DCBOOKS
Malayalam News Literature Website

‘സര്‍ക്കാരിനെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ബിരുദം കഴിഞ്ഞ വധൂവരന്മാരെ ആവശ്യമുണ്ട്’

ലിപിന്‍ രാജ് എം പി

 

കഴിഞ്ഞാഴ്ച യു.പി.എസ്.സി പ്രസിദ്ധീകരിച്ച ഓള്‍ ഇന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് വേണ്ടി നടത്തേണ്ട തയ്യാറെടുപ്പുകളും ആസൂത്രണവും സംബന്ധിച്ചു ഈ പരീക്ഷ മുഴുവന്‍ മലയാളത്തില്‍ എഴുതി ജയിച്ച, ഉപന്യാസം പേപ്പറില്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടിയ 2012 ബാച്ചിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ലിപിന്‍ രാജ് എം.പി. നല്‍കുന്ന വിജയപാഠങ്ങള്‍.

കൗമാരത്തില്‍ മുഴുവന്‍ തീവ്രമായി പ്രണയിച്ച്, യൗവനത്തില്‍ വിവാഹിതരായി, യൗവനയുക്തമായ മുപ്പതു വര്‍ഷങ്ങള്‍ സ്വയം സമര്‍പ്പിക്കാന്‍ തയ്യാറുള്ള ബിരുദം കഴിഞ്ഞ യുവതീയുവാക്കളെ ജാതി-മത-വര്‍ഗവര്‍ണ്ണവ്യത്യാസമില്ലാതെ വിവാഹം കഴിക്കാന്‍ സര്‍ക്കാരിന് ആവശ്യമുണ്ട്. താല്പര്യമുള്ളവര്‍ക്ക് 2020 മാര്‍ച്ച് മൂന്നാം തീയതി വൈകുന്നേരം ആറു മണി വരെ അപേക്ഷിക്കാം. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ എന്ന യു.പി.എസ്.സിയാണ് കല്യാണബ്രോക്കര്‍. വിവാഹക്ലാസ്സിഫൈഡ് കോളത്തിലോ കേരള മാട്രിമോണിയിലോ അല്ല ആലോചന തിരയേണ്ടത്, www.upsconline.nic.in എന്ന വെബ്‌സൈറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കല്യാണത്തിന് മുന്‍പായി പ്രിലിമിനറി, മെയിന്‍സ് എന്നിങ്ങനെ രണ്ടു പരീക്ഷകളുണ്ട്. അതാണ് ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന ഐ.എ.എസ്, ഐ.പി.എസ് ഉള്‍പ്പെടെയുള്ള 24 സര്‍വീസുകള്‍ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ. ഒബ്ജക്റ്റീവ് രീതിയുള്ള പ്രിലിമിനറി കടന്നു ഒന്‍പത് പേപ്പറുകളുള്ള മെയിന്‍സ് എന്ന എഴുത്തുപരീക്ഷ ജയിച്ചാലും മുഖാമുഖപരീക്ഷയുണ്ട്. ഏറ്റവുമൊടുവില്‍ 84 ഇഞ്ച് നെഞ്ചളവും 165 സെന്റീമീറ്റര്‍ പൊക്കവും രക്തം മുതല്‍ ഇ.സി.ജി വരെ എടുക്കുന്ന ഒരു മെഡിക്കല്‍ പരീക്ഷയുമുണ്ട്. അതു കഴിഞ്ഞിട്ടാണ് താലികെട്ടുകല്യാണം. മധുവിധു മിക്കവാറും മുസ്സൂറിയിലായിരിക്കും. ഇന്ത്യ മുഴുവന്‍ ചുറ്റുന്ന ഒന്നരവര്‍ഷത്തെ മധുവിധുയാത്രയ്ക്കിടെ സൗജന്യവിദേശയാത്രയും ഉണ്ടാവും.

കുടുംബപാരമ്പര്യമോ സാമ്പത്തികപശ്ചാത്തലമോ ഒന്നും ഗൗനിക്കാത്ത ഈ പരീക്ഷ പക്ഷേ കടുകട്ടിയാണ്, കാരണം 2016-ല്‍ പതിനൊന്നു ലക്ഷം പേര്‍ അപേക്ഷിച്ചതില്‍ അഞ്ചു ലക്ഷം പേര്‍ പരീക്ഷ എഴുതിയപ്പോള്‍ ജാതകപൊരുത്തം വന്നത് വെറും പതിനയ്യായിരം പേരുടെ മാത്രം. അതില്‍ അവസാനം സര്‍ക്കാരിനെ മിന്നു ചാര്‍ത്തിയത് വെറും ആയിരം പേര്‍. അതായത് വിജയശതമാനം 0.09% മാത്രം. ഇത്തവണ 796 ഒഴിവുകളാണ് ഉള്ളത്. ഇരുപത്തിയൊന്ന് വയസ് തൊട്ട് മുപ്പത്തിരണ്ടു വയസു വരെയുള്ള ബിരുദധാരികള്‍ക്ക് ആറു തവണ അപേക്ഷിക്കാം. എട്ടു വരിയിലുള്ള പ്രിലിമിനറിയുടെ സിലബസ്സും നാലരപേജ് തികച്ചില്ലാത്ത മെയിന്‍സ് സിലബസും കണ്ടിട്ടും കേരളത്തിലെ പഞ്ചായത്ത് സെക്രട്ടറി പരീക്ഷയുടെ ചോദ്യവും പ്രതീക്ഷിച്ചു പ്രിലിമിനറി പരീക്ഷയ്ക്ക് പോയാല്‍ എട്ടിന്റെ പണി കിട്ടും. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (IFoS) മെയിന്‍ പരീക്ഷയ്ക്കുള്ള പ്രവേശനവും പ്രിലിമിനറിയില്‍ നിന്നായതിനാല്‍ പ്രകൃതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം ആദ്യഘട്ടത്തില്‍ പ്രതീക്ഷിക്കാം.

