DCBOOKS
Malayalam News Literature Website

കൊറോണ: യുദ്ധം പടിവാതിൽക്കൽ എത്തുമ്പോൾ …മുരളി തുമ്മാരുകുടി എഴുതുന്നു

Muralee Thummarukudy
Muralee Thummarukudy

ചൈനയിലാണ് ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത്. ഇന്ന്, 2020 ജൂലൈ 21ന് ചൈനയിലെ കേസുകളുടെ എണ്ണം 83,693, മരിച്ചവരുടെ എണ്ണം 4634. (worldometer വിവരമാണ്. ഓരോ വെബ്‌സൈറ്റിലും ചെറിയ വ്യത്യാസങ്ങൾ കാണും. പൊതുവിലുള്ള സ്ഥിതി ഇതാണ്). ഇന്നിപ്പോൾ ലോകത്ത് 26 ആണ് ചൈനയുടെ സ്ഥാനം.

ഇറ്റലിയാണ് രണ്ടാമത് വാർത്തകളിൽ നിറഞ്ഞത്. അവിടെ ഉണ്ടായ കേസുകളുടെ എണ്ണം 244,624, മരണം 35,038. ഇപ്പോൾ പതിനഞ്ചാം സ്ഥാനം.

പിന്നീട് ശ്രദ്ധാ കേന്ദ്രമായത് യുണൈറ്റഡ് കിങ്ഡം ആണ്. രാജ്യം അടച്ചിടേണ്ട കാര്യമില്ല എന്നാണ് അവർ ആദ്യമേ തീരുമാനിച്ചത്. കേസുകളുടെ എണ്ണം കൂടിയപ്പോൾ അത് മാറ്റി. മൊത്തം കേസുകളുടെ എണ്ണം 295,372, മരണ സംഖ്യ 45,312. ഇപ്പോൾ പത്താം സ്ഥാനം.

ഒരു കാരണവശാലും ലോക്ക് ഡൌൺ പ്രഖ്യാപിക്കില്ല എന്ന് പറഞ്ഞ സ്വീഡൻ ആണ് പിന്നീട് വാർത്തയിൽ നിറഞ്ഞത്. ഇന്ന് അവിടെ 78,048 കേസുകൾ, മരണം 5,639. ഇരുപത്തി ഏഴാം സ്ഥാനത്ത്.
കോവിഡ് എന്ന് പറഞ്ഞാൽ ഒരു ഫ്ലൂ പോലെ ആണെന്ന് ചിന്തിച്ച നേതൃത്വമുള്ള അമേരിക്കയിൽ പിന്നീട് കേസുകളുടെ എണ്ണം 3,961,556, മരണം 143,885. ലോകത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു.

ഈ പ്രദേശങ്ങളിൽ ഒക്കെ കൊറോണ നിറഞ്ഞാടുന്പോൾ രോഗവ്യാപനത്തെ അടിച്ചു പരത്തിയാണ് കേരളം ലോകശ്രദ്ധ നേടിയത്. നമുക്ക് ശേഷം ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഇടങ്ങളിലെല്ലാം എണ്ണം ഒന്നിൽ നിന്നു പത്തും, പത്തിൽ നിന്ന് നൂറും, നൂറിൽ നിന്ന് ആയിരവും പതിനായിരവും ലക്ഷവും ആയപ്പോഴും നമ്മൾ ഒച്ചിഴയുന്നതു പോലെ പതുക്കെയാണ് ആയിരത്തിൽ പോലും എത്തിയത്.

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. ആയിരം രണ്ടായിരമായി, രണ്ടായിരം അയ്യായിരമായി, അയ്യായിരം പതിനായിരമായി.
ഈ രോഗത്തിന്റെ പ്രത്യേകത അറിയാവുന്ന ആർക്കും ഇതിൽ അതിശയമില്ല. രോഗത്തെ തടഞ്ഞു നിർത്തുന്നതാണ് വർത്തയാകുന്നത്. ആദ്യകാലത്ത് ഫലപ്രദമായി രോഗവ്യാപനം തടഞ്ഞു നിർത്തുന്നതിൽ വിജയിച്ച കേരളം പിന്നീട് പിന്നോട്ട് പോയതാണ് ഇനി വർത്തയാകാൻ പോകുന്നത്.

