DCBOOKS
Malayalam News Literature Website

യാത്രയെ ചരിത്രപഠനമാക്കുന്ന ഒരു അപൂര്‍വ്വപുസ്തകം

വി.മുസഫര്‍ അഹമ്മദ് മലയാളി വായനക്കാര്‍ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത എഴുത്തുകാരനാണ്. എഴുത്തും വായനയും സഞ്ചാരവും പത്രപ്രവര്‍ത്തനവും വിവര്‍ത്തനവുമൊക്കെ അനായാസം വഴങ്ങുന്ന പ്രതിഭാസമ്പന്നനായ ഈ എഴുത്തുകാരന്‍ അറേബ്യന്‍ മരുഭൂമിയില്‍ നടത്തിയ യാത്രാനുഭവങ്ങള്‍’ മരുഭൂമിയുടെ ആത്മകഥയായി പുറത്തുവന്നപ്പോള്‍ അതിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (2010) ലഭിച്ചു. അന്നദ്ദേഹം ചെങ്കടല്‍ തീരപട്ടണമായ ജിദ്ദയില്‍ പത്രപ്രവര്‍ത്തകനായ പ്രവാസി ആയിരുന്നു.
നിരന്തരമായ യാത്രകളിലൂടെയും അസാധാരണതലമുള്ള വായനയിലൂടെയും തന്റെ പ്രവാസജീവിതത്തെ സര്‍ഗാത്മകമായി അടയാളപ്പെടുത്തി എന്നിടത്താണ് വി.മുസഫര്‍ അഹമ്മദെന്ന എഴുത്തുകാരന്‍ വേറിട്ടു നില്‍ക്കുന്നത്. പ്രവാസാനന്തരവും യാത്രയും വായനയും പഠനങ്ങളും തന്നെയാണ് മുസഫറിന്റെ സാംസ്‌കാരിക ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ സാക്ഷ്യപത്രമാണ് 2019-ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മുസഫര്‍ അഹമ്മദിന്റെ ‘ബങ്കറിനരികിലെ ബുദ്ധന്‍’ എന്ന യാത്രാവിവരണ ഗ്രന്ഥം.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്താണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്ന പല യാത്രകളുടേയും തുടക്കം. അന്നേ കണ്ടുവരുന്ന ഫാഷിസത്തിലേക്കുള്ള ഭരണകൂട ചുവടുവെപ്പുകള്‍ ഇതില്‍ പലയിടത്തും അടയാളപ്പെട്ടുകിടക്കുന്നത് യാദച്ഛികമാവാന്‍ തരമില്ല. കാരണം വടക്കുകിഴക്കന്‍ സംസ്ഥാനത്തിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ (പ്രത്യേകിച്ച് നാഗാ മേഖലയില്‍) അനുഭവപ്പെട്ട പല നൂലാമാലകളും ഇന്ത്യയെ വലയം ചെയ്യാന്‍ പോകുന്ന ഭരണകൂടഫാഷിസത്തിന്റെ വരാന്‍ പോകുന്ന വിപത്തിലേക്കുള്ള സൂചകമായി വായിച്ചെടുക്കാവുന്നതേയുള്ളു. രണ്ടാം മോദി സര്‍ക്കാരിന്റെ പ്രാരംഭഘട്ടത്തില്‍തന്നെ ആ ആപത്ശങ്ക യാഥാര്‍ത്ഥ്യത്തോട് അടുക്കുമ്പോള്‍ ബുദ്ധന്റെ നാട്ടില്‍ അങ്ങിങ്ങായി തടവറകളും ബങ്കറുകളും നിര്‍മ്മിക്കപ്പെടുന്ന ഭീകരസത്യം വെളിപ്പെടുകയുംചെയ്യുന്നു.

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ദേശീയപൗരത്വ നിയമത്തിന്റെയൊക്കെമുമ്പുതന്നെ ആസാമിലും അരുണാചല്‍ പ്രദേശിലുമൊക്കെ ഭരണകൂട ഭീകരതയുടെ റിഹേഴ്‌സലുകള്‍ നടന്നിരുന്നതായി ഈ പുസ്തകത്തില്‍നിന്നും വായിച്ചെടുക്കാനുള്ള സൂചകങ്ങള്‍ പലയിടത്തും കുറിച്ച് വെച്ചിട്ടുണ്ട്.

