DCBOOKS
Malayalam News Literature Website

മഹാരാജാക്കന്മാരും വ്യാജസഖ്യങ്ങളും; രാജാ രവിവര്‍മ്മയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഒരദ്ധ്യായം

മനു എസ് പിള്ള

സ്വാതിതിരുനാളിന്റെ ഭരണകാലത്താണ് യൂറോപ്യന്‍ ചിത്രകാരന്മാര്‍ക്ക് നേരിട്ടു പണംകൊടുത്തു
വരപ്പിച്ചുതുടങ്ങിയത്. പഞ്ചാബിലെ സിഖ് ചക്രവര്‍ത്തി മുതല്‍ കര്‍ണാടകത്തിലെ നവാബ് വരെയുള്ള സകലരെയും വരച്ച ഓഗസ്റ്റ് തിയോഡര്‍ ഷോഫ് എന്ന ഹംഗേറിയന്‍ ചിത്രകാരന്‍ ഇവിടുത്തെ മഹാരാജാവിനുവേണ്ടി ഏഴു ഛായാചിത്രങ്ങള്‍ വരയ്ക്കുകയും 12,000 രൂപ പ്രതിഫലം പറ്റുകയും ചെയ്തിട്ടുണ്ട്.

ഉത്രം തിരുനാള്‍ തിരുവിതാംകൂറിന്റെ സിംഹാസനത്തിലേറി അധികം താമസിയാതെ ഭരണതലസ്ഥാനത്തിന് ഇരുപതുകിലോമീറ്റര്‍ അപ്പുറത്ത് കിളിമാനൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍ ഒരു ആണ്‍കുട്ടി പിറന്നു. കുട്ടിയുടെ ഭാഗ്യജാതകത്തെക്കുറിച്ചുള്ള കഥകള്‍ ഏറെയുണ്ട്: കുട്ടിയുടെ അമ്മ, കവി കൂടിയായിരുന്ന ഉമാംബയ്ക്ക് ഒരു യക്ഷിയുടെ ബാധ ഉണ്ടായിരുന്നു, ആ യക്ഷിയാണ് അവര്‍ക്ക് പ്രതിഭാധനനായ സന്താനമുണ്ടാകുമെന്ന വരം നല്‍കിയത്. തന്റെ മരുമക്കത്തായകുടുംബത്തിന്റെ പതിവുരീതി അനുസരിച്ച് ഉമാംബ കുറച്ചുവര്‍ഷം മുന്‍പ് ഒരു നമ്പൂതിരിയെ ഭര്‍ത്താവായി സ്വീകരിച്ചിരുന്നു. നീലകണ്ഠന്‍ ഭട്ടതിരി പുടവകൊടുത്തു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ക്ക് കുട്ടികളുണ്ടായില്ല – 1847 വരെ ഉമാംബയ്ക്ക് ബാധോപദ്രവം ഉണ്ടായിരുന്നു. ഒരു മന്ത്രവാദിയാണ്
അവരുടെ ശരീരത്തില്‍നിന്ന് ബാധ ഒഴിപ്പിച്ചതെന്ന് പറയപ്പെടുന്നു; ഒഴിഞ്ഞുപോകുന്ന യക്ഷിക്ക് മറ്റൊരു ഇരിപ്പിടം
നല്‍കാമെന്ന് അദ്ദേഹം വാക്കുനല്‍കിയത്രെ. യക്ഷി സമ്മതംമൂളി, അതോടൊപ്പം തനിക്ക് കുറച്ചുകാലമെങ്കിലും പാര്‍ക്കുവാന്‍ ശരീരം തന്ന സ്ത്രീയ്ക്ക് പാരിതോഷികമായി ഇങ്ങനെ പ്രവചിക്കുകയും ചെയ്തു:  ഉമാംബ ലോകമെങ്ങും പുകള്‍പെറ്റ ഒരു പുത്രന് ജന്മം നല്‍കും. കഥയുടെ മറ്റൊരു പാഠഭേദത്തില്‍ യക്ഷി രവിവര്‍മ്മയുടെ മാതൃശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ അവര്‍ ഗര്‍ഭിണിയായിരുന്നു–ഉമാംബയുടെ വയറ്റിലുള്ള കുട്ടി സാധാരണ കുട്ടിയല്ല എന്നറിഞ്ഞതുകൊണ്ടാണ് യക്ഷി ഒഴിഞ്ഞുപോകുന്നത്. ഇനിയൊരു കഥയില്‍ യക്ഷി ഒരു പരീക്ഷ നല്‍കുന്നുണ്ട്–ദമ്പതികള്‍ക്ക് ഒന്നുകില്‍ അളവറ്റ സമ്പത്ത് അല്ലെങ്കില്‍ പ്രതിഭാശാലിയായ ഒരു സന്തതിയെ തെരഞ്ഞെടുക്കാം. അവര്‍ വിവേകപൂര്‍വം സ്വീകരിച്ചത് രണ്ടാമത്തെ വരമായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഉമാംബയ്ക്ക് വേറെയും സന്തതികളുണ്ടായെങ്കിലും കിളിമാനൂരിലെ ഏറ്റവും പുതിയ ദേവതാസാന്നിദ്ധ്യം വരമായി നല്‍കിയ അനന്യശോഭനമായ ഭാവി 1848 ഏപ്രില്‍ 29-ന് ഭൂജാതനായ മൂത്ത പുത്രനു മാത്രമാണ് ലഭിച്ചത്.

