DCBOOKS
Malayalam News Literature Website

‘വല്ലി’; സാഹിത്യ ചര്‍ച്ചകളില്‍ മുന്‍ നിരയില്‍ ഉണ്ടാവേണ്ട നോവൽ

ഷീല ടോമിയുടെ വല്ലി എന്ന നോവലിന്  അനുപ സക്കറിയ എഴുതിയ വായനാനുഭവം

ഷീലാ ടോമിയുടെ ‘വല്ലി ‘ വായിച്ചു. അത്ഭുതമാണ് എനിക്ക്! ഇങ്ങനെ മനുഷ്യനെയും പ്രകൃതിയെയും ഇണക്കിച്ചേര്‍ത്തു മനോഹരമായി തീര്‍ന്ന ഈ നോവല്‍ ഒരു സാധാരണ എഴുത്തു അല്ല. കഥാകാരിയുടെ ഉള്ളിലെ അഗ്‌നിയുടെ ചൂടും വെളിച്ചവും വായനക്കാരില്‍ എത്തുന്നു. കഥയെന്നല്ല ഒരു കാലം എന്നോ ഒരു യുഗം എന്നോ ഒക്കെ ഒരു ചിന്ത. കല്ലുവയല്‍ എന്ന വയനാടന്‍ ഗ്രാമത്തിലെ കുറെ ആളുകളുടെ ജീവിതം ആ നാടിന്റെ ഭൂപ്രകൃതി, മനുഷ്യന്‍ സ്വാര്‍ത്ഥതക്കു വെട്ടി പിടിക്കുന്ന കാടും അതിന്റെ അവകാശികളും….കഥകള്‍ എന്നും മനുഷ്യന്റെ Textജീവിതവും വിചാര വികാരങ്ങളും മാത്രമായി ചുരുക്കി പറയുന്ന ലോകത്തുനിന്ന്,  പ്രകൃതിയുടെ ഓരോ ചെറുചലനങ്ങള്‍ പോലും ശ്രദ്ധാപൂര്‍വം ജീവിതമായി ഇണങ്ങി ചേര്‍ത്തപ്പോള്‍, ഒരു മനോഹരമായ ഭൂപ്രദേശത്തു കബിനിക്കും കാറ്റിനും കാടിനും ഒപ്പം വസിക്കുന്ന മനുഷ്യന് പ്രകൃതിയുടെ നിറവും മണവും ആണെന്ന് തോന്നി.

ഒരു കുടിയേറ്റ ഭൂമിക്കു ഉണ്ടാകുന്ന എല്ലാ മുറിപ്പാടുകളും കല്ലുവയലിനും ഉണ്ടായിരുന്നു. ആ മുറിപ്പാടുകള്‍ ഉണക്കുവാന്‍ കുറെ നല്ല മനസ്സിന് ഉടമകളും. പപ്പന്‍ മാഷ്, തൊമ്മിച്ചന്‍ ഇസബെല്ലാ, ബസവന്‍, പീറ്റര്‍, ജെയിംസ്, ഉമ്മിണി താറാ, ലൂസിഅമ്മ, സാറ പേമ്പി, മൂപ്പന്‍, മുല്ലക്കാട്ടില്‍ അച്ഛന്‍ ……….ഇങ്ങനെ പോകുന്നു. ഏതൊക്കെയോ നാട്ടില്‍ നിന്നും ജീവിതം സ്വപ്നം കണ്ടു അദ്ധ്വാന ശീലരായ കുടിയേറ്റക്കാര്‍ കാട് തെളിച്ചു നാടാക്കി മാറ്റുന്നു, അവിടെ ശബ്ദമില്ലാതെ അന്യവല്‍ക്കരിക്കപെടുന്നവര്‍ കാടിന്റെ മക്കള്‍! ആരാണ് ശരി? ആരാണ് തെറ്റ്? ഉത്തരം പറയുന്നത് പലപ്പോഴും പ്രകൃതിയാണ്, വിണ്ടുകീറലിലൂടെ നെഞ്ചു കത്തി കരിഞ്ഞു, അവസാനം കബനിയുടെ കുതിപ്പില്‍ ഒക്കെയും ശുദ്ധീകരിക്കപ്പെടുന്നു. മനോഹരമായ ഒരു ക്ലൈമാക്‌സ്. അതങ്ങനെ തന്നേ ആവട്ടെ.