അതിലൊന്നാണ് അസമിലെ തേസ്പൂരില്‍ നിന്നും അരുണാചലിലെ തവാങ്ങിലേക്കുള്ള യാത്രയ്ക്കിടയില്‍ ഉണ്ടായ അനുഭവവിവരണം.’എല്ലാവരും ഇന്നര്‍ലൈന്‍ പെര്‍മിറ്റ് കാണിക്കൂ എന്നു പറഞ്ഞ് ഡ്രൈവര്‍ വണ്ടി നിര്‍ത്തി. അരുണാചല്‍ പെര്‍മിറ്റില്ലാത്തവര്‍ പെര്‍മിറ്റ് കാണിക്കണം. അതില്ലാതെ യാത്ര തുടരാന്‍ പറ്റില്ല. ഡ്രൈവര്‍ പറഞ്ഞു. യാത്രക്കാര്‍ വണ്ടിയില്‍ നിന്നിറങ്ങി. ചെക്ക് ഗേറ്റില്‍ നില്‍ക്കുന്ന തോക്കുധാരിയായ പട്ടാളക്കാരന്‍ രേഖകള്‍ പരിശോധിക്കാന്‍ തുടങ്ങി. കൂട്ടത്തിലുണ്ടായിരുന്ന 20 വയസ്സുകാരന്‍ ബീഹാര്‍ സ്വദേശി രാജ്ഭൂമിലിന് കാണിക്കാന്‍ രേഖകളൊന്നുമുണ്ടായിരുന്നില്ല. പട്ടാളക്കാരന്‍ അയാളെ മാറ്റിനിര്‍ത്തി. നിങ്ങള്‍ക്ക് പോകാന്‍ പറ്റില്ല, മറ്റുള്ളവര്‍ക്ക് പോകാം. പട്ടാളക്കാരന്‍ ഡ്രൈവറോട് പറഞ്ഞു.’ (പേജ് 70 ). ഇതില്‍ എന്തിരിക്കുന്നു എന്നല്ലേ. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ സഞ്ചരിക്കാന്‍ വിസ വേണ്ട ഇടങ്ങളെ മുമ്പേ സൃഷ്ടിച്ചു കൊണ്ട് ഫെഡറലിസത്തെ ആവുംവിധം ദുര്‍ബലപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഭരണകൂടം മുമ്പേ അസൂത്രണം ചെയ്തിരുന്നു എന്നര്‍ത്ഥം. ഇന്നതൊക്കെ മറ നീക്കി പുറത്തുവരികയും പരക്കേ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ മുസഫറിന്റെ യാത്രാവിവരണക്കുറിപ്പുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇരുണ്ട മുഖങ്ങളെക്കൂടി അനാവരണം ചെയ്യുന്നു.

240 ഓളം പേജുകളില്‍ പരന്നുകിടക്കുന്ന ഈ പുസ്തകം ശരിക്കും മറ്റൊരു ഇന്ത്യയെ കണ്ടെത്തലായി മാറുന്നതങ്ങനെയാണ്. പുസ്തകത്തിലെ ഒരദ്ധ്യായത്തിന്റെ പേര് ‘തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത ബുദ്ധന്‍ ‘ എന്നായത് പുതിയ കാലത്ത് ഇന്ത്യയില്‍ തിടം വെച്ച് വളരാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റുകളുടെ ചെയ്തികളെ മുമ്പേ ദീര്‍ഘദര്‍ശനം ചെയ്തതുപോലെയാണ്. ‘ഭീമ കൊറേഗാവ് സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ ഭയം പിന്തുടര്‍ന്നത്, പുതിയ ഇന്ത്യയിലെ നിരവധി ഭയങ്ങളില്‍ ഒന്ന് അവിടെനിന്നും ഒപ്പം സഞ്ചരിക്കാന്‍ തുടങ്ങി ‘ ഈ വരികളെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് പുതിയ ഇന്ത്യയുടെ വര്‍ത്തമാനകാലം സഞ്ചരിക്കുന്നത്. എരുമകളോട് പ്രാര്‍ത്ഥിക്കുന്ന നീലഗിരിക്കാടുകളിലെ തോഡാ വിഭാഗക്കാരെ കുറിച്ചുള്ള വിവരണം, കര്‍ണ്ണാടകയിലെ മലപ്പനഗുഡിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുഹറം ആഘോഷിക്കുന്നത് മുസ്‌ലീങ്ങളല്ല ഹിന്ദുക്കളാണ് എന്ന വിചിത്രവിവരം, ബനാറസിലെ പൊതുജീവിതത്തില്‍ സംഗീതവും കലയുമായി ലയിച്ചു ജീവിച്ച മുസ്‌ലിം നെയ്ത്തു തൊഴിലാളികളും അവരെ എല്ലാവിധത്തിലും സഹായിച്ച നെയ്ത്തു കേന്ദ്രങ്ങളുടെ ഉടമകളായ ഹൈന്ദവരും ചേര്‍ന്നതാണ് ബനാറസിന്റെ സംഗീതവും കലയുമെന്ന് ബിസ്മില്ലാ ഖാന്റെ നിരീക്ഷണം. ഇന്ന് അതിനെയൊക്കെ അപ്രസക്തമാക്കിക്കൊണ്ടുള്ള വിദ്വേഷ പ്രചാരണങ്ങള്‍ ഇന്ത്യയില്‍ ശക്തി പ്രാപിക്കുമ്പോള്‍ ഈ പുസ്തകം പില്‍ക്കാല വായനയില്‍ ചരിത്രസത്യത്തെ രേഖപ്പെടുത്തലാവും. ഇതില്‍ പല അദ്ധ്യായങ്ങളിലും യാത്രക്കിടയില്‍ കണ്ടുമുട്ടുന്ന കൗതുകത്തിനപ്പുറം ഇന്ത്യയെന്ന രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളിലേക്കും ഒപ്പം വൈരുദ്ധ്യങ്ങളിലേക്കും വിരല്‍ചൂണ്ടുന്നു.