കേരളത്തിന്റെ ഇരട്ടി ജനസംഖ്യയുള്ള യു കെ യിൽ കേസുകളുടെ എണ്ണം മൂന്നു ലക്ഷമായപ്പോൾ കേരളത്തിലെ കേസുകളുടെ എണ്ണം ഒന്നരലക്ഷം ആയാൽ അതിലെന്താണ് ആഗോള വാർത്താ മൂല്യം?. ഡൽഹിയിൽ മരണം മൂവായിരം കവിഞ്ഞു, പക്ഷെ അവിടുത്തെ ജനസംഖ്യ കേരളത്തിലേതിനേക്കാൾ താഴെയാണ്. അപ്പോൾ നാളെ കേരളത്തിൽ അയ്യായിരം പേർ മരിച്ചാൽ അത് കേൾക്കുന്നവർ എന്തിന് അത്ഭുതപ്പെടണം?. ബ്രസീലിൽ എത്ര ആളുകൾ മരിക്കുന്നുണ്ടെന്ന് നമ്മൾ ശ്രദ്ധിക്കുന്നുണ്ടോ?.

കേരളത്തിൽ മരിക്കുന്നവർ നമുക്ക് അച്ഛനും അമ്മയും സഹോദരരനും സഹപ്രവർത്തകയും സുഹൃത്തുക്കളും ഒക്കെയാകാം. പക്ഷെ ഇവർ ഓരോരുത്തരും ലോകത്തിന് വ്യക്തികളല്ല, അക്കങ്ങൾ ആണ്. അത് തന്നെ ഇന്ത്യയുടെ മൊത്തം അക്കങ്ങൾക്കുള്ളിൽ എവിടെയോ കിടക്കുന്ന ഒന്ന്. കൊറോണ രോഗത്തിന്റെ ഒരു വലിയ പ്രത്യേകത ദൂരെ നിന്നും വരുന്ന തിരമാലപോലെയാണ് ഇത്. മാസങ്ങളുടെ മുന്നറിയിപ്പ് ഉണ്ട്. ഈ രോഗം മൂലം ചൈനയിൽ എന്താണ് സംഭവിച്ചത്, അവർ എന്താണ് ചെയ്തത് എന്നെല്ലാം ഇറ്റലിക്ക് അറിയാം, ഇറ്റലി ചെയ്തത് യു കെ ക്ക് അറിയാം, യു കെ ചെയ്തത് അമേരിക്കക്ക് അറിയാം. മറ്റുളളവർ എന്താണ് ചെയ്യുന്നതെന്ന് എല്ലാവർക്കും കാണാം, അറിയാം. വേണമെങ്കിൽ മുൻകരുതലെടുക്കാം.

പക്ഷെ എന്തുകൊണ്ടോ ഓരോ രാജ്യവും സംസ്ഥാനവും ഭൂഖണ്ഡവും “ഇതൊന്നും നമ്മളെ ബാധിക്കുന്ന പ്രശ്നമല്ല” എന്ന മട്ടിൽ നോക്കി നിൽക്കുന്നു. അമേരിക്കയിൽ തന്നെ ന്യൂ യോർക്കിൽ രണ്ടുമാസം മുൻപ് വലിയ വെല്ലുവിളികൾ ഉണ്ടായപ്പോഴും ഫ്ലോറിഡ അത് അവരെ ബാധിക്കുന്ന പ്രശ്നമല്ല എന്ന മട്ടിൽ നോക്കിയിരുന്നു. ഇന്നിപ്പോൾ ന്യൂ യോർക്കിലെ കാഴ്ചകൾ ഫ്ലോറിഡയിൽ ആവർത്തിക്കുന്നു.
കേരളത്തിന്റെ കാര്യവും ഭിന്നമല്ല. വുഹാനിലും ലൊംബാർഡിയിലും ലണ്ടനിലും ന്യൂയോർക്കിലും ഡൽഹിയിലും ഒക്കെ നിറഞ്ഞാടിയ കൊറോണ സീരീസ് കേരളത്തിലും എത്തിയിരിക്കുന്നു.

