DCBOOKS
Malayalam News Literature Website

‘ശ്വസിച്ചാല്‍ മരണം!’ ഭോപ്പാലിൽ അന്ന് സംഭവിച്ചത്

ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഭവമാണ് ഭോപ്പാല്‍ വാതക ദുരന്തം. മൂന്നര പതിറ്റാണ്ടിനിപ്പുറവും ഭോപ്പാല്‍ ദുരന്തമുണ്ടാക്കിയ ദുരിതങ്ങള്‍ക്ക് അറുതിയായിട്ടില്ല. കാൽലക്ഷത്തോളം പേരുടെ മരണത്തിനും പതിനായിരങ്ങളുടെ തീരാദുരിതത്തിനും ഇടയാക്കിയ ഭോപ്പാൽ ദുരന്തത്തിന്റെ കാണാപ്പുറങ്ങളിലേക്ക് പ്രശസ്ത എഴുത്തുകാരായ ഡൊമിനിക് ലാപിയറും ജാവിയർ മോറോയും നടത്തുന്ന യാത്രയുടെ കരളുലയ്ക്കുന്ന ഓർമ്മകളാണ് ‘ഭോപ്പാലില്‍ അന്ന് സംഭവിച്ചത്’ എന്ന പുസ്തകം. ഉദ്വേഗവും സംഘർഷവും ആകാംക്ഷയും ഈ കൃതിയിലുടനീളം നിറഞ്ഞുനിൽക്കുന്നു. ഭോപ്പാലിലെ വിഴപ്പുക തുപ്പിയ മരണ ഫാക്ടറി ഇന്നും ദുരന്തസ്‌മൃതിയാണ് . ഭാവിതലമുറക്കുള്ള മുന്നറിയിപ്പും താക്കീതും ഇതിലുണ്ട് . 

പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

‘ശ്വസിച്ചാല്‍ മരണം!’ ഒരു തലയോട്ടിയും എല്ലുകളും സഹിതം എം.ഐ.സി. എന്ന മീഥൈല്‍ ഐസോസയനേറ്റിന്റെ ലേബലുകളിലും പോസ്റ്ററുകളിലും ഉപയോക്താവിനുള്ള ‘യൂസര്‍മാനുവലുകളി’ലും ഈ മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. ലോകം മുഴുവന്‍ പ്രചരിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന സെവിന്റെ ചെലവു കുറഞ്ഞ ഉത്പാദനത്തിന് കാര്‍ബൈഡ് കമ്പനിക്ക് അത്യന്താപേക്ഷിതമായ എം.ഐ.സി. എന്ന രാസവസ്തുവുമായി സമ്പര്‍ക്കത്തില്‍ വരുന്ന എല്ലാവര്‍ക്കും–നിര്‍മ്മാതാക്കള്‍ക്കും വാഹനത്തില്‍ കൊണ്ടുപോകുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും–വേണ്ടിയുള്ളതായിരുന്നു ഈ മുന്നറിയിപ്പ്. ഏതാനും തുള്ളി വെള്ളവുമായോ അല്ലെങ്കില്‍ ഏതാനും ഔണ്‍സ് ലോഹപ്പൊടിയുമായോ സമ്പര്‍ക്കത്തില്‍ വരുന്ന മാത്രയില്‍ത്തന്നെ അനിയന്ത്രിതവും അതിതീക്ഷ്ണവുമായ പ്രതിപ്രവര്‍ത്തനം ഉണ്ടാക്കാന്‍ തക്ക കഴിവുള്ള സ്‌ഫോടനാത്മകസ്വഭാവമായിരുന്നു മീതൈല്‍ ഐസോസയനേറ്റ് തന്മാത്രകള്‍ക്കുണ്ടായിരുന്നത്. എത്ര സങ്കീര്‍ണമായ സുരക്ഷിതകവചങ്ങള്‍ക്കും അങ്ങനെയൊരു സാഹചര്യത്തില്‍, മാരകമായ വിഷപ്പുക അന്തരീക്ഷത്തിലേക്കു പ്രവഹിക്കുന്നതു തടയാനാവില്ല. സ്‌ഫോടനം ഒഴിവാക്കാനായി എം.ഐ.സി. എല്ലായ്‌പോഴും പൂജ്യം ഡിഗ്രി ഊഷ്മാവിനടുത്തു സൂക്ഷിക്കേണ്ടതുണ്ടായിരുന്നു. അത് ഉള്‍ക്കൊള്ളുന്ന വീപ്പകളും ടാങ്കുകളും ശീതീകരിക്കാനുള്ള സംവിധാനങ്ങളും ഉണ്ടായിരിക്കണം. അതുകൊണ്ട്, ഇതു കരുതിവയ്ക്കുന്ന ഫാക്ടറികളും ചില സുരക്ഷിതനടപടികള്‍ പിന്തുടരേണ്ടതുണ്ടായിരുന്നു. അവിചാരിതമായി ഉണ്ടാകാവുന്ന ചോര്‍ച്ചയില്‍ അതിനെ നിര്‍വീര്യമാക്കാനുള്ള ഉപകരണങ്ങളും അതിനെ നിഷ്‌ക്രിയമാക്കി കത്തിച്ചു കളയാനുള്ള ജ്വാലകളും അത്തരം ഫാക്ടറികളിലുണ്ടാവണം. അതിവിശേഷമായ സുരക്ഷിതമാനദണ്ഡങ്ങള്‍ അനുസരിച്ചേ എം.ഐ.സി. ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കു മാറ്റാനാവൂ. തിരിക്കുപിടിച്ച വഴികള്‍ ഒഴിവാക്കാനും നഗരങ്ങള്‍, പട്ടണങ്ങള്‍ എന്നിവയിലൂടെ കടക്കാതെ ബൈപാസുകള്‍വഴി പോകാനും കഴിയുന്നത്ര നിര്‍ത്താതെ ലക്ഷ്യസ്ഥാനത്തെത്താനുമുള്ള നിര്‍ദേശങ്ങള്‍ ലോറിഡ്രൈവര്‍മാര്‍ക്കു കൊടുത്തിട്ടുണ്ടായിരുന്നു. എങ്ങാനും കണ്ണുകളില്‍ നീറ്റല്‍ അനുഭവപ്പെടുകയാണെങ്കില്‍ അവര്‍ ഉടനെതന്നെ അടുത്തുള്ള ടെലിഫോണ്‍ ബൂത്തിലെത്തി സഹായത്തിനുള്ള നമ്പറും തുടര്‍ന്ന് 7443485 എന്ന കാര്‍ബൈഡിന്റെ അടിയന്തര നമ്പറും ഡയല്‍ ചെയ്യണം. ആളൊഴിഞ്ഞ ഇടത്തേക്ക് അവര്‍ തങ്ങളുടെ വാഹനം മാറ്റുകയും വേണം.

