DCBOOKS
Malayalam News Literature Website

വൈലോപ്പിള്ളിയിലെ വിഭക്താത്മാക്കള്‍

അശോകകുമാര്‍ വി

മെയ് ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച  ലേഖനത്തില്‍ നിന്നും

പരിസ്ഥിതി വിമര്‍ശനം (Ecocriticism) വെച്ച് വിലയിരുത്തുമ്പോള്‍ വൈലോപ്പിള്ളിയില്‍ എം. എന്‍. വിജയന്‍ കാണുന്ന വേര്‍ഡ്‌സ്‌വര്‍ത്തിയന്‍ മനോഗതി ശാസ്ത്രസമ്മതം തന്നെയാണ്. അങ്ങനെയല്ല എന്ന് എം.എന്‍. വിജയന്‍ പറയാന്‍ കാരണം മനുഷ്യരുടെ ആവശ്യങ്ങള്‍ക്കൊത്ത് ഇഷ്ടാനുസരണം പ്രകൃതിയെ മാറ്റിമറിക്കാം എന്ന കൊളോണിയല്‍ ആധുനികബോധത്തെ പുരോഗമനപരമെന്നു വാഴ്ത്തി അതേപടി പിന്‍തുടരുന്നതിനാലത്രേ.

വൈലോപ്പിള്ളിക്കവിതയുടെ വ്യക്തിമുദ്ര മനുഷ്യപ്രേമാത്മകമായ ശാസ്ത്രബോധമാണെന്നു എം. എന്‍.വിജയന്‍ ‘ഓണപ്പാട്ടുകാ’രുടെ (1952) അവതാരികയില്‍ എഴുതി. മനുഷ്യപ്രേമവും ശാസ്ത്രബോധവും വൈലോപ്പിള്ളിക്കവിതയുടെ മാത്രമല്ല ആധുനികസംസ്‌കാരത്തിന്റെ
തന്നെ സവിശേഷതയാണെന്നും അദ്ദേഹം അവിടെ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. വൈലോപ്പിള്ളിക്കവിതയ പറ്റിയും ആധുനികലോകത്തെപ്പറ്റിയുമുള്ള ഈ നിരീക്ഷണം പരക്കെ
അംഗീകരിച്ചു പോരുന്നതുമത്രേ. എന്നാല്‍ ഓണപ്പാട്ടുകാരിലെ ചില കവിതകള്‍ വൈലോപ്പിള്ളിയിലെ ‘മനുഷ്യസ്‌നേഹിയായ ശാസ്ത്രജ്ഞനു’ ചേരാത്തതാണെന്നും അതിനു വിരുദ്ധദിശയിലുള്ളതാണെന്നും എം.എന്‍. വിജയന്‍ എടുത്തുപറയുന്നുണ്ട്. ”ഒരേ കവി pachakuthiraഎന്തുകൊണ്ട് രണ്ടു സ്വരത്തില്‍ പാടുന്നു? ഈ ചോദ്യം സൂക്ഷ്മങ്ങളായ മനശാസ്ത്രവീഥികളിലേക്ക് നയിക്കുന്നവയായതുകൊണ്ട് വിട്ടുകളയുക. ഒന്നു
മാത്രം നമുക്കു മറന്നുകൂടാ. കവികളില്‍ ഏറിയകൂറും ഇങ്ങനെ വിഭക്താത്മാക്കളായിരുന്നു. രണ്ടും മൂന്നും സ്വരങ്ങളില്‍ അവര്‍ പാടി” എന്നിങ്ങനെ കവികള്‍ പൊതുവെ ചഞ്ചലചിത്തരാണെന്നും വിജയന്‍ മാഷ് സമാധാനം കണ്ടെത്തുന്നു.

