DCBOOKS
Malayalam News Literature Website

ട്രെന്റിന്റെ അവസാനത്തെ കേസ്

പി. കെ. രാജശേഖരന്‍

അപസര്‍പ്പകകഥയുടെ വ്യവസ്ഥാപിത മാതൃകയെ പാരഡിചെയ്യുകയോ ആന്തരികമായി തകര്‍ക്കുകയോ ചെയ്യുന്നു ഒരു നൂറ്റാണ്ടിനുമുമ്പെഴുതിയ ‘ട്രെന്റ്‌സ് ലാസ്റ്റ് കേസ്’. അങ്ങനെ ഉത്തരാധുനിക അപസര്‍പ്പകകഥാരീതിയായ മെറ്റാഫിസിക്കല്‍ ഡിറ്റക്ടീവ് നോവലിനെ പൂര്‍വ്വദര്‍ശനം ചെയ്യുകയായിരുന്നു ‘ട്രെന്റിന്റെ അവസാനത്തെ കേസ്’ എന്നു പറയാം.

ആര്‍തര്‍ കോനല്‍ ഡോയ്ല്‍ സൃഷ്ടിച്ച സര്‍വ്വജ്ഞനും അന്തര്‍മുഖനുമായ അപസര്‍പ്പകനായകന്റെ ബിംബം തകര്‍ത്ത് അപസര്‍പ്പകകഥയില്‍ പിന്നീട് വരാനിരിക്കുകയായിരുന്ന ഭാവുകത്വപരിവര്‍ത്തനങ്ങള്‍ക്കു വഴിയൊരുക്കുന്നു ‘ട്രെന്റിന്റെ അവസാനത്തെ കേസി’ലൂടെ ഇ.സി. ബെന്റ്‌ലി. ഡോയ്‌ലിന്റെ ഷെര്‍ലക് ഹോംസ് വിരാജിക്കുകയായിരുന്ന കാലത്താണ് ഫിലിപ്പ് ട്രെന്റ് എന്ന അപസര്‍പ്പകനെ ബെന്റ്‌ലി അവതരിപ്പിച്ചത്. ‘ട്രെന്റ്‌സ് ലാസ്റ്റ് കേസ്’ (1913) എന്നായിരുന്നു നോവലിന്റെ പേരെങ്കിലും അപസര്‍പ്പകനായ ട്രെന്റിന്റെ ആദ്യത്തെ കേസായിരുന്നു അത്. പത്രപ്രവര്‍ത്തകനായ ഇ. സി. ബെന്റ്‌ലിയുടെ ആദ്യത്തെ അപസര്‍പ്പക നോവലും. പിന്നീട് ഇരുപത്തിമൂന്നുവര്‍ഷം കഴിഞ്ഞ് 1930-ല്‍ പ്രസിദ്ധീകരിച്ച ട്രെന്റ്‌സ് ഓണ്‍ കേസി’ലാണ് ഫിലിപ് ട്രെന്റ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. സംശയരഹിതമായി പഴുതടച്ച് കേസ് തെളിയിക്കുന്ന അപസര്‍പ്പകനു പകരം പരാജയപ്പെടുന്ന അപസര്‍പ്പകനെയാണ് ട്രെന്റിന്റെ അവസാനത്തെ കേസി’ല്‍ ബെന്റ്‌ലി അവതരിപ്പിച്ചതെങ്കിലും പരിണാമഗുപ്തിക്കോ ആകാംക്ഷയ്‌ക്കോ നോവലില്‍ ഒരു കുറവും സംഭവിക്കുന്നില്ല. പരസ്പരവിശ്വാസമില്ലായ്മ നിറഞ്ഞ ഗാര്‍ഹികാന്തരീക്ഷത്തിലെ കുറ്റകൃത്യവും നാഗരികപശ്ചാത്തലവും അവതരിപ്പിച്ച ‘ട്രെന്റ്‌സ് ലാസ്റ്റ് കേസ്’ ഇംഗ്ലിഷ് അപസര്‍പ്പക സാഹിത്യത്തിലെ ‘സുവര്‍ണഘട്ട’ത്തിലുള്‍പ്പെടുന്ന അഗതാക്രിസ്റ്റിയെയും ഡോറത്തി സെയേഴ്‌സിനെയുംപോലുള്ളവര്‍ക്ക് വഴികാട്ടിയായി. ‘ഗോള്‍ഡന്‍ ഏജി’ന്റെ തുടക്കംതന്നെ ട്രെന്റ്‌സ് ലാസ്റ്റ് കേസി’ല്‍ നിന്നാണെന്നു പറഞ്ഞാലും അധികമാവില്ല. അപസര്‍പ്പകനോവലിന്റെ അടിസ്ഥാനതത്ത്വങ്ങളും യുക്തിയും ലംഘിച്ച് ആ ജനുസ്സിന്റെ രൂപഘടനയെ അപനിര്‍മ്മാണത്തിനു വിധേയമാക്കിയ ‘ട്രെന്റ്‌സ് ലാസ്റ്റ് കേസ്’ ഒരു മാസ്റ്റര്‍പീസായി എല്ലാവരും അംഗീകരിക്കുന്നു.

