DCBOOKS
Malayalam News Literature Website

ഇരുൾ മാത്രം, ചലിക്കാനാവാത്തവിധം കട്ടിയുള്ള ഇരുൾ…!

വി ഷിനിലാലിന്റെ ‘124’ എന്ന പുസ്തകത്തിന് ആർ.പി.ശിവകുമാർ എഴുതിയ വായനാനുഭവം 

“ഇരുട്ടെന്നാൽ, ഏതു വെളിച്ചത്തേക്കാളും ശക്തിയായി ഒരാൾക്ക് നേരെ, ഒറ്റയ്ക്കു വരുന്ന ഒന്നാണ്. സ്വന്തം കാലത്തിൽനിന്നും തനിക്കു നേരെ വരുന്ന ഇരുട്ടിന്റെ കിരണങ്ങളിൽ കണ്ണുതട്ടി നിൽക്കുന്ന വ്യക്തി ആരാണോ അയാളാണ് സമകാലികൻ”- ‘എന്താണ് സമകാലികത?’ ജോർജിയോ അഗംബൻ)

“ഇരുൾ മാത്രം. ചലിക്കാനാവാത്തവിധം കട്ടിയുള്ള ഇരുൾ. ആ ഇരുളിലിരുന്ന് ഞാൻ വൈക്കം മുഹമ്മദ് ബഷീറിനെ തലതിരിച്ചെഴുതി. ഹൊ! ഇരുട്ടിനെന്ത് ഇരുട്ടാണ്!”
– ‘124’. വി ഷിനിലാൽ)

ഒരൊറ്റവാക്കിലാണ് വി ഷിനിലാലിന്റെ 124 എന്ന നോവലിലെ ഭാവബദ്ധത മുഴുവൻ അതിസമർത്ഥമായി ചേർത്തുവച്ചിരിക്കുന്നത്. ‘ആദിവെപ്രാളത്തോടെ’ എന്ന വിശേഷണത്തിൽ. സ്കൂളിൽ ദേശീയഗാനത്തെ തുടർന്നുള്ള കൂട്ടമണിയ്ക്കുശേഷം വീട്ടിലേക്ക് തത്രപ്പാടോടെ ഓടുന്ന കുട്ടിത്തത്തെ, സമകാലിക ജീവിതാവസ്ഥയുമായി ചേർത്തുവച്ചു വായിക്കുകയാണ് നോവൽ ചെയ്യുന്നത്. 35 വർഷങ്ങൾക്കുശേഷം ആ വാക്കിന്റെ പ്രയോഗസാഹചര്യത്തെ നോവലിനുള്ളിലെ നോവലിസ്റ്റ്, ഷിനിലാൽ, ‘ജീവിസഹജമായ ഭീതിയെന്ന്’ അന്വേഷണോദ്യോഗസ്ഥന് വിശദീകരിച്ചുകൊടുക്കുന്നുണ്ട്. കുട്ടിക്കാലത്ത് വിശപ്പ്, കൗമാരകാലത്ത് സഹപാഠികൾക്കിടയിലുള്ള ബലപ്രയോഗം, യൗവനകാലത്ത് ഭരണകൂടത്തിന്റെ വേട്ടയാടൽ എന്നിങ്ങനെ മൂന്ന് പരിണാമദശകൾ ആ വാക്കിന് നോവലിന്റെ കഥാസന്ദർഭങ്ങളിൽവച്ചു സംഭവിക്കുന്നുണ്ട്. പോലീസുകാരൻ അനുനയം പറഞ്ഞ് ജീപ്പിൽനിന്ന് പുറത്തിറക്കി വിടുന്നിടത്തുനിന്ന് സ്വജീവനുവേണ്ടി ആദിവെപ്രാളത്തോടെയുള്ള ഓട്ടം നോവലിസ്റ്റ് എന്ന കഥാപാത്രം ആരംഭിക്കുന്നതിനു തൊട്ടുമുൻപുള്ള മുഹൂർത്തത്തിലാണ് നോവൽ അവസാനിക്കുന്നത്. അതാവട്ടെ അവസാനത്തെ പരക്കം പാച്ചിലുമാകുന്നു. ആദ്യത്തെ രണ്ടു സന്ദർഭങ്ങളിലും ഉണ്ടായ വ്യക്തിപരമായ സാന്ത്വനങ്ങൾപോലെയല്ല അവസാനത്തേതെന്നും അത് നിസ്സഹായരും ഇരകളുമായ മനുഷ്യരെ (പൗരരെ) ആകെ പൊതിഞ്ഞു നിൽക്കുന്ന അവസ്ഥയാണെന്നും അതിൽനിന്ന് രക്ഷപ്പെടൽ സാധ്യമല്ലെന്നും വ്യക്തമാക്കിക്കൊണ്ട്, ഇന്ത്യൻ സമകാലികാവസ്ഥ പക്ഷപാതപരമായ ഇരപിടുത്തമാണെന്ന് സ്ഥാപിക്കുന്നു. എലിയും പൂച്ചയും കളിപോലെ.

