DCBOOKS
Malayalam News Literature Website

പ്രണയകാവ്യം പോലെ വാൻഗോഗിന്റെ കാമുകി!

ജേക്കബ് ഏബ്രഹാമിന്റെ ‘വാന്‍ഗോഗിന്റെ കാമുകി’ എന്ന പുസ്തകത്തിന് ജ്യോതി കെ ജി എഴുതിയ വായനാനുഭവം

പ്രണയിക്കുമ്പോൾ മാത്രമാണ് ഒരാൾ ജീവിതത്തെ അഗാധമായി സ്നേഹിക്കുന്നത്….

പ്രണയത്തിന് നിറമുണ്ടോ ? ഉണ്ടെങ്കിൽ അത് മഞ്ഞയാണോ…?

മഞ്ഞനിറത്തിൻെറ അസാധ്യമായ ശക്തിയിൽ വിശ്വസിക്കുന്ന വിൻസെൻറ് വാൻഗോഗ്. പ്രകൃതിയുടെ തീഷ്ണമായ ഭാവങ്ങളെ മഞ്ഞയിലൂടെ ആസ്വാദകർക്ക് പകർന്നു നൽകിയ വിശ്വവിഖ്യാത ചിത്രകാരൻ. തെരുവുകളിൽ ശരീരം കൊണ്ട് മനുഷ്യനെ ഊട്ടിയിരുന്ന തെരുവുപെണ്ണ് ക്ലാസിന മരിയ ഹൂർണിക് എന്ന സിയൻ. വിൻസെൻെറ് വാൻഗോഗിൻെറയും സിയൻെറയും അനശ്വരപ്രണയത്തിൻെറ കഥ പറയുകയാണ് ജേക്കബ് എബ്രഹാം ‘വാൻഗോഗിന്റെ കാമുകിയിലൂടെ.

ജീവിതകാലം മുഴുവൻ ഏകാന്തത വേട്ടയാടിയ വാൻഗോഗ്.പ്രണയ പരാജയങ്ങളും , ഏകാന്തതയും, ചിത്രകലയോടുള്ള ഭ്രാന്തമായ അഭിനിവേശവും, അതിഭീകരമായ ഉന്മാദവും നിറഞ്ഞുനിൽക്കുന്ന അന്തർമുഖനായ ചിത്രകാരൻ. ഹേഗിലെ തെരുവുകളിൽ വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച സിയൻ. കുട്ടിക്കാലം മുതലുള്ള ദാരിദ്രൃവും , മദ്യത്തിൻെറയും മയക്കുമരുന്നിൻെറയും ലഹരിയും, പുരുഷവീര്യങ്ങൾ നശിപ്പിച്ച ശരീരവും, തിന്നുന്നു കുടിക്കുന്നു തെരുവിൽ അലയുന്നു പണത്തിനുവേണ്ടി ഭോഗിക്കപ്പെടുന്നു. വാൻഗോഗിൻെറ വിഖ്യാതചിത്രമായ ‘സോറോ’യുടെ മോഡൽ കൂടിയായ ക്ലാസിന മരിയ ഹൂർണിക് എന്ന സിയൻെറ കാഴ്ചപ്പാടിലൂടെയാണ് നോവൽ വികസിക്കുന്നത്.

കലാവിദ്യാഭ്യാസത്തിനായി വാൻഗോഗ് ഹേഗിൽ എത്തുന്നതോടെയാണ് ഹേഗിലെ തെരുവുകളിൽ അലഞ്ഞുതിരിയുന്ന സിയനെ കണ്ടുമുട്ടുന്നത്. കലാമ്യൂസിയത്തിനകത്ത് Textസൂര്യവെളിച്ചം സ്വർണ്ണവർണ്ണം പൊഴിക്കുന്ന മരങ്ങൾക്കിടയിലൂടെ മ്യൂസിയത്തിലെ കലാസൃഷ്ടികളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് വാൻഗോഗ് സിയനോടുള്ള പ്രണയം തുറന്നുപറയുന്നത്. തെരുവുകളിൽ വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച സിയൻ ആ സമയത്ത് ഗർഭിണിയും ഒപ്പം ഒരു പെൺകുട്ടിയുടെ അമ്മയുമായിരുന്നു. വാൻഗോഗിൻെറ സഹോദരൻ തിയോയും, ഹേഗിലെ ബന്ധുവും ചിത്രകാരനുമായ ആൻറൺ മോവും ഈ ബന്ധത്തെ ശക്തമായി എതിർത്തിട്ടും സിയനെ പ്രണയിക്കാനും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനും വാൻഗോഗ് ആഗ്രഹിച്ചു.

ഒരു തെരുവുപെണ്ണ് വ്യാപരിക്കുന്ന അഴുക്കുപിടിച്ച തെരുവിൽ നിന്നും സൌന്ദര്യത്തിൻറെ കലയുടെ മഹത്തായ ഒരു പുതിയ ലോകം സിയൻറെ മുൻപിൽ അനാവൃതമാകുകയായിരുന്നു. മദ്യപാനാസക്തിയും ജീവിതനൈരാശ്യവും വേശ്യാവൃത്തിയുടെ തകർച്ചയും തകർത്ത സിയനെ വാൻഗോഗ് ഹൃദയത്തോട് ചേർത്തു. സിയൻെറ മകൾ മരിയയെ സ്വന്തം മകളെപ്പോലെ സ്നേഹിച്ചു.