സിലബസില്‍ തന്നിരിക്കുന്ന ചെറുകാര്യങ്ങളുടെ അടിവേര് മാന്തുന്ന ചോദ്യങ്ങളാണ് അടുത്ത കാലത്തായി യു.പി.എസ്.സിയ്ക്ക് പ്രിയം എന്നു കരുതി സൂര്യന് കീഴിലുള്ളതെല്ലാം ചോദിച്ചു കളയുമെന്ന പേടിയും വേണ്ട. ബി.ടെക് പരീക്ഷയോ സെക്രട്ടിയേറ്റ് അസിസ്റ്റന്റ് പരീക്ഷയോ പോലെ ഔട്ട് ഓഫ് സിലബസ് ചോദ്യങ്ങള്‍ കാണുകയേയില്ല. അഥവാ അങ്ങനെ തോന്നിയാലും ഒടുവില്‍ സിലബസ്സ് വായിക്കുമ്പോള്‍ ഏതെങ്കിലും മൂലയില്‍ കാണും ആ ചോദ്യവുമായി ബന്ധപ്പെട്ട വിഷയം. നന്നായി എഴുതി പ്രതിഫലിപ്പിക്കുന്നവര്‍ക്ക് അപാരസാധ്യതകളുള്ള പരീക്ഷയാണെങ്കിലും പ്രിലിമിനറിയില്‍ പലപ്പോഴും നടക്കുക ലക്ഷക്കണക്കിനു അധികയോഗ്യതകള്‍ ഉള്ളവരുടെ ജീവന്‍മരണപോരാട്ടമാണ്. 2025 മാര്‍ക്കില്‍ 275 മാര്‍ക്കുള്ള ഇന്റര്‍വ്യു ഇപ്പോള്‍ ജയപരാജയം നിര്‍ണ്ണയിക്കുന്ന ഘടകമാണ്. എന്നെ ഇന്റര്‍വ്യൂ റൂമിലേക്ക് കടത്തി വിട്ട പ്യൂണ്‍ ബീഡി വലിക്കാന്‍ പോയതുകൊണ്ട് നഷ്ടപ്പെട്ട 10 മിനിറ്റ് ഒഴിച്ചാല്‍ വെറും 20 മിനിറ്റായിരുന്നു എന്റെ ഇന്റര്‍വ്യു സമയം. കിട്ടിയ മാര്‍ക്ക് ദേശീയതലത്തില്‍ രണ്ടാമത്തെ ഉയര്‍ന്ന മാര്‍ക്ക്. സര്‍ക്കാരിന് നിങ്ങളെ മനസിലാക്കാനും മാര്‍ക്കിടാനും 20 മിനിറ്റ് തന്നെ ധാരാളം.

പ്രിലിമിനറിക്ക് മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

1.’ദി ഹിന്ദു’ പോലുള്ള ഇംഗ്ലീഷ് ദിനപത്രങ്ങള്‍ ദിവസേന ആറു മണിക്കൂര്‍ വായിക്കുന്നതാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള ആദ്യപടി എന്ന മട്ടിലുള്ള ‘പുത്തനച്ചി പുരപ്പുറം തൂക്കും മോഡല്‍’ തയ്യാറെടുപ്പ് ആദ്യമേ ഉപേക്ഷിക്കുക.

2. മെയിന്‍സ് പരീക്ഷയെ ഫോക്കസ് ചെയ്താണ് പഠനം പുരോഗമിക്കേണ്ടതെങ്കിലും മിക്കവരും ഒബ്ജക്ടീവ് ചോദ്യങ്ങള്‍ കാണാതെ പഠിച്ചാണ് പ്രിലിമിനറിയ്ക്കുള്ള ഹരിശ്രീ കുറിക്കുക. അതിനാല്‍ ആദ്യം മുതല്‍ക്കേ ആഴത്തില്‍ വായിച്ചു തയ്യാറെടുക്കുക.

