DCBOOKS
Malayalam News Literature Website

വില്യം ഗോള്‍ഡിങ്ങിന്റെ കൃതികള്‍

1983-ലെ നോബല്‍ സമ്മാനം ലഭിച്ച വില്യം ഗോള്‍ഡിങ്ങിന്റെ ഈച്ചകളുടെ തമ്പുരാന്‍ 1984-ല്‍ മലയാളത്തിലെത്തി. പി. എ. വാരിയര്‍ ആയിരുന്നു വിവര്‍ത്തകന്‍. ആ കൃതി അവതരിപ്പിച്ചുകൊണ്ടും വില്യം ഗോള്‍ഡിങ്ങിന്റെ രചനാലോകം പരിചയപ്പെടുത്തിക്കൊണ്ടും ഡോ. കെ അയ്യപ്പപ്പണിക്കര്‍ എഴുതിയ പഠനത്തില്‍നിന്നുള്ള ഒരു ഭാഗം

‘ലോഡ് ഓഫ് ദ ഫ്ലൈസ്’ എന്ന കൃതി പ്രസിദ്ധീകരിച്ച് മൂന്നു ദശകം കഴിയാറായപ്പോഴാണ് അതിന്റെ കര്‍ത്താവായ വില്യം ഗോള്‍ഡിങ് എന്ന ഇംഗ്ലിഷ് നോവലിസ്റ്റിന് നോബല്‍ സമ്മാനം ലഭിക്കുന്നത്. ഗ്രന്ഥകര്‍ത്താവിന്റെ ജീവിതകാലത്തുതന്നെ ഒരു ക്ലാസിക് ആകാന്‍ കഴിഞ്ഞ അപൂര്‍വം ചില ഇംഗ്ലിഷ് കൃതികളിലൊന്നാണത്. കാര്യകാരണബദ്ധമായ സംഭവങ്ങളുടെ ഒരു ശൃംഖലകൊണ്ടു കഥ പറഞ്ഞൊപ്പിക്കുക എന്നതിലുപരിയായി ഭൗതികപ്രപഞ്ചത്തെയും സമകാലിക സമൂഹത്തെയും വ്യക്തിഗതബന്ധങ്ങളെയും സൂക്ഷ്മതരമായി അപഗ്രഥിക്കുവാനും ഉദ്ഗ്രഥിക്കുവാനും ശ്രമിക്കുന്ന ഒരു കൃതി എന്ന നിലയില്‍ കഴിഞ്ഞ മുപ്പതു കൊല്ലത്തിനിടയില്‍ അപഭ്രംശം സംഭവിക്കാത്ത യശസ്സു നേടിയിട്ടുണ്ട്, ‘ലോഡ് ഓഫ് ദ ഫ്ലൈസ്’. നോബല്‍ സമ്മാനംകൊണ്ട് ആ നോവലിന്റെ മഹത്ത്വം വര്‍ദ്ധിക്കുന്നില്ല എങ്കിലും കൂടുതല്‍ ആളുകളുടെ ശ്രദ്ധ
ആകര്‍ഷിക്കാന്‍ ഈ സമ്മാനംകൊണ്ട് അതിനുകഴിഞ്ഞു എന്നു വന്നേക്കും. ഗ്രന്ഥകാരന്റെ പ്രശസ്തി ഗ്രന്ഥത്തിനു ഗുണപരമായമെച്ചം നേടിക്കൊടുത്തില്ലെങ്കിലും പ്രസിദ്ധിയുംപ്രചാരവും ലഭ്യമാക്കുമെന്നുള്ളതിനു സംശയമില്ല.

