DCBOOKS
Malayalam News Literature Website

‘വല്ലി’ : ദേശഭാവനയും ആദ്യ സ്ത്രീപക്ഷ കുടിയേറ്റപാഠവും

ഷീല ടോമിയുടെ വല്ലി എന്ന നോവലിനെക്കുറിച്ച്  ഡോ: ജോസഫ് കെ. ജോബ് (എഴുത്തുകാരന്‍, നിരൂപകന്‍, വിവര്‍ത്തകന്‍) പങ്കുവെച്ച വായനാനുഭവം

സാഹിത്യം കാലാതീതവും സാർവലൗകികവുമായിരിക്കണമെന്ന പൊതുധാരണയ്‌ക്കെതിരെ പ്രാദേശികമായ അംശങ്ങളും അതിലെ ഉണ്മകളും വീണ്ടെടുപ്പു നടത്തുന്ന പുതുകാലമാണിത്. സാംസ്കാരികവൈവിധ്യത്തെ തിരിച്ചറിഞ്ഞുകൊണ്ടുള്ള പുതിയ പ്രതിരോധപാഠമായി ഈ പ്രദേശസാഹിത്യപഠനം രൂപാന്തരപ്പെട്ടിട്ടുമുണ്ട്. സമൂഹത്തിന്റെ അരികുകളിലാക്കപ്പെട്ട മനുഷ്യരുടെ, സമുദായങ്ങളുടെ പോരാട്ടചരിതങ്ങൾ സാഹിത്യത്തിത്തിന് വിഷയീഭവിക്കുന്നതും പ്രാദേശികമായ ചെറുത്തുനിൽപ്പുകൾ സാധ്യമാകുന്നതും നമ്മുടെ സാഹിത്യത്തിലെ വരേണ്യാധിപത്യത്തെ എതിർക്കുന്നതിന് തുല്യമാകുന്നുണ്ട്. അനുഭവം സാഹിത്യമായി രൂപാന്തരപ്പെടുമ്പോൾ  അപവർത്തനസാധ്യതകൾ നിരവധിയാണ്. കുട്ടനാട് എന്ന പ്രദേശത്തെ തകഴി ശിവശങ്കരപ്പിള്ള കണ്ടതുപോലെയല്ല എസ്. ഹരീഷ് എന്ന എഴുത്തുകാരൻ കാണുന്നത്.       ഒരു  അനുഭവത്തെയും സാഹിത്യകൃതിയിലേക്ക് അപ്പടി  എടുത്തുവയ്ക്കാനാകില്ല എന്നതുപോലെ പ്രദേശത്തിന്റെ അനുഭവത്തെയും അപ്പടി സാഹിത്യത്തിലേക്ക് എടുത്തുവയ്ക്കാനാകില്ല.  യഥാർത്ഥത്തിൽ പ്രാദേശികത എന്നത് ആ സ്ഥലത്തേക്ക് മാത്രം ചുരുങ്ങി നിൽക്കുന്ന ഒന്നല്ല. ഏതെങ്കിലും ഒരു പ്രദേശത്തെയും സമീപപ്രദേശങ്ങളിലെയും ജീവിതത്തെ ആഗിരണം ചെയ്താണ് അത് നിലനിൽക്കുന്നത്. പ്രദേശം ഇവിടെ യഥാർത്ഥപ്രദേശമല്ല. ഒരു പ്രദേശത്തിന്റെ  പ്രതിനിധാനം മാത്രമാണ്. സാംസ്കാരിക വൈവിധ്യത്തെക്കുറിച്ചുള്ള തിരിച്ചറിവുകൾ ചെന്നവസാനിക്കേണ്ടത് ദുർബലമായ സ്ഥലപുരണങ്ങളിലല്ല, ഒരു സ്ഥലത്തെ രൂപപ്പെടുത്തുന്ന ജീവിത സങ്കിർണ്ണതകളിലും സാംസ്കാരികവിശേഷങ്ങളിലുമാണ്.

ഷീല ടോമിയുടെ ‘വല്ലി’ എന്ന നോവലിൽ പ്രാദേശികത എന്നത് ഒരു ഭൂമിശാസ്ത്രപ്രശ്നമല്ലെന്നും  അത് സംഘർഷാത്മകമായ  ജീവിതവ്യവഹാരങ്ങളെ   വിഭാവനം  ചെയ്ത് നോവലിസ്റ്റ് സൃഷ്ടിച്ചെടുക്കുന്ന ആഖ്യാനലോകമാണെന്നും വ്യക്തമാണ്.   വയനാടിനെക്കുറിച്ച് നിലനിൽക്കുന്ന ഒരു പൊതുവ്യവഹാരത്തിൽ നിന്ന് മാറിനിൽക്കുന്ന  ഒരു പ്രതിസംസ്കൃതി ‘വല്ലി’യിലെ  പ്രദേശഭാവനകളിലൂടെ തെളിഞ്ഞുവരുന്നുണ്ട്. പ്രാദേശികമായ ഒരു ആവാസവ്യവസ്ഥയെയും അതിന്റെ ചിഹ്നവ്യവസ്ഥയെയും ഇക്കോ ഫെമിനിസ്റ്റ് കാഴ്ചപ്പാടിലൂടെ   നോവൽ ശരീരത്തിലേക്ക് ചേർത്തുവച്ചിരിക്കുകയാണ് ഈ  നോവലിൽ ചെയ്തിരിക്കുന്നത് .