ആദിവെപ്രാളമെന്ന ജീവഭയത്തിനൊപ്പം, നോവലിനകത്ത് സങ്കീർണ്ണമായിത്തീരുന്ന മറ്റൊരു ആശയമാണ് ദേശീയതയും. നോവലിന്റെ പ്രമേയത്തെ നിശ്ചയിക്കുന്നത് അതിനകത്ത് ഉൾക്കൊള്ളിച്ചിട്ടുള്ള 124 എന്നു പേരുള്ള ഒരു കഥയാണ്. ആ കഥയ്ക്കകത്ത് രവീന്ദ്രനാഥ ടാഗോർ എഴുതിയ ദേശീയഗാനവുമാണുള്ളത്. ‘യാന്ത്രികമായ ഒരു ലക്ഷ്യത്തിനുവേണ്ടി സംഘടിക്കുന്ന ജനതയുടെ സ്വഭാവം ’ എന്നാണ് ടാഗോർ ദേശരാഷ്ടത്തെ നിർവചിച്ചത്. രാജ്യാതിർത്തികളേക്കാൾ, മനുഷ്യരെ മുൻ നിർത്തിയുള്ള ധാർമ്മികത എന്ന ഘടകത്തിന് പ്രാധാന്യം നൽകിയ ടാഗോർ ശാസ്ത്രത്തിന്റെ പിന്തുണയോടെ ‘ഏകരാജ്യ’മായി മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ പൊളിറ്റിക്കൽ അല്ലാത്ത ഒരു ഐക്യം ആവശ്യമാണെന്നാണ് കരുതിയത്. മനുഷ്യർ പ്രധാനവും രാജ്യം അപ്രധാനവുമായിരുന്ന അദ്ദേഹത്തിന് മനുഷ്യൻ വരച്ച അതിരുകൾക്കുള്ളിൽ നിന്നു കൊണ്ടുള്ള ദേശീയതാബോധം യുക്തിയില്ലാത്ത ജല്പനത്തിൽ കുറഞ്ഞ ഒന്നും ആയിരുന്നില്ല. അതുകൊണ്ടും കൂടിയാണ് അദ്ദേഹം വിശ്വഭാരതിയുടെ കവാടത്തിൽ ‘യത്ര വിശ്വം ഭവത്യേക നീഢം’ (പക്ഷിക്കൂടു പോലെ ലോകം ഇവിടെ ഒന്നായി തീരുന്നു) എന്ന് എഴുതി വച്ചിരിക്കുന്നത്.

തികച്ചും വ്യത്യസ്തമായ സന്ദർഭത്തിൽ രൂപപ്പെട്ട ഒരു രചന, രാഷ്ട്രീയസമ്മർദ്ദങ്ങളിലും തീരുമാനങ്ങളിലും അകപ്പെട്ട് വഴിയും വിധിയും മാറിയെത്തിയതാണ് നമ്മുടെ ദേശീയഗാനം. സ്വതന്ത്ര ഇന്ത്യക്കു വേണ്ടി ടാഗോർ തയ്യാറാക്കി വച്ചിരുന്നതല്ല അത് എന്ന കാര്യം സുവിദിതമാണ്. എന്നാലും വർഷങ്ങൾക്കു ശേഷം, ആ ഗാനത്തിന്റെ പദവിയാരോഹണത്തിന്റെ ആകസ്മികതപോലെതന്നെ, രാജ്യസ്നേഹം തെളിയിക്കാനുള്ള ഏകകമായി അത് മാറുകയും അതിനെ ചുറ്റി, അതിനെ ബഹുമാനിക്കുന്നവർ – ബഹുമാനിക്കാത്തവർ എന്നു രണ്ടു വിഭാഗങ്ങളിലായി രാജ്യസ്നേഹികൾ -രാജ്യദ്രോഹികൾ എന്നീ വർഗങ്ങൾ ഉടലെടുക്കുകയും ചെയ്തത് ഭ്രമാത്മക യാഥാർത്ഥ്യം പോലെ നമുക്കുമുന്നിലുണ്ട്. ഒരു രചന അതിന്റെ രചയിതാവിന്റെ ദർശനത്തെയും ലക്ഷ്യത്തെയും റദ്ദു ചെയ്തു വളരുന്നതിന്റെ ഉദാഹരണമായി ‘ജനഗനമന’യുടെ പരിണാമത്തെ എടുക്കാമെങ്കിൽ അതേ കാര്യം തന്നെയാണ് ഷിനിലാൽ എഴുതുകയും ചെങ്കതിർ എന്ന വാരികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ‘124’ എന്നു പേരുള്ള കഥയ്ക്ക് നോവലിൽ സംഭവിക്കുന്നത്. അതുതന്നെ കഥയിൽ ദേശീയഗാനം പകർത്തിയെഴുതുന്ന കുട്ടിക്കും സംഭവിക്കുന്നു. ഒന്നിനുള്ളിൽ അതുപോലെയുള്ള മറ്റൊന്നായി അടുക്കി വച്ചിട്ടുള്ള മട്രിയോഷ്കാ പാവയുടെ സമാന്തരത ഈ ആഖ്യാനത്തിനുണ്ടെന്ന് മറ്റൊരു തരത്തിൽ പറയാം.

