DCBOOKS
Malayalam News Literature Website

വന്‍കടലിന്റെ ഇരമ്പം

 


ഏണസ്റ്റ് ഹെമിങ്‌വെയുടെ ‘വൃദ്ധനും വന്‍കടലും’ എന്ന നോവലിന് സി.വി. ബാലകൃഷ്ണന്‍ എഴുതിയ ആമുഖത്തില്‍ നിന്നും

ഏണസ്റ്റ് ഹെമിങ്‌വെയെ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിനും (1952) സാഹിത്യത്തിനുള്ള നൊബേല്‍ ബഹുമതിക്കും അര്‍ഹനാക്കിയ ‘The old Man and the Sea’ വിശ്വസാഹിത്യത്തിലെ ഏറ്റവും പ്രശസ്ത രചനകളിലൊന്നാണ്. ഏറെ വൃദ്ധനെങ്കിലും വര്‍ദ്ധിതമായ ആത്മവിശ്വാസത്തോടെ ചെറിയൊരു തുഴവള്ളത്തില്‍ ഗള്‍ഫ് സ്ട്രീമെന്നു വിളിക്കപ്പെടുന്ന സമുദ്രഭാഗത്ത് ഒറ്റയ്ക്ക് മീന്‍ പിടിക്കാനിറങ്ങുന്ന സന്തിയാഗോയെ മുന്‍നിര്‍ത്തി മനുഷ്യനെന്ന പ്രതിഭാസത്തെ ആഴത്തില്‍ അപഗ്രഥിക്കുന്ന അധികം വലുതല്ലാത്ത നോവലിനെ ഹെമിങ്‌വെ വിലയിരുത്തിയത് ജീവിതത്തിലാകെ തനിക്ക് എഴുതാന്‍ കഴിഞ്ഞതില്‍ ഏറ്റവും മികച്ചതെന്നത്രേ. സ്രാവുകളുമായുള്ള പോരിനിടയില്‍ മനുഷ്യന്റെ അജയ്യതയെപ്പറ്റി സന്തിയാഗോ നിര്‍വ്വഹിക്കുന്ന പ്രഖ്യാപനം (ഒരു മനുഷ്യനെ തകര്‍ത്തുകളയാനാവും പക്ഷേ, Textതോല്പിക്കാനാവില്ല) വളരെ വാഴ്ത്തപ്പെട്ടതാണ്. നോവലിന്റെ അന്തസ്സാരമാകെ അത് അഭിവ്യഞ്ജിപ്പിക്കുന്നു.

സന്തിയാഗോയും സമുദ്രവും മാര്‍ലിന്‍ മത്സ്യവും സ്രാവുകളുമൊക്കെ പ്രതീകകല്പനകളായി സംശയിക്കപ്പെടാം. അങ്ങനെ ചില വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട് താനും. എന്നാല്‍ ഹെമിങ്‌വെ അവയെ നിരാകരിച്ചുകൊണ്ട് ഒരു സന്ദര്‍ഭത്തില്‍ വ്യക്തമാക്കി. കാലേകൂട്ടി എത്തിച്ചേര്‍ന്ന് ഉടക്കിയിരിക്കുന്ന പ്രതീകങ്ങളുള്ള ഒരു നല്ല കൃതി ഒരിക്കലും എഴുതപ്പെട്ടിട്ടില്ല. ഞാന്‍ ആക്രമിച്ചത് ഒരു യഥാര്‍ത്ഥ വൃദ്ധനെ, ഒരു യഥാര്‍ത്ഥ ബാലകനെ, ഒരു യഥാര്‍ത്ഥ സമുദ്രത്തെ, ഒരു യഥാര്‍ത്ഥമത്സ്യത്തെ, യഥാര്‍ത്ഥ സ്രാവുകളെ രൂപപ്പെടുത്താനാണ്. ഞാനത് വേണ്ടത്ര നന്നായും വിശ്വസനീയമായും സാധിച്ചുവെങ്കില്‍ അവയ്ക്ക് പല അര്‍ത്ഥങ്ങളുണ്ടാകും.

