DCBOOKS
Malayalam News Literature Website

ട്വിറ്ററിനെ പൂട്ടാനുറച്ച് കേന്ദ്രം; നിയമപരിരക്ഷ പിൻവലിച്ചു

ന്യൂഡൽഹി: ട്വിറ്ററിന് ഐടി നിയമപ്രകാരമുള്ള പരിരക്ഷ ഒഴിവാക്കി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ പുതിയ ഐടി ചട്ടപ്രകാരം നിയമാനുസൃത ഓഫീസർമാരെ നിശ്ചിത സമയത്തിനുള്ളിൽ നിയമിക്കാത്തതിനെ തുടർന്നാണ് നടപടി. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പുതിയ ഐടി നിയമം മേയ് 25നാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്.

നിയമപരിരക്ഷ നഷ്ടപ്പെടുന്നതോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീർത്തികരവുമായ ഏത് ഉള്ളടക്കത്തിനും ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച കമ്പനി മറുപടി പറയേണ്ടിവരും. ട്വിറ്റർ ഇന്ത്യയുടെ ഏത് ഉദ്യോഗസ്ഥനെയും പൊലീസിന് ചോദ്യം ചെയ്യാനും ക്രിമിനൽ നടപടി സ്വീകരിക്കാനും കഴിയും.

ഇന്ത്യയിലെ ഐടി നിയമം സെക്ഷൻ 79 പ്രകാരമുള്ള നിയമപരിരക്ഷ നഷ്ടമാകുന്ന ആദ്യ അമേരിക്കൻ കമ്പനിയും ട്വിറ്ററാണ്. ഐടി ചട്ടങ്ങൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് ട്വിറ്ററിനെതിരെ നടപടി എടുക്കുമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഫെയ്സ്ബുക്ക്, യൂട്യൂബ്, വാട്സ് ആപ്പ് തുടങ്ങിയവയെല്ലാം സർക്കാർ ആവശ്യപ്പെട്ടതുപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിരുന്നു.

നിയമപരിരക്ഷ ഒഴിവാക്കിയതിനു പിന്നാലെ യുപിയിൽ ട്വിറ്ററിനെതിരെ കേസെടുത്തു. ജൂൺ അഞ്ചിന് ഗാസിയാബാദിൽ പ്രായമായ മുസ്‌ലിം വയോധികനു നേരെ ആറുപേർ അതിക്രമം നടത്തിയിരുന്നു. ബലംപ്രയോഗിച്ച് താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്നു വിളിക്കാൻ നിർബന്ധിപ്പിച്ചുവെന്നും സംഭവത്തെക്കുറിച്ച് ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ട്വിറ്ററിൽ പ്രചരിച്ചു, എന്നാൽ നീക്കം ചെയ്യാൻ സമൂഹമാധ്യമം തയാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

Comments are closed.