DCBOOKS
Malayalam News Literature Website

‘ആന്റിക്ലോക്ക്’ മനസ്സിന്റെ നിഗൂഢതകളിലൂടെ ഒരു സഞ്ചാരം

മലയാളത്തിലെ സമകാലിക എഴുത്തുകാരില്‍ ശ്രദ്ധേയനായ വി.ജെ. ജയിംസിന്റെ പുതിയ നോവലാണ് ആന്റിക്ലോക്ക്. ജീവിതത്തിലെ വിപരീതങ്ങൾക്ക് നിറംപകരാനുള്ള ശ്രമത്തിൽ മനുഷ്യമനസ്സുകളുടെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു വി ജെ ജയിംസിന്റെ ആന്റിക്ലോക്ക്. കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന പ്രതികാരത്തിന്റെ ഉഗ്രതയും പുറത്തേക്കു പ്രകടിപ്പിക്കാനാകാത്ത പ്രണയത്തിന്റെ തീവ്രതയും കാലാകാലങ്ങളിൽ മനുഷ്യബന്ധങ്ങളിലുണ്ടാകുന്ന ശൈഥില്യവും കാവ്യാത്മകമായി ഈ നോവലിൽ ചിത്രീകരിക്കുന്നു. ആന്റിക്ലോക്ക് സമകാലിക സമൂഹത്തിനു നൽകുന്നത് ഒരു ജാഗ്രതാനിർദേശമാണ്. കാലത്തിന്റെ വക്ഷസ്സിൽ അനുദിനം സ്പന്ദിക്കുന്ന ഘടികാരചലനങ്ങൾക്കിടയിൽ മാനുഷികമായ ഭാവനകൾക്കും ചിന്തകൾക്കും ഗതിവേഗം നഷ്ടപ്പെടുത്തരുതെന്ന ശക്തമായൊരു ഓർമ്മപ്പെടുത്തൽ.

ആന്റിക്ലോക്കില്‍ സമയഗതിയെ എപ്പോഴും നേരേപിടിച്ചു നടത്താന്‍ ബദ്ധശ്രദ്ധനായി ക്ലോക്ക് നന്നാക്കുന്ന ഒരാളും ജീവിതാന്ത്യത്തില്‍ ജീവന്‍ വെടിഞ്ഞ ദേഹത്തിനു സംരക്ഷണമൊരുക്കുന്ന മയ്യപ്പെട്ടിയുണ്ടാക്കുന്ന ഒരാളും ചേര്‍ന്നാണ് കഥാകഥാനത്തിനു വഴിയൊരുക്കുന്നത്. ഒരു പ്രതികാരത്തിന്റെ കഥയാണ് ആന്റിക്ലോക്ക് എന്നു പറഞ്ഞാല്‍ അതു കഥയെ വല്ലാതെ ചുരുക്കിക്കളയുകയായിരിക്കും എന്നു തോന്നുന്നു. എങ്കിലും ആദിനാട്ടിലെ രണ്ടു ശവപ്പെട്ടി നിര്‍മ്മാതാക്കാളില്‍ ഒരാളായ ഇന്‍ട്രിയുടെ മനസ്സിലെ, കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന കൊടിയ പ്രതികാരമാണ് കഥയുടെ കാതല്‍.

നൂറ്റിപ്പന്ത്രണ്ടണ്ട് വയസ്സ് കഴിഞ്ഞിട്ടുംനിലയ്ക്കാത്ത ക്ലോക്കുപോലെ സമയരഥത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വാച്ച് നന്നാക്കുകാരന്‍ പണ്ഡിറ്റാണ് ആന്റിക്ലോക്കിലെ മറ്റൊരു പ്രധാനകഥാപാത്രം. നോവലിന്റെ വികാസഗതിയില്‍ അതിനിര്‍ണ്ണായകമായൊരു പങ്ക് വഹിക്കുകയും പുസ്തകത്തിന്റെ തലക്കെട്ടിനുതന്നെ കാരണമാകുകയും ചെയ്യുന്ന ആന്റിക്ലോക്ക് നിര്‍മ്മിക്കുന്നത് പണ്ഡിറ്റാണ്. പഴഞ്ചനെന്നോ കാലഹരണപ്പെട്ടതെന്നോ ഒക്കെ സമകാലിക സമൂഹം കരുതുന്നതും എന്നാല്‍ ജീവിതപരിചയവും യുക്തിയും ഉപയോഗിച്ച് സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ നടത്താനുള്ള മുതിര്‍ന്ന വ്യക്തികളുടെ കഴിവിനെക്കൂടി അടയാളപ്പെടുത്തുന്നിടത്താണ് പണ്ഡിറ്റിന്റെ പ്രസക്തി. എന്നാല്‍ ലോപ്പസിന്റെ പ്രവാസിയായ മകന്‍ തന്റെ ജര്‍മ്മന്‍കാരിയായ പത്‌നിയോടൊപ്പം നാട്ടിലെത്തുന്നിടം മുതലാണ് കഥ ചടുലമാകുന്നത്…

Comments are closed.