DCBOOKS
Malayalam News Literature Website

അനുഭവങ്ങളുടെ അര്‍ത്ഥശില്പങ്ങള്‍: ബാലചന്ദ്രന്‍ ചുള്ളിക്കാട്

മാധവന്‍ പുറച്ചേരിയുടെ ‘ഉച്ചിര’ എന്ന കവിതാസമാഹാരത്തിന് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വായന

മനുഷ്യന്‍, സമൂഹം, സംസ്‌കാരം, ചരിത്രം, പ്രകൃതി എന്നീ അനുഭവങ്ങളുടെ സൂക്ഷ്മതലങ്ങളെ സമന്വയിക്കുന്ന സാന്ദ്രവും സംക്ഷിപ്തവുമായ വാങ്മയശില്പങ്ങളാണ് മാധവന്‍ പുറച്ചേരിയുടെ കവിതകള്‍.

വൈയക്തികാനുഭവങ്ങളില്‍ ചരിത്രത്തിന്റെ പരലുകള്‍ കവി കണ്ടെത്തുന്നു. ചരിത്രത്തിന്റെ
പ്രഗതിയില്‍ വ്യക്തികളുടെ ആത്മബലി രേഖപ്പെടുത്തുന്നു. പ്രകൃതിയില്‍ മനുഷ്യന്റെയും
ചരിത്രത്തിന്റെയും ആഘാതപ്രത്യാഘാതങ്ങള്‍ അനുഭവിച്ചറിയുന്നു. സാമൂഹ്യജീവിതത്തിന്റെ ഉള്ളറകളില്‍ വ്യക്തിയുടെ വിധി വായിക്കുന്നു.

ഉത്തരകേരളത്തിന്റെ ചരിത്രത്തിലും സംസ്കാരത്തിലും പുരാവൃത്തങ്ങളിലും ആഴത്തില്‍
വേരോടിയ ഈ കവിതകളില്‍, സ്ത്രീപക്ഷദര്‍ശനത്തിന്റെയും പരിസ്ഥിതി വിവേകത്തിന്റെയും ജനകീയരാഷ്ട്രീയത്തിന്റെയും മതേതരജീവിതത്തിന്റെയും അന്തര്‍ധാരകളുണ്ട്. ധര്‍മ്മലോപത്തിന്റെ വേദനകളും രാഷ്ട്രീയ നൈരാശ്യത്തിന്റെ
ഇരുണ്ട നിഴലുകളുമുണ്ട്. ഇവയൊന്നും കേവലാശയങ്ങളായല്ല, അനുഭവത്തിന്റെ ആവിഷ്കൃതസത്തയായിട്ടാണ് കവിതകളില്‍ വെളിപ്പെടുന്നത്.

അച്ഛന്‍, അമ്മ, പ്രകൃതി എന്നീ മൂന്നു മഹാപ്രഭാവങ്ങളിലൂടെയാണ് മാധവന്‍ സമൂഹത്തെയും
ജീവിതത്തെയും അറിയുന്നത്. സഖാവ് വടക്കില്ലം കേവലം പിതൃബിംബം മാത്രമല്ല. ആ ഒറ്റവാക്കിലൂടെയാണ് കവി ചരിത്രത്തിന്റെയും ജീവിതത്തിന്റെയും പ്രവാഹവേഗങ്ങളെ അനുഭവിക്കുന്നത്. അര്‍ത്ഥകാമങ്ങളുടെയും അധികാരത്തിന്റെയും മാര്‍ഗം വിട്ട്, ത്യാഗത്തിന്റെയും സഹനത്തിന്റെയും വിമോചനത്തിന്റെയും മാര്‍ഗ്ഗം തിരഞ്ഞെടുത്ത വടക്കില്ലത്തിന്റെ ആത്മബലി സ്വാതന്ത്യാനന്തരഭാരതത്തിന്റെ വിശ്ലഥ ചേതനയെ മഥിക്കുന്ന അജ്ഞാതശോക കഥകളിലൊന്നാണ്. സമരോജ്ജ്വലമായ ഒരു ചരിത്രത്തിന്റെ ആത്യന്തികമായ ദുരന്തമഹിമവടക്കില്ലമെന്ന ഒറ്റവാക്കില്‍ സമസ്തപദമായി ഒളിവില്‍ പാര്‍ക്കുന്നു. (നടന്നുപോകുന്ന ഒറ്റവരിക്കവിതകള്‍)

ഒരുതുള്ളി കണ്ണുനീരില്‍ ഒരു തീക്കടല്‍ തിരയിളകി (അമ്മക്കടല്‍)

അമ്മ എന്ന കണ്ണുനീര്‍ത്തുള്ളിയില്‍ ജീവിതദുഃഖത്തിന്റെ ഏഴു കടലുകള്‍ കാണിച്ചുതരികയാണ് ‘അമ്മക്കടല്‍’ എന്ന കവിത. ആ സപ്തസമുദ്രവിലാപത്തിന്റെയും ആധാരശ്രുതി ചരിത്രത്തിന്റെ ഇരമ്പംതന്നെ.

”ഇതിലുമെത്രയോ ക(കൊ)ണ്ടതിന്റെ
ആഴക്കടലുള്ളിലുണ്ട്.”

