DCBOOKS
Malayalam News Literature Website

പ്രണയ് ലാലിന്റെ ഏറ്റവും പുതിയ പുസ്തകം ‘വൈറസ്’; കവര്‍ച്ചിത്രം വി ജെ ജയിംസ് പ്രകാശനം ചെയ്തു

‘ഇന്‍ഡിക’ യുടെ രചയിതാവില്‍ നിന്നും ഉടൻ വായനക്കാരിലേക്കെത്തുന്ന ശാസ്ത്ര പുസ്തകം, പ്രണയ് ലാലിന്റെ ‘വൈറസി‘-ന്റെ കവര്‍ച്ചിത്രം വി ജെ ജയിംസ് പ്രകാശനം ചെയ്തു. ചുറ്റുമുള്ള പ്രകൃതിയെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന പുസ്തകമാണ് വൈറസ് എന്ന് കവര്‍ച്ചിത്രം പങ്കുവെച്ചുകൊണ്ട് വി ജെ ജയിംസ് കുറിച്ചു.

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും വായനക്കാർക്ക് നിങ്ങളുടെ കോപ്പികള്‍ പ്രീബുക്ക് ചെയ്യാവുന്നതാണ്.

വി ജെ ജയിംസ് പങ്കുവെച്ച കുറിപ്പ് വായിക്കാം

പുതിയ കാലത്തിൽ മനുഷ്യനെ ഏറ്റവും കൂടുതൽ ആധിപിടിപ്പിച്ച പദമാണ് വൈറസ്. നാം ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന ജലത്തിലും കഴിക്കുന്ന ഭക്ഷണത്തിലും മാത്രമല്ല, നമ്മുടെ ഉള്ളിലും പുറത്തും ലക്ഷോപലക്ഷം വൈറസുകളും മറ്റ് സൂക്ഷ്മജീവികളും കുടിപാർക്കുന്നുണ്ടെന്ന് ഇന്നു നമുക്കറിയാം. പ്രകൃതിയുടെ സംതുലനം നിലനിർത്തുന്നതിൽ വൈറസ് വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇവയിൽ മാരകമായ ചിലതിന്റെ കടന്നേറ്റം ശക്തമാകുമ്പോഴാണ് നാം അവയെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യുക. നമുക്ക് ഗോചരമല്ലാത്ത ലോകത്തിൽ പരമാധികാരികളായി വാഴുന്ന വൈറസുകളെക്കുറിച്ച് ശ്രീ പ്രണയ്ലാൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മലയാള പരിഭാഷ ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിക്കുന്നു. വിജ്ഞാനപ്രദവും ഒപ്പം രസകരവുമായ ഒരുപാട് വസ്തുതകൾ കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം. ചുറ്റുമുള്ള പ്രകൃതിയെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണാൻ ഈ പുസ്തകം നമ്മെ നിർബന്ധിക്കും. “വൈറസ്- സമഗ്രചരിത്രം “ എന്ന പുസ്തകത്തിന്റെ കവർ സന്തോഷപൂർവം പ്രകാശനം ചെയ്യുന്നു.

 

മനുഷ്യരിലും മൃഗങ്ങളിലും രോഗമുണ്ടാക്കുന്ന വളരെ ചെറിയ ജീവജാലങ്ങള്‍ എന്നതാണ് വൈറസുകളെക്കുറിച്ചുള്ള പൊതുവായ ധാരണ. എന്നാല്‍ ഏതൊരു സാധാരണ വായനക്കാരനും മനസിലാകുന്ന രീതിയില്‍ ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ വിവരങ്ങളും കൗതുകമുണര്‍ത്തുന്ന കഥകളും പറഞ്ഞുകൊണ്ട് വിശാലവും പുതിയതുമായ ഒരു ധാരണ നല്‍കുകയാണ് പ്രണയ് ലാല്‍ ഇവിടെ.

പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുവാനും ഭൂമിയെ ആകര്‍ഷകമാക്കുവാനും വൈറസുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് 14 അധ്യായങ്ങളിലായി വിവരിക്കുന്നു. റ്റുലിപ്പുകളുടെ നിറഭേദങ്ങളും ജീവികളുടെ ദഹനപ്രക്രിയയും ഉള്‍പ്പെടെ നമുക്ക് ചുറ്റിലും നമുക്കുള്ളിലും സംഭവിക്കുന്ന കോടിക്കണക്കിനു മാറ്റങ്ങള്‍ക്ക് കാരണക്കാരായ വൈറസുകളെ കുറിച്ച് അത്ഭുതപ്പെട്ടുകൊണ്ടു മാത്രമേ നമുക്കീ പുസ്തകം വായിച്ചവസാനിപ്പിക്കാനാകൂ.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.