അമേരിക്കന്‍ ഓഹരിക്കമ്പോളമായ വാള്‍സ്ട്രീറ്റിലെ പ്രമുഖനും വ്യവസായിയുമായ സിഗ്‌സ്ബീ മാന്‍ഡേഴ്‌സന്‍ ഇംഗ്ലണ്ടിലെ മാള്‍സ്റ്റോണിലുള്ള വീടിന്റെ മുറ്റത്ത് വെടിയേറ്റു മരിച്ചുകിടക്കുന്ന വാര്‍ത്തയില്‍നിന്നാണ് ‘ട്രെന്റിന്റെ അവസാനത്തെ കേസ്’ ആരംഭിക്കുന്നത്. അതിസുന്ദരിയും സാധാരണക്കാരിയുമായ മേഞ്ചെല്‍ ആണ് മാന്‍ഡേഴ്‌സന്റെ ഭാര്യ. ആ ദമ്പതിമാര്‍ക്ക് മക്കളില്ല. ലണ്ടനിലെ ‘റെക്കോഡ്’ പത്രത്തിന്റെ ഉടമയും പത്രാധിപരുമായ ജെയിംസ് മൊളോയ് ആ മരണത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഫിലിപ്പ് ട്രെന്റിനെ നിയോഗിക്കുന്നു. ‘സണ്‍’ എന്ന സായാഹ്നപത്രത്തിന്റെയും ഉടമയാണ് മോളോയ്. ഒരു ചിത്രകാരന്റെ മകനും ചിത്രകാരനുമായ ഫിലിപ്പ് ട്രെന്റ് എന്ന മുപ്പത്തിരണ്ടുകാരന്‍ പ്രൊഫഷണല്‍ അപസര്‍പ്പകനോ പത്രപ്രവര്‍ത്തകനോ അല്ല. പക്ഷേ, കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ കാണുമ്പോള്‍ അവയുടെ സൂക്ഷ്മാംശങ്ങള്‍ വിലയിരുത്തി യുക്തിപരമായ തീരുമാനങ്ങളില്‍ എത്തിച്ചേരുന്ന ശീലം ട്രെന്റിനുണ്ട്. ഒരിക്കല്‍ തീവണ്ടി സ്റ്റേഷനില്‍ നടന്ന കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകത്തിന്റെ വാര്‍ത്തകള്‍ ശ്രദ്ധിച്ച ട്രെന്റ് വസ്തുക്കള്‍ അപഗ്രഥിച്ച് കൊലപാതകിയെപ്പറ്റി ഒരു നീണ്ട കത്ത് ‘റെക്കോഡ്’
പത്രത്തിലേക്കയച്ചു. പ്രാധാന്യത്തോടെ ആ കത്ത് ‘റെക്കോഡ്’ പ്രസിദ്ധപ്പെടുത്തി. അന്നു വൈകുന്നേരം കൊലയാളി അറസ്റ്റിലാവുകയും ചെയ്തു. അതോടെ ട്രെന്റിനെ പത്രാധിപര്‍ സമാനമായ കേസുകള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തി. ഈ പശ്ചാത്തലത്തിലാണ് മാന്‍ഡേഴ്‌സന്റെ മരണം അന്വേഷിക്കാന്‍ മാള്‍സ്റ്റോണില്‍ ട്രെന്റ് എത്തിയത്. അവിടത്തുകാരനായനതാനിയല്‍ കപ്പിള്‍സ് എന്ന സുഹൃത്തിനെ ട്രെന്റ് സന്ദര്‍ശിച്ചു. കപ്പിള്‍സിന്റെ അനന്തരവളായിരുന്നു മാന്‍ഡേഴ്സന്റെ ഭാര്യ മേബല്‍. ചെറുപ്പത്തിലേ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട മേബലിനെ വളര്‍ത്തിയത് കപ്പിള്‍സും ഭാര്യയുമാണ്. ഇപ്പോള്‍ വിഭാര്യനായി ഒറ്റയ്ക്കു താമസിക്കുകയാണ് കപ്പിള്‍സ്.