പ്രശസ്തരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഐതിഹ്യങ്ങളിലൂടെയും പുരാവൃത്തങ്ങളിലൂടെയും ദൈവികപരിവേഷം കല്പിക്കുക എന്നത് ഇന്ത്യന്‍ പൈതൃകത്തിന്റെതന്നെ ഭാഗമാണ്. രവിവര്‍മ്മയെക്കുറിച്ചുള്ള
കഥകള്‍ കിളിമാനൂരില്‍ പലരും ആത്മാര്‍ത്ഥമായിത്തന്നെ വിശ്വസിക്കുന്നുണ്ട്–യക്ഷിയെ പ്രതിഷ്ഠിച്ച കാവ് Textഇന്നുമുണ്ട്, ഗര്‍ഭിണിയായ സ്ത്രീകള്‍ അവിടെ ചില പ്രത്യേക അനുഷ്ഠാനങ്ങള്‍ ചെയ്യാറുമുണ്ട്. അതേതായാലും നമ്മുടെ നായകന്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ പ്രവചനം കൃത്യമാകുമെന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. സംസ്‌കൃതവും മലയാളവും പഠിച്ചെങ്കിലും രവിവര്‍മ്മ ചിത്രംവരയ്ക്കുന്നതിലാണ് അത്യുത്സാഹം കാണിച്ചിരുന്നത്. കരിക്കട്ടകൊണ്ട് ചുമരുകളിലും വടിക്കഷണംകൊണ്ട് മണ്ണിലുമൊക്കെ വരച്ചിട്ട ചിത്രങ്ങളിലൂടെ കലയോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം തെല്ലുപോലും കുറയാതെ തുടര്‍ന്നു. മരണാനന്തരം എഴുതിച്ചേര്‍ത്ത കെട്ടുകഥകളും യക്ഷിക്കഥകളും മാറ്റിവെച്ചാല്‍, സര്‍ഗ്ഗധനരായ അനവധി വ്യക്തികള്‍ ജനിച്ച ഒരു കുടുംബത്തിലാണ് പിറന്നുവീണത് എന്നതും ആ ബാലനു സഹായകമായിട്ടുണ്ടാവണം; ‘കിളിമാനൂരിലെ കാക്കകള്‍ക്കുപോലും കലയുണ്ട്’ എന്നൊരു ചൊല്ലുതന്നെയുണ്ട്. സ്വാതിതിരുനാളിന്റെ കാലഘട്ടത്തിലാണ് തന്റെ പാണ്ഡിത്യംകൊണ്ട് വിദ്വാന്‍ എന്നു പ്രസിദ്ധനായ രാജരാജവര്‍മ്മ ഈ കുടുംബത്തില്‍ ജനിച്ചത്. പുതിയ കാഴ്ചപ്പാടുകള്‍ കൊണ്ടുവന്ന രാവണവിജയം ആട്ടക്കഥയുടെ കര്‍ത്താവായിരുന്നു രാജരാജവര്‍മ്മ; ഇതില്‍ രാമായണത്തിലെ ദുഷ്ടകഥാപാത്രം പ്രത്യക്ഷപ്പെടുന്നത് ‘ക്രൂരനായ അസുരന്‍’ ആയിട്ടല്ല, ‘മാനുഷികവികാരങ്ങളുടെ നിറവുള്ള മനുഷ്യന്‍’ ആയാണ്. കവികളും സ്വന്തമായി കഥകളിയോഗവും ഉണ്ടായിരുന്ന കിളിമാനൂരില്‍ കലാകാരന്മാരും അഭിനേതാക്കളും പണ്ഡിതരുമെല്ലാം നിത്യസന്ദര്‍ശകരാവുകകൊണ്ട് അവിടെ സൗന്ദര്യാത്മകമായ ഒരു അന്തരീക്ഷംനിലനിന്നിരുന്നു– ഭാവിയില്‍ രവിവര്‍മ്മയുടെ ക്യാന്‍വാസില്‍ പുരാണകഥകളിലെ ചിത്രങ്ങള്‍ വിരിഞ്ഞെങ്കില്‍ ആ കഥകളിലുള്ള ജ്ഞാനം അദ്ദേഹത്തിനു സിദ്ധിച്ചത് സ്വഗൃഹത്തില്‍നിന്നുതന്നെയാണ്. ഉമാംബയുടെ സഹോദരസ്ഥാനീയനായ മറ്റൊരു രാജരാജവര്‍മ്മ (1812-83) ഉത്രം തിരുനാളിന്റെ സദസ്സില്‍ അക്കാലത്ത് ഒരംഗമായിരുന്നു– വെറുമൊരു വിനോദമെന്നല്ലാതെ ജീവിതാഭിലാഷമെന്ന നിലയ്ക്ക് ചിത്രകലയ്ക്കുള്ള സാദ്ധ്യതകള്‍ രവിവര്‍മ്മ അറിയുവാനിടയായത് ഈ മാതുലന്‍ വഴിയാണ്‌.

