DCBOOKS
Malayalam News Literature Website

അച്ചടിയും മലയാളഭാഷയും

‘ഉള്ളൂരിന്റെ കേരളസാഹിത്യ ചരിത്രം’ സംശോധനം ചെയ്ത പരിഷ്‌കരിച്ച പതിപ്പില്‍ നിന്നും ഒരുഭാഗം

അച്ചടിയന്ത്രം 1821-ൽ കോട്ടയത്ത് സ്ഥാപിച്ചെങ്കിലും മലയാളം അച്ചുകൾ വാർത്തുണ്ടാക്കാനുള്ള യന്ത്രം കിട്ടുകയായിരുന്നു അടുത്ത ബുദ്ധിമുട്ട്. ഇക്കാലത്തുതന്നെ വിവിധ ഏഷ്യൻ ഭാഷകളിലെ വേദപുസ്തകപരിഭാഷകൾ അച്ചടിക്കുന്നതിന് സെറാംപൂരിലെ ബാപ്റ്റിസ്റ്റ് മിഷനറിമാർ വില്യംകേറിയുടെയും മറ്റും നേതൃത്വത്തിൽ ഒരച്ചടിശാലയും അച്ചുനിർമ്മാണശാലയും ബംഗാളിൽ ആരംഭിച്ചിരുന്നു. മലയാളം ബൈബിൾ കൽക്കത്തയിൽ അച്ചടിക്കുന്നതിന് മൺറോ നിർദ്ദേശിച്ചതും അതുകൊണ്ടായിരുന്നു. എന്നാൽ ബെയ്‌ലിയുടെ അച്ചുകൂടത്തിന് മലയാളം അച്ചുകൾ ആദ്യമായി നല്കിയത് 1822-ൽ മദ്രാസിലെ ഫോർട്ടു സെന്റ് ജോർജ് പ്രസ്സിൽനിന്നായിരുന്നു. മദ്രാസ് ഗവൺമെന്റിന്റെ റിപ്പോർട്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കോട്ടയത്തു സ്ഥാപിക്കാൻ കഴിഞ്ഞവർഷം ഇംഗ്ലണ്ടിൽനിന്ന് എത്തിച്ചേർന്ന പ്രസ്സിന് മലയാളം അക്ഷരങ്ങൾ വാർത്തുകൊടുക്കാൻ സെന്റ് ജോർജ് കോള്ജ് ഔദാര്യപൂർവം സമ്മതിച്ചിരിക്കുന്നു. ഈ ടൈപ്പുകൾ അടുത്തയിടെ കോട്ടയത്തേക്ക് അയച്ചുകൊടുത്തു. സുറിയാനി സഭയുടെ പരിധിക്കുള്ളിൽ ഇദംപ്രഥമായി ഉണ്ടാകുന്ന പ്രസ്തുത പ്രസ്സ് ഇപ്പോൾ അവിടെ നടക്കുന്ന മറ്റു പ്രവർത്തനങ്ങൾക്കു സഹായകമാകുംവിധം ഉപയോഗിച്ചു തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. സെറാംപൂർ മിഷനറിമാരും കുറേ മലയാളം അച്ചുകൾ കൊടുത്തു. ആ അച്ചുകൾ ഉപയോഗിച്ച് സുറിയാനിസഭാ മെത്രാപ്പൊലിത്തയുടെ “പുരോഹിത ലേഖന’ (Pastoral letters, 600 copies)വും “ഗിരിപ്രഭാഷണ’ (Cermon on the mount, 400 copies)വും 1823-ൽ അച്ചടിച്ചു. അടുത്ത വർഷം കുട്ടികൾക്കുവേണ്ടി എട്ടു സന്മാർഗ്ഗോപദേശകഥകളടങ്ങുന്ന “ചെറുപൈതങ്ങൾക്കുപകാരാർത്ഥം ഇംക്ലീഷിൽനിന്നു പരിഭാഷപ്പെടുത്തിയ കഥകൾ’ എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. ഇത് അന്ന് സി.എം.എസ്. സ്‌കൂളിൽ പാഠപുസ്തകമായി ഉപയോഗിച്ചിരുന്നു എന്നു പറയപ്പെടുന്നു. 1826-ൽ ലൂക്കോസിന്റെ സുവിശേഷവും ബെയ്‌ലി അവിടെ മുദ്രണം ചെയ്തു. എന്നാൽ ഇവ അച്ചടിക്കുന്നതിന് ഉപയോഗിച്ച അക്ഷരങ്ങൾ ചതുരവടിവിലുള്ളവയും വലുതും അക്ഷരങ്ങളുടെ ആകൃതി വികൃതവുമാണെന്ന് ബെയ്‌ലിക്കുതോന്നി. അതിനാൽ ഈ അച്ചുകൾ അദ്ദേഹത്തിനു സ്വീകാര്യമായില്ല എന്നു മാത്രമല്ല ഉപേക്ഷിക്കുകയും ചെയ്തു.

