DCBOOKS
Malayalam News Literature Website

“വിശുദ്ധ പ്രണയം”എന്ന മുൾക്കിരീടം!

ആല്‍വിന്‍ ജോര്‍ജിന്റെ ‘ദുഷാന’ യ്ക്ക് ജിഷ്ണു പ്രകാശ് എഴുതിയ വായനാനുഭവം

“പള്ളി മതിലിന്മേൽ കുട്ടിയായ എസ്തർ വരച്ച ചിരിക്കുന്ന യേശുവിന്റെ ചിത്രം.”
“ദുഷാന” വായച്ചു തീർന്നപ്പോൾ എന്റെ മനസ്സിൽ തങ്ങിനിന്നത് പ്രണയമായിരുന്നില്ല, മറിച്ച് പാപബോധത്തിന്റെ മുള്ളുകളാൽ ക്രൂശിക്കപ്പെട്ട കുട്ടിയായ എസ്തറും, ഒരു കൂട്ടം ഭ്രാന്ത് പിടിച്ച മനുഷ്യർ മായിച്ചുകളയുന്ന അവൾ വരച്ച ചിത്രവുമായിരുന്നു. ഒപ്പം അതേ പാപബോധത്തിന്റെ തുരുമ്പിച്ച ചങ്ങലയിൽ വരിഞ്ഞു മുറുകുന്ന മൈക്കിൽ എന്ന കുട്ടിയും. ചെയ്യാത്ത പാപത്തിന്റെ Textഭാരം ചുമന്ന് അവർ വളർന്നു. അവസാനം മതങ്ങളും അതിന്റെ നടത്തിപ്പുകാരും ഒരുക്കിവെച്ച “വിശുദ്ധ പ്രണയം” എന്ന മുൾക്കിരീടം ചൂടുന്നു . “വിശുദ്ധ പ്രണയത്തിന്റെ” രണ്ട് ഉത്തമ ഇരകൾ. ചുംബനങ്ങൾ പാപമാകുന്ന, മനുഷ്യ വികാരങ്ങളിൽ ആണി തറയ്ക്കുന്ന ഒരു ലോകത്തിനെതിരെ പേനകൊണ്ട് യുദ്ധം ചെയ്യുകയാണ് എഴുത്തുകാരൻ. “ദുഷാന” പ്രണയത്തിന്റെ മുന്തിരിച്ചാറ് മാത്രമല്ല. വംശവെറിയുടെയും , ആഭ്യന്തരകലാപങ്ങളുടെയും, പാപബോധങ്ങളുടെയും ഇരകളാക്കപ്പെട്ട ഒരു കൂട്ടം, പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയുന്ന മനുഷ്യരുടെയും, അവയ്ക്ക് സാക്ഷിയാകേണ്ടിവന്ന, എറനിക് നദിയുടേയും, ഓക്കുമരത്തിന്റെയും, പള്ളിമതിലിന്റെയും ഓർമ്മകളുടെ കൈപ്പുനീര് കൂടിയാണ്.

ഒരു യുദ്ധത്തെ തീവ്രമായ തങ്ങളുടെ പ്രണയംകൊണ്ട് തോൽപിച്ചവരാണ് ദുഷാനയും ഡാനിയും. മൈക്കിളും, എസ്തറും, ഐറിനുമെല്ലാം ഒഴുകിനടക്കുന്ന നോവലിൽ, ഒരു സമ്മാന പൊതിയുടെ മറവിൽ ഭൂതകാലത്തിൽ ഒളിഞ്ഞിരിക്കുന്ന “സാമിറ” എന്ന കഥാപാത്രം ഒരു നോവായി മനസ്സിൽ ഉടക്കി നിൽക്കുന്നു. ചിലപ്പോൾ ദുഷാനയേക്കാൾ തീവ്രമായി ഡാനിയെ പ്രണയിച്ചത് സാമിറയാകാം.

വായനക്കാരന്റെ ഭാവനപോലെ ഏതു ദിശയിലും സഞ്ചരിക്കാം നോവലിലൂടെ. മൈകിളിലോ, എസ്തറിലോ, ദുഷനയിലോ, ഡാനിയിലോ നമ്മളെ കാണുകയും ചെയ്യാം. ഓരോ താളുകളിലും ഓരോ അനുഭവങ്ങൾ പകർന്നു തന്ന എഴുത്തുകാരൻ ആല്‍വിന്‍ ജോര്‍ജിന്  നന്ദി. എല്ലാവരും പ്രണയിക്കുക,  ചുംബിച്ചുകൊണ്ട് പ്രണയിക്കുക. കാരണം എറനിക് നദിയ്ക്കും ഓക്കുമരത്തിനും അറിയാം പരസ്പരം ചുംബിക്കാൻ സാധിക്കാതെ പ്രണയിക്കുന്നത് എത്രത്തോളം വേദനയുണ്ടാക്കുമെന്ന്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.