വൈറ്റ് ഗേബിള്‍സ് എന്ന മാന്‍ഡേഴ്‌സണ്‍ ഭവനത്തില്‍ മേബലും മാന്‍ഡേഴ്‌സന്റെ രണ്ടു സെക്രട്ടറിമാരും വിശ്വസ്തഭൃത്യന്‍ മാര്‍ട്ടിനും അടുക്കളക്കാരി സെലസ്റ്റീനും
മാത്രമാണുള്ളത്. ബ്രിട്ടീഷുകാരനായ ജോണ്‍ മാര്‍ലോയും അമേരിക്കനായ കാല്‍വിന്‍ ബണ്ണറുമാണ് രണ്ടു സെക്രട്ടറിമാര്‍. താനും ഭര്‍ത്താവുമായി കുറച്ചുനാളായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്നു ട്രെന്റിനോട് മേബല്‍ വെളിപ്പെടുത്തി. മരണത്തെപ്പറ്റി അന്വേഷിക്കുന്ന സ്‌കോട്ട് ലന്‍ഡ്‌യാര്‍ഡിലെ ഇന്‍സ്‌പെക്ടര്‍ മാര്‍ച്ചുമായി ട്രെന്റ് കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്തു.

മൃതദേഹം കണ്ടതിന്റെ തലേ രാത്രി മാന്‍ഡേഴ്‌സണ്‍ ദമ്പതിമാരും സെക്രട്ടറിമാരും ഒരുമിച്ചാണ് അത്താഴം കഴിച്ചത്. അത്താഴം കഴിഞ്ഞ് മേബലും ബണ്ണറും ഉറങ്ങാന്‍ പോയി. മാര്‍ലോയ്ക്ക് ചില നിര്‍ദ്ദേശങ്ങള്‍ മാന്‍ഡേഴ്‌സണ്‍ നല്‍കുന്നതു താന്‍ കേട്ടുവെന്ന് പരിചാരകനായ മാര്‍ട്ടിന്‍ പറഞ്ഞു. അന്നു രാത്രി ദൂരെയുള്ള സതാംപ്ടനിലേക്കു കാറില്‍ പോയി ജോര്‍ജ്ജ് ഹാരിസ് എന്നയാളെ കാണാനുള്ള നിര്‍ദ്ദേശമായിരുന്നു അത്. കുറച്ചുദൂരം നിലാവത്ത് കാറില്‍ യാത്രചെയ്യാന്‍ മാര്‍ലോ ക്ഷമിച്ചുവെന്ന് ഭാര്യയോടു പറഞ്ഞശേഷം മാന്‍ഡേഴ്‌സണും ഒപ്പം പുറപ്പെട്ടു. കുറേക്കഴിഞ്ഞ് മാന്‍ഡേഴ്‌സണ്‍ നടന്നു മടങ്ങിവന്നു. മുന്‍വാതില്‍ തുറക്കാതെ അടച്ചിടാറില്ലാത്ത ജനല്‍വഴി അകത്തു കടന്ന മാന്‍ഡേഴ്‌സണ്‍ സതാംപ്ടണിലെ ഒരു ഹോട്ടലിലേക്കു വിളിച്ച് ജോര്‍ജ്ജ് ഹാരിസ് എത്തിയിട്ടുണ്ടോ എന്ന് ടെലിഫോണില്‍ ചോദിക്കുന്നത് മാര്‍ട്ടിന്‍ കേട്ടിരുന്നു, വിസ്‌കി കുടിക്കുന്നതിനായി സോഡ കൊണ്ടുവരാനും. ഫോണ്‍ വരാനിടയുള്ളതുകൊണ്ട് പന്ത്രണ്ടരവരെ ഉറങ്ങാതിരിക്കണമെന്നും മാര്‍ട്ടിനോട് മാന്‍ഡേഴ്‌സണ്‍ നിര്‍ദ്ദേശിച്ചു. അതിനുശേഷം അദ്ദേഹം ഉറങ്ങിക്കാണുമെന്ന് മാര്‍ട്ടിന്‍ ഊഹിക്കുന്നു. നിര്‍ദ്ദേശിച്ച സമയം കഴിഞ്ഞ് അയാളും ഉറങ്ങാന്‍ പോയി. അതു ശരിവയ്ക്കുന്നതായിരുന്നു മാര്‍ലോയുടെ മൊഴിയും.