വയനാട് എന്ന പ്രദേശത്തെ അടിസ്ഥാനമാക്കിയാണ് ഷീലാ ടോമി  ‘വല്ലി’  എന്ന നോവൽ രചിച്ചിരിക്കുന്നത്. വയനാട് എന്ന പ്രദേശം ഈ നോവലിൽ അടയാളപ്പെട്ടുകിടക്കുന്നതുകൊണ്ട്  ഇതിനെ ഒരു പ്രദേശകഥയായി ചിലരെങ്കിലും പരിഗണിക്കുന്നുണ്ടാവും.  സാഹിത്യത്തിലെ പ്രദേശം  സ്ഥലകാലസംയുക്തമായ ഒരു സവിശേഷ നിർമിതിയാണ്. വയനാടെന്ന് എഴുത്തുകാരി വിഭാവനം ചെയ്ത   ആ ‘വയനാടി’ന്  ഭൂപരമായ സ്ഥലവുമായി ഗാഢബന്ധമുണ്ടാവാം. വയനാടിന്റെ   ഭൂപ്രകൃതിയും അവിടുത്തെ കാലാവസ്ഥയും മണ്ണും മനുഷ്യരും ജീവജാലങ്ങളും ചരിത്രവുമൊക്കെ അതിൽ വിരിഞ്ഞിറങ്ങുന്നുണ്ടാവും. എന്നാൽ പോലും  എഴുത്തുകാരിയുടെ മനസ്സിലുണർത്തിയ പ്രദേശഭാവനയാണ് അതിലുള്ളത്. വയനാടിന്റെ  പ്രകൃതിയിൽനിന്നും ജീവിതത്തിൽ നിന്നും താൻ മനസ്സിലാക്കിയെടുത്ത അനുഭവമാണ് ഷീലാ ടോമിക്ക്  പറയാനുള്ളത് എന്നർത്ഥം. വയനാടിന്‍റെ സ്ഥലകാലിക(Chronotope)ത്തെ  നോവലിൽ പകർന്നു വയ്ക്കുമ്പോൾ  അത്യപൂർവവും അനിർവചനീയവുമായ എന്തൊക്കെയോ അനുഭൂതികൾ വായനക്കാർക്ക് ലഭിക്കുന്നുണ്ട്.

വയനാട്ടിൽ  വല്ലിക്ക്  ‘സസ്യങ്ങളുടെ  വള്ളി’ എന്നതിനപ്പുറം  മറ്റു ചില അർഥങ്ങൾ കൂടിയുണ്ട്. നെല്ലായിക്കൊടുക്കുന്ന കൂലിക്കും  വയനാട്ടിലെ ഗോത്രജനവിഭാഗങ്ങളിൽപ്പെട്ടവരെ  ഒരു വർഷത്തേക്ക് ജന്മിമാർ പണയത്തിനെടുത്തിരുന്ന  പഴയ സമ്പ്രദായത്തിനും വല്ലി എന്നാണ് പറഞ്ഞിരുന്നത്.  ഏത്  അർഥത്തിലായാലും  വല്ലി എന്ന പേര് നോവലിന് നന്നായി യോജിക്കും. വയനാടിന്റെ സാഹചര്യത്തിലെത്തുമ്പോൾ വ്യത്യസ്തമായ അർത്ഥം ലഭിക്കുന്ന ഒരു വാക്ക് നോവലിന്റെ ശീർഷകമായി കൊടുക്കുന്നതിലൂടെ പ്രദേശത്തെക്കുറിച്ചുള്ള തിരിച്ചറിവാണ്  വിളംബരം ചെയ്യപ്പെടുന്നത്.