മറാത്തയിലെ ഹിന്ദുത്വവാദികള്‍ അവരുടെ ഏറ്റവും വലിയ ഐക്കണായി ഉയര്‍ത്തിക്കാണിക്കുന്ന ശിവജിയുടെ 27 അംഗരക്ഷകരില്‍ 13 പേര്‍ മുസ്‌ലീങ്ങളായിരുന്നു എന്ന് ചരിത്രത്തിന്റെ പിന്‍ബലത്തോടെ മുസഫര്‍ കുറിച്ചിടുമ്പോള്‍ പുതിയ കാലത്ത് ഹിന്ദുത്വത്തിന്റെ പേരില്‍ മുസ്‌ലിം വിരോധം കൊണ്ടുപിടിച്ച് പ്രചരിപ്പിക്കുന്നതിലെ രാഷ്ടീയകാപട്യം എളുപ്പത്തില്‍ തിരിച്ചറിയാനാവും.

ഇന്ത്യയില്‍ ഏറ്റവും ആദ്യം പ്രഭാതം എത്തുന്ന സ്ഥലമായ അരുണാചലിലെ തവാങ്ങും ഒറ്റക്കല്ലില്‍ പണിത ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രം എല്ലോറയില്‍ ആണെന്നും ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയില്‍ കീഴടക്കാന്‍ കഴിയാതിരുന്ന ഒരേയൊരുവിഭാഗമായ നാഗകളെ കുറിച്ചും അവരുടെ ആചാരാനുഷ്ഠാനങ്ങളെ കണ്ടറിഞ്ഞതും, പട്ടിയിറച്ചി, പുഴു എന്നിവ വില്‍ക്കുന്ന നാഗാലാന്റിലെ മോണ്‍ മാര്‍ക്കറ്റും തുടങ്ങി കേവലം യാത്രാനുഭൂതി മാത്രമല്ല വായനക്കാര്‍ക്ക് സമ്മാനിക്കുന്നത്. അത് ഇന്ത്യയെ കണ്ടെത്തലിന്റെ ഭാഗം കൂടിയാണ്.

അതുപോലെ ലിവയിലൂടെ അബുദാബിയിലേക്കുള്ള മരുയാത്രയില്‍ കണ്ട കാഴ്ചകളും നമ്മുടെയൊക്കെ ജീവിത സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറമുള്ള ലോക കാഴ്ചയായി കരുതണം. കയറില്‍ തുണികെട്ടി കിണറ്റിലേക്കിറക്കി വെള്ളം ഒപ്പിയെടുക്കുന്ന മരുഭൂമി ജീവിതത്തിന്റെ വരണ്ടകാഴ്ചയെ വര്‍ണ്ണിക്കുമ്പോള്‍ പ്രകൃതിയും മനുഷ്യനും അനുവര്‍ത്തിക്കുന്ന അതിജീവനത്തിന്റെ വഴിയിലെ വ്യത്യസ്തകള്‍ കൗതുകര മാവുന്നതോടെ നമ്മെയൊക്കെ ഇരുത്തി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതു കൂടിയാവും.

