DCBOOKS
Malayalam News Literature Website

മലയാളത്തിലെ ആദ്യത്തെ പ്രാദേശികചരിത്രം

പി.കെ.എ. റഹീം

ഓജസ്സും വീര്യവും തുളുമ്പിനിന്ന കാലം. ആ വീറ് ആവാഹിച്ച് പൊതുരംഗത്തിറങ്ങി അക്ഷീണം പ്രവര്‍ത്തിച്ച തലമുറ അവരില്‍ ദീര്‍ഘകാലം രംഗത്തുണ്ടായവരുണ്ട്, ജീവിതംതന്നെ ഹോമിച്ചവരും കൊള്ളിയാന്‍ കണക്കെ മിന്നിമറഞ്ഞവരുമുണ്ട്. ആ കാലത്തിന്റെ വീരകഥകളെക്കുറിച്ചും അതിലെ ധീരനായകന്മാരെക്കുറിച്ചും കരിങ്കല്ലില്‍ കൊത്തിവെച്ചപോലുള്ള ഓര്‍മ്മകളുമായി ഷഷ്ടിപൂര്‍ത്തി കഴിഞ്ഞവരും ഷഷ്ടിപൂര്‍ത്തിയോടടുത്തവരും അതൊന്നും എവിടെയും എഴുതപ്പെട്ടില്ലല്ലോ എന്ന് നൊമ്പരപ്പെട്ടിരിക്കുമ്പോഴാണ് കാട്ടുമാടത്തിന്റെ ഷഷ്ട്യബ്ദപൂര്‍ത്തി. ഒരിടം കണ്ടവാറ് ആഹ്ലാദചിത്തരായി ശ്രീ കാട്ടുമാടം നാരായണന്‍ ഷഷ്ടിപൂര്‍ത്തികൊണ്ടാടാന്‍ ആലോചനായോഗം വിളിച്ചുകൂട്ടി. 1991 മാര്‍ച്ചില്‍ ചേര്‍ന്ന ആദ്യയോഗംതന്നെ വന്നേരി
നാടിനെക്കുറിച്ചൊരു ഗ്രന്ഥം പുറത്തിറക്കാന്‍ സര്‍വ്വസമ്മതമായി തീരുമാനിക്കുകയും ചെയ്തു. സെപ്തംബര്‍ Textഒടുവിലായിരുന്നു ഷഷ്ടിപൂര്‍ത്തി.ഉദ്ദേശിച്ചപോലൊരു ഗ്രന്ഥം അഞ്ചാറുമാസത്തിനകം തയ്യാറാക്കാനാവുമെന്ന വ്യാമോഹം ആര്‍ക്കും ഉണ്ടായിരുന്നില്ല. ആഘോഷപരിപാടിയിലെ മുഖ്യ ഇനമായി ഗ്രന്ഥത്തിന്റെ രൂപ മാതൃക സമര്‍പ്പിക്കാമെന്നും പിന്നീട് സാവകാശം ഗ്രന്ഥം ഒരുക്കൂട്ടാമെന്നുമായിരുന്നു ധാരണ.

പ്രവര്‍ത്തനത്തിനിറങ്ങുമ്പോഴേക്ക് പൊതുതിരഞ്ഞെടുപ്പ് തുടങ്ങിയ പ്രതിബന്ധങ്ങള്‍ വന്നുപെട്ടു. വന്നേരിനാട്ടില്‍ പൊതുരംഗത്തുണ്ടായിട്ടുള്ളവരെക്കുറിച്ചെല്ലാമുള്ള പരാമര്‍ശം ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിക്കണം എന്നായിരുന്നു ഞങ്ങളുടെ അഭിലാഷം. അതിനുള്ള അന്വേഷണത്തില്‍ പ്രമുഖരായവരെ പോയി കണ്ട് സംസാരിച്ച് വിവരങ്ങള്‍ ഗ്രഹിക്കാന്‍ ശ്രമിച്ചു. അവരില്‍നിന്ന് അറിയാന്‍ കഴിഞ്ഞ മറ്റു ചിലരെക്കുറിച്ചന്വേഷിക്കാന്‍ അവരുമായി ബന്ധമുണ്ടെന്ന് കേട്ടറിഞ്ഞ ചിലരെ തേടിപ്പോയി. ‘നിങ്ങള്‍ക്കും കാരണവരുണ്ടെങ്കില്‍ ചാമവിത്തു വേണ്ട’ എന്ന് തോന്നിക്കുന്ന അനുഭവമായിരുന്നു പലേടത്തും. ‘ശരിയാക്കാം’ എന്നേറ്റവര്‍ അവസാനം ചുവടു മാറിയ അനുഭവമുണ്ട്. ഒരു ഷഷ്ടിപൂര്‍ത്തി സുവനീറില്‍ കവിഞ്ഞ് ‘വന്നേരിനാട്’ എന്ന ഗ്രന്ഥത്തെക്കുറിച്ച് സങ്കല്പിക്കാന്‍ പലർക്കും കഴിഞ്ഞില്ലെന്ന് തോന്നുന്നു. കാലഗതിക്ക് മാറ്റമില്ലല്ലോ. വര്‍ഷങ്ങളങ്ങനെ കടന്നുപോയി.