Textഇന്ത്യയിലെ ദരിദ്രജനകോടികളുടെ ആശയും ആവേശവുമായിരുന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടി
1964-ല്‍ പിളര്‍ന്നു. പ്രത്യയശാസ്ത്രം ജീവിതത്തെ തോല്പിച്ചു. അതിന്റെ ആഘാതത്തില്‍ തകര്‍ന്നു പോയ അജ്ഞാതജീവിതങ്ങളുടെ മുഴുവന്‍ ദുരന്തവും അറിയുകയാണ് അമ്മക്കണ്ണിലെ ഉള്‍പ്പിളര്‍പ്പിന്റെ കരിങ്കടലില്‍.

വിശ്വാസശൈഥില്യം ഉന്മാദസീമയിലേക്കുനയിക്കുന്ന ജീവിതം ‘മരിക്കുന്നതേ ഭേദം’ എന്ന കടുംവാക്കില്‍ത്തട്ടിത്തകരുമ്പോള്‍ അടരുന്ന അമ്മയുടെ കണ്ണീര്‍ക്കടലില്‍ കാലം ഒലിച്ചുപോകുന്നു. പത്‌നിയില്‍ പാരാവാരത്തെ സാക്ഷാത്കരിക്കുന്ന ഈ കവിത ഹൃദയശൂന്യമായ ഒരു മത്സരസംസ്‌കാരത്തിന്റെ കൃതഘ്‌നതയ്ക്കുമാത്രമേ തമസ്‌കരിക്കാനാകൂ.

”ചരിത്രം തൊട്ടുപോകുന്നു
ഒരൊറ്റത്തരിമണ്ണിനെ
ഭൂമിയാകുന്നു സര്‍വ്വവും.” (ഉച്ചിര)

ഇതേ അമ്മയുടെ ആന്തരികശക്തികളെ ആവാഹിക്കുന്ന മറ്റൊരു പാഠമാണ് ഉച്ചിര.
തന്നെത്തന്നെ വിവാഹം ചെയ്തു തന്റേടത്തിന്റെ ആള്‍രൂപമായ ഉച്ചിര പ്രസവിച്ചിട്ടില്ല. കുഞ്ഞാതിയെന്ന കൂട്ടിലൂടെ ഉച്ചിരയുടെ പ്രാകൃതശക്തിക്ക് ബലവത്തായ ധ്വനിമാനം കവി
കല്പിക്കുന്നുണ്ട്. നിഷ്‌കളങ്കമായ ബാല്യം ശക്തിസ്വരൂപിണിയായ ഉച്ചിരയെ ആഘോഷിക്കുന്നുണ്ട്. എങ്കിലും

”ഒറ്റയ്ക്കുനില്ക്കുന്ന പെണ്ണിന്റെ വേവുകള്‍
കുട്ടികള്‍ ഞങ്ങള്‍ക്കു തിട്ടമില്ല”

മഹാസംസ്‌കൃതികളെ പെറ്റുവളര്‍ത്തിയമറ്റൊരു മാതൃഭാവമാണ് നദി. പയ്യന്നൂരിലെ
പെരുമ്പപ്പുഴയെ കവി സംസ്‌കൃതിയുടെ ജീവനധാരയായി കണ്ടെത്തുന്നു. പെരുമ്പുഴയച്ഛന്റെ
ദേവസാന്നിദ്ധ്യവും അലക്കുകാരുടെയും തടിമില്ലുകളുടെയും മര്‍ത്ത്യസാന്നിദ്ധ്യവും നദീതടജീവിതത്തിന്റെ പരാപരകോടികളാവുന്നു.

മനുഷ്യപുരോഗതി നദിയെ മലിനധാരയാക്കുമ്പോള്‍

”പെരുമ്പപ്പുഴയ്ക്കും ചരിത്രത്തിനുള്ളില്‍
ഇടംകിട്ടിവേണം ഒഴുക്കില്‍ മരിക്കാന്‍”
ആ നദിയുടെ സ്ത്രൈണസത്ത മലിനദേവതയായി

”വലംവെച്ചു നിന്നോരു
പയ്യന്റെയൂരില്‍
വിഴുപ്പേറ്റു നില്പാണിരുള്‍ച്ചേറ്റിലിന്നും’

എങ്കിലും അവളുടെ ആത്യന്തികമായ വിമോചനദാഹത്തെ കവി സമ്യക്കായി രേഖപ്പെടുത്തുന്നു.

”അവള്‍ക്കിന്നു പോണം കടല്‍തേടി ദൂരം.
മടുക്കുന്നു കെട്ടിക്കിടപ്പില്‍, അലക്കില്‍”

കേവലമായ പ്രകൃതിസ്‌നേഹമല്ല, പ്രകൃതിയെ മനുഷ്യാനുഭവംകൊണ്ട് ചരിത്രവല്‍ക്കരിക്കുന്നതാണ് മാധവന്റെ കവിതകളിലെ പരിസ്ഥിതിവിവേകം. ഏഴിമല, മരായണം തുടങ്ങിയ കവിതകളിലെല്ലാം പക്വമായ ഈ പാരിസ്ഥിതികബോധത്തിന്റെ സാന്നിദ്ധ്യം കാണാം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.