DCBOOKS
Malayalam News Literature Website

ടോയ്‌ലറ്റ് വെള്ളം കുടിക്കുന്ന ജനത

ചിത്രങ്ങളും എഴുത്തും: ലിപിന്‍ രാജ് എം.പി.

ഈ തലക്കെട്ട് ജപ്പാന്‍കാരെ അപമാനിക്കാന്‍ ഉള്ളതല്ല. മറിച്ചു ഞാന്‍ താമസിച്ച എല്ലായിടത്തും ജപ്പാന്‍കാര്‍ കുടിക്കുന്നത് ടോയ്‌ലെറ്റ് വെള്ളമാണ് എന്ന യാഥാര്‍ഥ്യം എത്രത്തോളം ശുദ്ധജലമാണ് ജപ്പാനില്‍ കിട്ടുക എന്നതിലേക്ക് വിരല്‍ ചൂണ്ടാന്‍ മാത്രമാണീ തലക്കെട്ട്. ടോയ്‌ലെറ്റ് വെള്ളം കുടിക്കാന്‍ ആദ്യമൊക്കെ അറപ്പ് തോന്നിയെങ്കിലും ഒടുവില്‍ പലരും ആ വെള്ളം കുടിക്കുന്നത് കണ്ട് ഞാനും അതേ വഴിയിലേക്ക് എത്തി. അല്ലെങ്കില്‍ ശുദ്ധജലം ബോട്ടിലില്‍ കിട്ടാന്‍ 150 യെന്‍ കൊടുക്കണം. അതായത് 99 രൂപ. കുതിരയുടെ അത്ര വേവാത്ത ഇറച്ചി ചെറിയ കഷ്ണം ആക്കി, സോസിനൊപ്പം കഴിക്കാന്‍ തന്നപ്പോഴും തീവില. രാവിലെ പുഴുങ്ങിയ മീന്‍ പൊള്ളിച്ചതല്ലെങ്കിലും പൊള്ളുന്ന വില. നോണ്‍വെജിന് വിലക്കൂടുതല്‍, പച്ചക്കറിക്ക് വിലകുറവ് എന്നൊന്നുമില്ല. സാധനങ്ങള്‍ക്ക് തീപിടിച്ച വിലയാണ് ജപ്പാനില്‍. കാരണം ആളോഹരി വരുമാനം കൂടുതലാണ്. കുറഞ്ഞ പലിശ നിരക്ക്, ചിലപ്പോള്‍ പലിശയെ കാണില്ല എന്നതുകൊണ്ടാണ് വികസ്വരരാജ്യങ്ങള്‍ക്ക് ജപ്പാന്‍ ഒരു ശതമാനത്തിനും രണ്ടു ശതമാനത്തിലും ലോണ്‍ നല്‍കുന്നത്. സ്വന്തം നാട്ടില്‍ ഒന്നും കിട്ടാതെ ഇരിക്കുന്നതിനെക്കാള്‍ അതവര്‍ക്ക് ലാഭമാണുതാനും. 7 ലക്ഷം യെന്‍ ആണ് ടോക്കിയോ സിറ്റിയില്‍ ഉള്ള ഒരു വീടിന്റെ സ്‌ക്വയര്‍ ഫീറ്റ് റേറ്റ്. ഒന്നരശതമാനത്തിന് 20 വര്‍ഷത്തേക്ക് ബാങ്ക് ലോണും കിട്ടും.

