DCBOOKS
Malayalam News Literature Website

രാഷ്ട്രീയക്കാര്‍ എന്തുചെയ്തു?

ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

ചര്‍ച്ച- എം. സ്വരാജ്, പി.കെ. ഫിറോസ്, എം.ടി. രമേശ്, ദിനേശ് പെരുമണ്ണ / റഫീഖ് ഇബ്രാഹിം

എം. സ്വരാജ്: ആ പ്രതിഷേധത്തിന് നേതൃത്വം ഒരുഭാഗത്ത് ജനസംഘത്തിന് ആയിരുന്നു. ഒരുപക്ഷേ, അവിശ്വസനീയമായി തോന്നാം കെ. കേളപ്പന്‍ അന്ന് ജനസംഘത്തോടൊപ്പം ചേര്‍ന്നു എന്ന് തോന്നിപ്പിക്കുംവിധം ആ സമരത്തിന്റെ മുന്നില്‍ നിന്നു. അദ്ദേഹമാണ് ആദ്യമായി മാപ്പിളസ്ഥാന്‍ എന്ന വാക്ക് ഉപയോഗിച്ചത്. എ.കെ.ജി. അന്ന് കേളപ്പന് ഒരു കത്ത് അയക്കുന്നുണ്ട്. അതില്‍ അദ്ദേഹം ചോദിച്ചു നിങ്ങള്‍ എന്തുകൊണ്ട് ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമായ ജില്ലകളെ ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നില്ല. നിങ്ങള്‍ എന്തുകൊണ്ട് ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമായ ജില്ലയെ ക്രിസ്ത്യാനിസ്ഥാന്‍ എന്ന് വിളിക്കുന്നില്ല. നിങ്ങള്‍ എന്തുകൊണ്ട് മലപ്പുറത്തെ മാപ്പിളസ്ഥാന്‍ എന്നു വിളിക്കുന്നു. അങ്ങയുടെ ആരാധകന്‍ ആയി, ശിഷ്യനായി, കുഞ്ഞനുജന്‍ ആയി ഇത്രകാലം നിന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു എന്ന് കേളപ്പനോട് എ.കെ.ജി. പറഞ്ഞു.

ഐക്യകേരളത്തിന് മുമ്പും പിമ്പുമുള്ള സംസ്ഥാനത്തിന്റെ രാഷ്ട്രീയചരിത്രം പല അടരുകളുള്ളതും സങ്കീര്‍ണത നിറഞ്ഞതുമാണ്. എന്താണ് കേരളത്തിന്റെ രാഷ്ട്രീയചരിത്രം,വര്‍ത്തമാന കാലത്തില്‍ അതെങ്ങനെ പ്രതിഫലിക്കുന്നു, ആര്‍ക്കാണ് നവോത്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടാനാവുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ പല നിലക്കും ഗൗരവമാര്‍ന്നതാണ്. ഈ വിഷയത്തില്‍ കെ.എല്‍.എഫ് വേദിയില്‍ മൂന്നാം ദിനത്തില്‍ ആദ്യ സെഷനില്‍ നടന്ന ചര്‍ച്ച ശ്രദ്ധേയമായി. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ എം.സ്വരാജ്, കോഴിക്കോട് ഡി.സി.സി സെക്രട്ടറി ദിനേശ് പെരുമണ്ണ, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. എഴുത്തുകാരനായ റഫീഖ് ഇബ്രാഹിം മോഡറേറ്ററായിരുന്നു.