സാന്ദ്രതയും ലാളിത്യവും

തന്റെ സമകാലികരായ നോവലെഴുത്തുകാരില്‍നിന്ന് പല വിധത്തിലും വ്യത്യസ്തനാണ് ഗോള്‍ഡിങ്. ‘എ’യും Text‘ബി’യും കൂടി ‘പി’യില്‍വെച്ചു കണ്ടുമുട്ടിയെന്നും ‘എ’ കുറേക്കാലം കഴിഞ്ഞ് ‘ക്യു’വില്‍ വെച്ച് ‘സി’യുമായി പരിചയപ്പെടുന്നതോടെ ‘ബി’യുമായി അകലാന്‍ തുടങ്ങിയെന്നും ‘ബി’യുടെ സാമര്‍ത്ഥ്യംകൊണ്ടോ ‘എ’യുടെ ഭാഗ്യം കൊണ്ടോ അപകടമൊന്നും സംഭവിക്കാതെ അവര്‍ ഒന്നിച്ചുതന്നെ അനേകം വര്‍ഷം ജീവിച്ചു എന്നും പറയുന്ന തരത്തിലുള്ള ഒരു തലം ‘ലോര്‍ഡ് ഓഫ് ദി ഫ്ലൈസി’നുണ്ട്. എങ്കിലും അതല്ല, ഗോള്‍ഡിങ്ങിന്റെ ലക്ഷ്യം എന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന തരത്തില്‍ മറ്റ് അര്‍ത്ഥതലങ്ങളും കണ്ടെത്താന്‍ ജിജ്ഞാസുവായ വായനക്കാരനെ പ്രേരിപ്പിക്കുന്ന അനേകം ഘടകങ്ങള്‍ ഈ കൃതിയിലുണ്ട്. ആദ്യവായനയ്ക്കു പിടികിട്ടുന്നതിലുപരിയായി പല പുതിയ കാര്യങ്ങളും പിന്നീട് ഓരോ പ്രാവശ്യം വായിക്കുമ്പോഴും അനുഭവിക്കാന്‍ കഴിയുന്ന ഭാവവിശേഷങ്ങള്‍ അതില്‍ നമുക്കു കാണാം. ഒരേസമയം സാന്ദ്രതയും ലാളിത്യവും പ്രത്യക്ഷപ്പെടുന്ന ഒരു കൃതിയാണ് അത്. കഥാകാരന്റെ കരവിരുതിലൊതുങ്ങാത്ത ഒരു സര്‍ഗ്ഗശക്തി അവിടെ നമുക്കു കാണാന്‍ കഴിയും.

1954-ല്‍ ‘ലോര്‍ഡ് ഓഫ് ദി ഫ്ലൈസ്’ എന്ന കൃതി പ്രസിദ്ധീകരിച്ചതിനുശേഷം ‘ദി ഇന്‍ഹെ റിട്ടേഴ്‌സ്’, ‘പിഞ്ചര്‍ മാര്‍ട്ടിന്‍’, ‘ദി സ്പയര്‍’, ‘ദി പിരമിഡ്’, ‘ദി സ്‌കോര്‍പിയന്‍ ഗോഡ്’ തുടങ്ങിയ നീണ്ട കഥകളും നോവലുകളും ‘ദി ബ്രാസ് ബട്ടര്‍ഫ്ലൈ’ എന്ന നാടകവും ‘ദി ഹോട്ട് ഗേറ്റ്‌സ്’ എന്ന ലേഖനസമാഹാരവും മറ്റും അദ്ദേഹത്തിന്റെ കൃതികളായിട്ടുണ്ടെങ്കിലും ആദ്യകൃതിയുടെ പരിവേഷം മറ്റു കൃതികള്‍ക്കൊന്നും കിട്ടിയിട്ടുണ്ടെന്നു തോന്നുന്നില്ല. നിരൂപകര്‍ പില്‍ക്കാല നോവലുകളെയും ചിലപ്പോള്‍ മുക്തകണ്ഠം പ്രസംശിച്ചിട്ടുണ്ടെങ്കിലും ആദ്യനോവലിന്റെ ബഹുമുഖപ്രസക്തികൊണ്ടാവാം മറ്റുള്ളവ ഒന്നും തന്നെ അതിനെ അതിശയിച്ചിട്ടില്ല എന്നും പറയേണ്ടിരിക്കുന്നു. ചില എഴുത്തുകാര്‍ക്ക് അങ്ങനെ വന്നുപറ്റാറുണ്ട്. എക്കാലവും ഏതെങ്കിലും ഒരേയൊരു കൃതിയുമായി ബന്ധപ്പെട്ട് ഓര്‍മിക്കപ്പെടാനുള്ള യോഗമാണവര്‍ക്കു കിട്ടുക.

