DCBOOKS
Malayalam News Literature Website

ഫെമിനിസത്തിന്റെ മാറുന്ന മുഖങ്ങള്‍

‘ഉത്തരസ്ത്രീവാദ സിദ്ധാന്തങ്ങള്‍’ എന്ന പുസ്തകത്തിന് ഡോ.മിനി ആലീസ് , ഡോ.ഷിമി പോള്‍ ബേബി എന്നിവര്‍ ചേര്‍ന്ന് എഴുതിയ ആമുഖത്തില്‍ നിന്നും

വൈവിധ്യത്തിന്റെ സാധ്യതകളെ സ്വീകരിക്കുന്ന നിലപാടാണ് സമകാലിക സ്ത്രീവാദചിന്തകള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ സ്ത്രീവാദമെന്ന ഏകവചനം അപ്രസക്തമാകുകയും സ്ത്രീവാദങ്ങളെന്ന ബഹുവചനം സമകാലിക പഠനങ്ങളില്‍ പ്രസക്തമാവുകയും ചെയ്യുന്നു.

19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മുതല്‍ 20-ാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധം വരെയുള്ള ഒന്നാം തരംഗ സ്ത്രീവാദം സമൂഹത്തില്‍ സ്ത്രീപുരുഷന്മാര്‍ക്ക് കരഗതമാകേണ്ട തുല്യാവകാശത്തിനാണ് ഊന്നല്‍കൊടുത്തത്. രാഷ്ട്രീയവും സാമൂഹികവും Textസാമ്പത്തികവുമായ തുല്യതയ്ക്കായി അവര്‍ നിരന്തരം പ്രവര്‍ത്തിച്ചു. തുല്യവേതനം, തുല്യഅംഗീകാരം തുടങ്ങിയ നിരവധി അവകാശങ്ങളെ തിരിച്ചറിഞ്ഞ കാലഘട്ടമായിരുന്നു അത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സാര്‍വ്വലൗകികമായ മാനമുണ്ടെന്ന വീക്ഷണമാണ് ഈ കാലഘട്ടത്തില്‍ ഉണ്ടായിരുന്നത്. ഭൗതികമായ നിലയിലുള്ള സ്ത്രീ
പുരുഷസമത്വം സാധ്യമാകുന്നതോടെ സ്ത്രീജീവിതത്തിന്റെ
പ്രതിസന്ധികള്‍ക്ക് അവസാനം ഉണ്ടാകുമെന്ന നിരീക്ഷണമാണ് ഇവര്‍ മുന്നോട്ടുവെച്ചത്. പുരുഷാധിപത്യ വ്യവസ്ഥയാണ് സ്ത്രീയുടെ രണ്ടാം ലിംഗപദവിക്കു കാരണമെന്ന വീക്ഷണം ഒന്നാം തരംഗത്തിലുള്ളടങ്ങിയിരുന്നു.

1960-കളോടെ രൂപംകൊണ്ട രണ്ടാം തരംഗ സ്ത്രീവാദം അക്കാദമിക ഗവേഷണങ്ങള്‍ക്ക്
പ്രാധാന്യം നല്കിയിരുന്നു. ഭാഷയും സാഹിത്യവുമുള്‍പ്പെടെയുള്ള സാംസ്‌കാരിക രൂപങ്ങളെ സ്ത്രീ പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണേണ്ടണ്ടതിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ കാലഘട്ടമാണിത്. സ്ത്രീകളുടെ വ്യക്തിപരമായ അനുഭവങ്ങളുടെ രാഷ്ട്രീയത്തിന് ഊന്നല്‍ കൊടുക്കുന്ന വീക്ഷണം രണ്ടാം തരംഗത്തില്‍ പ്രധാനമായിരുന്നു. പുരുഷാധിപത്യവീക്ഷണം പുലര്‍ത്തുന്ന സ്ഥാപനങ്ങളുടെ നിരാസവും ലൈംഗികരാഷ്ട്രീയത്തിന്റെ തിരിച്ചറിവും രണ്ടാം തരംഗസ്ത്രീവാദത്തിന്റെ സവിശേഷതയായിരുന്നു. മധ്യവര്‍ഗ്ഗ സവര്‍ണ്ണ ബോധ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നു എന്ന വിമര്‍ശനം രണ്ടാം തരംഗ സ്ത്രീവാദത്തിനെതിരെ ഉയര്‍ന്നുവന്നിരുന്നു. ജ്ഞാനാന്വേഷണപരവും പ്രവര്‍ത്തനാധിഷ്ഠിതവുമായ സ്ത്രീവാദം പ്രസക്തമായ ഈ കാലഘട്ടത്തില്‍ സ്ത്രീമുന്നേറ്റങ്ങള്‍ പ്രബലമായിരുന്നു.