ടെസ എന്ന പുതിയ തലമുറയിലെ protagonits-ല്‍ തുടങ്ങി പഴയ തലമുറയിലെ സൂസന്‍, സാറ, അന്നക്കുട്ടി ആദ്യകാല കുടിയേറ്റ പരമ്പരയിലെ തെരുതിയമ്മയുടെ വരെ ജീവിതം തങ്ങളുടെ കാലത്തിനു തികച്ചും അനുയോജ്യമായ സംഭവങ്ങളിലൂടെ വരച്ചു കാണിക്കുന്നതില്‍ കഥാകാരിയുടെ കഴിവിനെ അഭിമാനത്തോടെയാണ് നോക്കി കാണേണ്ടത്.

പാരമ്പര്യം കൊട്ടിഘോഷിക്കുന്ന ഇന്നു, രക്ത ബന്ധങ്ങളുടെ നിസ്സാരതയും ആത്മാര്‍ഥ മനുഷ്യ ബന്ധങ്ങളുടെ കാതലും നമുക്ക് കാണിച്ചു തരുന്ന ധാരാളം രംഗങ്ങളും കഥാപാത്രങ്ങളും ഇതില്‍ ഉണ്ട്. ആഭ, തൊമ്മിച്ചന്‍ പപ്പന്‍ ബസവന്‍ പീറ്റര്‍, ബെല്ല ഒക്കെ കണ്മുന്‍പില്‍ നില്‍ക്കുന്നു. സൂസന്‍ മമ്മ ഇടയ്ക്കു അയക്കുന്ന ഇമെയില്‍ സന്ദേശങ്ങള്‍, ചില ഇടങ്ങളില്‍ ഭാവിയെക്കുറിച്ചുള്ള സൂചനകള്‍ ഒക്കെ ഷീലയുടെ എഴുത്തിലെ മനോഹരമായ രീതിയായി നില്‍ക്കുന്നു. കാടിന്റെ ഭാഷ, കാടിന്റെ പാട്ടുകള്‍, കഥകള്‍ ഒക്കെ രസകരമായി കൊണ്ടുവന്നിരിക്കുന്നു. ഒരു കഥക്കുള്ളില്‍ എത്ര കൊച്ചു കൊച്ചു കഥകള്‍! വാക്കുകള്‍ക്കു അതീതം എന്നെ പറയുവാന്‍ പറ്റൂ.

പ്രകൃതി എന്നാല്‍ നമുക്ക് വെളിയില്‍ നാം അല്ലാത്ത എന്തോ എന്നാണ് പലപ്പോഴും നമ്മുടെ ഒരു ധാരണ. ഈ നോവല്‍ നമ്മുക്ക് മുന്‍പില്‍ വയ്ക്കുന്ന ഭൂമികയില്‍ കാറ്റിനും കിളികള്‍ക്കും മണ്ണിനും പുഴയ്ക്കും കാടിനും വെയിലിനും മഴക്കുമിടയിലെ കേവലം നിസ്സാരമായ ഒരു സാന്നിധ്യം മാത്രമാണ് നമ്മള്‍ മനുഷ്യര്‍. അതറിയാതെ അഹങ്കരിക്കരുത് എന്നൊരു താക്കീതാണ് ‘വല്ലി ‘. സാഹിത്യ ചര്‍ച്ചകളില്‍ മുന്‍ നിരയില്‍ ഈ നോവല്‍ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

 

Comments are closed.