രാസവ്യാവസായികലോകത്ത് പതിവില്ലാത്തവിധം, തുറന്ന കൈകളോടെയാണ് കാര്‍ബൈഡ് മുന്നോട്ടു Textനീങ്ങിയത്. അതിന്റെ ലഘുലേഖയിലെ ഒരു മുഴുവന്‍ അധ്യായവും, അവിചാരിതമായി എം.ഐ.സി. ശ്വസിക്കാനിടയായാല്‍ ഉണ്ടാകാവുന്ന ഭീകരഫലങ്ങളെക്കുറിച്ചുള്ളതായിരുന്നു: ആദ്യം നെഞ്ചില്‍ ശക്തിയായ വേദന, പിന്നീട് ശ്വാസതടസ്സം. ഒടുവിലായി ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും മരണസാധ്യതയും. അങ്ങനെയൊരു സംഭവമുണ്ടായാല്‍ ഉടനെ, വിഷവസ്തുവമായി സമ്പര്‍ക്കത്തില്‍ വന്ന ശരീരഭാഗങ്ങള്‍ നന്നായി കഴുകുകയും വലിയ അളവില്‍ ഓക്‌സിജന്‍ കൊടുക്കുകയും വേണം. പിന്നീട് ശ്വാസനാളം വികസിപ്പിക്കാനുള്ള മരുന്നുകള്‍ കൊടുക്കുകയുമായിരുന്നു നിര്‍ദേശിക്കപ്പെട്ട പ്രതിവിധികള്‍.

അങ്ങനെയൊക്കെയായിരുന്നെങ്കിലും 1963-ലും 1970-ലും പിറ്റ്‌സ്ബര്‍ ഗിലെ മെല്ലണ്‍ സര്‍വകലാശാലയുടെ മെല്ലണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍നീജില്‍ കമ്പനികളുടെ ആവശ്യപ്രകാരം നടത്തപ്പെട്ട രണ്ടു രഹസ്യപഠനങ്ങളുടെ ഗവേഷണഫലങ്ങള്‍ കാര്‍ബൈഡ് പുറത്തുവിട്ടില്ല. ചൂടിന്റെ സ്വാധീനത്തില്‍ മീതൈല്‍ ഐസോസയനേറ്റ് വിഘടിച്ച് മാരകശേഷിയുള്ള മറ്റനേകം തന്മാത്രകളായി മാറുമെന്ന് ഈ വിഷസംബന്ധമായ പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിരുന്നു. ഈ തന്മാത്രകളില്‍ ഒന്ന് ഹൈഡ്രോ സയനൈഡ് അമ്ലത്തിന്റേതായിരുന്നു. കുപ്രസിദ്ധിയാര്‍ജ്ജിച്ച ഈ വാതകം കൂടിയ അളവില്‍ ശ്വസിച്ചാല്‍ ഞൊടിയിടയില്‍ മരണം സംഭവിക്കും. എങ്കിലും ഈ രണ്ടു പഠനങ്ങളിലും മാരകമായ ഈ വാതകത്തിനെതിരെയുള്ള ഫലപ്രദമായ ഒറ്റമൂലിയെക്കുറിച്ചും പ്രതിപാദിച്ചിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഹൈഡ്രജന്‍ സയനൈഡിന്റെ മരണകാരണമായ ഫലങ്ങള്‍ നിര്‍വീര്യമാക്കാന്‍ സോഡിയം തയോസയനേറ്റിന്റെ കുത്തിവയ്പുകൊണ്ടു കഴിയും. ഈയൊരു വിവരം പക്ഷേ, എം.ഐ.സി.യെക്കുറിച്ചുള്ള കമ്പനിരേഖകളിലൊന്നും സ്ഥാനം പിടിച്ചിരുന്നില്ല.