പ്രദേശത്തെ, അതിലെ സൂക്ഷ്മഘടകങ്ങളെ, സാകല്യത്തിൽ നിർത്തിക്കാണുന്ന ‘വല്ലി’യുടെ വിവൃതഘടനയും ബഹുസ്വരതയുമാണ്  വയനാട്ടിൽ നിന്നിറങ്ങിയ മുൻകാല നോവലുകളിൽ നിന്ന് ‘വല്ലി’യെ  വ്യത്യസ്തമാക്കുന്നത്.  വയനാട് ഈ നോവലിൽ പ്രാദേശികമായ ഒരു സംഘർഷഭൂമിയായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. മനുഷ്യരും മനുഷ്യരും തമ്മിൽ, ഭിന്നലിംഗത്തിലുള്ളവർ തമ്മിൽ, കുടിയേറ്റക്കാരും കുടിയിറക്കപ്പെടുന്നവരും തമ്മിൽ,  പ്രകൃതിയും മനുഷ്യരും തമ്മിൽ, പ്രകൃതിയെ ചൂഷണത്തിന് വിധേയരാക്കുന്നവരും പ്രകൃതിയെ സ്നേഹിച്ചും  പരിപാലിച്ചും കഴിയുന്നവരും തമ്മിൽ, സാധാരണക്കാരും രാഷ്ട്രീയമാഫിയ സംഘങ്ങളും തമ്മിൽ തുടരുന്ന സംഘർഷങ്ങളിലൂടെ  നോവൽ  മുന്നോട്ട് പോകുന്നു. വയനാടുമായി ബന്ധപ്പെട്ട സകലവിധ ജീവിതപ്രശ്നങ്ങളെയും നോവൽ അഭിസംബോധന ചെയ്യുന്നുണ്ട്. ഇവിടുത്തെ ആദിവാസികൾക്ക്  ജന്മികളുടെയും കുടിയേറ്റക്കാരുടെയും കൃഷിയിടങ്ങളിൽ അടിയാളരായി കഴിയേണ്ടിവന്നതിന്റെ പിന്നിലുള്ള  രാഷ്ട്രീയ സാമൂഹിക കാരണങ്ങൾ എന്തൊക്കെയെന്ന് നോവലിൽ വിചാരണ ചെയ്യപ്പെടുന്നു. വയനാടിനെക്കുറിച്ചുള്ളതല്ലാം  ഈ  നോവലിൽ നിറഞ്ഞുകിടപ്പുണ്ട്, പ്രണയവും വിപ്ലവവും കുടിയേറ്റവും കുടിയിറക്കവും സമകാലിക ജീവിതപ്രതിസന്ധികളും എല്ലാമെല്ലാം. സങ്കീർണമായ  ഈ സാഹചര്യത്തിൽ  എന്തിനെയെങ്കിലും പ്രത്യക്ഷത്തിൽ പിന്തുണയ്ക്കാനോ  വിമർശിക്കാനോ എഴുത്തുകാരി തയ്യാറാകുന്നില്ല. എന്നിരുന്നാലും   രാഷ്ട്രീയവും നൈതികവുമായ ശരികളെക്കുറിച്ചുള്ള അന്വേഷണങ്ങളായി ഈ  നോവൽ പരിണമിക്കുന്നുണ്ട്.

Textനോവലിലെ തൊമ്മിച്ചൻ  എന്ന കഥാപാത്രം വയനാട്ടിലേക്ക് കുടിയേറി വന്നയാളാണ്.  ഇവിടെ ജനിച്ചു വളർന്നവരെപ്പോലെ  കർമ്മംകൊണ്ട് ഇവിടം സ്വന്തമായവർക്കും  ഇവിടത്തെ കാടും പുഴയും തോടും മണ്ണും മനുഷ്യരുമെല്ലാം അനുഭവമായി നിലനിൽക്കുന്നുണ്ട്. നാടിനെക്കുറിച്ച്  ഈ നാട്ടിൽത്തന്നെ ജനിച്ചുവളർന്ന എഴുത്തുകാരി  എഴുതിയത് വായിക്കുമ്പോൾ പ്രദേശങ്ങളും കഥാപാത്രങ്ങളും അടുത്ത്  പരിചയം ഉള്ളതായി തോന്നും. പരിചിതമായ ഇടങ്ങളെ അപരിചിതമാക്കാനും അപരിചിതമായ ഇടങ്ങളെ പരിചിതമാക്കി മാറ്റാനുമുള്ള സാഹിത്യത്തിന്‍റെ എഴുത്തുവിദ്യ ഈ എഴുത്തുകാരിക്ക് നല്ല വശമുണ്ട്.  ഇക്കാലമത്രയും ഈ നാടിനെ കുറിച്ച് കേട്ടറിഞ്ഞതെല്ലാം ക്രോഡീകരിക്കപ്പെട്ട ഒരു നോവൽ പ്രിസമായിട്ടാണ്  നോവൽ  നമ്മുടെ മുന്നിലുള്ളത്.

’വല്ലി’യുടെ നോവലിസ്റ്റ് ഒരു ചരിത്ര നിയോഗമാണ് നിർവഹിക്കുന്നത്. പുരാവൃത്തവും ചരിത്രവും സംസ്കാരവും സമകാലവും  ഒരുപോലെ ആശ്ലേഷിച്ചു കിടക്കുന്ന  ഒരു ഭൂഭാഗത്തെ വാക്കുകളിൽ  വരച്ചിട്ടിരിക്കുകയാണ് ഇവിടെ. അത്തരത്തിൽ വിജയകരമായ ഉദ്യമത്തിലൂടെ   മലയാളനോവൽ സാഹിത്യശാഖയിൽ ഈ നോവൽ  പീഠവത്കരിക്കപ്പെട്ടുവെന്ന് നിസ്സംശയം പറയാം. വയനാടിൻ്റെ ചരിത്രത്തെ, ജൈവമണ്ഡലത്തെ, പലതരം ജീവിതങ്ങളെ ഒന്നായിക്കാണുന്ന ചലച്ചിത്രസമാനമായ ഒരു ദൃശ്യാനുഭവം പകർന്നുതരാൻ ഈ നോവലിന് കഴിയുന്നുണ്ട്.  പശ്ചാത്തലവിവരണം,  ഭാഷ,  ആഖ്യാനശൈലി,  കഥാപാത്രചിത്രീകരണം,  കഥാഗതിയുടെ ആവിഷ്ക്കരണം എന്നിവയിലെല്ലാം പുതുമയുടെ പുതുഗന്ധം പകരുന്ന ഒരു നോവലായി പലരും ഈ നോവലിനെ അടയാളപ്പെടുത്തിക്കഴിഞ്ഞു. ഇത്തരം ഒരു നോവലിൽ സംഭവിക്കാവുന്ന അതിവാചാലതയോ  അതിഭാവുകത്വമോ ‘വല്ലി’യില്ല എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം.  അനർഗ്ഗളമായ ഒരു ഭാഷയിൽ കഥ പറയുമ്പോൾ ആഖ്യാനത്തിലെ പുതുരീതികളിലൂടെ നടക്കാനും എഴുത്തുകാരിയും കഴിയുന്നു.