3. മലയാളത്തില്‍ മെയിന്‍സ് എഴുതാനും ഇന്റര്‍വ്യു ചെയ്യാനും കഴിയുന്ന പരീക്ഷ ആണെങ്കിലും ഇംഗ്ലീഷിനെയും കഴിയുമെങ്കില്‍ ഹിന്ദിയേയും മുന കൂര്‍പ്പിച്ച് കയ്യില്‍ വെയ്ക്കുക. ഇന്റര്‍വ്യൂ സമയത്ത് എടുത്ത് വീശാന്‍ പറ്റുന്ന ആയുധങ്ങളിലൊന്നാണ് ഹിന്ദി.

4. കാണുന്ന തടിപ്പുസ്തകങ്ങള്‍ എല്ലാം വാങ്ങി തലയണയാക്കുകയോ, ബുക്ക് ഷെല്‍ഫില്‍ വെയ്ക്കുകയോ ചെയ്യുന്ന പ്രവണത നല്ലതല്ല. ഒരു വിധം പുസ്തകങ്ങള്‍ എല്ലാം ഓണ്‍ലൈനില്‍ കിട്ടും.

5. ഒബിസി, മുന്നാക്കവിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക. മുന്നോക്കസാമ്പത്തികപരിധി, ക്രീമിലയര്‍ പരിധിയില്‍ വരുന്നുണ്ടോ എന്നിവയൊക്കെ കൃത്യമായി കാണിക്കുക.

ഇതു കൂടാതെ കല്യാണം ഏതെങ്കിലും ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കാരെ ഏല്‍പ്പിക്കുന്നത് പോലെ കോച്ചിംഗ് മുഴുവന്‍ ഏതെങ്കിലും കോച്ചിങ് സെന്ററിനെ ഏല്‍പ്പിക്കുന്നത് ഒട്ടും ഗുണകരമാവില്ല. പരീക്ഷ എങ്ങനെ എഴുതി നന്നായി തോല്‍ക്കാമെന്ന് പഠിച്ചവരാണ് കൂണ്‍ പോലെ മുളച്ചു പൊന്തുന്ന മിക്ക അക്കാദമികളുടേയും തലപ്പത്ത്. ചില നല്ല അക്കാദമികള്‍ കേരളത്തിലും ഡല്‍ഹിയിലുമുണ്ട്. ഇവയെ റാങ്ക് കിട്ടിയ ജേതാക്കളുടെ ഫോട്ടോകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച്, ഏറ്റവും പുതിയ പഠനസൗകര്യം, മികച്ച അദ്ധ്യാപകര്‍ എന്നിവ നോക്കിയാണ് വിലയിരുത്തേണ്ടത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സിവില്‍ സര്‍വീസ് അക്കാദമിയുടെയും ചില സ്വകാര്യകോച്ചിങ് സ്ഥാപനങ്ങളുടെയും പരസ്യങ്ങളില്‍ ഞാന്‍ അവിടെ പഠിച്ചില്ലെങ്കിലും എന്റെയും ഫോട്ടോ കാണാം. അതിനാല്‍ തന്നെ 5,6,7 എന്നീ ചെറിയ ക്ലാസ്സുകളിലെ എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങള്‍ ആദ്യം വായിക്കണം, ഇംഗ്ലീഷ് നോവലുകള്‍ വായിച്ചാവണം ആദ്യതയ്യാറെടുപ്പ് എന്നൊക്കെ തട്ടി വിടുന്ന പഴയ തലമുറയിലെ ചിലരുടെ കെണിയില്‍പ്പെട്ട് സമയം ആദ്യമേ പാഴാക്കാതിരിക്കുക.

പരീക്ഷയുടെ എന്‍ഗേജ്‌മെന്റ് പരിപാടിയായ പ്രിലിമിനറി നടത്താന്‍ കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളുണ്ട്. കല്യാണ റിസപ്ഷനായ മെയിന്‍സിന് സെന്റര്‍ തിരുവനന്തപുരം മാത്രം. ജാതകം പൊരുത്തപ്പെട്ടാല്‍ നേരെ ഡല്‍ഹിയിലുള്ള ധോല്‍പൂര്‍ ഹൗസില്‍ വെച്ച് മുഹൂര്‍ത്തം കുറിക്കല്‍ എന്ന ഇന്റര്‍വ്യു. വെറും നൂറു രൂപ കൊടുത്താല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ക്ക് ഫീസേ ഇല്ല. വെല്ലുവിളികള്‍ നിറഞ്ഞ ജീവിതം, വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് കൂടുന്ന കാലത്ത് ഒരു ബിരുദക്കാരന് കിട്ടാവുന്ന താരതമ്യേന നല്ല ശമ്പളം, മികച്ച പദവി എന്നിങ്ങനെ സ്വപ്നം കാണുന്നവര്‍ അപ്പോള്‍ നേരെ വെച്ചു പിടിച്ചോളൂ കല്യാണബ്രോക്കരുടെ www.upsconline.nic.in എന്ന വെബ്‌സൈറ്റിലേക്ക്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ലിപിന്‍ രാജ് എം.പിയുടെ പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

 

Comments are closed.