കേസ്സുകള്‍ ഉണ്ടാക്കലും എല്ലാം അതാണ് പറയുന്നത്. എന്നാല്‍ ഏതു നുണയും നേരാക്കാനും, ഏതു അഴിമതിയും തങ്ങള്‍ക്കു അനുകൂലമാക്കാനുമുള്ള കൂറ്റന്‍ പ്രചാരണ മെഷിനറിയും, കമ്പനികളെ ഭയപ്പെടുത്തിയും കരാറുകള്‍ നല്‍കിയും വാങ്ങിപ്പിച്ച ബോണ്ടുകള്‍ ഉള്‍പ്പെടെയുള്ള കുമാര്‍ഗങ്ങളിലൂടെ സമ്പാദിച്ച പണവും ഭരണകക്ഷിയുടെ കയ്യിലുണ്ട്. പ്രശാന്ത് ഭൂഷന്‍ പ്രവചിച്ചതു പോലെ പുതിയ രാമക്ഷേത്രത്തില്‍ ഒരു ആക്രമണം സംഘടിപ്പിച്ചോ പുതിയ ഒരു ‘പുല്‍വാമ’ സംഘടിപ്പിച്ചോ ഒക്കെവോട്ടു നേടാന്‍ ശ്രമം ഉണ്ടായിക്കൂടാ എന്നില്ല. സീറ്റുകള്‍ കുറഞ്ഞേക്കാം, പക്ഷെ ഭരണം മാറില്ല എന്നാണു ഇവിടത്തെ മാദ്ധ്യമ പ്രവര്‍ത്തകര്‍ പൊതുവേ പറയുന്നത്. പുതിയ ഇലക്ഷന്‍ കമ്മീഷന്‍ പോലും ഭരണകക്ഷിയുടെ സ്വന്തം ആളുകളാണ്. സുപ്രീംകോടതി ചിലപ്പോഴെങ്കിലും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നു എന്നത് ആശാവഹമാണ്. ഒരു ജനതയെയും എല്ലാക്കാലവും നുണ പറഞ്ഞു വഞ്ചിക്കാന്‍ ഒരു കൂട്ടര്‍ക്കും കഴിയില്ലാ എന്ന പ്രതീക്ഷ കൈ വിടുന്നില്ല. എല്ലാ സമഗ്രാധിപത്യങ്ങളുടെയും അന്ത്യവും ലോകം കണ്ടതാണല്ലോ.

പൂര്‍ണ്ണരൂപം 2024 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

സച്ചിദാനന്ദന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.