വയനാടിൻ്റേതെന്ന്  എഴുത്തുകാരിതന്നെ പറയുന്നുണ്ടെങ്കിലും  വയനാട്ടിലേക്ക് മാത്രമായി ഈ നോവലിനെ  ചുരുക്കിക്കാണാവുകയില്ല.  ഏതെങ്കിലും ഒരു ചെറിയ ഇടത്തിലേക്ക് ചുരുങ്ങിപോവുകയല്ല കാലത്തിൽ നിന്നും സ്ഥലത്തിൽ നിന്നും വളർന്നു വിടർന്നുവരികയാണ് ഈ നോവൽ.  ചരിത്രവും മനുഷ്യജീവിതവും സന്നിവേശിക്കപ്പെടുമ്പോഴും  ഓരോ വാക്കും വാക്യവും അതീവ സൂക്ഷ്മതയോടെ ഈ നോവലിൽ  എഴുതപ്പെട്ടിരിക്കുന്നു.

ആഴവും സൂക്ഷ്മതയുള്ള ഒരു പരിസ്ഥിതി നോവലാണ് ‘വല്ലി’. പരിസ്ഥിതിബോധത്തിൽ അധിഷ്ഠിതമായ ദേശമെഴുത്ത് അഥവാ ദേശചരിത്രമെഴുത്ത് എന്ന ഗണത്തിൽ പെടുത്താവുന്ന ഒരു നോവലാണ്  ‘വല്ലി’യെന്ന്  ഇതോടെ വിലയിരുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.  1970കൾക്കു ശേഷം വയനാടൻ ജീവിതത്തിനും പ്രകൃതിക്കും വന്നുചേർന്ന രൂപപരിണാമത്തെക്കുറിച്ചും വിനാശകരമായ അധികാര ആധിപത്യങ്ങൾക്കുമെതിരെ സർവ്വശക്തിയുമെടുത്ത് പൊരുതുന്ന കുറെ മനുഷ്യരെക്കുറിച്ചുള്ള കഥകൾ ഇതിലുണ്ട്. മുദ്രാവാക്യമോ ആക്രോശമോ ആഹ്വാനമോ  ആയി മാറാതെ കാലം ആവശ്യപ്പെടുന്ന തിരിച്ചറിവുകളിലാണ് നോവൽ സഞ്ചരിക്കുന്നത്. പ്രകൃതിയെക്കുറിച്ച്,  കാടിനെക്കുറിച്ച്,  മലകളെക്കുറിച്ച്, ആകാശത്തെക്കുറിച്ച്,  മണ്ണിനെക്കുറിച്ച്,  അനന്തകോടി ജീവജാലങ്ങളെക്കുറിച്ച് നോവലിൽ എഴുതപ്പെടുന്നുണ്ട്. പ്രകൃതിയിലുണ്ടാകുന്ന ഓരോ ചലനങ്ങളെയും രൂപഭാവങ്ങളെയും കുറിച്ച് കഥാപാത്രങ്ങളിലൂടെ എഴുത്തുകാരിയും എഴുത്തുകാരിയിലൂടെ കഥാപാത്രങ്ങളും  സംസാരിച്ചു കൊണ്ടിരിക്കുന്ന രീതിയാണ് നോവലിൽ ഉടനീളമുള്ളത്. ഇത് വെറും കാഴ്ചകളുടെ, ഉപരിപ്ലവമായ വർണ്ണങ്ങളുടെ സംഘാതമല്ല. കഥയിലൂടെ, കഥാപാത്രങ്ങളിലൂടെ ചുറ്റുപാടിന്‍റെ സൂക്ഷ്മവിശകലനങ്ങളിലേയ്ക്ക് കടക്കുന്നു എന്നതാണ് ഇതര പരിസ്ഥിതി നോവലുകളിൽ നിന്ന് ‘വല്ലി’യെ വ്യത്യസ്തമാക്കുന്നത്. ഏതെങ്കിലും പരിസ്ഥിതിദർശനത്തെ ആധാരമാക്കി ആ വഴിക്ക് രചിച്ച നോവലുമല്ല ഇത്. സ്വന്തം പരിസരങ്ങളെ സ്ത്രീപക്ഷത്തുനിന്ന് സൂക്ഷ്മവായന നടത്തിയതിലൂടെ നേടിയെടുത്ത സ്വയം പരീക്ഷിതമായ  ഒരു പരിസ്ഥിതിദർശനമത്രേ ഇതിലേത്. പരിസ്ഥിതിയെക്കുറിച്ച് വൃഥാവിലാപം നടത്തുന്ന കേവലമായ ഒരു പരിസ്ഥിതി വാദവുമല്ല ഈ നോവലിലുള്ളത്. സ്ത്രീപക്ഷത്തു നിന്ന് ഹരിതരാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ കുടിയേറ്റക്കാരിയെന്ന സ്വത്വത്തെ  മാറ്റിവയ്ക്കാനും എഴുത്തുകാരി തയ്യാറാകുന്നില്ല. നമ്മുടെ സംസ്കാരത്തിന്റെയും സാംസ്കാരിക വ്യവഹാരങ്ങളുടെയും മേൽ സാഹിത്യത്തിന്റെ ഒരു സാംസ്കാരിക പാരിസ്ഥിതിശാസ്ത്രത്തെ അവരോധിക്കാൻ പ്രാപ്‌തമാണ് ഈ നോവൽ.