വൈവിദ്ധ്യമാര്‍ന്ന കലകളെയെല്ലാം കൈനീട്ടി സ്വീകരിക്കുവാന്‍ തിരുവിതാംകൂറിലെ സദസ്സ് അപ്പോഴേക്കും പാകപ്പെട്ടുകഴിഞ്ഞിരുന്നു. കേരളത്തിന്റെ തനതുശൈലിയിലുള്ള ചുമര്‍ചിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ജനപ്രിയതയുണ്ടായിരുന്നു. പദ്മനാഭപുരം കൊട്ടാരത്തിലും തിരുവനന്തപുരത്തെ ക്ഷേത്രത്തിലും
മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തു വരച്ച അതിമനോഹരമായ ചുമര്‍ചിത്രങ്ങളുണ്ട്. എങ്കിലും
പാശ്ചാത്യശൈലികളുടെ പ്രചാരവും കാലം കടന്നുപോകുന്തോറും കൂടിവന്നു; അതിന്റെ മാതൃകകള്‍
സ്വന്തമാക്കുന്നത് അന്തസ്സിന്റെ ചിഹ്നമായി. പതിനെട്ടാം നൂറ്റാണ്ടില്‍ ഒരു മതപ്രചാരകന്‍ മഹാരാജാവിനു സമ്മാനിച്ച വസ്തുക്കളുടെ കൂട്ടത്തില്‍ ‘രണ്ടു യൂറോപ്പ്യന്‍ ചിത്രങ്ങളും’ ഉണ്ടായിരുന്നത് ഉദാഹരണമാണ്;
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ റെസിഡന്റിന്റെ പക്കല്‍നിന്ന് പാശ്ചാത്യശൈലിയിലുള്ള ഏതാനും ചിത്രങ്ങള്‍ ലഭിച്ചതില്‍ ഉത്രം തിരുനാളിന്റെ അമ്മ അതീവസന്തുഷ്ടയായി എന്നും കാണുന്നുണ്ട്. സ്വാതിതിരുനാളിന്റെ ഭരണകാലത്താണ് യൂറോപ്യന്‍ ചിത്രകാരന്മാര്‍ക്ക് നേരിട്ടു പണംകൊടുത്തു വരപ്പിച്ചുതുടങ്ങിയത്. പഞ്ചാബിലെസിഖ് ചക്രവര്‍ത്തി മുതല്‍ കര്‍ണാടകത്തിലെ നവാബ് വരെയുള്ള
സകലരെയും വരച്ച ഓഗസ്റ്റ് തിയോഡര്‍ ഷോഫ് എന്ന ഹംഗേറിയന്‍ ചിത്രകാരന്‍ ഇവിടുത്തെ