ബെയ്‌ലിയുടെ അടുത്തശ്രമം സ്വന്തമായി മലയാളം അച്ചുകൾ ഉണ്ടാക്കാനായിരുന്നു. അച്ചുകൾ വാർക്കുന്ന സ്ഥാപനമോ യന്ത്രമോ കണ്ടിട്ടില്ലാതിരുന്ന അദ്ദേഹം എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിൽ നല്കിയിരുന്ന ചില വിവരങ്ങളും അച്ചടിയെപ്പറ്റിയുള്ള ഒരു ചെറിയ പുസ്തകവും നോക്കി സ്വന്തം കൈകൾ കൊണ്ട് മലയാളം അക്ഷരങ്ങളുടെ മാതൃകയുണ്ടാക്കി. ഒരു ആശാരിയുടെയും രണ്ടു തട്ടാന്മാരുടെയും (സ്വർണ്ണപ്പണിക്കാർ) സഹായത്തോടുകൂടി അദ്ദേഹം മലയാളം അച്ചുകൾ വാർക്കുകയും ചെയ്തു. എന്നിട്ടും പ്രശ്‌നം അവസാനിച്ചില്ല. അച്ചടിക്കാൻ പരിശീലനം ലഭിച്ച ആളുവേണമല്ലോ. ബെയ്‌ലിക്ക് അനാഥനായ ഒരു വളർത്തുപുത്രനുണ്ടായിരുന്നു. അയാളെ ബെയ്‌ലിതന്നെ അച്ചടിപരിശീലിപ്പിച്ച് ആ കുറവും പരിഹരിച്ചു. താൻ സ്വന്തമായുണ്ടാക്കിയ അക്ഷരങ്ങളുപയോഗിച്ച് അച്ചടിച്ച മാതൃക റസിഡന്റിന് അയച്ചുകൊടുത്തു. അതു കണ്ടിട്ട് അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായം ശ്രദ്ധേയമാണ്. “”പുതിയ മലയാള അക്ഷരങ്ങളുടെ മാതൃക സദയം എനിക്കയച്ചുതന്നതിന് എന്റെ ഹൃദയംഗമായ നന്ദി സ്വീകരിച്ചാലും. അച്ചടി വളരെ ശരിയും മനോഹരവുമായിരിക്കുന്നു. അതു നിങ്ങളുടെ അർപ്പണ മനഃസ്ഥിതിക്കും സ്ഥിരോത്സാഹത്തിനും വളരെ അഭിമാനം വളർത്തുന്നു. ഈ യന്ത്രവും അതിന്റെ നിർമ്മാണത്തിനു സ്വീകരിച്ച രീതികളും എന്നെ കൃതജ്ഞനാക്കുന്നു. അക്ഷരങ്ങളുടെ മനോഹാരിതയ്ക്കും ശുദ്ധിക്കും പുറമേ അതിന്റെ വലുപ്പം വളരെ കുറച്ചിട്ടുമുണ്ട്. മി. ബെയ്‌ലി എടുത്തു വളർത്തിയ ഒരു അനാഥബാലൻ ഹെഡ് പ്രിന്റർ എന്ന നിലയിൽ പ്രവർത്തിക്കത്തക്കവിധം പ്രിന്റിങ് കലയിൽ നല്ല നൈപുണ്യം സമ്പാദിക്കുകയും ഞങ്ങൾ അവനെ പ്രതിമാസം ഏഴു രൂപ ശമ്പളത്തിൽ ആ ജോലിയിൽ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

മലയാളം അച്ചടിക്കുവേണ്ടി സ്വന്തമായിഒരച്ചടിയന്ത്രംകൂടി തടികൊണ്ട് ബെയ്‌ലി നിർമ്മിച്ചു.  1828-ൽ ഇംഗ്ലണ്ടിൽനിന്നു രണ്ടു യന്ത്രങ്ങൾകൂടി വരുത്തി. അദ്ദേഹം നിർമ്മിച്ച അക്ഷരങ്ങളുപയോഗിച്ച് 1829-ൽ തന്റെ മലയാള “പുതിയനിയമ’പരിഭാഷ മുദ്രണം ചെയ്യുകയുണ്ടായി. മോശ ഈശാൻഫെനി, വൈദ്യനാഥയ്യർ, ചാത്തുമേനോൻ മുതലായ ഭാഷാപണ്ഡിതന്മാരുടെ സഹായം ബെയ്‌ലിക്ക് ഈ പരിഭാഷായത്‌നത്തിൽ ലഭിച്ചിരുന്നു. ചാത്തുമേനോൻ ക്രിസ്തുമതം സ്വീകരിച്ച മലബാറുകാരനായ ഒരു മലയാളം മുൻഷിയായിരുന്നു. കൊച്ചിക്കാരനും യഹൂദനുമായ മോശഈശാൻഫെനി വേദപുസ്തകത്തിന്റെ മൂലഭാഷയായ ഹീബ്രുവിൽ പാണ്ഡിത്യമുള്ള ആളായിരുന്നു. വൈദ്യനാഥയ്യരാകട്ടെ ഒരു സംസ്‌കൃതപണ്ഡിതനും. തർജ്ജമയിലെ ഭാഷ ഒട്ടൊക്കെ സംസ്‌കൃതപദ ബഹുലമാണെന്നും തന്മൂലം സാധാരണ ജനങ്ങൾക്ക് ദുർഗ്രഹമാണെന്നും ഒരു ആക്ഷേപം പറയുന്നുണ്ട്. എങ്കിലും മൂലഭാഷയോട് ഏറെ അടുത്തുനില്ക്കുന്നു ഈ പരിഭാഷ.