സന്തിയാഗോയ്ക്കു മാതൃകയായത് ക്യൂബന്‍ മീന്‍ പിടിത്തക്കാരനായ കാര്‍ലോസ് ഗുട്ടീറെസ്സാണെന്ന് കരുതപ്പെടുന്നു. പ്രത്യേകിച്ചൊരാളെ അവലംബിച്ചിട്ടില്ലെന്ന് ഹെമിങ്‌വെ വിശദീകരിച്ചിട്ടുണ്ട്. പക്ഷേ, കാര്‍ലോസുമായി ഹെമിങ്‌വെ ഉറ്റ സൗഹൃദത്തിലായിരുന്നു. ഹവാനയിലെ താമസക്കാലത്ത് ഹെമിങ്‌വെ സ്വന്തമാക്കിയ പിലാറെന്ന ബോട്ടിന്റെ ആദ്യത്തെ കപ്പിത്താന്‍ കാര്‍ലോസായിരുന്നു. മാര്‍ലിനുകളെ പിടിക്കാന്‍ അറിയേണ്ടതെല്ലാം കാര്‍ലോസാണ് തന്നെ പഠിപ്പിച്ചതെന്ന് ഹെമിങ്‌വെ പറയുമായിരുന്നു പിലാറില്‍ വൃദ്ധന്‍ കാര്‍ലോസുമൊത്തുള്ള മീന്‍വേട്ടകള്‍ എഴുത്തുകാരനെ സംബന്ധിച്ച് എത്ര മൂല്യവത്തായ അനുഭവങ്ങളായിരുന്നുവെന്ന് പിന്നീടെഴുതപ്പെട്ട നോവല്‍ വ്യക്തമാക്കിത്തരുന്നു.

കാര്‍ലോസ് ഗുട്ടീറെസ്സ് വിട്ടുപോയതിനുശേഷം പിലാറിന്റെ കപ്പിത്താനായത് ഗ്രിഗറിയോ ഫ്യുയന്റസ്സാണ്. ചുമതലയേല്ക്കുമ്പോള്‍ ഗ്രിഗറിയോ യുവാവായിരുന്നു. മുക്കുവത്തുറയായ കോജിമാറില്‍നിന്നും മാര്‍ലിനുകളെ തേടിയിറങ്ങുന്ന ഹെമിങ്‌വെയ്‌ക്കൊപ്പം നിരവധി യാത്രകള്‍ നടത്തിയ ഗ്രിഗറിയോയ്ക്ക് ആ ഓര്‍മ്മകള്‍ വാര്‍ദ്ധക്യത്തില്‍ (നൂറ്റിനാലാം വയസ്സിലായിരുന്നു മരണം 2002-ല്‍) ഉപകരിച്ചു. ഹെമിങ്‌വെയുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് പറയാനും തന്നോടൊപ്പം ഫോട്ടോയെടുക്കാനും വിനോദസഞ്ചാരികളില്‍നിന്ന് കാശ് കൈപ്പറ്റുമായിരുന്നു. പത്തും ഇരുപതും ഡോളര്‍! നോവല്‍ പുറത്തിറങ്ങി ആറു വര്‍ഷമായപ്പോള്‍ ഹോളിവുഡില്‍നിന്ന് അതിന് ഉചിതമായൊരു ചലച്ചിത്രാവിഷ്‌കാരമുണ്ടായി. സ്‌പെന്‍സര്‍ ട്രേസിയായിരുന്നു സന്തിയാഗോയുടെ റോളില്‍. മികച്ച അഭിനേതാവുള്‍പ്പെടെയുള്ള മൂന്ന് അക്കാദമി പുരസ്‌കാര നിര്‍ദ്ദേശങ്ങളില്‍ വ്യക്തിഗതമായ നേട്ടമുണ്ടാക്കിയത് പ്രമുഖ സംഗീതജ്ഞനായ ദിമിത്രി ടിയോംകിനാണ്. തന്റെ മറ്റു പല കഥകളും ചലച്ചിത്രങ്ങളായപ്പോള്‍ പൂര്‍ണ്ണമനസ്സോടെ അംഗീകരിക്കാന്‍ വിസമ്മതിച്ച ഹെമിങ്‌വെ ഈ ചിത്രത്തില്‍ തൃപ്തനായിരുന്നു.