ഇതിനെ തടയാൻ നമ്മൾ നന്നായി ശ്രമിച്ചു, ആദ്യകാലങ്ങളിൽ ഏറെ വിജയിച്ചു. ഈ കാലഘട്ടത്തിൽ ലോകം ഈ രോഗത്തെ കൂടുതൽ അറിഞ്ഞു. അത് നമ്മുടെ ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. ടെസ്റ്റിംഗ് മുതൽ ആശുപത്രി സംവിധാനങ്ങൾ വരെ ഒരുക്കാൻ നമുക്ക് കൂടുതൽ സമയം ലഭിച്ചു. യുദ്ധം നമ്മുടെ മുറ്റത്തെത്തുന്പോൾ മാർച്ചിലേതിനേക്കാൾ വലിയ തയ്യാറെടുപ്പിലാണ് നമ്മൾ. അത്രയും ആശ്വസിക്കാനുണ്ട്.

പക്ഷെ എത്ര ശ്രമിച്ചിട്ടും യുദ്ധം നമ്മുടെ മുറ്റത്ത് എത്തിക്കഴിഞ്ഞു.
ഇനി മറ്റു സ്ഥലങ്ങളിൽ കണ്ട കാഴ്ചകളെല്ലാം നമ്മൾ നമ്മുടെ ചുറ്റും കാണാൻ തുടങ്ങും.
പ്രാദേശികമായെങ്കിലും ആശുപത്രി കിടക്കളുടെ എണ്ണത്തേക്കാൾ കൂടുതൽ രോഗികൾ ഉണ്ടാകുന്നത് നാം കാണേണ്ടി വരും. രോഗമുളളവർ ഗുരുതരമല്ലെങ്കിൽ വീട്ടിൽ ഇരുന്നാൽ മതി എന്ന് നാം ചിന്തിക്കും.

മരണ സംഖ്യ രണ്ടക്കത്തിൽ നിന്ന് മൂന്നും, പിന്നെ നാലും ആകും. മരിച്ചവരെ സംസ്കരിക്കാൻ നമ്മൾ ബുദ്ധിമുട്ടും.
ആരോഗ്യ പ്രവർത്തകർ ക്ഷീണിക്കും, പലരും മരിക്കും. നേതൃത്വ നിരയിലുള്ളവർക്ക് തന്നെ രോഗം ഉണ്ടാകും, ആത്മവിശ്വാസം കുറയും. ജനം പേടിക്കും.

മലയാളികൾക്ക് പ്രത്യേക ഇമ്മ്യൂണിറ്റിയോ കേരളത്തിന്റെ കാലാവസ്ഥക്ക് പ്രത്യേകതയോ ഇല്ലെന്ന് നമുക്ക് വ്യക്തമാകും.
കൊറോണ എന്നത് ഒരു രാഷ്ട്രീയവിഷയമല്ല ആരോഗ്യവിഷയമാണെന്ന് എല്ലാവർക്കും ഉറപ്പാകും.

ആധുനിക ശാസ്ത്രത്തിനല്ലാതെ ആർക്കും നമ്മളെ രക്ഷിക്കാൻ പറ്റില്ലെന്ന് നാം മനസ്സിലാക്കും.

ആരോഗ്യപ്രവർത്തകർ പറയുന്ന നിർദ്ദേശങ്ങൾ ആളുകൾ അക്ഷരം പ്രതി അനുസരിക്കും.

അനാവശ്യ വിവാദങ്ങൾ ഇല്ലാതാകും.
സമരവും കൂട്ടംകൂടലും മാറ്റിവയ്ക്കും.
കൊറോണ കേസുകളുടെ എണ്ണം കുറയും. ജനജീവിതം പതുക്കെ തിരിച്ചു വരും,
ആളുകൾ പുറത്തിറങ്ങും, കൂട്ടം കൂടും.
പിന്നെ മരിച്ചവരുടെ കണക്കെടുപ്പാകും, മരണത്തിന് ആരാണ് ഉത്തരവാദി എന്നാകും,
വീണ്ടും സമരം വരും.
വീണ്ടും രാഷ്ട്രീയം വരും,
വീണ്ടും കൊറോണ വരും,
വീണ്ടും ആളുകൾ മരിക്കും.