അതാണ് ജപ്പാന്‍. ഹിരോഷിമ-നാഗസാക്കി ചാരങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ പാരമ്പര്യം. ചെയ്യുന്നതില്‍ എന്തും, അതു 30 നില കെട്ടിടം മുകളിലേക്ക് ആകട്ടെ, 40 മീറ്റര്‍ താഴോട്ടു കുഴിച്ച ഭൂമിക്കടിയിലെ ടണല്‍ ആവട്ടെ, അവര്‍ ഉറപ്പു നല്‍കിയ സമയക്രമം ആവട്ടെ, ഏതെങ്കിലും ഉപകരണം ആവട്ടെ, ഒരിഞ്ചും ഇളകില്ലെന്ന വിശ്വാസം കാത്തു സൂക്ഷിക്കുന്നവര്‍. നിമിഷനേരം കൊണ്ട് സ്റ്റീലില്‍ ബഹുനിലകെട്ടിടങ്ങള്‍ നിഷ്പ്രയാസം ഉയര്‍ത്തുന്ന എഞ്ചിനീയര്‍മാര്‍ കൊടി പാറിക്കുന്ന രാജ്യം. നിലകള്‍ക്കനുസരിച്ചാണ് എന്‍ജിനീയറുടെ കഴിവ്. എന്തിനേയും ഓട്ടോമേറ്റ് ചെയ്യാന്‍ നടക്കുന്ന ജപ്പാനില്‍ കണ്ട ഒരു കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. കൊച്ചുകുട്ടികളുടെ കളിപ്പാട്ടങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെ മെയ്ഡ് ഇന്‍ ചൈന. ജപ്പാന്‍ വിപണിയുടെ ഉപഭോഗത്വരയുടെ ചരട് ചൈനയുടെ കയ്യിലാണ്.

എല്ലാത്തിനെയും അധികം വേവിക്കാതെ കഴിക്കുന്ന സുഷി എന്ന നോണ്‍വെജ് ആണ് ജപ്പാന്‍കാരുടെ ഹൈ ലൈറ്റ്. അതിനൊപ്പം നല്‍കുന്ന വാസാബിയുടെ ഒരു ചെറിയ നുള്ളെടുത്ത് നാക്കിന്‍തുമ്പില്‍ വെച്ചാല്‍ ഉഗ്രനൊരു ഷോക്ക് കിട്ടും തലച്ചോറിന്. സീല്‍, സാല്‍മണ്‍, മീന്‍മുട്ട എന്നു വേണ്ട നീരാളി വരെയുണ്ട് സുഷിയുടെ ചേരുവയില്‍. മറ്റു രാജ്യക്കാരെ കുടിപ്പിച്ചു കിടത്താന്‍ വൈനുകള്‍ ഇരുനൂറു രൂപ മുതല്‍ കിട്ടും. മൊത്തത്തില്‍ മദ്യക്കുപ്പികള്‍ മാത്രമാണ് ജപ്പാനില്‍ കുറഞ്ഞ വിലയ്ക്ക് കിട്ടുക. മറ്റൊരു ദിവസവും കുടിച്ചില്ലെങ്കിലും വെള്ളിയാഴ്ച രാത്രി ആഘോഷിച്ചു കുടിച്ച് മദിച്ചു കിടന്നുറങ്ങി, ശനിയും ഞായറും പരമാവധി റിലാക്‌സ് ചെയ്ത്, തിങ്കളാഴ്ച രാവിലെ കൃത്യസമയത്തു എത്തി, കഠിനാധ്വാനം ചെയ്യുന്നവരാണ് ജപ്പാന്‍കാര്‍. അല്ലാതെ നമ്മളെപ്പോലെ ആഴ്ചാവസാനം മടി പിടിച്ചു, തിങ്കളാഴ്ച രാവിലെ ഓഫീസിലെ ബോസ്സിനോട് എന്തെങ്കിലും കള്ളം പറഞ്ഞു അരദിവസം കൂടി വാങ്ങിച്ചെടുക്കാന്‍ ശ്രമിക്കുന്നവരല്ല.

ഒരു ട്രെയിനിങ് സെന്ററില്‍ പോയപ്പോള്‍ ഒരു ഭാഗത്ത് ഞങ്ങളെ നിലത്ത് ഇരുന്ന ശേഷം, തറയില്‍ ഉണ്ടാക്കിയിരിക്കുന്ന വസ്തു നേരെയാണോ എന്നു നോക്കാന്‍ ഞങ്ങളോട് ജാപ്പനീസ് ഗ്രൂപ്പിന്റെ ലീഡര്‍ ആവശ്യപ്പെട്ടു. നോക്കുമ്പോള്‍ അതു വളഞ്ഞാണിരിക്കുന്നത്. അതു ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു.

‘ഇവിടെ ട്രെയിനിംഗിന് വരുന്നവര്‍ക്ക് കാണിച്ചു കൊടുക്കാന്‍ ബോധപൂര്‍വ്വം ഇതു തെറ്റിച്ചു വച്ചിരിക്കുകയാണ്. ഫീല്‍ഡില്‍ ഇതു കിറുകൃത്യമായതിനാല്‍ അവര്‍ക്ക് എന്താണ് തെറ്റ് എന്ന് പഠിക്കാന്‍ കഴിയില്ലല്ലോ.’