ഒരർത്ഥത്തിൽ ദേശീയഗാനത്തെ 124 എന്ന കഥയും, ആ കഥയുടെ സാഹചര്യങ്ങളെയും ഫലത്തെയും 124 എന്ന നോവലും, വ്യാഖ്യാനിക്കുകയും അതിൽ കൂടുതലായി അപനിർമ്മിക്കുകയുമാണ് ചെയ്യുന്നത്. ഒരു രചനയുടെ വ്യാഖ്യാനത്തെ, അതേ കൃതി രചനയുടെ ഭാഗമാക്കുന്നതിനെയാണ് ‘അതികഥ’ (മെറ്റാഫിക്ഷൻ) എന്നു വിളിക്കുന്നത്. ഇത് വളരെ മുൻപേയുള്ള രചനാതന്ത്രമാണെങ്കിലും (ഡോൺ കിക്സോട്ട്, റോസാ പൂവിന്റെ പേര്) ആധുനികകാലത്ത് ആഖ്യാനത്തിന്റെ സവിശേഷതയായി ഈ അതികഥ അഥവാ അധികഥ (സർഫിക്ഷൻ), അതുമല്ലെങ്കിൽ അയഥാർത്ഥ്യവാദം (ഇറിയലിസം) മാറിയിട്ടുണ്ട്. ‘കഥയും ജീവിതവും ഒന്നായിതീരുന്നതിനെപ്പറ്റി’ എന്ന് മുൻപ് ആലങ്കാരികമായാണ് പറഞ്ഞിരുന്നതെങ്കിൽ ഇവിടെയത് വാസ്തവമായി പരിണമിക്കുന്നു. അതികഥയുടെ ഉത്പത്തി കാരണമായി പല ഘടകങ്ങൾ വിജ്ഞാനികൾ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും രണ്ടു പ്രധാന വസ്തുതകൾ 124-നെ സംബന്ധിച്ചിടത്തോളം പ്രസക്തമാണെന്ന് വിചാരിക്കുന്നു.

അതിലൊന്ന് എഴുത്തുകാരനായ ഷിനിലാലിന് ഭാഷയെപ്പറ്റിയുള്ള സങ്കല്പമാണ്. ഭാഷയാണ് യാഥാർത്ഥ്യത്തെ സൃഷ്ടിക്കാനുള്ള പദാർത്ഥമെന്ന ഉറച്ച ബോധത്തിന്റെ ഭാഗമാണത്. ഭാഷയ്ക്ക് പുറത്ത് ഒരു യാഥാർത്ഥ്യവും ഇല്ല. ‘സാമൂഹികയാഥാർത്ഥ്യങ്ങളെ കണ്ണാടിപോലെ പ്രതിഫലിപ്പിക്കുന്ന’ സാഹിത്യം എന്ന സങ്കല്പത്തിൽനിന്നും മാറി താനും തന്റെ സാഹചര്യങ്ങളുംകൂടി ഉൾപ്പെട്ട ഒരു പുതിയ വാസ്തവനിർമ്മിതിയാണ് തന്റെ രചനകളിൽ നടക്കുന്നതെന്ന് നോവലിസ്റ്റ് നേരിട്ട് പറയുന്ന രീതിയാണിത്.