വാക്‌സിൻ വരുന്നത് വരെ ഈ സീനുകൾ “പാലുകാച്ചൽ – ഓപ്പറേഷൻ” എന്ന നിലയിൽ മാറിമാറി കാണിച്ചുകൊണ്ടിരിക്കും.
“ഉന്മാദം എന്നാൽ ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്തിട്ട് അതിന് വ്യത്യസ്ത ഫലങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതാണ്” എന്ന് പ്രശസ്തമായ ഒരു ചൊല്ലുണ്ട് (Insanity Is Doing the Same Thing Over and Over Again and Expecting Different Results). ഐൻസ്റ്റീന്റെ ആണെന്ന് പറയുന്നു.

തൽക്കാലം നമ്മൾ ആ മനസികാവസ്ഥയിലാണ്.
ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഞാൻ ഈ വിഷയത്തിൽ എഴുതി തുടങ്ങിയതാണ്. കൊറോണയുടെ ഓരോ ഘട്ടങ്ങളും എങ്ങനെയായിരിക്കും എന്ന് ലോകത്തെവിടെനിന്നുമുള്ള പാഠങ്ങൾ നമ്മുടെയെല്ലാം ഫോണിൽ എത്തിയതാണ്. ഇനിയിപ്പോൾ അത്തരം മുന്നറിയിപ്പുകളുടെ ആവശ്യമില്ല. സുനാമി വീട്ടുമുറ്റത്ത് എത്തിക്കഴിയുന്പോൾ എല്ലാവർക്കും അത് സുനാമിയാണെന്ന് മനസ്സിലാകും. ഓടിപ്പോകാൻ സമയമോ സുരക്ഷിതമായിരിക്കാൻ സ്ഥലമോ ഉണ്ടായിരിക്കില്ല എന്ന് മാത്രം. അവിടെ “മുൻ’ അറിയിപ്പിന് പ്രസക്തിയില്ല.

എങ്ങനെയാണ് നമ്മൾ ഇവിടെ എത്തിയത് എന്നതിനെപ്പറ്റി നമുക്ക് ഓരോരുത്തർക്കും അഭിപ്രായമുണ്ടാകും. അത് പൊതുവിൽ നമ്മുടെ രാഷ്ട്രീയത്തിന്റെ ചായ്‌വ് അനുസരിച്ചായിരിക്കും. നമ്മുടെ ചിന്തകൾ എന്താണെങ്കിലും അതിനും ഇനി പ്രസക്തിയില്ല. പുലി വീട്ടിൽ കയറിക്കഴിഞ്ഞാൽ ആരാണ് പുലിയെ വീട്ടിൽ കയറ്റിയതെന്ന താത്വികമായ അവലോകനത്തിന് എന്ത് പ്രസക്തി?. തടി രക്ഷിക്കുക, അത്ര തന്നെ.

കഴിഞ്ഞ ദിവസം പറഞ്ഞത് പോലെ റോളർ കോസ്റ്ററിന്റെ വേഗത കൂടുകയാണ്, പിടിച്ചിരിക്കുക. തീർച്ചയായും കുറച്ചു നാൾ കഴിയുന്പോൾ ഇതിന്റെ വേഗത കുറയും, മിക്കവാറും പേർ റൈഡിൽ നിന്നും പുറത്തിറങ്ങും. നമ്മളും അതിലുണ്ടാകുമെന്ന് പ്രത്യാശിക്കുക.

അത് കഴിഞ്ഞാൽ ബാക്കിയുള്ളവർക്ക് ശാസ്ത്രീയവും രാഷ്ട്രീയവുമായ അവലോകനത്തിന് സമയമുണ്ട്, ഉണ്ടാകും, ഉണ്ടാകണം.

#സുരക്ഷിതരായിരിക്കുക

മുരളി തുമ്മാരുകുടി

Comments are closed.