ഫീല്‍ഡില്‍ ഒരു തെറ്റും വരില്ല എന്ന ആത്മവിശ്വാസത്തേക്കാള്‍ വലുതാണ് ബസ് സമയക്രമം. 5.13 പി.എം, 2.03 പി.എം എന്നൊക്കെയാണ് ബസ് സമയങ്ങള്‍.നമ്മളെപ്പോലെ അരമണിക്കൂര്‍, ഒരു മണിക്കൂര്‍ കണക്കില്ല. അഞ്ചു മിനിറ്റ് ലേറ്റായി ചെന്നാല്‍ എത്ര വലിയ ബിസിനസ് ആണെങ്കിലും ജപ്പാന്‍കാര്‍ കൈ കൊടുക്കില്ല, ഡീലില്‍ ഒപ്പു വെയ്ക്കില്ല. ഏതെങ്കിലും ഒരു മീറ്റിംഗില്‍ ഒത്തിരിപ്പേര്‍ നമുക്ക് വേണ്ടി ഒരു മിനിറ്റ് കാത്തിരിക്കുകയും നമ്മള്‍ ലേറ്റായി ചെല്ലുകയുമാണെങ്കില്‍ അവര്‍ നമ്മള്‍ കയറി ചെല്ലുമ്പോള്‍ ക്ഷമയോടെ പറയും. ‘ലിപിന്‍ സാന്‍, അങ്ങീ ഇരിക്കുന്ന ഓരോരുത്തരുടെയും ഒരു മിനിറ്റ് വീതം പാഴാക്കി.ഇതെങ്ങനെ തിരിച്ചു കൊടുക്കാനാണ് അങ്ങു ഉദേശിക്കുന്നത്?’. അതോടെ നമ്മുടെ തലച്ചോറിലെ സമയക്ലോക്ക് കൃത്യമായി ഉണരും, നാണകേടില്‍ ഉലയും നമ്മുടെ അഭിമാനം. പിന്നെ ഒരിക്കലും നമ്മള്‍ സമയം തെറ്റിക്കില്ല.

മറ്റൊരിടത്ത് ഒരു മ്യൂസിയത്തില്‍ വലിയ ഹാളില്‍ അവര്‍ക്ക് പറ്റിയ അബദ്ധങ്ങളും അതു മൂലമുണ്ടായ അപകടങ്ങളും ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നു. നേട്ടങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടുകയും കോട്ടങ്ങള്‍ ഒളിപ്പിച്ചു വെയ്ക്കാന്‍ ശ്രമിക്കുന്ന നമുക്കുള്ള വലിയ ഗുണപാഠങ്ങളില്‍ ഒന്ന്. ഒരു ദിവസം ഞാന്‍ താമസിച്ച ട്രെയിനിംഗ് അക്കാദമി ബില്‍ഡിങ്ങില്‍ എവിടെയോ വെച്ച് കാഴ്ചവൈകല്യമുള്ളവര്‍ക്ക് വേണ്ടിയുള്ള ഹൈ പവര്‍ ലെന്‍സ് വെച്ച എന്റെ കണ്ണാടി നഷ്ടപ്പെട്ടു പോയി. അതില്ലാതായതോടെ ഒന്നും വായിക്കാന്‍ പറ്റാതെയായി. അന്നു വൈകുന്നേരം റൂം കീ വാങ്ങാന്‍ പോയപ്പോള്‍, ഒരു പേപ്പറില്‍ പൊതിഞ്ഞു അതു തിരിച്ചു തന്നു. ടോക്കിയോ നഗരത്തിലാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ നഷ്ടപ്പെടുക. മോഷണമല്ല, മറിച്ചു തിരക്കിനിടയില്‍ നമുക്ക് തന്നെ പറ്റുന്ന അശ്രദ്ധയോ മറവിയോ ആയിരിക്കും കാരണം. എന്നാല്‍ നഷ്ടപ്പെട്ട പഴ്‌സും, മൊബൈല്‍ ഫോണുകളും കുടകളും അതേപടി ഉടമസ്ഥനെ തേടിയെത്തുന്ന നഗരങ്ങളില്‍ മുന്‍പന്തിയിലാണ് ടോക്കിയോ. ജപ്പാനില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകളില്‍ 88% ഉടമസ്ഥരിലേക്ക് തിരികെ എത്തുന്നുണ്ടെങ്കില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ അതു വെറും 6% മാത്രമാണ്. സ്‌കൂളുകളില്‍ ആദ്യം പഠിപ്പിക്കുന്ന പ്രധാനപാഠങ്ങളില്‍ ഒന്ന് നഷ്ടപ്പെട്ട സാധനങ്ങള്‍ ഉടമസ്ഥര്‍ക്ക് തിരികെ എത്തിക്കാനുള്ള മാര്‍ഗമാണ്.