അധിനിവേശവും കുടിയേറ്റവും ഒക്കെ കാലാകാലങ്ങളായി മണ്ണിനോട് നടത്തിയ അതിക്രമങ്ങളെ സ്ത്രീപക്ഷത്തു നിന്ന് വിചാരണ ചെയ്യുന്നു എന്നതാണ് ‘വല്ലി’യെ ഈ ജനുസ്സിൽപ്പെട്ട മറ്റ് കൃതികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. നഗരത്തിലെ ഫ്ലാറ്റുകളിൽ ഇരുന്ന് പരിസ്ഥിതിസംരക്ഷണത്തിന്‍റെ മഹത്വത്തെക്കുറിച്ച് ഗീർവാണങ്ങൾ പറയുന്ന അർബൻ മിഡിൽക്ലാസ് പരിസ്ഥിതിവാദികളുടെ ഭാഷയോ ആശയങ്ങളോ അല്ല ഇതിലുള്ളത്. നഗ്നപാദയായി മണ്ണിൽ ഇറങ്ങി നടക്കുന്ന ഒരു നാട്ടിൻപുറത്തുകാരിയുടെ മനസ്സ് ഈ നോവലിൽ ഉടനീളമുണ്ട്. കുടിയേറ്റക്കാരിയായ നാട്ടിൻപുറത്തുകാരി ആദ്യമായാണ് പെൺപക്ഷത്തുനിന്ന് മൺപക്ഷത്തെക്കുറിച്ച് സംസാരിക്കുന്നത്. മനുഷ്യനുമേൽ പ്രകൃതിയെ പ്രതിഷ്ഠിച്ച് അതിനെ മഹത്വവൽക്കരിക്കാനോ പ്രകൃതിക്കുമേൽ അധിനിവേശം നടത്തുന്ന മനുഷ്യനെ അംഗീകരിക്കാനോ ഇവിടെ ശ്രമിക്കുന്നില്ല. മണ്ണിൽ മനുഷ്യർക്ക് ചെയ്യേണ്ടിവരുന്ന അധ്വാനത്തിന്‍റെ വില അറിഞ്ഞുകൊണ്ടാണ് കുടിയേറ്റക്കാരുടെ കണ്ണിലൂടെ നോവൽ വിരിഞ്ഞു വരുന്നത്. മണ്ണിനോടും മറ്റും മനുഷ്യരോടും സഹഭാവനയോടെ ഇടപെടുന്ന ആർദ്രതയും നന്മയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് പരിസ്ഥിതിയുടെ പ്രതിസംസ്കൃതിക്കുവേണ്ടി ഷീലാ ടോമി ഈ നോവൽ എഴുതിയിരിക്കുന്നത്. സാറയിലൂടെ, സൂസനിലൂടെ, ടെസ്സയിലെത്തുന്ന പെൺപക്ഷ പരിസ്ഥിതിബോധത്തിന് സമാന്തരമായി തൊമ്മിച്ചനിലും പീറ്ററിലും  പത്മനാഭനിലും  പരിസ്ഥിതി ബോധത്തിൻ്റെ പ്രതിസംസ്കൃതിയെ അനുവാചകർക്ക് വായിച്ചെടുക്കാവുന്നതാണ്. കാർഷിക ഗ്രാമീണ വ്യവസ്ഥിതിയുടെ ഭാഗമായി നിൽക്കുന്ന ഒരു പ്രകൃതിയെ സൂക്ഷ്മമായി വായിക്കുന്ന, പ്രകൃതിയുടെയും പരിസ്ഥിതിയുടെയും വിനാശത്തിനെതിരെ കർതൃത്വമേറ്റെടുക്കുന്ന അസംഖ്യം സ്ത്രീകഥാപാത്രങ്ങൾ ഈ നോവലിൽ  ശക്തിയും ചൈതന്യവും പകർന്നുകൊണ്ട് നിൽക്കുന്നു. പ്രാദേശികമായ ചെറുത്തുനിൽപ്പുകളുടെ കഥകളാണ് ഇതിലെ പല ഉൾക്കഥകളും. ഭാഷയിലെ, സാഹിത്യത്തിലെ കോയ്മകൾക്കെതിരെ നിൽക്കുന്ന ഒരു നോവലായി ‘വല്ലി’  മാറിയിരിക്കുന്നു.