1128 ടൈപ്പുകൾ ഉപയോഗിച്ചാണ് 1772-ൽ ഫാദർ ക്ലെമന്റ് സംക്ഷേപവേദാർത്ഥം അച്ചടിച്ചത്. എന്നാൽ 1829-ൽ ബെയ്‌ലിക്കു തന്റെ പുതിയനിയമപരിഭാഷ മുദ്രണം ചെയ്യാൻ 500 ടൈപ്പുകളേ വേണ്ടിവന്നുള്ളൂ. ഇ, ഈ എന്നീ സ്വരാക്ഷരങ്ങളെക്കുറിക്കുന്ന വള്ളികൾ  പ്രത്യേകം മാറ്റിയെടുത്തിട്ടാണ് അദ്ദേഹം ടൈപ്പുകളുടെ എണ്ണം ഗണ്യമായി കുറച്ചത്. അങ്ങനെ ബെയ്‌ലി കേരളത്തിലെ മലയാളം അച്ചടിയുടെയും മലയാള ലിപിപരിഷ്‌കരണത്തിന്റെയും ഉപജ്ഞാതാവായി. അദ്ദേഹത്തിനുശേഷം ലിപിപരിഷ്‌കരണം സംബന്ധിച്ച ശ്രമം ഫലപ്രദമായി നടത്തിയത് കണ്ടത്തിൽ വറുഗീസുമാപ്പിളയാണ്.

പുതിയനിയമത്തിന്റെ അച്ചടിയെത്തുടർന്ന് ബെയ്‌ലി ഇംഗ്ലണ്ടിലേക്കുപോയി. അവിടെവച്ച് രണ്ടു സെറ്റ് മലയാളം അക്ഷരങ്ങൾ നിർമ്മിച്ചു. അദ്ദേഹത്തിന്റെ പുത്രൻ അച്ചടിസംബന്ധമായ പഠനം പൂർത്തിയാക്കിയശേഷം പ്രസ്സിന്റെ സൂപ്രണ്ട് എന്ന നിലയിൽ 1840-ൽ അച്ചുകളോടൊപ്പം കോട്ടയത്തെത്തി. അദ്ദേഹം പ്രിന്റിങ്ങിലും ബയന്റിങ്ങിലും ചില പരിഷ്‌കാരങ്ങൾ വരുത്തുകയും ചെയ്തു. അതിനുശേഷമാണ് 1842-ൽ ബെയ്‌ലി തന്റെ സമ്പൂർണ്ണ ബൈബിൾവിവർത്തനം അച്ചടിച്ചത്. തുടർന്ന് 1846-ൽ ബെയ്‌ലിയുടെ മലയാളം-ഇംഗ്ലീഷ് ഡിക്ഷ്ണറിയും 1848-ൽ മലയാളത്തിലെ നാലാമത്തെ മാസികയായ ജ്ഞാനനിക്ഷേപവും 1849-ൽ ഇംഗ്ലീഷ്-മലയാളം ഡിക്ഷ്ണറിയും ഇവിടെ മുദ്രണം ചെയ്തു. വിദ്യാസംഗ്രഹം, കുടുംബപ്രിയവാദിനി, കേരളമിത്രം തുടങ്ങിയ ആനുകാലികങ്ങളും പ്രസ്തുത പ്രസ്സിന്റെ സന്തതികളാണ്.

‘ഉള്ളൂരിന്റെ കേരളസാഹിത്യ ചരിത്രം’ സംശോധനം ചെയ്ത പരിഷ്‌കരിച്ച പതിപ്പിന്റെ പ്രീബുക്കിങ് ആരംഭിച്ചു. ഒറ്റത്തവണ 1999 രൂപ. ഒന്നിച്ച് അടയ്ക്കുമ്പോള്‍ 1000 DC Rewards Points ലഭിക്കുന്നതാണ്. 1000+999 , 1000+600+600 എന്നീ തവണകളായും, പണം അടയ്ക്കാം. ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000, വാട്സാപ്പ് 9946109449. കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്.

 ഓണ്‍ലൈന്‍ ബുക്കിങ്ങിന് ക്ലിക്ക് ചെയ്യൂ

 

Comments are closed.