ജപ്പാന്‍കാര്‍ ട്രാഫിക് ലൈറ്റില്‍ പച്ച ലൈറ്റ് കത്തുമ്പോള്‍, സ്വന്തം ഊഴവും നോക്കി, റോഡ് മുറിച്ചു കടക്കുന്നത് ഒരു മനോഹരകാഴ്ചയാണ്. ചിലപ്പോള്‍ ട്രാഫിക്ക് ക്രോസിങ്ങില്‍ വണ്ടികള്‍ ഒന്നും കാണില്ലെങ്കില്‍ കൂടി, ചുവപ്പ് ലൈറ്റ് കണ്ടാല്‍ അവര്‍ പച്ച ലൈറ്റ് വന്നതിനു ശേഷമേ റോഡ് ക്രോസ് ചെയ്യൂ. വര്‍ധിച്ചു വരുന്ന സൈക്കിള്‍ യാത്രയും ദിനം തോറും റോഡിലൂടെയുള്ള നടത്തവുമാണ് ജപ്പാന്‍കാരെ ആരോഗ്യമുള്ളവരാക്കുന്നത്. 65 വയസുള്ള ആളെ കണ്ടാല്‍ 45 വയസ്സേ തോന്നിക്കൂ. ശരാശരി ഒരു ദിവസം 10 കിലോമീറ്റര്‍ നടക്കുന്നവര്‍ ആണ് ജപ്പാന്‍കാര്‍. നമ്മളെപ്പോലെ വയറു കുറക്കണം എന്നു കരുതി രാവിലെ മാത്രം നടക്കുന്നതല്ല, മറിച്ച് കടയിലേക്കും, ഷോപ്പിംഗ് മാളിലേക്കും ബസ് സ്‌റ്റേഷനിലേക്കും നടക്കുന്നതാണ്. അവ ഡിസൈന്‍ ചെയ്തിരിക്കുന്നത് തന്നെ കൂടുതല്‍ ദൂരം നടക്കാനാണ്, അതു വഴി സാധനങ്ങള്‍ വാങ്ങാനും വിപണിയും ബിസിനസും വളര്‍ത്താനും. അതുകൊണ്ടു തന്നെ മെഡിക്കല്‍ സ്‌റ്റോറുകള്‍, ആശുപത്രികള്‍, ജിമ്മുകള്‍ എന്നിവ കണികാണാന്‍ കൂടി കിട്ടില്ല ജപ്പാനില്‍.