1980-കളില്‍ മൂന്നാം തരംഗ സ്ത്രീവാദം പ്രബലമാകുന്നു. ഈ കാലഘട്ടത്തിലെ സ്ത്രീവാദചിന്തകള്‍ ഉത്തരസ്ത്രീവാദം എന്ന പേരില്‍ അറിയപ്പെടുന്നു. ഉത്തരഘടനാവാദത്തോടും ഉത്തരാധുനിക വിശകലന രീതികളോടും അധിനിവേശാനന്തര വിമര്‍ശനത്തോടും ബന്ധപ്പെട്ടു കിടക്കുന്ന ഉത്തരസ്ത്രീവാദസിദ്ധാന്തങ്ങള്‍ വ്യത്യസ്തതയ്ക്കും ബഹുസ്വരതയ്ക്കും പ്രാധാന്യം കൊടുക്കുന്നു. ”ഉത്തരസ്ത്രീവാദം വ്യക്തികളെയും വ്യക്തികളുടെ ആവശ്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്നാണ്
പുതിയ നിലപാട്. എന്നാല്‍പൂര്‍വ്വകാല സ്ത്രീവാദം എല്ലായിടത്തും സ്ത്രീകള്‍ പൊതുവായി അനുഭവിക്കുന്ന അടിച്ചമര്‍ത്തലിനെ മനസ്സിലാക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നതിന് ഊന്നല്‍നല്‍കുമ്പോള്‍ സമകാലിക സ്ത്രീവാദപഠനങ്ങള്‍ സ്ത്രീകളുടെ
പരസ്പരബന്ധത്തിന്റെ വൈവിധ്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് ഏകവചനത്തിലുള്ള സ്ത്രീവാദമില്ല. സ്ത്രീവാദങ്ങളേയുള്ളു”. സ്ത്രീവാദത്തിന്റെ ഒന്നും രണ്ടും തരംഗങ്ങള്‍ പുലര്‍ത്തിയിരുന്ന, സ്ത്രീയെ സംബന്ധിച്ച സാര്‍വ്വലൗകിക പ്രശ്‌നങ്ങള്‍ എന്ന സമീപനരീതി ഉത്തരസ്ത്രീവാദസിദ്ധാന്തങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നു. പ്രാദേശികതയും സാംസ്‌കാരിക വ്യതിയാനങ്ങളും ഉള്‍പ്പെടെയുള്ള നിരവധി വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്ന വൈവിധ്യത്തെ തിരിച്ചറിയുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചത്. സ്ത്രീകള്‍ തങ്ങളുടെ പ്രവൃത്തിമണ്ഡലങ്ങളില്‍ സമര്‍ത്ഥമായി മുന്നേറുന്നതിനോടൊപ്പം സ്ത്രീയവസ്ഥയുടെ ആഘോഷത്തെക്കൂടി ആവിഷ്‌കരിക്കുന്നതിന്റെ പ്രസക്തിയെ മൂന്നാം തരംഗ സ്ത്രീവാദം മുന്നോട്ടുവെക്കുന്നുണ്ട്.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.