രണ്ടാമത്തെ കാര്യം, തന്റെ കൃതിയിൽ പുറത്തുനിന്നുള്ള നിരൂപകനു കണ്ടെത്താൻ ഒരു രഹസ്യപേടകമെന്നും ഒളിച്ചുവച്ചിട്ടില്ലെന്ന നോവലിസ്റ്റിന്റെ പ്രഖ്യാപനമാണ്. അന്വേഷണം നടത്തി കണ്ടു പിടിക്കാൻ നിരൂപണവിധേയമായി വർത്തമാനകാലാവസ്ഥയിൽ തന്റെ കൃതിയിൽ ഒന്നുമില്ലെന്നതിന്റെ വിളംബരമാകുന്നു അത്. മറ്റൊരർത്ഥത്തിൽ, കൃതിയിൽ ആവിഷ്കൃതമായ വസ്തുതകൾ അത്രമേൽ ദാരുണമോ ഭീതിദമോ ആയതുകൊണ്ട് പുറത്തുനിന്നുള്ള സമീപനപദ്ധതിയ്ക്കും വിധേയമായി, ഒരു ആസ്വാദനോപാധിമാത്രമായി, അസംസ്കൃതവസ്തുവായി, ഉപപാഠമായി, പിന്നിലേക്ക് മാറിനിൽക്കാൻ തയ്യാറല്ലെന്ന ഒരു കൃതിയുടെ ആത്മാവബോധവുമാണ്. കൃതി സ്വയം അതിന്റെ ഗുപ്തതലം വെളിപ്പെടുത്തുന്ന ഈ പ്രവണതയെയാണ് ഒളിച്ചുവയ്ക്കാൻ ഒന്നുമില്ലാത്തത് എന്ന അർത്ഥത്തിൽ ഉത്തരാധുനിക ചിന്തകർ ‘ഉപരിതലസംബന്ധി’ എന്നു വിളിച്ചത്. അതൊരു കുറവല്ല, ഇവിടെ ഗുണമാണ്.

അതികഥയുടെ പ്രത്യേകതകളായി ചൂണ്ടിക്കാട്ടുന്ന പല ഘടകങ്ങളും 124 -ൽ കാണാം.

1. കഥാകൃത്ത് കഥാപാത്രമാവുന്നു. (പുറമേ നോവലിൽ ഡി യേശുദാസ്, ചന്ദ്രമതി, സിവിക് ചന്ദ്രൻ, മധുപാൽ, ഒ പി സുരേഷ് തുടങ്ങി പ്രസിദ്ധരും അല്ലാത്തവരുമായ വ്യക്തികൾ കഥാപാത്രങ്ങളാവുന്നു. വ്യക്തികളെ മനസ്സിലാക്കാവുന്ന തരത്തിൽ പേരുകളിൽ ചെറിയ വ്യത്യാസത്തോടെ പ്രത്യക്ഷപ്പെടുന്നവരും ഉണ്ട്. നസീം താന്തോന്നിമൂട് (അസീം താന്നിമൂട്), രാജ് കുമാർ (ആർ കെ ബിജുരാജ്) എന്നിങ്ങനെ)
2. രചനാബാഹ്യമായ രീതികളും മറ്റു വ്യവഹാരരൂപങ്ങളും ഉപയോഗിക്കുന്നു ( ഷിനിലാലിന്റെ 124 നു പുറമേ സമാന്തരൻ, സ്റ്റേറ്റ്സ്മാൻ തുടങ്ങിയ കഥകൾ ഇതിൽ പൂർണ്ണരൂപത്തിലുണ്ട്. കഥാകൃത്തും കഥാപാത്രവും എഴുതിയ പരാതികൾ, തുറുങ്ക് എന്നപേരുള്ള ഒരു തിരക്കഥയുടെ തുടക്കം, പാഠപുസ്തകഭാഗം, ആനന്ദ് പട്‌വർദ്ധനന്റെ ആധാരചിത്രങ്ങളിൽനിന്നുള്ള ദൃശ്യങ്ങൾ ഇവയെല്ലാം ഉപയോഗിച്ചിരിക്കുന്നു)
3. കഥ സ്വയം വിവരിക്കുന്നു ( നോവൽതന്നെ ഒരു ചെറുകഥയുടെ വ്യാഖ്യാനവും അതിന്റെ സമകാലികമായ സ്വാധീനത്തെപ്പറ്റിയുള്ള വിചാരവുമാണെന്ന് നേരത്തേ പറഞ്ഞു. അതോടൊപ്പം മറ്റുതരത്തിൽ നോവലിനുള്ളിൽ കഥകൾ വിശകലന വിധേയമാകുകയും ചെയ്യുന്നു)
4. പലതരത്തിലുള്ള കഥാന്ത്യങ്ങൾ – (അശ്ലീലം വരുത്തിവച്ച വിന പോം വഴി സഹിതം എന്ന സക്കറിയയുടെ കഥയിൽ കണ്ടതുപോലെ പല കഥാന്ത്യങ്ങളെ എഴുതിച്ചേർക്കുകയല്ല 124 -ൽ പകരം കഥകളുടെ രചനോദ്ദേശ്യത്തെയും അവയുടെ സാഹിത്യേതരമായ വ്യാഖ്യാനത്തെയും ചേർത്തു വയ്ക്കുകയാണ് ഷിനിലാൽ ചെയ്യുന്നത്. അത് പല അന്ത്യങ്ങൾ കഥകൾക്കു സംഭവിക്കുന്ന ഫലമാണുണ്ടാക്കുന്നത്)
5. സാഹിത്യത്തിന്റെ ലക്ഷണങ്ങളെ ചർച്ചയ്ക്കു വയ്ക്കുക ( മുകളിൽ പറഞ്ഞ അതേ കാര്യം തന്നെ.)
6. വായനക്കാരെ നേരിട്ടു സംബോധന ചെയ്യുക (ആത്മഗതങ്ങൾ, അന്വാഖ്യാനങ്ങൾ, വിവരണങ്ങൾ എന്നിവയ്ക്കു പുറമേ തെറ്റിദ്ധരിക്കപ്പെടുന്ന തന്റെ രചനകളെ അവതരിപ്പിക്കുന്നത് വായനക്കാരോട് നേരിട്ട് സംവദിച്ചുകൊണ്ടാണ്. ‘ ഇതാണ് ആ കഥ’ നിങ്ങൾ വായിച്ചുതീരുമാനിക്കൂ എന്നമട്ട്)
7. നിരീക്ഷണങ്ങൾ, വീക്ഷണങ്ങൾ, ചരിത്രഖണ്ഡങ്ങൾ, പ്രാദേശിക മിത്തുകൾ തുടങ്ങിയവ കൂട്ടിച്ചേർത്ത് കഥാഗതിയിൽനിന്നും മാറിനിൽക്കുന്നതും എന്നാൽ മാധ്യമശരീരത്തോടു ചേർന്നതുമായ ആശയലോകം നിർമ്മിക്കൽ ( സർഗാത്മകത, ചലനം (16) വെടിപ്പാറ (14) എഫ് ബി പോസ്റ്റുകളിലെ (28) ഉള്ളടക്കം എന്നിവ നോക്കുക)