നിശയുടെ വികാരവേളകളിൽ ഭോഗിക്കാൻ മാത്രമുള്ള ശരീരമായിരുന്ന തെരുവുപെണ്ണിന് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് വാൻഗോഗ് സമ്മാനിച്ചത്.ക്രൂരമായ മനുഷ്യരുടെ രാത്രിയാത്രകളിൽ പിഴച്ചുനടന്ന പെണ്ണിന് അഭയം നൽകുന്നതും ശരീരത്തിൻറെ ആസക്തിയില്ലാതെ അവളെ തുല്യയായി കാണുന്നു , ഗർഭാവസ്ഥയിലുള്ള അസ്വസ്ഥതകളിലെല്ലാം പരിചരിക്കുന്നു, സായാഹ്നങ്ങളിൽ പ്രകൃതിയുടെ നിരീക്ഷണത്തിലൂടെ ചിത്രരചനയുടെ പാ൦ങ്ങൾ പറഞ്ഞുകൊടുക്കുന്നു, യൌവ്വനത്തിൻെറ മാംസതുടിപ്പുള്ള കാലത്ത് പണത്തിന് വേണ്ടിയുള്ള വാടകശരീരത്തിൻെറ ഗതികേടുകൾ സിയൻ തുറന്നുപറയുന്നതിലൂടെയുമെല്ലാം വാൻഗോഗിൻെറ കരുതലിൻെറ കൈകൾ ജീവിതത്തിൻെറ പൂർണ്ണതയെ തേടുന്ന സിയൻെറ വിരലുകളെ ചേർത്ത്പിടിക്കുമ്പോൾ ആ സ്നേഹം കരുതലിൻറെ മനസ്സിലാക്കലിൻെറ ഏകാകികളായ രണ്ട് മനുഷ്യരുടെ ഹൃദയത്തിൻറെ തുടിപ്പായി മാറുന്നു.

പ്രണയം ഒരു വ്യക്തിയെ എങ്ങനെയെല്ലാം വിവർത്തനം ചെയ്തിരിക്കുന്നു എന്നും പെണ്ണുങ്ങളുടെ ലോകത്തെ പെണ്ണുങ്ങൾ എത്രത്തോളം ഹൃദ്യമാക്കുന്നതെങ്ങനെ എന്നതും ഈ നോവലിൽ ഗ്രന്ഥകാരൻ വരച്ചിടുന്നു. മനസ്സിൽ തങ്ങിനിൽക്കുന്ന കുറേ കഥാപാത്രങ്ങൾ കഥയിലുണ്ട്. പ്രണയത്തിനുവേണ്ടി ബലി കഴിച്ച ഉടലാണെന്ന് വിശ്വസിക്കുകയും ഒടുവിൽ ചതിയിൽപെട്ട് ഹേഗിൻറെ തെരുവുകളിൽ എത്തിപ്പെട്ട ആഗ്നസ്, അവളുടെ നിശബ്ദനായ കാമുകൻ പെട്രോ, വാൻഗോഗിൻെറ സഹോദരൻ തിയോ, ചിത്രകാരനായ ആൻറൺ മോവ്, സിയൻെറ മകളായ മരിയ, പാട്ടിനെ സ്നേഹിക്കുന്ന കാതറീന എന്നിവരെല്ലാം പ്രധാന കഥാപാത്രങ്ങളാണ്.

അപ്രതീക്ഷിതമായി ഒരു ദിവസം വാൻഗോഗിൻറെ സഹോദരൻ തിയോയും ആൻറൺ മോവും അവരുടെ വീട്ടിലേക്ക് കടന്നുവരുന്നു. പ്രസവത്തിന് ദിവസങ്ങൽ മാത്രം ബാക്കി നിൽക്കേ അവരുടെ നിർബന്ധത്തിന് വഴങ്ങി വാൻഗോഗ് വീട് വിട്ടുപോയി. ശിഷ്ടകാലം അമ്മയിൽ നിന്ന് കിട്ടിയ കൈത്തൊഴിലായ തയ്യൽപ്പണി ചെയ്ത് സിയൻ കുടുംബം നോക്കിയെങ്കിലും വാൻഗോഗ് ഉപേക്ഷിച്ചു പോയതോടെ അവൾ ഒറ്റപ്പെട്ടു. ഗർഭിണിയായ സിയൻെറ കാഴ്ചകളിലൂടെയാണ് നോവൽ ആരംഭിക്കുന്നതെങ്കിൽ വാൻഗോഗ് ഉപേക്ഷിച്ചതിന് ശേഷം തൻറെ കുഞ്ഞിന് ‘ വില്യം വിൻസെൻറ് വാൻഹോഗ് ‘ എന്ന് പേര് നൽകുന്നതാണ് നോവലിൻെറ അവസാനം .

സുഖത്തിൻെറയും പ്രതീക്ഷയുടെയും നിരാശയിലും ശൂന്യതയിലും പ്രണയത്തിന് മാത്രമേ മനുഷ്യനെ മുന്നോട്ട് നയിക്കാൻ കഴിയൂ എന്ന് അടയാളപ്പെടുത്തികൊണ്ട് അനുവാചകരെ പ്രണയത്തിൻെറ തീഷ്ണമായ ലോകത്തേക്കു കൂട്ടികൊണ്ടുപോകുന്നു. നോവൽ വായിച്ചു തീരുമ്പോൾ അനശ്വരമായ പ്രണയത്തിൻെറ സ്മാരകം പോലെ ഒരു ചിത്രം വായനക്കാരുടെ മനസ്സിൽ തെളിഞ്ഞു നിൽക്കും.

Comments are closed.