ഈ ഗ്രന്ഥത്തിനുവേണ്ട ഓര്‍മ്മകള്‍ നിരന്തരം ചികഞ്ഞുകൊണ്ടിരിക്കുകയും കിട്ടിയതപ്പപ്പോള്‍ പകര്‍ത്തി ഞങ്ങള്‍ക്ക് അയച്ചുതന്നുകൊണ്ടിരിക്കുകയും ചെയ്ത മഹാശയരുമുണ്ട്. മുന്‍പിന്‍ നോക്കാതെ ഇതിന് തുനിഞ്ഞിറങ്ങിയ ഞങ്ങളെ മടുത്തു പിന്‍തിരിക്കാനനുവദിക്കാതെ മുന്നോട്ടുനയിച്ചത് അവരാണെന്ന് സഹര്‍ഷം
ഇവിടെ സ്മരിക്കട്ടെ.

ഒരു കാലഘട്ടത്തിന്റെ ഉദ്ബുദ്ധതയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആ ഉണര്‍വ്വിന് നിര്‍ണായകമായി വര്‍ത്തിച്ച ആശയങ്ങളെയും അറിവിനെയും പരിഗണിക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ മറന്നിട്ടില്ല. ആ വശത്തേക്ക് തിരി തെളിയിക്കാനും തദ്‌വിഷയത്തില്‍ വന്നേരിനാടിന്റെ സവിശേഷ സംഭാവനയിലൂന്നാനും ഞങ്ങള്‍ ആവതും ശ്രമിച്ചിട്ടുമുണ്ട്.

പൊരുളറിഞ്ഞ് ഞങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന കെ. ജി. കരുണാകര മേനോന്‍, തളര്‍ന്ന് കിടപ്പിലായിരുന്നെങ്കിലും കൂടെക്കൂടെ ഞങ്ങളെ ഉത്സാഹിപ്പിച്ചിരുന്ന ആത്മമിത്രം ഇ.എം.എസ്. നാരായണന്‍, പ്രായവും രോഗവും അലട്ടിക്കൊണ്ടിരുന്നിട്ടും പലതും എഴുതി അയച്ചുതന്നും കൂടെക്കൂടെ വന്ന് എവിടംവരെ ആയി
എന്നന്വേഷിച്ചും ഈ പരിശ്രമത്തില്‍ ഞങ്ങളോടൊപ്പംതന്നെ നിന്നിരുന്ന സാധു ടി. അബ്ദുല്ലക്കുട്ടി… ഈ മൂന്നു
പേരും ‘വന്നേരിനാട്’ പ്രസിദ്ധീകരിച്ചുകാണാന്‍ അതിയായി ആഗ്രഹിച്ചിരുന്നവരാണ്. അവര്‍ക്ക് അതിന് സമയം കിട്ടിയില്ല. ആ ദുഃഖം തളം കെട്ടിയ മനസ്സും കുറ്റബോധത്താല്‍ കുനിയുന്ന ശിരസ്സുമായാണ് ഇതു കുറിക്കുന്നത്.

പുസ്തകം പ്രീബുക്ക് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Comments are closed.