കല്ലുവയൽ എന്ന കുടിയേറ്റഗ്രാമമാണ് ഈ നോവലിൻ്റെ കേന്ദ്രസ്ഥാനത്തു നിൽക്കുന്ന ഇടം. ഗണിതത്തിലെ ചരം പോലെയാണ് കല്ലുവയൽ എന്ന ഈ സ്ഥലം നോവലിൽ വരുന്നത്. ഏതു മലനാട്ടിലും ഒരു കല്ലുവയലുണ്ട്.  ലോകത്തിലെ ഏത് കോണിലെയും പോലെ  പരിസ്ഥിതിദുർബലമായ പ്രദേശമാണിത്.  കല്ലുവയൽ എന്ന യഥാർഥദേശത്തിൻ്റെ ‘യഥാർഥ’ജീവിതമോ ‘യഥാർഥ’ ചരിത്രമോ എഴുതിവച്ചിരിക്കുകയല്ല ഈ നോവലിൽ. കല്ലുവയൽ  എന്ന പ്രദേശനാമത്തിലൂടെ  വയനാട്ടിലെ ഏതൊരു സ്ഥലത്തെയും പ്രതീകവൽക്കരിക്കാൻ നോവലിസ്റ്റിന്  കഴിയുന്നു എന്ന് പറയാം.

സൂക്ഷ്മതകൊണ്ടാണ്  പ്രാദേശികമായ സ്വത്വത്തെ  ആവിഷ്ക്കരിക്കാൻ എഴുത്തുകാർക്ക് കഴിയുന്നത്.  ഭാവനയെ  യാഥാർത്ഥ്യത്തിൽ നിന്നോ  ചരിത്രത്തെ പുരാവൃത്തത്തിൽ നിന്നോ വ്യക്തികളെ സമഷ്ടിയിൽ നിന്നോ  മനുഷ്യരടക്കമുള്ള ജീവജാലങ്ങളെ പ്രകൃതിയിൽ നിന്നോ ഈ നോവലിൽ നിന്ന്  ഇഴപിരിച്ചെടുക്കാനാവുകയില്ല. വ്യക്തികളുടെ ആന്തരികജീവിതത്തെ സമകാലിക ചരിത്രസന്ദർഭത്തിൽ നിർത്തി അവതരിപ്പിക്കുന്ന നോവൽ അതിസങ്കീർണ്ണമായ ആഖ്യാനവഴികളിലൂടെയാണ് മുന്നേറുന്നത്. ആഖ്യാനത്തിലെയും ഭാഷയിലെയും സൂക്ഷ്മതയാണ് നോവലിൻ്റെ കരുത്ത്. രേഖീയമായ ഒരു കഥ പറച്ചിൽ രീതിയല്ല ഈ നോവലിലുള്ളത്. കാട്ടിലെ വള്ളിപ്പടർപ്പുകൾ പോലെ വൻമരങ്ങളോടും ചെറു മരങ്ങളോടും സസ്യങ്ങളോടും ചുറ്റിപ്പടർന്ന്  ചേർന്ന് ശാഖാചംക്രമണം ചെയ്യുന്ന രീതിയാണ് കഥാഖ്യാനത്തിനുള്ളത്. കഥകളും ഉപകഥകളും മിത്തുകളും ചരിത്രനുറുങ്ങുകളും പാഠാന്തരബന്ധം നൽകുന്ന ഒട്ടേറെ ആഖ്യാനബിന്ദുക്കളും പാട്ടുകളും സംഭാഷണങ്ങളുമൊക്കെ നോവൽ ശരീരത്തിൽ വേണ്ടുവോളമുണ്ട്. അവയൊന്നും നോവൽ ശരീരത്തിൽ നിന്ന് വേറിട്ട്  മുഴച്ചു നിൽക്കുകയോ അനാകർഷകമായി നിൽക്കുകയോ ചെയ്യുന്നില്ല. ആഖ്യാനത്തിലെ വ്യത്യസ്തമായ അടുരുകളും പാളികളുമുണ്ടാവുമ്പോഴും അതിനെ ഒരു സാകല്യത്തിൽ നിർത്താനും നോവലിസ്റ്റിനു കഴിയുന്നുണ്ട്.