സതാംപ്ടനില്‍നിന്നു പാരീസിലേക്കു ബോട്ടില്‍പോകുന്ന ജോര്‍ജ്ജ് ഹാരിസണ്‍ എന്നയാള്‍ക്കുവേണ്ടി ടിക്കറ്റ് ബുക്കു ചെയ്യാന്‍ ദിവസങ്ങള്‍ക്കുമുമ്പ് മാര്‍ലോയോട്
മാന്‍ഡേഴ്‌സണ്‍ ആവശ്യപ്പെട്ടിരുന്നു. അയാള്‍ ടിക്കറ്റെടുത്ത് മാന്‍ഡേഴ്‌സണു നല്‍കുകയും ചെയ്തു. എന്നാല്‍ മരണത്തിന്റെ തലേ രാത്രി ഹാരിസ് പോകാന്‍ പാടില്ലെന്നും പകരം ആ പേരില്‍ മാര്‍ലോ യാത്ര ചെയ്യണമെന്നും മാന്‍ഡേഴ്‌സണ്‍ നിര്‍ദ്ദേശിച്ചു. രാത്രിതന്നെ കാറില്‍ പുറപ്പെട്ട് പുലര്‍ച്ചയ്ക്ക് സതാംപട്‌നിലെത്തി അവിടെ ഹോട്ടലില്‍ തങ്ങുന്ന ഹാരീസിനെ കണ്ട് അയാള്‍ മാള്‍
സ്റ്റോണില്‍ എത്താന്‍ നിര്‍ദ്ദേശിക്കുകയും തുടര്‍ന്ന് മാര്‍ലോ പാരീസിലേക്കു പോവുകയും ചെയ്യണമെന്നാണ് മാന്‍ഡേഴ്‌സണ്‍ ആവശ്യപ്പെട്ടത്. അതനുസരിച്ചു പുറപ്പെട്ട മാര്‍ലോയുടെ കാറില്‍ അല്പം ദൂരം യാത്രചെയ്തശേഷം മാന്‍ഡേഴ്‌സണ്‍ വഴിയിലിറങ്ങി വീട്ടിലേക്കു മടങ്ങി. പിറ്റേന്നു പ്രഭാതത്തില്‍ സതാംപ്ടനിലെത്തിയ മാര്‍ലോയ്ക്ക് ജോര്‍ജ്ജ് ഹാരിസണ്‍ എന്നൊരാള്‍ എത്തിയിട്ടില്ലെന്ന വിവരമാണ് ഹോട്ടലില്‍നിന്നു കിട്ടിയത്. ബോട്ടില്‍ യാത്ര ചെയ്യാനും അയാള്‍ വന്നില്ല. മാന്‍ഡേഴ്‌സന്റെ മരണവിവരമറിഞ്ഞ് മാര്‍ലോ വീട്ടിലേക്കു മടങ്ങി. മാന്‍ഡേഴ്‌സന്റെ മുറി ട്രെന്റ് വിശദമായി പരിശോധിച്ചു. അയാള്‍ മരണസമയത്തു പാലിച്ചിരുന്ന ഷൂസ് ഒരല്പം വീണ്ടുകീറിയിരിക്കുന്നതും കൃത്രിമപ്പല്ലുകള്‍ മുറിയില്‍ വച്ചിരിക്കുന്നതും ട്രെന്റ് കണ്ടു. മുറിയിലെ വിസ്‌കിയും സാമാന്യമായ അളവില്‍ കൂടുതല്‍ ഉപയോഗിച്ചിരുന്നു. മാര്‍ലോയുടെ തോക്കുപയോഗിച്ചാണ് മാന്‍ഡേഴ്‌സണെ വെടിവെച്ചിരുന്നത്. ആ തോക്ക് മാര്‍ലോയുടെ മേശപ്പുറത്തുതന്നെ ഉണ്ടായിരുന്നു.

