DCBOOKS
Malayalam News Literature Website

രോഗം ശരീരത്തെ ബാധിച്ചാലും മനസ്സിനെ ബാധിക്കാനനുവദിക്കരുത്…

ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം എഴുതിയ ‘കാന്‍സറും ചിത്രശലഭങ്ങളും’ എന്ന ബുക്കിന്  ഉദയചന്ദ്രൻ എഴുതിയ വായനാനുഭവം

അർബുദ-വിദഗ്ദനായ ഡോക്ടർ സഞ്ജു സിറിയക് പണ്ടാരക്കളം എഴുതിയ “കാൻസറും ചിത്രശലഭങ്ങളും” എന്ന പുസ്തകം വ്യത്യസ്തമായ ഒരു വായനാനുഭവമായിരിക്കും എന്നതിൽ തർക്കമുണ്ടാവില്ല.

ഇൻഡ്യൻ ഭാഷകളിൽ ഡോക്ടർമാർ എഴുതിയ പുസ്തകങ്ങൾ ഒരുപാടൊന്നും വന്നു കണ്ടിട്ടില്ല. പക്ഷെ,  ഇംഗ്ളീഷ് ഭാഷയിൽ, ‘ബെസ്റ്റ് സെല്ലർ’ വിഭാഗത്തിൽ, മുൻ പന്തിയിൽ നിൽക്കുന്ന  നിരവധി പുസ്തകങ്ങളുണ്ട്.  (ഡോ.) ഒലിവർ സാക്സ് എഴുതിയ “ദി മാൻ ഹു ടുക്  ഹിസ് വൈഫ് ഫോർ എ ഹാറ്റ് (ഭാര്യയെ വെറും തൊപ്പിയായി കണ്ട മനുഷ്യൻ),”  (ഡോ.) ആഡം കെയ് രചിച്ച “ദിസ് ഈസ് ഗോയിങ് ടു ഹർട് (ഇത് നിങ്ങളെ വേദനിപ്പിക്കും) ”,  (ഡോ.) സിദ്ധാർത്ഥ് മുഖർജിയുടെ “ദി എംപറർ ഓഫ് മാലഡീസ് (വ്യാധികളുടെ ചക്രവർത്തി)” എന്നു തുടങ്ങുന്ന, അത്തരം നിരവധി  കൃതികളിൽക്കൂടി  ചികിൽസാരംഗത്തിലെ വിഭിന്നവും നമുക്കപരിചിതവുമായ അനുഭവ വെളിച്ചങ്ങളാണ് നമ്മുടെ മുന്നിലേക്ക് അവ വെച്ചുതരുന്നത് .

ചോദ്യങ്ങളും ആശങ്കകളും ഏറെയുള്ള ചികിൽസാമേഖലയാണല്ലൊ അർബുദത്തിന്റേത്! ഇപ്പോഴും ചികിൽസകർക്കു കൂടി പൂർണ്ണമായി ഉത്തരമില്ലാത്ത വിഷയങ്ങൾ ഏറെയുള്ളതുകൊണ്ട്  എല്ലാവരും ഭയത്തോടെയാണീ ഈ ചികിൽസാരംഗത്തെ കാണുന്നത്. അസുഖത്തിന്റെ അപ്രതീക്ഷിതത്വവും, ഉഗ്ര Textസ്വഭാവവും,  കടുത്ത മരണനിരക്കും, അതിനൊപ്പം തന്നെ പലപ്പോഴും താങ്ങാനാവാത്ത ചികിൽസാച്ചിലവും അർബുദത്തെ ഒരു പേടിസ്വപ്നമാക്കുന്നു എന്നു പറയുന്നതിൽ അൽഭുതമില്ലല്ലൊ!

ഇത്തരം പല പല ആകുലതകൾ നിറഞ്ഞ രംഗത്തിലെ യാതനകളും സങ്കീർണ്ണതകളും അസുഖ-ബാധിതരെ മാത്രമല്ല, അവരുടെ സന്ധു-ബന്ധുക്കളെയും ഉലക്കുന്നു.  അവരുടെ മൊത്തം ജീവതാളവും അതിനോടൊപ്പം തെറ്റിക്കുന്നു!

അർബുദചികിൽസാ രംഗത്തെ വിദഗ്ധർ  കേവലം അസുഖം മാത്രമല്ല കാണുന്നത്. രോഗികളുടെ അവസ്ഥകളും, അവരും ബന്ധുക്കളും ഒരുപോലെ കടന്നുപോവുന്ന അരിഷ്ടതകളും,  അവർ രണ്ടു കൂട്ടരുടെയും മനസ്സും പ്രശ്നങ്ങളും,  ചികിൽസകരുടെ മുന്നിൽക്കൂടെ ഒരു മുഴുനീള ചിത്രപടം പോലെ തന്നെ ഓടുന്നു.

പക്ഷെ,  എല്ലാ ഡോക്ടർമാരുടെ മനസ്സിലും ഇത് കേറുകയോ, ഓളങ്ങൾ ഉണ്ടാക്കുകയോ ചെയ്യുന്നില്ല എന്നതാണ് പരിതാപകരമായ സത്യം. അത് കാണാൻ, അത് മനസ്സിലേറ്റാൻ, അതുൾക്കൊള്ളാൻ മനസ്സ് പരുവപ്പെടുത്തേണ്ടതുണ്ട്.  ആ ഹൃദയമിടിപ്പറിയാൻ സ്റ്റെതസ്കോപ്പൊന്നു മാറ്റിപ്പിടിക്കേണ്ടതായുണ്ട്.  ഡോക്ടർമാർ മാറിൽ വെക്കുന്ന  “ചെസ്റ്റ് പീസ്”  ഉണ്ടല്ലൊ,  സ്വന്തം ഹൃദയത്തിൽ കൂടി ഇടക്കൊന്നു വെച്ചാലൊരു പക്ഷെ ആ മിടിപ്പറിയാമായിരിക്കാം.