വയനാടിനെക്കുറിച്ചോർക്കുമ്പോൾ ഒരാളുടെ മനസ്സിലേക്ക് കടന്നു വരുന്നതെല്ലാം നോവലിൽ  പലയിടങ്ങളിലായി ചേർത്തുവച്ചിട്ടുണ്ട്. ഇവിടുത്തെ പ്രാചീന സംസ്‌കൃതി,  ഏ  വർഗീസിന്റെ രാഷ്ട്രീയ പ്രക്ഷോഭങ്ങൾ, കെ ജെ ബേബിയുടെ കനവ്, ആദിവാസി മുന്നേറ്റങ്ങൾ … അങ്ങനെ പലതും.  വയനാട്ടിലെ അടിയരുടെ പെരുമനായിരുന്ന ഏ വർഗീസിന്റെ വിപ്ലവശ്രമങ്ങളും അദ്ദേഹത്തിന്റെ ഹത്യയും തുടർന്നുള്ള സംഭവവികാസങ്ങളും നോവലിൽ പലയിടങ്ങളിലായി  പരാമർശിക്കപ്പെടുന്നുണ്ട്. ആദിവാസി ബദൽ വിദ്യാഭ്യാസത്തിന്റെ  നല്ല മാതൃകയായ കെ  ജെ ബേബിയുടെ ‘കനവ്’ കടോരം സ്‌കൂളായി നോവലിൽ വരുന്നുണ്ട്.  പ്രദേശത്തെ എഴുതുന്നു എന്നു ഭാവിക്കുന്ന പല നോവലുകളും അവിടുത്തെ ചില വ്യക്തികളെ, സംഭവങ്ങളെ അതിഭാവുകത്വത്തോടെ  അവതരിപ്പിക്കുകയും പൊയ് കാലുകളിൽ നിർത്തി കഥാപാത്രങ്ങളായി ആദർശവൽക്കരിക്കുകയും ചെയ്യാറുണ്ട്. ‘വല്ലി’യിലെ കഥാപാത്രങ്ങൾ മനുഷ്യജീവിതത്തിലെ സൂക്ഷ്മതലങ്ങളിലേക്ക്, അവരുടെ വൈകാരിക മാനസികതലങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്നവയാണ്. സമൂഹത്തിലെ വ്യത്യസ്ത ജാതി മതവിഭാഗങ്ങളിൽ ജീവിക്കുന്നവരെ വെറുതെ പരിചയപ്പെടുത്തി വയ്ക്കുന്നതിന് പകരം ഇവിടുത്തെ മനുഷ്യരുടെ  ജീവിതസമസ്യകളെ   ആഴത്തിലിറങ്ങി അവതരിപ്പിക്കാനാണ്  നോവലിസ്റ്റിനു താല്പര്യം.   പ്രധാന കഥാപാത്രങ്ങളെപ്പോലെ  അപ്രധാനകഥാപാത്രങ്ങളെയും  സൂക്ഷ്മമായി അവതരിപ്പിക്കാനും അവരെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാനും എഴുത്തുകാരിക്ക് കഴിയുന്നുണ്ട്. വയനാടിന്റ പ്രാദേശികജീവിതത്തിൽ കാണുന്ന വ്യത്യസ്ത സാമൂഹികവിഭാഗങ്ങളെ വായിച്ചെടുക്കാനുള്ള ഗ്രാഹകശേഷിയുള്ളതുകൊണ്ട് ഗോത്രജനത, കുടിയേറ്റ ക്രിസ്ത്യൻ ജനത, ഭൂവുടമകളുടെയും അധികാരികളുടെയും പിൻതലമുറക്കാരായ സവർണ്ണഹിന്ദുക്കൾ  എന്നിവരിൽ നിന്നെല്ലാം ധാരാളം കഥാപാത്രങ്ങൾ ഈ നോവലിൽ വന്നുപോകുന്നുണ്ട്.  ഇക്കുട്ടത്തിലെ സ്ത്രീകള അവതരിപ്പിക്കുമ്പോഴാണ് കൂടുതൽ ഊർജ്ജം സംഭരിക്കുന്നത്. വയനാട്ടിലെ മനുഷ്യരെ അവതരിപ്പിക്കുന്ന പല നോവലുകളിലും കണ്ടുവരുന്നത് കുറെയേറെ സ്റ്റീരിയോടൈപ്പുകളായ കഥാപാത്രങ്ങളെയാണ്. ‘വല്ലി’യിലെ കഥാപാത്രങ്ങൾ  അപ്രകാരം ടൈപ്പു കഥാപാത്രങ്ങളല്ല, പ്രത്യേകിച്ച് സ്ത്രീകഥാപാത്രങ്ങൾ. കഥാപാത്രങ്ങളുടെ സ്വഭാവം രേഖീയമോ പ്രവചനീയമോ അല്ല. കഥയോടൊപ്പം വളരുന്ന കഥാപാത്രങ്ങൾ എന്നതാണ് അവരുടെ സ്വഭാവം. കുടിയേറ്റക്കാരായ കഥാപാത്രങ്ങളെ മാത്രമെടുത്താലും ഭിന്നസ്വഭാവക്കാരുടെ ഒരു നീണ്ടനിര തന്നെ കണ്ടെടുക്കാൻ കഴിയും. സ്വർത്ഥരും ചതിയരും നിഷ്ഠൂരരും ദുഷ്ടബുദ്ധികളുമായവരെപ്പോലെ സ്നേഹസമ്പന്നനും നീതിനിഷ്ഠരും നന്മയുള്ളവരുമൊക്കെ  കഥാപാത്രങ്ങളായി നിറഞ്ഞു നിൽക്കുകയാണ് ഈ നോവലിൽ. ഓരോ അവസ്ഥകളോട് സ്വാഭാവികമായി പ്രതികരിക്കുമ്പോൾ അവർക്കുണ്ടാകുന്ന വ്യത്യാസങ്ങളാണ് കഥാപാത്രഗതിയിൽ മാറ്റങ്ങളുണ്ടാക്കുന്നത്. അവരുടെ താൽപര്യങ്ങളും ചിന്തകളും പെരുമാറ്റങ്ങളും ഒന്നും ഒരിക്കലും ഒരുപോലെയല്ല.