പത്രപ്രവര്‍ത്തകനും യുദ്ധമുന്നണിയില്‍ ആംബുലന്‍സ് ഡ്രൈവറും നായാട്ടുകാരനും ഫുട്‌ബോള്‍ കളിക്കാരനും കാളപ്പോരുകാരനും മീന്‍പിടിത്തക്കാരനും എഴുത്തുകാരനുമൊക്കെയായി പല വേഷങ്ങള്‍ പകര്‍ന്നാടിയ ഹെമിങ്‌വെ അതിസാഹസികമായ ഒരു ജീവിതരീതിയാണ് കൈക്കൊണ്ടത്. മരണം എപ്പോഴും കൂടെയുണ്ടായിരുന്നു. അപകടങ്ങള്‍ പലത് നേരിട്ടു. ഒന്നിനു പിറകേ മറ്റൊന്ന്.

എല്ലാ കഥകളും വളരെ നീളുകയാണെങ്കില്‍ മരണത്തില്‍ അവസാനിക്കുമെന്നും അതു വായനക്കാരില്‍നിന്ന് മറച്ചുപിടിക്കുന്നയാള്‍ സത്യസന്ധനായ കഥപറച്ചിലുകാരനല്ലെന്നും ഹെമിങ്‌വെ വിശ്വസിച്ചിരുന്നു. ഒടുവില്‍ രോഗപീഡകളുടെയും ശമിക്കാത്ത മനോവ്യഥയുടെയും നാളുകളിലൊന്നില്‍ 1961 ജൂലൈ രണ്ടിന്, തന്റെ പ്രിയ ഇരട്ടക്കുഴല്‍ തോക്കുകൊണ്ട് സ്വയം ജീവനൊടുക്കി.പിതാവ് ആത്മഹത്യയ്ക്കുപയോഗിച്ചതും അതേ തോക്കുതന്നെ. വെളുപ്പാന്‍കാലത്ത് സ്വന്തം ശിരസ്സിനുനേര്‍ക്ക് തോക്കു പിടിച്ച് കാഞ്ചി വലിക്കുന്നതിനു തൊട്ടുമുമ്പ് സന്തിയാഗോയുടെ വാക്കുകള്‍ ഓര്‍ത്തിരിക്കണം. മനുഷ്യന്‍ തോല്‌വിക്കായി സൃഷ്ടിക്കപ്പെട്ടതല്ല. ഒരു മനുഷ്യനെ തകര്‍ത്തുകളയാനാവും, പക്ഷേ, തോല്പിക്കാനാവില്ല.

തന്നത്താന്‍ നിശ്ചയിച്ച മരണത്തിലൂടെ ഹെമിങ്‌വെ നേടിയത് സ്വന്തം വിജയമാണെന്നു കരുതാനാണ് ഞാനിഷ്ടപ്പെടുന്നത്. നന്നേ ചെറുപ്പത്തില്‍ തുടങ്ങിയ വായനയുടെ ഏതോ ഘട്ടം തൊട്ട് ഹെമിങ്‌വെ എനിക്ക് ആരാധ്യപുരുഷനാണ്. വളരെ കുറച്ചുമാത്രം പറഞ്ഞുകൊണ്ട് വളരെ കൂടുതലായി പറയുകയെന്നതായിരുന്നു എഴുത്തില്‍ ഹെമിങ്‌വെയുടെ രീതി. അതിനു
ദൃഷ്ടാന്തമാണ് ഓരോ രചനയും.

‘വൃദ്ധനും വന്‍കടലു’മെന്ന ഈ മൊഴിമാറ്റം പപ്പാ ഹെമിങ്‌വെയ്ക്ക് സ്‌നേഹവായ്‌പോടെയുള്ള എന്റെ ശ്രദ്ധാഞ്ജലിയാണ്. വൃദ്ധനായ സന്തിയാഗോ മീന്‍പിടിക്കാന്‍ പോയ വന്‍കടല്‍ എന്റെ മുന്നില്‍ ഇരമ്പുന്നുണ്ട് ഇപ്പോള്‍. ഞാനതിനെ വണങ്ങുന്നു; പപ്പായെയും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.