DCBOOKS
Malayalam News Literature Website

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് മുന്നേറ്റം

ഗുജറാത്ത് – ഹിമാചല്‍ തിരഞ്ഞെടുപ്പുകളിലേക്ക് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കവേ ബിജെപിയുടെ ശക്തി കേന്ദ്രമായ ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടപ്പില്‍ ബിജെപിക്ക് മുന്നേറ്റം. ഉത്തര്‍പ്രദേശിലെ വിവിധ നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കമാണ് പ്രകടമാകുന്നത്. ആകെ 16 കോര്‍പ്പറേഷനുകളില്‍ 652 വാര്‍ഡുകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 13 കോര്‍പ്പറേഷനുകളില്‍ ഇടങ്ങളിലും ബിജെപി മുന്നേറുകയാണ്. രണ്ടിടങ്ങളില്‍ ബിഎസ്പിയാണ് മുന്നില്‍.

ഇതുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 44 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോള്‍ 25 സീറ്റുകള്‍ ബിജെപിയും 15 എണ്ണം ബിഎസ്പിയും നാലിടത്ത് കോണ്‍ഗ്രസും വിജയം കണ്ടു. ലക്‌നൗ, ഗാസിയാബാദ്, ഗൊരഖ്പൂര്‍, മീറത്ത് തുടങ്ങിയ 13 കോര്‍പ്പറേഷനില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്. പൂര്‍ണമായ വിവരം വൈകുന്നേരത്തോടെ ലഭ്യമാകും.

പത്ത് ദിവസങ്ങള്‍ക്കിടെ മൂന്ന് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്നലെയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ അധികാരമേറ്റെടുത്ത യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ എട്ട് മാസത്തെ ഭരണത്തിനുള്ള വിലയിരുത്തലാവും തിരഞ്ഞെടുപ്പ് ഫലം എന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. ഉത്തര്‍പ്രദേശിലെ 16 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍, 198 മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍, 438 നഗര്‍ പഞ്ചായത്തുകള്‍ എന്നീ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെ 3.32 കോടി ജനങ്ങളാണ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. 2012ലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ അന്നുണ്ടായിരുന്ന 12 കോര്‍പ്പറേഷനുകളില്‍ 10 എണ്ണത്തിലും ബിജെപി അധികാരം പിടിച്ചിരുന്നു. മികച്ച വിജയം ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇക്കുറിയും കളത്തിലിറങ്ങിയ ബിജെപിക്ക് വേണ്ടി പ്രചരണം നയിച്ചത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ്.

Comments are closed.