റഫീഖ് ഇബ്രാഹിം: സംഗൃഹീത രൂപത്തില്‍ എഴുതാനുള്ള ശ്രമമായിട്ടുപോലും ആര്‍.കെ. ബിജുരാജിന്റെ
‘കേരളത്തിന്റെ രാഷ്ട്രീയചരിത്രം’ എന്ന പുസ്തകത്തിന് ഏകദേശം ആയിരം പേജുകളുണ്ട്. 67 വര്‍ഷത്തെ രാഷ്ട്രീയചരിത്രം സംഗ്രഹരൂപത്തില്‍ പറയാന്‍തന്നെ അത്ര പേജുകള്‍ വേണമെന്നിരിക്കെ ഒരു മണിക്കൂര്‍ കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയചരിത്രം എങ്ങനെ ചര്‍ച്ച ചെയ്യുമെന്ന കാര്യത്തില്‍ വേദിയിലുള്ള ഞങ്ങള്‍ എല്ലാവരും പലരൂപത്തിലുള്ള പ്രതിസന്ധി നേരിടുന്നുണ്ട്. സംഗൃഹീതരൂപത്തില്‍ ചില വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ മാത്രമേ നമുക്കിവിടെ സാധ്യമാകൂ. കേരളം ഇന്ത്യയുടെ പൊതു രാഷ്ട്രീയ ഘടനയില്‍നിന്ന് പലതരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നമുക്കറിയാം. കേരള മോഡല്‍ എന്നു വിളിക്കുന്നത് സാമ്പത്തിക കാര്യത്തെ മാത്രമല്ല എന്നും അത് സാംസ്‌കാരികവും രാഷ്ട്രീയവുംകൂടിയായ മോഡല്‍ കൂടിയാണ് എന്നും നമുക്ക് വ്യക്തതയുണ്ട്. നമ്മള്‍ ഇന്ന് കാണുന്ന കേരള സമൂഹം ജനാധിപത്യ മതേതര രാഷ്ട്രീയ സമൂഹമായി രൂപപ്പെടുത്തുന്നതില്‍ ഓരോ രാഷ്ട്രീയപ്രസ്ഥാനത്തിനും ഉള്ള പങ്ക് നമുക്ക് കേള്‍ക്കാം. ഇന്നത്തെ കേരള രൂപീകരണത്തില്‍ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ, സംഘടനയുടെ റോള്‍ എന്താണ് എന്ന്, തങ്ങള്‍ ഏറ്റെടുത്ത സമരങ്ങളുടെ രാഷ്ട്രീയമായ അടിസ്ഥാനമെന്താണ് എന്ന് നമുക്ക് ആദ്യം പരിശോധിക്കാം. ഇവിടെയിരിക്കുന്നതില്‍ ഏറ്റവും സീനിയര്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍കൂടിയായ എം.ടി. രമേശില്‍നിന്ന് ആരംഭിക്കാം. കേരളം ഇന്നത്തെ രാഷ്ട്രീയജനാധിപത്യ സമൂഹം രൂപപ്പെടുത്തുന്നതില്‍ താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പിക്കോ അതിനു മുമ്പുള്ള ജനസംഘിനോ എന്തൊക്കെ റോളുകളാണുള്ളത്? നിങ്ങള്‍ ഏറ്റെടുത്തു നടത്തിയ സമരങ്ങള്‍ എന്തൊക്കെയാണ്? ഇപ്പോഴും പൊതുരാഷ്ട്രീയത്തില്‍നിന്ന് ജനങ്ങള്‍ നിങ്ങളെ അകറ്റി നിര്‍ത്തുന്ന പ്രവണതയും കാണുന്നുണ്ട്. അതെങ്ങനെ കാണുന്നു?