പൊതുവേ എല്ലായിടത്തും വൃത്തിയുണ്ടെങ്കിലും, പുകവലിക്കാന്‍ പൊതുസ്‌മോക്കിങ് റൂമുകള്‍ ഉണ്ടെങ്കിലും, ‘ഷിന്‍ജിക്കു'(Shinjukku)ബസ് ടെര്‍മിനലിനു മുന്നിലെ നടപ്പാതയില്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. ഒരിടത്തു ആളുകള്‍ കൂട്ടം കൂടി നിന്നു പരസ്യമായി സിഗരറ്റ് വലിക്കുന്നു. താഴെ മുഴുവന്‍ ചിതറി കിടക്കുന്ന സിഗരറ്റ് കുറ്റികള്‍. ജപ്പാനും അത്ര ക്‌ളീന്‍ അല്ലെങ്കിലും അവിടുത്തെ ക്‌ളീനിംഗ് സംവിധാനം എല്ലാ ദിവസവും എണ്ണയിട്ട രീതിയില്‍ പ്രവര്‍ത്തിക്കും. നേരം പുലരുംമുന്‍പേ എല്ലാം തുടച്ചു വൃത്തിയാക്കും. ആരെയും നിര്‍ദ്ദയം കളിയാക്കാന്‍ യഥേഷ്ടം സ്വാതന്ത്ര്യം ആവോളം എടുത്തനുഭവിക്കുന്ന ജനതയാണ് നമ്മള്‍. അതിനായി അവകാശങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും കടമകള്‍ സൗകര്യപൂര്‍വ്വം ഒളിപ്പിച്ചു വെയ്ക്കുകയും ചെയ്യുന്ന വ്യാജദ്വന്ദ്വ വ്യക്തിത്വങ്ങള്‍. എന്നാല്‍ ജപ്പാന്‍കാര്‍ സ്വന്തം അതിര്‍ത്തിക്കുള്ളില്‍ ആരെന്തു പ്രശ്‌നമുണ്ടാക്കിയാലും ഒറ്റക്കെട്ടോടെ നില്‍ക്കും. അല്ലാതെ, ആഗോളസാഹോദര്യം പറഞ്ഞ്, അവര്‍ സദ്ദാമിനും, സിറിയയ്ക്കും റഷ്യക്കും ഐക്യദാര്‍ഢ്യമൊന്നും ലവലേശം പ്രഖ്യാപിക്കില്ല. ആദ്യം സ്വന്തം രാജ്യം. അതിനു ശേഷം മതി ബാക്കിയെന്തും എന്നത് ചിലപ്പോള്‍ ഒക്കെ ഞങ്ങളുടെ ഗ്രൂപ്പിന് തന്നെ അസഹനീയമായി തോന്നി.

സ്വന്തം രാജ്യത്തെ ഒരു കാരണവശാലും വിമര്‍ശിക്കില്ല, ആരുടെ മുന്നിലും സ്വന്തം രാജ്യത്തെ വില കുറച്ചു കാണുകയുമില്ല. ആരെങ്കിലും സ്വന്തം രാജ്യത്തെ വിമര്‍ശിച്ചാല്‍ ഉടനെ അതിനെ നഖശിഖാന്തം എതിര്‍ക്കും. എല്ലായ്‌പ്പോഴും ജപ്പാന്‍കാര്‍ തെല്ലൊരു അഹങ്കാരത്തോടെ എവിടെയും ഉയര്‍ത്തി കാട്ടുക, തങ്ങള്‍ 1964-ല്‍ തന്നെ വികസിപ്പിച്ചെടുത്ത് മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ‘ഷിന്‍കാന്‍സാന്‍’ എന്ന ബുള്ളറ്റ് ട്രെയിന്‍ സാങ്കേതികവിദ്യയാണ്. അതുകൊണ്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍, ജപ്പാനില്‍ നിന്നുള്ള ബുള്ളറ്റ് ട്രെയിന്‍ സാങ്കേതികവിദ്യക്ക് മാത്രം മുന്‍തൂക്കം നല്‍കി, ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ വേഗത്തില്‍ തീരുമാനിച്ചത്. കൂട്ടത്തില്‍ അവിടുത്തെ വൃത്തിയും. ജപ്പാന്റെ കയ്യില്‍ ഇന്ത്യയിലെ ഏതെങ്കിലും ഒരു പൊതുസംവിധാനത്തെ ഏല്‍പ്പിച്ചാല്‍ അടുത്ത നിമിഷം അവര്‍ ഓടി രക്ഷപ്പെടുമെന്നുറപ്പ്. കാരണം അത്രയ്ക്ക് ബാഹുല്യം നിറഞ്ഞ ഇന്ത്യന്‍ സംവിധാനത്തെ മുന്നോട്ടു ചലിപ്പിക്കുന്നത് ശക്തിയുള്ള പൊതുമേഖലയാണ്. കേരളത്തില്‍ നടപ്പിലാക്കിയ ജപ്പാന്‍ കുടിവെള്ളപദ്ധതി മാത്രം ഓര്‍ക്കുക.

