DCBOOKS
Malayalam News Literature Website

ജീവിതവിജയത്തിനായി ‘ഉള്‍ക്കരുത്തിന്റെ പാഠങ്ങള്‍; 375 ചിന്തകള്‍’

വിജയവഴിയിലേക്ക് കടക്കണമെങ്കില്‍ സ്വന്തം ധാരണകള്‍ പലതും തിരുത്തേണ്ടി വരും. എത്രയോ മനീഷികള്‍ സ്വന്തം മഹത്തായ ആശയങ്ങള്‍ മനുഷ്യരാശിക്ക് പകര്‍ന്നു നല്‍കിയിട്ടുണ്ട്. എത്രയോ പ്രതിഭാധനര്‍ ജീവിതത്തില്‍ സമര്‍ത്ഥമായി പ്രവര്‍ത്തിച്ചു പ്രായോഗിക വിജയം വരച്ചു കാട്ടിയിട്ടുണ്ട്. പക്ഷെ, അവ തേടിപ്പൊകാനും കണ്ടെത്തി ആവശ്യമായ മാറ്റങ്ങളോടെ സ്വജീവിതത്തില്‍ പരീക്ഷിച്ച് ജീവിതത്തിന്റെ മനോഹാരിതക്കു മാറ്റുകൂട്ടാനും നമ്മില്‍ പലര്‍ക്കും ക്ഷമയോ താത്പര്യമോ ഇല്ല. അന്യഥാ കൈവരുമായിരുന്ന വിജയം ആ സമീപനം നഷ്ടപ്പെടുത്തിയേക്കാം.

ഏതു രംഗത്തു പ്രവര്‍ത്തിക്കുന്നവരും പരമാവധി വിജയം കൈവരണമെന്ന് ആഗ്രഹിക്കുന്നതു സ്വാഭാവികം. പക്ഷെ, അതനുസരിച്ചു പ്രയത്‌നിക്കുന്നതും പ്രധാനം. ഇതിനു പലര്‍ക്കും ക്ഷമയില്ലെന്നു വരാം. മോഹമനുസരിച്ചു വിജയിക്കാന്‍ വേണ്ട ശേഷിയില്ലാത്തവര്‍ക്കു ലക്ഷ്യം പ്രായോഗികമായി പരിമിതപ്പെടുത്തേണ്ടി വന്നേക്കാം. എന്നാല്‍ കഴിവും സാമര്‍ത്ഥ്യവും ധാരാളം ഉള്ള ചിലര്‍ താത്കാലിക അസൗകര്യം ഒഴിവാക്കാനായി പ്രയത്‌നത്തില്‍ നിന്നു വിട്ടു നില്‍ക്കുന്നു. നമ്മുടെ മനോഭാവത്തിലും സമീപനത്തിലുമുള്ള പോരായ്മകളും വീഴ്ചകളും സ്വയം തിരിച്ചറിയാന്‍ മിക്കപ്പോഴും നമുക്കു കഴിഞ്ഞെന്നു വരില്ല. ചിന്തോദ്ദീപകമായ അനുഭവ കഥകളും വിവേകശാലികളുടെ വാക്കുകളും നമ്മെ വിളിച്ചുണര്‍ത്തി, കോട്ടകളും ന്യൂനതകളും ചൂണ്ടിക്കാട്ടിത്തന്ന് അവ പരിഹരിക്കാന്‍ സഹായിക്കും. അന്യര്‍ ആവശ്യപ്പെട്ടു ചെയ്യുന്നതിനേക്കാള്‍ എത്രയോ മെച്ചമാണ് വീഴ്ച സ്വയം കണ്ടെത്തി തെറ്റുതിരുത്തിപ്പോകുന്നത്. ചെറിയ സൂചനകള്‍ ആരോഗ്യകരമായ വലിയ മാറ്റങ്ങള്‍ക്കു വഴിവെച്ചേക്കാം.

ഏതൊരാള്‍ക്കും ജീവിതവിജയം നേടാന്‍ ഉപകരിക്കുന്ന ചിന്തകളുടെ സമാഹാരമാണ് ബി.എസ് വാരിയരുടെ ഉള്‍ക്കരുത്തിന്റെ പാഠങ്ങള്‍; 375 ചിന്തകള്‍ എന്ന പുതിയ കൃതി. മഹാന്‍മാരുടെ ചിന്തകളും വാക്കുകളും കല്‍പ്പിതകഥകളും വിവിധ സ്രോതസ്സുകളില്‍നിന്നു ശേഖരിച്ച്, നമുക്കിണങ്ങുന്ന തരത്തില്‍ പാകപ്പെടുത്തിയെടുത്തവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. ബി.എസ് വാരിയരുടെ അനന്യമായ രചനാശൈലിയില്‍ പിറന്ന ഈ കൃതി ഡി.സി ലൈഫാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

 

Comments are closed.