എം.ടി. രമേശ്: വളരെ വിശാലമായ വിഷയമാണ് ഇത്. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഞാനുള്‍പ്പെടുന്ന പ്രത്യയശാസ്ത്രത്തിന്റെ സംഭാവനയെന്ത് എന്ന കൃത്യമായ ചോദ്യത്തിലേക്ക് വരുംമുമ്പ് കേരളം
രൂപംകൊണ്ട ഒരു പശ്ചാത്തലത്തെപ്പറ്റി പറയണം. ആ പശ്ചാത്തലത്തില്‍നിന്ന്, അതിന് സഹായകരമാകുന്ന എന്തെല്ലാം സംഭാവനകളാണ് ഉണ്ടായത് എന്ന് ചിന്തിക്കുന്നതാവും നന്നാവുക എന്നു തോന്നുന്നു. ഒരു
പ്രദേശത്തിന്റെയും വളര്‍ച്ചയ്ക്കും വികാസത്തിനും ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംഭാവനയുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ചില പ്രത്യയശാസ്ത്രങ്ങളും ആ പ്രത്യയശാസ്ത്രങ്ങളുടെ ഭാഗമായിട്ടുള്ള മുന്നേറ്റങ്ങളും പല വിധത്തില്‍ സഹായിച്ചിട്ടുണ്ടാകാം. പക്ഷേ, ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെയും
രൂപീകരണവും വളര്‍ച്ചയും ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംഭാവനകൊണ്ടാണെന്ന് കരുതാവുന്ന ഒരു സാഹചര്യവും ഇല്ല. കാലാന്തരത്തില്‍ രൂപപ്പെട്ടുവന്നിട്ടുള്ള പല സാഹചര്യങ്ങളും ആ ജനതയുടെ സ്വഭാവത്തിലും മുന്നേറ്റത്തിലും സഹായകരമായിട്ടുണ്ടാകാം. കേരളത്തില്‍ ഇന്ന് കാണുന്ന ഈ മുന്നേറ്റത്തിന്റെ പ്രധാന കാരണം, അല്ലെങ്കില്‍ അടിത്തറയേകിയത്, ഇന്ത്യയിലെ മറ്റെല്ലാ പ്രദേശങ്ങളെയും പോലെ സ്വാതന്ത്ര്യസമര പ്രസ്ഥാനമാണ്. അത് കേവലം രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം മാത്രമായിരുന്നില്ല. നമ്മുടെ സാമൂഹികമായ എല്ലാ സ്വാതന്ത്ര്യങ്ങളെയും വികസിപ്പിക്കാന്‍ ഒരു ജനതയെ പഠിപ്പിക്കുകയും അതിന് പ്രേരിപ്പിക്കുകയും അതിനാവശ്യമായ ജനകീയ സംവാദങ്ങളും മുന്നേറ്റങ്ങളും രൂപപ്പെടുത്തിയെടുക്കുകയും ചെയ്തിട്ടുള്ളതില്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് വലിയ പങ്കുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തില്‍ രൂപംകൊണ്ടിട്ടുള്ള എല്ലാ സാമൂഹിക മുന്നേറ്റങ്ങളുടെയും പിറകില്‍ സ്വാതന്ത്ര്യസമരമുണ്ട് എന്ന് കാണാം. കേരളം ഇന്ന് കാണുന്ന സാമൂഹ്യസമത്വമായാലും നാം കാണുന്ന രാഷ്ട്രീയ അവ ബോധമായാലും വിദ്യാഭ്യാസ രംഗത്തെ പുരോഗതിയായാലുമൊക്കെ അതിന്റെ അടിസ്ഥാനം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിലുള്ള വളര്‍ച്ചയാണ്. അതില്‍ സ്വാഭാവികമായും കെ. കേളപ്പജിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ആരംഭിച്ചിട്ടുള്ള ഒരു വലിയ സാമൂഹിക നവീകരണ പ്രസ്ഥാനമുണ്ട്. ആ പ്രസ്ഥാനത്തിലാണ് പില്‍ക്കാലത്ത് എ.കെ.ജി. കടന്നുവന്നത്, പല നേതാക്കളും കടന്നുവന്നത്.അത് ഗുരുവായൂര്‍ സത്യാഗ്രഹമായാലും വൈക്കം സത്യാഗ്രഹമായാലും പൊതുവഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യമായാലും എല്ലാം കേളപ്പജിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള ഒരു സമരത്തിന്റെ ഭാഗമാണ്. ആ സമരത്തിന്റെയും മുന്നേറ്റത്തിന്റെയും തുടര്‍ച്ചയില്‍ പങ്കാളികളാകാന്‍ ഐക്യകേരളത്തിന്റെ രൂപീകരണത്തിനു ശേഷം ഞാനുള്‍പ്പെടുന്ന പ്രത്യയശാസ്ത്രത്തിന് സാധിച്ചിട്ടുണ്ട് എന്നുള്ളത് കേരളചരിത്രത്തിന്റെ ഭാഗമാണ്.

പൂര്‍ണ്ണരൂപം 2023 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

 

Comments are closed.