സെവിന്റെ മുപ്പതിനായിരം ടണ്‍ വാര്‍ഷിക ഉത്പാദനത്തിനുള്ള എം.ഐ.സി. ഉത്പാദിപ്പിക്കാന്‍ കാര്‍ബൈഡ് തീരുമാനിച്ചത് കനവാനദീതീരത്തുള്ള ഈ പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് 2 എന്നായിരുന്നു അതിനു ചാര്‍ത്തപ്പെട്ട പേര്. പ്രകൃതിയോടുള്ള അനുഭാവത്തില്‍ എല്ലാ സുരക്ഷാമാനദണ്ഡങ്ങളോടുകൂടി പ്രവര്‍ത്തിക്കാനും അങ്ങനെ താഴ്‌വരയിലെ വ്യാവസായിക മാതൃകയാവാനും ഇന്‍സ്റ്റിറ്റ്യൂട്ട് സജ്ജമായിരുന്നു. കോണ്‍ക്രീറ്റിന്റെ മഹാസമുദ്രത്തില്‍ നങ്കൂരമിട്ടുകൊണ്ട്, അതിന്റെ ലോഹഭാഗങ്ങള്‍ അഞ്ചു നിലകളിലായി പരന്നുകിടന്നു. ഓരോന്നിലും റിയാക്ടറുകള്‍, ഡിസ്റ്റിലേഷന്‍ കോളമുകള്‍, ടാങ്കുകള്‍, ജ്വാലകള്‍, കണ്ടന്‍സറുകള്‍, ഫര്‍ണസുകള്‍, എക്‌സ്‌ചേഞ്ചറുകള്‍, ഓരോ വാതകത്തിനും ദ്രാവകത്തിനും അനുസരിച്ച് വിവിധ നിറങ്ങളിലും ആകൃതികളിലുമുള്ള കിലോമീറ്റര്‍ നീളമുള്ള പൈപ്പുകള്‍ എന്നിവയെല്ലാം കുത്തിനിറച്ചിരുന്നു.

”അതൊരു മനോഹരമായ ഫാക്ടറിയായിരുന്നു.” അമേരിക്കന്‍ എന്‍ജിനീയറായ വാരന്‍ വൂമര്‍ അത്ഭുതം കൂറും. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ കാര്‍ബൈഡ് കമ്പനിയില്‍ ചേര്‍ന്ന അയാള്‍ അപായസാധ്യതയുള്ള ഫാക്ടറികളുടെ നിര്‍മ്മാണത്തില്‍ ഒരു വിദഗ്ധനായിരുന്നു. ”അവിടെ ചെല്ലുമ്പോള്‍ മനസ്സില്‍ ഒരു അപായസൂചന തോന്നുമെന്ന കാര്യം സത്യമാണ്. പക്ഷേ, ഞാന്‍ വിഷമയമായ സാഹചര്യങ്ങളില്‍ ജീവിച്ചു ശീലിച്ചിട്ടുണ്ടായിരുന്നു. അതെന്തായാലും കെമിക്കല്‍ എന്‍ജിനീയര്‍മാര്‍ മിക്കവാറും തങ്ങളുടെ ജീവിതകാലം മുഴുവന്‍ അപകടകരമായ ഉത്പന്നങ്ങളുമായുള്ള സമ്പര്‍ക്കത്തിലാണ് കഴിച്ചുകൂട്ടുന്നത്. അവയെ ബഹുമാനിക്കാന്‍ പഠിക്കണം. അതിലുപരിയായി അത്തരം വസ്തുക്കളെ അടുത്തറിയാനും അവയെ കൈകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം. നിങ്ങള്‍ക്കൊരു കൈയബദ്ധം പറ്റിയാല്‍ അവര്‍ നിങ്ങളോടു ക്ഷമിച്ചെന്നു വരില്ല.”

തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ 

 

Comments are closed.