ആഖ്യാനപാടവം

ഗോള്‍ഡിങ് എന്ന നോവലിസ്റ്റിന്റെ ഒരു സമഗ്രരേഖാചിത്രം ആദ്യനോവലില്‍ത്തന്നെ നമുക്കു കിട്ടുന്നുണ്ട്. സ്വയം കണ്ടെത്താന്‍ ശ്രമിക്കുകയും അപക്വസൃഷ്ടികളിലൂടെ സാധന ഉറപ്പിക്കുകയും ക്രമേണ പൂര്‍ണവളര്‍ച്ചയെത്തുകയും ചെയ്യുന്ന ഒരു കലാകാരനെയല്ല ‘ലോര്‍ഡ് ഓഫ് ദി ഫ്ലൈസി’ല്‍ നാം കാണുന്നത്. നാടകീയമായ സന്ദര്‍ഭങ്ങള്‍ സുവ്യക്തമായി ആവിഷ്‌കരിക്കുന്നതിനും സംഭവങ്ങളുടെ വികാസം വിവരിക്കുന്നതിനും കഥ ഉദ്വേഗപൂര്‍ണമായി ആഖ്യാനം ചെയ്യുന്നതിനും ഉള്ള ശ്രദ്ധയും കഴിവുമാണ്
ഗോള്‍ഡിങ്ങിന്റെ കഴിവുകളില്‍ പ്രാഥമികമായി കണക്കാക്കേണ്ടത്. ഈ ആഖ്യാനപാടവം അദ്ദേഹത്തെ വെറും പരീക്ഷണനോവലിസ്റ്റുകളില്‍നിന്നു മാറ്റിനിര്‍ത്തുന്നു. തികച്ചും വസ്തുനിഷ്ഠമായ, പാത്രനിഷ്ഠമായ, സംഭവനിഷ്ഠമായ രീതിയില്‍ വായനക്കാരന്റെ ആകാംക്ഷയും ജിജ്ഞാസയും വളര്‍ത്തിക്കൊണ്ടു വരാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഭാഷാപ്രയോഗപരിജ്ഞാനംപോലെ പ്രാഥമികമായി വേണ്ട ആ കഴിവിനുപരി മാത്രമേ മറ്റു പ്രത്യേകതകള്‍ പരിഗണിക്കാനാവൂ. അദ്ദേഹത്തിന്റെ എല്ലാ ആഖ്യായികകളും ഈ കാര്യത്തില്‍ കര്‍ശനമായ ഋജുത്വം പാലിക്കുന്നുണ്ടെന്നു കാണാന്‍ വിഷമമില്ല. ഇന്ദ്രിയഗോചരമായ വസ്തുപ്രപഞ്ചത്തിന്റെ അസന്ദിഗ്ദ്ധമായ
അസ്തിത്വം സ്ഥാപിക്കുന്നതില്‍ കഥാരംഭംമുതല്‍തന്നെ ഗോള്‍ഡിങ് ശ്രദ്ധിക്കുന്നുണ്ട്. പാത്രബോധവും പരിസരബോധവും വായനക്കാരിലേക്കു പകരുന്നതിനു യാതൊരു കൃത്രിമോപാധികളും വെക്കാതെയുള്ള കഥാഖ്യാനം ഗോള്‍ഡിങ്ങിന്റെ കൃതികളില്‍ കാണാം. ‘ലോര്‍ഡ് ഓഫ് ദി ïൈസ്’ തുടങ്ങുന്നതിങ്ങനെയാണ്:

‘The boy with fair hair lowered himself down the last few feet of rock and began to pick his way towards the lagoon. Though he had taken
off his school sweater and trailed it now from one hand, his grey shirt stuck to him and his hair was plastered to his forehead. All round him the long scar smashed into the jungle was a bath of heat. He was clambering heavily among the creepers and broken trunks. When a bird, a vision of red and yellow flashed upwards with a witchlike cry; and this cry was echoed by another.’

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.