DCBOOKS
Malayalam News Literature Website

അംഗപരിമിതിയുടെയും പ്രണയപരാജയത്തിന്റെയും വിഷാദവലയത്തില്‍പ്പെട്ട് മരണം എന്ന ഉത്തരത്തിലേക്ക് നടന്നടുക്കുന്ന ഒരു യുവാവിന്റെ കഥ!

മഹാമാരിക്കാലമാണ്, ഒട്ടേറെ പ്രതിസന്ധികള്‍ രോഗത്തിനുപുറമേ വന്നുചേരാം. ജീവിതം അവസാനിപ്പിക്കാന്‍ തോന്നുന്നവരെ ഒറ്റയ്ക്കല്ല എന്ന തോന്നലുണര്‍ത്തി കരുത്തോടെ വഴിനടത്തുവാനാണ് ഈ വര്‍ഷത്തെ ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ ലോകാരോഗ്യസംഘടന ലക്ഷ്യംവെക്കുന്നത്. ‘ടുഗെതര്‍ വീ കാന്‍ ‘ എന്ന കാമ്പയിനിങ്ങിന്റെ ലക്ഷ്യവും ഇത് തന്നെ.

ജീവിതനൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യയിലേക്ക് നടന്നടുത്ത, പിന്നീട് ജീവിതത്തിന്റെ മാസ്മരികതകള്‍ തിരിച്ചറിഞ്ഞ ജോയല്‍ എന്ന യുവാവിന്റെ കഥയാണ് അനീഷ് ഫ്രാന്‍സിസ് രചിച്ച വിഷാദവലയങ്ങള്‍. ജീവിതം എന്ന ചോദ്യമാണ് കൂടുതല്‍ നല്ലതെന്ന് മരണപ്പെട്ടവരുടെ ജീവിതത്തെക്കുറിച്ചുള്ള ജോയലിന്റെ അന്വേഷണങ്ങളിലൂടെ അയാള്‍ കണ്ടെത്തുകയാണ്. ആഴമേറിയ ചില ചിന്തകളുടെ ഉത്തരങ്ങളും അവയുടെ പ്രാധാന്യവും എഴുത്തുകാരന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. 2018-ലെ ഡി.സി നോവല്‍ പുരസ്‌കാരത്തിന് അര്‍ഹമായ കൃതിയാണ് വിഷാദവലയങ്ങള്‍.

‘മരണത്തെ ഏറെ സമീപത്തുനിന്ന് നിരീക്ഷിക്കുന്ന സവിശേഷാനുഭവം പ്രദാനം ചെയ്യുന്ന നോവലാണ് വിഷാദവലയങ്ങള്‍. ലാവണ്യമിയന്ന ഭാഷയില്‍ പ്രകൃതിയും മനുഷ്യാനുഭവങ്ങളും തെല്ലും സങ്കീര്‍ണ്ണതകളില്ലാതെ, തെളിമയോടെ അവതീര്‍ണ്ണമാക്കുന്ന ഇഴയടുപ്പമുള്ള ആഖ്യാനതലം. അംഗവൈകല്യം ബാധിച്ച് വീല്‍ച്ചെയറില്‍ കഴിയുന്ന ഏകാകിയും വിഷാദവാനുമായ മുഖ്യകഥാപാത്രം മരണം എന്ന ഉത്തരം പ്രതീക്ഷിച്ച് ജീവിതം എന്ന ചോദ്യം തിരഞ്ഞെടുക്കുകയാണ്. പുതിയ ലോകത്തിന്റെയും കാലത്തിന്റെയും സമസ്യകള്‍ നോവലിന്റെ ഘടനയില്‍ സന്നിവേശിക്കപ്പെട്ടിരിക്കുന്നു. കഥ പറച്ചിലിന്റെ ഒരു രഹസ്യാത്മക സ്വഭാവം നോവലിലുടനീളം നിലനിര്‍ത്തിയിട്ടുണ്ട്.’ നോവല്‍ ഡി.സി സാഹിത്യ പുരസ്‌കാരത്തിനു തിരഞ്ഞെടുത്തുകൊണ്ട് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തിയത് ഇപ്രകാരമാണ്.

ഉദ്വേഗജനകമായ ആഖ്യാനത്തിലൂടെ, വായനക്കാരെ പിടിച്ചിരുത്തുംവിധമാണ് നോവലിന്റെ രചനാശൈലി. പ്രതീക്ഷാവലയങ്ങള്‍ തീര്‍ത്ത് വായനക്കാരെ പ്രത്യാശയുടെ പുതിയ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് കഥാന്ത്യത്തില്‍ നോവലിസ്റ്റ്. ഡി.സി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന വിഷാദവലയങ്ങളുടെ കോപ്പികള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.