ആ മിടിപ്പറിയുന്ന ഡോക്ടർ സഞ്ജു സിറിയക് വരക്കുന്ന ചിത്രങ്ങൾ, രോഗികളുടെ മനസ്സിന്റെ ഉള്ളിലെ കാഴ്ചകളും ദൃശ്യങ്ങളുമാണ്.  ഇരുപത്തഞ്ചു വ്യത്യസ്ത ചിത്രങ്ങളിൽ ചിലവ രോഗികളുടെ ഉത്‌കണ്‌ഠയാണെങ്കിൽ, മറ്റു ചിലവ രോഗിയുടെ ബന്ധുക്കളുടെ ആകുലതകളാണ്. കൂടാതെ ചികിൽസകന്റെ മനസ്സിലേക്കു കൂടെ എത്തിനോക്കാനുള്ള കരുത്ത് കാണീച്ചിട്ടുണ്ടീ ഡോക്ടരായ ഗ്രന്ഥകർത്താവ്.

പുസ്തകത്തിനറെ പേര്  എന്തുകൊണ്ട്  “കാൻസറും ചിത്രശലഭങ്ങളും” എന്നിട്ടു എന്നതിന് പ്രത്യേകിച്ച് വിശദീകരണം തന്നിട്ടില്ല.  അസുഖം ബാധിച്ചാൽ, പിന്നീട് ജീവിതമാവുന്ന പൂവിന്റെ ചുറ്റും, വിട്ടുപോവാതെ കടുത്ത ആസക്തിയോടെ ശലഭങ്ങളെന്നവണ്ണം തത്തിക്കളിക്കാനാഗ്രഹിക്കുന്നു എന്നതായിരിക്കുമോ, എന്തോ!

എങ്കിലും, ഇരുപത്തഞ്ചു അനുഭവങ്ങളും തീർത്തും വ്യത്യസ്തമാണ്.  മുഖവുരയായി പറഞ്ഞതുപോലെ, ചിലത് നൊമ്പരപ്പെടുത്താം, ചിലത് മനസ്സിന് ശക്തി പകരാം, ചിലവ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കാം, ജീവിതത്തിന്റെ പരിച്ഛേദമായി!

തീർച്ചയായും എളുപ്പത്തിൽ വായിച്ചുപോകാവുന്ന ലളിതമായ വാക്കുകൾ, മനസ്സിൽ തട്ടുന്ന ആഖ്യാനരീതിയും.  അനുഭവ-നുറങ്ങുകൾ പരത്താതെ,  പരിമിതമായ വാക്കുകളിൽ പറഞ്ഞു തീർത്തിട്ടുണ്ട്. നമ്മോടൊന്നും മിണ്ടാതെ,  ഒന്നും പറയാതെ, നമ്മെ സ്പർശിക്കാതെ ഒരു അദ്ധ്യായവും കടന്നുപോവുന്നില്ല.

‘താമര’ വെള്ളത്തിലെവിടെയോ അപ്രത്യക്ഷമായത്,  ‘’മരണ സർട്ടിഫികറ്റ്’ മാറ്റേണ്ടി വന്നത്,  ‘രാജലക്ഷ്മി’യുടെ തിരിച്ചുവരവ്, ‘മോനിഷ’ യുടെ കീഴടങ്ങൽ,  ദീനത്തിനു അകത്തും പുറത്തുമുള്ള  ‘തളരാത്ത പോരാട്ടങ്ങൾ’,  നേരിന്റെ  ‘ലാൽ സലാം’ ,  പൊരുതുന്ന ‘മീനു’ എന്ന പല വിവരണങ്ങളും നിങ്ങളുടെ മനസ്സിൽ ചലനങ്ങളുണ്ടാക്കാതെ പോവുകയില്ല.

ഒരസുഖവും ശരീരത്തിനെ മാത്രമായി ബാധിക്കുന്നില്ല.  മനസ്സിനെ കൂടെ ബാധിച്ചുകഴിഞ്ഞാൽ ശരീരത്തിനു മാത്രമായി എതിരിടാനുമാവില്ല. ദീനം ശരീരത്തിനെ ബാധിച്ചാലും,  പറ്റുമെങ്കിൽ മനസ്സിനെ ബാധിക്കുവാനനുവദിക്കരുത്. അത്തരമൊരു വ്യക്തമായ ഉദ്ദേശം കൂടി ഈ പുസ്തകത്തിനുണ്ട്. മനസ്സിന്റെ വാതായനങ്ങൾ തുറന്നിടാനുളള കഴിവുണ്ട്, ഈ പുസ്തകത്തിന്.  ഇത്തരം പുസ്തകങ്ങൾ മലയാളത്തിൽ എനിയും വരട്ടെ.

ഡോ. സഞ്ജു സിറിയക്  എനിയും ചൂരും ചൂടുമുള്ള എഴുത്ത് തുടരുമാറാകട്ടെ!

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.