ബോർഹസിന്റെ ‘പിയർ മെനാർഡ്, ക്വിക്സോട്ടിന്റെ കർത്താവ്’ എന്ന കഥയെ അവതരിപ്പിച്ചുകൊണ്ട് റൊളാങ് ബാർത്ത് കഥകളുടെ അതികഥാസ്വഭാവം, വായനക്കാരെ അസ്വസ്ഥരാക്കുന്നത് എന്തുകൊണ്ടാണെന്ന് വി സി ശ്രീജൻ, അതികഥാതന്ത്രങ്ങൾ എന്ന ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. വായനയുടെ വേളയിൽ നമ്മളൊരു കല്പിത കഥാപാത്രമാണോ സംശയിക്കാൻ ഇവ ഇടയാക്കുന്നു. വാസ്തവചിത്രീകരണങ്ങൾ, ഇത് മറ്റൊരാൾക്ക് സംഭവിച്ചതല്ലേ എന്ന ആശ്വാസം വായിക്കുന്ന ആളിനു നൽകുമ്പോൾ, അതികഥകൾ ഏതുസമയവും ഇതിലെല്ലാം നമ്മളും ഉൾപ്പെടുത്തി ആവർത്തിച്ചേക്കാം എന്ന ഭീതിയാണുണ്ടാക്കുന്നത്. സമാന്തരലോകം സ്ഥാപിക്കപ്പെടുകയും ഇതിൽ വാസ്തവലോകമേതെന്ന് നമുക്ക് മനസിലാക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നതിലൂടെ ജീവിതം അവസാനിച്ചതിനെപ്പറ്റിയുള്ള കൊടിയ നിരാശയും പേടിയും അവ നിർമ്മിക്കുന്നു.

മലയാളത്തിൽ പുതിയ നോവലുകൾ കാര്യമായിത്തന്നെ അതികഥാതന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്. നമ്മെ വലയം ചെയ്തിരിക്കുന്ന ഭയത്തിന്റെ അളവ്, അത്രയ്ക്ക് കനമുള്ളതാണെന്ന് അനുഭവിപ്പിക്കാൻ വേറെ മാർഗമില്ലെന്ന് ഇവയെല്ലാം ഒരുമിച്ച് പറയുമ്പോലെ.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

Comments are closed.