അറേബ്യന്‍ മരുഭൂമിയിലൊരിടത്ത് ഒറ്റക്ക് കഴിയുന്ന പാക്കിസ്ഥാനിലെ പെഷവാറുകാരനായ സൈഫുള്ളയുടെ ഏറ്റവും വലിയ നടക്കാത്ത ആഗ്രഹമാണത്രെ ഒരിക്കലെങ്കിലും താജ്മഹല്‍ കാണുകയെന്നത് .! ‘നമ്മളിപ്പോള്‍ രണ്ടു രാജ്യക്കാരായി ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ ‘ എന്ന് പറഞ്ഞ് വിദൂരതയിലേക്ക് കണ്ണുനട്ടിരുന്ന സൈഫുല്ലമാരുടെ ഹൃദയവേദനകളില്‍ തീയാളിപ്പടര്‍ത്താന്‍ ശ്രമിക്കുന്ന വന്‍കരയിലെ വിദ്വേഷ രാഷ്ട്രീയത്തിന്റെ കാലത്ത് ഇത്തരം പരിഭവങ്ങളെ നമുക്ക് കാണാതിരുന്നു കൂടാ. മതത്തിന്റെ പേരില്‍ ഇനിയും വിഭജനം കൊതിക്കുന്നവര്‍ക്ക് സൈഫുല്ലയെപ്പോലുള്ളവരുടെ മനസ്സ് വായിക്കാന്‍ കഴിയാത്തതിന്റെ ദുരന്തം വീണ്ടും നമ്മെത്തേടിയെത്തുമ്പോള്‍ ഇത്തരം വിവരണങ്ങളുടെ രാഷ്ട്രീയമാനംകൂടി പ്രസക്തമാവുന്നുണ്ട്.

ഇങ്ങനെ നിരന്തരമായ യാത്രകളിലൂടെ അതിന്റെ നേര്‍ക്കാഴ്ചകളും ഉള്‍ക്കാഴ്ചകളും സര്‍വോപരി ദേശ ഭാഷകള്‍ക്കതീതമായി മനുഷ്യന്റെ വികാര വിചാരങ്ങളെയെല്ലാം സൂക്ഷ്മമായി പഠിച്ച് വിലയിരുത്തുന്ന ചരിത്ര വിദ്യാഭ്യാസം പകര്‍ന്നുനല്‍കുന്നതോടൊപ്പം ഇന്ത്യന്‍ ഗ്രാമങ്ങളുടെ വിചിത്രമായ ജീവിതരീതികളും അടയാളപ്പെട്ടുകിടക്കുന്ന സൃഷ്ടിയായിട്ടു വേണം ‘ബങ്കറിനരികിലെ ബുദ്ധന്‍’ വിലയിരുത്തപ്പെടാന്‍. പുസ്തകത്താളുകളിലൂടെ കണ്ണോടിക്കുമ്പോള്‍ മനസ്സിനെ നീലഗിരിക്കുന്നുകളിലേക്കും ഡക്കാന്‍ പീഠഭൂമികളിലേക്കും വടക്കു കിഴക്കന്‍ മലനിരകളിലേക്കും മരുഭൂമിയുടെ വന്യസൗന്ദര്യങ്ങളിലേക്കുമെല്ലാം നമുക്ക് മേയാന്‍ വിടാം. ഒപ്പം അറിവുകളുടെ ഒരു പുതുലോകം നമുക്ക് മുമ്പില്‍ അനാവരണംചെയ്യുന്ന അനുഭൂതി പ്രദാനം ചെയ്യാനും ഈ പുസ്തകത്തിനാവുമെന്ന് ഉറപ്പാക്കുകയും ചെയ്യാം.

വി.മുസഫര്‍ അഹമ്മദിന്റെ ബങ്കറിനരികിലെ ബുദ്ധന്‍ എന്ന യാത്രാവിവരണ കൃതിക്ക് കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി എഴുതിയ വായനാനുഭവം

കടപ്പാട്: ദേശാഭിമാനി ദിനപത്രം

Comments are closed.