സ്വാഭാവികമായി സംശയിക്കപ്പെടാവുന്ന വ്യക്തികള്‍ മേബലും മാര്‍ലോയുമായിരുന്നു. സംഭവസമയത്ത് സ്ഥലത്തില്ലായിരുന്ന മാര്‍ലോ സതാംപ്ടനില്‍ എത്തിയതും മരണത്തിനുമുമ്പ് മാന്‍ഡേഴ്‌സണ്‍ സതാംപ്ടണിലെ ഹോട്ടലിലേക്കു ഫോണ്‍ വിളിച്ചതും സത്യമായിരുന്നതിനാല്‍ അയാളെ പ്രതിയാക്കാന്‍ പോലീസിനും കഴിഞ്ഞില്ല. ഭര്‍ത്താവും താനും നല്ല ബന്ധത്തിലായിരുന്നില്ലെന്നു തുറന്നുപറഞ്ഞ മേബലും മാര്‍ലോയും തമ്മില്‍ അവിഹിതമായ ബന്ധമുണ്ടെന്നതിന്റെ സൂചനകളും ഉണ്ടായിരുന്നില്ല. തന്റെ അസന്തുഷ്ടമായ ജീവിതത്തെപ്പറ്റി ട്രെന്റിനോട് മേബല്‍ തുറന്നുപറഞ്ഞു. സമൂഹത്തിന്റെ ഉന്നതശ്രേണികളില്‍ തന്റെ ഭാര്യ തിളങ്ങി നില്ക്കണമെന്നായിരുന്നു മാന്‍ഡേഴ്‌സന്റെ ആഗ്രഹം. മേബലിന് അതിനു കഴിയാതായതോടെ മാന്‍ഡേഴ്‌സണ്‍ മാനസികമായി അകന്നു. മാര്‍ലോയും താനും തമ്മിലുള്ള സഹോദരതുല്യമായ ബന്ധത്തില്‍ മാന്‍ഡേഴ്‌സണ്‍ സംശയാലുവായിരുന്നെന്നും മേബല്‍ പറഞ്ഞു. മാന്‍ഡേഴ്‌സണ്‍ വധത്തെപ്പറ്റി ‘റെക്കോഡി’നു രണ്ടു റിപ്പോര്‍ട്ടുകള്‍ അയച്ചിരുന്ന ട്രെന്റ് വിശദമായ അന്വേഷണത്തിനുശേഷം തന്റെ അവസാനത്തെ റിപ്പോര്‍ട്ട് തയ്യാറാക്കി. മാര്‍ലോയാണ് കൊലയാളിയെന്നു സ്ഥാപിക്കുന്നതായിരുന്നു ട്രെന്റിന്റെ റിപ്പോര്‍ട്ട്. സംശയിക്കാന്‍തക്ക തെളിവുകളൊന്നുമില്ലാത്ത ഒരാളെ കുറ്റവാളിയായി സ്ഥാപിക്കുന്ന ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണോ വേണ്ടേയെന്നു തീരുമാനിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അയാള്‍ അത് ‘റെക്കോഡ്’ പത്രാധിപര്‍ ജെയിംസ് മൊളോയ്ക്ക് അയച്ചുകൊടുത്തു. തന്റെ റിപ്പോര്‍ട്ട് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിനു നല്‍കണമെന്നും അയാള്‍ ആവശ്യപ്പെട്ടു. അതിനുശേഷം ട്രെന്റ് ജര്‍മ്മനിയിലേക്ക് ഒരു യാത്ര പുറപ്പെട്ടു. തന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അയാള്‍ മേബലിനും നല്‍കിയിരുന്നു. മേബലിനോടു തോന്നിയ വൈകാരികമായ അടുപ്പം മറച്ചുവെച്ചുകൊണ്ട് വിഷമത്തോടെയാണ് അയാള്‍ അതു നല്‍കിയത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഒക്ടോബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍  ലക്കം ലഭ്യമാണ്‌

 

 

Comments are closed.