കുടിയേറ്റത്തെക്കുറിച്ച് നിലവിൽ ഒട്ടേറെ ആഖ്യാനഭേദങ്ങളുണ്ട്. എസ്  കെ പൊറ്റക്കാട്ടു  മുതൽ കെ ജെ ബേബി വരെയുള്ള നോവലിസ്റ്റുകൾ, കുടിയേറ്റക്കാരുടെ പക്ഷം പിടിക്കുന്ന കുടിയേറ്റക്കാരായ എഴുത്തുകാർ, മലയോരങ്ങളിലെ  ക്രിസ്ത്യൻ  പുരോഹിതന്മാർ, ജന്മി-നാടുവാഴിത്ത സമ്പ്രദായത്തെ മനസ്സിൽ സൂക്ഷിക്കുന്നവർ, പരിസ്ഥിതിവാദികൾ, അക്കാദമിക് പണ്ഡിതന്മാരും ഗവേഷകരും അങ്ങനെ നിരവധി ആളുകൾ. കുടിയേറ്റത്തെക്കുറിച്ച്, കുടിയേറ്റം പ്രകൃതിക്കും മനുഷ്യനും  നൽകിയ ആഘാതത്തെക്കുറിച്ചുള്ള വ്യവഹാരരൂപീകരണങ്ങൾ നടത്തിയത് ഇവരെല്ലാം ചേർന്നാണ്. ഇത്തരം അഭിപ്രായ രൂപീകരണം നടത്തുമ്പോഴൊക്കെ സ്ത്രീകളുടെ ആഖ്യാനത്തിൻ്റെ  അഭാവം വ്യക്തമായിരുന്നു. അത്തരമൊരു വിടവ് നികത്താൻ കുടിയേറ്റത്തെക്കുറിച്ച്  സ്ത്രീപക്ഷത്തുനിന്നും ദളിത്പക്ഷത്തുനിന്നുമുള്ള ഒരു മറു ആഖ്യാനം ചെയ്യാൻ ഷീലാ ടോമിക്ക്  ‘വല്ലി’യിലൂടെ കഴിഞ്ഞിരിക്കുന്നു. കുടിയേറ്റക്കാരിലെ വിജയികളെപ്പോലെ അവരിൽ നിന്നുള്ള പരാജിതരെയും പലതും നഷ്ടപ്പെട്ടവരെയും നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. ‘

വല്ലി’ സൂക്ഷ്മതയുടെ പുസ്തകമാകുന്നത് പല നിലയ്ക്കാണ്. ഒന്ന്:  പ്രകൃതിയെ/ അതിലെ ജീവജാലങ്ങളെ സൂക്ഷ്മമായി കാണുന്നു.  രണ്ട്:  ചരിത്രത്തെയും വർത്തമാനകാലത്തെയും കൃത്യമായി സൂക്ഷ്മമായി സന്നിവേശിപ്പിച്ചിരിക്കുന്നു. മൂന്ന്:  കഥാപാത്രങ്ങളെ സൂക്ഷ്മമായി കാണുകയും വിശദാംശങ്ങൾ പറയുകയോ സൂചിപ്പിക്കുകയോ ചെയ്യുന്നു.  നാല്:  ഏറ്റവും പുതിയ അഖ്യാനരീതികൾ  അവലംബിക്കുമ്പോൾപോലും മൊത്തം കഥാശരീരത്തിന് യാതൊരുവിധ അലോസരവും  സൃഷ്ടിക്കുന്നില്ല. രേഖീയമല്ലാത്ത കഥാഖ്യാനം നടത്തുമ്പോഴും പൊരുത്തകേടുകളോ ശ്രുതിഭംഗങ്ങളോ നോവലിൽ വരുന്നില്ല. എന്തെങ്കിലും എഴുതിക്കൂട്ടിക്കളയാമെന്നുവച്ചോ അനാവശ്യമായ കൂട്ടിചേർക്കാമെന്നു വച്ചോ ചേർത്തവയൊന്നും ഈ നോവലില്ല.  പഴയകാലത്ത് മരത്തിലും ആനക്കൊമ്പിലും ലോഹങ്ങളിലും  കരിങ്കല്ലിലുമൊക്കെ കൊത്തുപണി ചെയ്തിരുന്ന  കരകൗശലവിദഗ്ദ്ധരുടെ സൂക്ഷമതയാണ് ഈ നോവലിസ്റ്റിനുള്ളത്. സൂക്ഷ്മതയുടെ ആഖ്യാനമാണ് ‘വല്ലി’. പ്രാന്തവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതങ്ങളെ, അവരുടെ ജീവിത സമസ്യകളെ  സാംസ്കാരിക വൈവിധ്യങ്ങളെ ആഴത്തിൽ അറിയുകയും അവതരിപ്പിക്കുകയും ചെയ്യുന്നതാണ്  ‘വല്ലി’യുടെ വൈശിഷ്ട്യം.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

(കടപ്പാട് സഹിത്യലോകം, കേരള സാഹിത്യ അക്കാദമി ജേണല്‍)

 

 

                                                                                                                 

Comments are closed.