മഹാരാജാവിനുവേണ്ടി ഏഴുഛായാചിത്രങ്ങള്‍ വരയ്ക്കുകയും 12,000 രൂപ പ്രതിഫലം പറ്റുകയും ചെയ്തിട്ടുണ്ട്. അതുപോലെ, ബഹുഭാഷാപണ്ഡിതനുംകൂടിയായിരുന്ന തഞ്ചാവൂരിലെ സെര്‍ഫോജി രണ്ടാമന്റെ (ശരീരശാസ്ത്ര പഠനത്തിനുവേണ്ടി നിര്‍മ്മിച്ച ഒരു കൃത്രിമ അസ്ഥിപഞ്ജരത്തിന്റെ ഉടമസ്ഥനുമായിരുന്നു ഇദ്ദേഹം) മരണശേഷം തമിഴ്‌നാട്ടില്‍നിന്നുള്ള ചിത്രകാരന്മാര്‍ തിരുവനന്തപുരത്തിന്റെ രക്ഷാകര്‍തൃത്വം സ്വീകരിച്ചിരുന്നു. 1841-ല്‍
റഷ്യയില്‍നിന്ന് അലെക്‌സെയ് സള്‍ട്ടിക്കോവ് രാജ്യം സന്ദര്‍ശിച്ച് ചിത്രങ്ങള്‍ വരച്ചുകൊടുക്കുകയും മഹാരാജാവ് അദ്ദേഹത്തിന് യൂറോപ്യന്‍ ശൈലിയിലുള്ള ചിത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്തു –വിപരീതദിശയിലുള്ള
രസകരമായ ഈ വെച്ചുമാറ്റത്തിന്റെ ഉദ്ദേശ്യം തീര്‍ച്ചയായും അദ്ദേഹത്തെ ആകര്‍ഷിക്കലായിരിക്കണം. ഉത്രം തിരുനാളിന്റെ ഭരണകാലത്ത് മഹാരാജാവിന്റെ ദര്‍ബാറിന്റെ വലിയൊരു ചിത്രവും അദ്ദേഹത്തിന്റെ ആണ്‍മക്കളുടെയും അനന്തിരവന്മാരുടെയും ഛായാചിത്രങ്ങളും വരയ്ക്കുവാന്‍ എഫ്.സി. ലെവിസ് ജൂനിയര്‍ നിയുക്തനായി. സത്യത്തില്‍, വിവാദപുരുഷനായ റെസിഡന്റ് കല്ലെന്‍ പോലും കലയുടെ വളര്‍ച്ചയില്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്; മുത്തുക്കൃഷ്ണന്‍ എന്നൊരാളെ വിവിധതരം സസ്യങ്ങളുടെ
ചിത്രങ്ങള്‍ വരച്ചുനല്‍കുവാന്‍ ഏല്‍പ്പിക്കുകവഴി അദ്ദേഹം പ്രാദേശിക പ്രതിഭയെ പിന്തുണച്ചിരുന്നു.

 ‘വ്യാജസഖ്യങ്ങള്‍-രവിവര്‍മ്മക്കാലത്തെ മഹാരാജാക്കന്മാര്‍’ എന്ന പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.