DCBOOKS
Malayalam News Literature Website

വേദ് മേത്ത അന്തരിച്ചു

Ved Mehta
Ved Mehta

മൻഹാറ്റൻ (യുഎസ്) ; പ്രമുഖ ഇന്ത്യൻ – അമേരിക്കൻ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വേദ് മേത്ത (86) അന്തരിച്ചു. പാർക്കിൻസൺസ് ബാധിതനായിരുന്നു. ഭാവന കൊണ്ടും സാഹിത്യ വാസന കൊണ്ടും അന്ധതയെ തോൽപ്പിച്ച ഇന്ത്യൻ-അമേരിക്കൻ എഴുത്തുകാരനായിരുന്നു വേദ് മേത്ത. ആധുനിക ഇന്ത്യയെക്കുറിച്ചും സ്വന്തം കുടുംബത്തിന്റെ ചരിത്രവുമുൾപ്പെടെ 27 പുസ്തകങ്ങളെഴുതി. 1961 മുതൽ 1994വരെ ദ് ന്യൂ യോർക്കർ മാസികയിൽ പ്രവർത്തിച്ചു. 1966 ൽ കേരളത്തിലെത്തിയിരുന്നു.

അവിഭക്ത ഇന്ത്യയിലെ ലാഹോറിൽ 1934ൽ ജനിച്ച മേത്ത യുകെയിലും യുഎസിലുമായാണ് പഠനം പൂർത്തിയാക്കിയത്. പിന്നീട് അമേരിക്കൻ പൌരത്വം സ്വീകരിച്ചു. 1957ൽ പ്രസിദ്ധീകരിച്ച ‘ഫേസ് ടു ഫേസ്’ ആണ് ആദ്യ പുസ്തകം. തന്റെ ചെറുപ്പകാലത്തെ കുറിച്ച് പറയുന്ന ഈ പുസ്തകത്തിലൂടെ തന്നെ സാഹിത്യലോകത്ത് സ്വന്തമായൊരിടം കണ്ടെത്താൻ മേത്തയ്ക്കായി. പിന്നീട് ‘കോണ്ടിനൻന്റ് ഓഫ് എക്സൈൽ’ എന്ന പേരിൽ പുറത്തിറക്കിയ ആത്മകഥാ സിരീസും വായനക്കാരുടെ ശ്രദ്ധ നേടി. 1960ൽ എഡിറ്റർ വില്യം ഷോണിന്റെ ക്ഷണപ്രകാരമാണ് ന്യൂയോർക്കർ മാഗസിനിൽ എത്തുന്നത്.’എ ഫാമിലി അഫയർ: ഇന്ത്യ അണ്ടർ ത്രീ പ്രൈം മിനിസ്റ്റേഴ്സ്’ എന്ന പുസ്തകത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കെതിരായും നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായും മേത്ത വിമർശനമുന്നയിക്കുന്നുണ്ട്.

ലിൻ കാരിയാണ് ഭാര്യ. സെയ്ജ് മേത്ത റോബിൻസൺ, നടാഷ മേത്ത എന്നിവർ മക്കളാണ്.

Comments are closed.