വൈലോപ്പിള്ളിയിലെ വിഭക്തമാനസത്തിന് തെളിവായി ഓണപ്പാട്ടില്‍ നിന്നും മാഷ് എടുത്തുകാട്ടുന്ന രണ്ടു കവിതകള്‍ ‘കന്യക’യും ‘പുല്ലുക’ളുമാണ്. ‘കുസൃതിപ്രസരിപ്പും ശാരദലാവണ്യ’വുമായ പെണ്‍കൊടി വളര്‍ന്നു കന്യകയാകുമ്പോള്‍, അവളില്‍ പൂര്‍ണ്ണചന്ദ്രനിലെന്ന പോലെ ‘കളങ്കം വളരു’മെന്നും അതുകണ്ടു ‘ദേവന്മാര്‍ പനിനീരിന്റെ മഴകളാല്‍ കേഴുന്നുണ്ടോ’കുമെന്നും സങ്കടപ്പെടുന്ന കവിതയാണ് ‘കന്യക’. ‘ഒരുപെണ്‍
കിടാവിന്റെ നൈസര്‍ഗ്ഗികമായ വളര്‍ച്ചയില്‍ കളങ്കം ഏറുന്നതായി കാണുന്നത് വേര്‍ഡ്‌സ്‌വര്‍ത്തിയന്‍ മനോഗതിയാണെന്നും അതു ശാസ്ത്രസമ്മതമല്ല’ എന്നുമാണ് എം.എന്‍ വിജയന്‍ ചൂണ്ടുന്നത്. മാത്രമല്ല, താന്‍ സ്വയം വിശ്വസിക്കാത്ത ഒരു പ്രമേയമാണ് കന്യകയിലുള്ളതെന്ന് വൈലോപ്പിള്ളി തന്നെ ഒരിക്കല്‍ സമ്മതിച്ചിട്ടുള്ളതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ‘പുല്ലുകള്‍ എന്ന കവിതയിലും മേല്പറഞ്ഞ മനോഗതിയുടെ തേട്ടല്‍’ വിജയന്‍ മാഷ് കണ്ടു. ഉദാഹരണമായി അദ്ദേഹം ഈ വരികള്‍ തൊട്ടുകാണിക്കുകയും ചെയ്തു.

”പക്ഷേ, പരിഷ്‌ക്കാരമെത്രവേഗം
പച്ചയെധൂസരമാക്കി വിട്ടു !
കല്യമാം പട്ടണം തന്മനസ്സില്‍
പുല്ലണിച്ചോലയില്‍ക്കല്ലുപാവി”

”പതിതന്‍,
പരിഷ്‌ക്കാരപാംസുലന്‍ ഞാന്‍
ഹൃദയം വരണ്ടവന്‍,
ഗാനഹീനന്‍.”

പരിഷ്‌ക്കാരം വരുമ്പോള്‍ ചോലയിലെ പുല്ലുമാറ്റി പകരം കല്ലു പാകുന്നു, പച്ചപ്പെല്ലാം പൊടിപിടിച്ചുമങ്ങുന്നു. അതിനാല്‍ ഞാന്‍ ഹൃദയശൂന്യനും ഗാനഹീനനും അധ:പ്പതിച്ചവനും പരിഷ്‌ക്കാരത്തിന്റെ പാംസുവാല്‍ മുങ്ങിയവനുമത്രേ എന്നാണു കവിയുടെ ആത്മനിന്ദ. ഇങ്ങനെ വളര്‍ച്ചയെ, പരിഷ്‌ക്കാരത്തെ, അവ മതിക്കുന്ന കവിതകള്‍ വൈലോപ്പിള്ളിക്കവിതയുടെ സ്ഥായീഭാവമല്ല, പകരം, അപൂര്‍വ്വം ചിലപ്പോള്‍ ബാധകൂടുന്ന പോലെ വിഭക്താത്മാവിന്റെ മിന്നല്‍ സഞ്ചാരമാണിവയെന്നും, മനുഷ്യപ്രേമവും ശാസ്ത്രബോധവുമുള്ള കവി ”അറിവിന്റെ നന്മയിലും മനുഷ്യപുരോഗതിയിലും വിശ്വസിക്കുന്നതിനാല്‍ കന്യകയും പുല്ലുകളും അതിനു വിരുദ്ധമായ ശബ്ദം ധ്വനിപ്പിക്കുന്നവയാണെ”ന്നും ഓണപ്പാട്ടുകാരുടെ അവതാരികയില്‍ എഴുതിയിരിക്കുന്നു.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  മെയ്  ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മെയ്  ലക്കം ലഭ്യമാണ്‌

 

Comments are closed.