ജപ്പാന്‍ കണ്ടിറങ്ങി, ഡല്‍ഹി വിമാനത്താവളത്തിനിന്നും നാട്ടിലേക്ക് വരുന്ന വഴി ഫ്‌ളൈറ്റിന്റെ പുറകിലെ സീറ്റില്‍ ഇരുന്ന ഒരു തമിഴന്‍ ഭര്‍ത്താവ് ഭാര്യയെ ഫോണില്‍ വിളിക്കുകയാണ്. ‘ഏതോ ഒറു എരുമമാട് എന്നുടെ പക്കത്തില്‍ ഉക്കാംതിറിക്ക്. ഇവളെ പാത്താലെ ഇടേല്‍ എങ്കെയോ ഇറങ്കി ഓടമാതിരിയിരുക്ക്.’

തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന വിദേശവനിതയെ കണ്ടിട്ടാണ് ഈ പറച്ചില്‍. അവര്‍ ചൂയിംഗം ചവയ്ക്കുന്നതും ഇയര്‍ ഫോണില്‍ മറ്റാര്‍ക്കും ശല്യം ഉണ്ടാക്കാത്ത വിധം പാട്ട് കേള്‍ക്കുന്നതും അയാള്‍ക്ക് സഹിക്കുന്നില്ല. വലിയ വായില്‍ ശബ്ദമുണ്ടാക്കി, വീട്ടില്‍ നിന്നും ഇലയില്‍ പൊതിഞ്ഞു കൊണ്ടു വന്ന തൈരുസാദം കൈകൊണ്ട് കുഴച്ചുമറിച്ച് വെട്ടി വിഴുങ്ങുകയാണ് ആശാന്‍. ഒരു പക്ഷേ വംശീയഅധിക്ഷേപം എന്നു പറയാവുന്ന പരാമര്‍ശം. ടൂറിസ്റ്റുകളോടുള്ള നമ്മുടെ യഥാര്‍ത്ഥസ്വഭാവമാണിത്. ഇതല്ല, ജപ്പാന്‍കാര്‍. അവര്‍ എല്ലായിടത്തും നിശബ്ദത പാലിക്കും. ജപ്പാന്‍കാര്‍ മറ്റുള്ളവര്‍ എത്രത്തോളം കംഫര്‍ട്ട് ആകുമെന്നു ആദ്യം നോക്കുമ്പോഴാണീ നമ്മുടെ വാ കീറല്‍ സ്വഭാവം.

നമ്മള്‍ പലപ്പോഴും പ്രകടിപ്പിക്കുന്ന മാനറിസങ്ങളില്‍ പലതും ഒട്ടും നൈസര്‍ഗികമല്ല, മറിച്ച് വ്യാജഫീല്‍ ഉണ്ടാക്കാന്‍ വേണ്ടി കപടപുഞ്ചിരികളും മാനറിസങ്ങളും വില്‍ക്കുന്നവരാണ് ഇന്ത്യക്കാര്‍. ജപ്പാന്‍ ജനത കുടിമുറിയിലും കുളിമുറിയിലും പൊതുശുചിമുറിയിലും ഒരേ സ്വഭാവം കാട്ടുന്നവരാണ്. നമ്മുടെ പുതുതലമുറ ഈ വഴിയിലാണ് വളരുന്നത്. കാരണം അവര്‍ ഇന്റര്‍നെറ്റിലൂടെ ലോകം ദിവസേന കാണുന്നു. ലോകമാനറിസങ്ങള്‍ പഠിക്കുന്നു. അതാണ് മുതിര്‍ന്നവര്‍ നമ്മുടെ കുട്ടികളില്‍ നിന്നും യുവാക്കളില്‍ നിന്നും പകര്‍ത്തേണ്ട പാഠം. അല്ലാതെ മുതിര്‍ന്നവരില്‍ നിന്നും കുട്ടികള്‍ പേടിച്ച് പഠിക്കേണ്ട കാലം കഴിഞ്ഞു എന്നോര്‍പ്പിക്കുന്നു എന്റെ ജപ്പാന്‍ യാത്ര.

(ഇന്ത്യയില്‍ നടപ്പാക്കുന്ന ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായി ജപ്പാനില്‍ നടന്ന ട്രെയിനിംഗില്‍ പങ്കെടുത്ത ലേഖകന്‍ 2012 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്.)

Comments are closed.