DCBOOKS
Malayalam News Literature Website

എല്ലാം അറിയാം എന്ന് കരുതുന്നവരിലാവും ഏറ്റവും വലിയ അജ്ഞർ ഇരിക്കുന്നത്!

ഡോ.ഷിംന അസീസ്, ഹബീബ് അഞ്ജു എന്നിവര്‍ ചേര്‍ന്ന് രചിച്ച  ‘തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ…?’ എന്ന പുസ്തകത്തിന് രമ്യ ഭാരതി എഴുതിയ വായനാനുഭവം.

ഒറ്റയിരുപ്പിന് വായിച്ചു തീർത്തു. പല കാരണങ്ങൾ ആണ്. ഈയിടെയായി ഒറ്റയടിക്ക് തീർത്തില്ലേൽ പിന്നെ പാതി അവിടെ കിടക്കും. വായിച്ചു തീർത്തിട്ടു വേണം അമ്മുന് വായിക്കാൻ കൊടുക്കാൻ. അപ്പോൾ അവൾ എന്തേലും ചോദിച്ചാൽ പറയാൻ പറ്റണമല്ലോ. പിന്നെ വായിച്ചു കഴിഞ്ഞിട്ട് വേണ്ടേ ചൂടോടെ റിവ്യൂ ഇടാൻ.

ഇതൊന്നും അല്ല. ഒറ്റയിരുപ്പിന് പിടിച്ചിരുത്തി വായിപ്പിക്കാൻ പരുവത്തിന് വിഷയങ്ങളും സംഭവങ്ങളും തമാശകളും ഗതിയും ചിട്ടപ്പെടുത്തിയിട്ടുണ്ട് എന്നതാണ് സത്യം. വായിക്കുന്നതിന്റെ ഇടയിൽ ഒത്തിരി ചിന്തിച്ചു എന്തേലും കൂടെ ചേർക്കണമായിരുന്നു എന്നു തോന്നിയോ എന്ന്. ഇല്ല എന്നു തന്നെ ആണ് ഉത്തരം. കുട്ടികൾക്ക് മനസ്സിലാക്കാവുന്ന തരത്തിൽ, ചിലതിനെ ഒരുപാട് വിശദീകരിച്ചു കുളമാക്കാതെ എല്ലാ വിഷയങ്ങളും പ്രതിപാദിച്ചു പോയിട്ടുണ്ട്.

Textഒരേയൊരു ആഗ്രഹം മാത്രമാണ് ഉള്ളത്. സ്കൂളിലെ കുട്ടികൾക്കുള്ള ക്ലാസ്സിനു പുറമെ രക്ഷിതാക്കൾക്ക് ഉള്ള ക്ലാസ്സുകൾ ഉണ്ടെന്നു പറഞ്ഞല്ലോ. പല ഘട്ടങ്ങളിൽ ആയി അതിൽ ഉൾക്കൊള്ളിക്കുന്ന വിഷയങ്ങൾ പറഞ്ഞു പോയി എങ്കിലും, മുതിർന്നവർക്ക് വേണ്ടി എടുക്കുന്ന ഒരു ക്ലാസ്സിൽ ഇരിക്കണം എന്ന് ആഗ്രഹം തോന്നി. കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ വേണ്ടിയായിട്ടല്ല. ആധികാരികമായി ഈ വിഷയങ്ങൾ സംസാരിക്കേണ്ടതും കേൾക്കേണ്ടതും മുതിർന്നവരുടെ കൂടെ ആവശ്യം ആണെന്ന് തോന്നി. പ്രായമായി, വിവാഹം കഴിഞ്ഞു, കുട്ടികൾ ആയി എന്നതൊന്നും ഈ വിഷയത്തിൽ പക്വത വന്നതിന്റെ തെളിവല്ലല്ലോ. കുട്ടികളെക്കാൾ അപക്വമായി ഈ വിഷയങ്ങൾ സംസാരിക്കുന്ന മുതിർന്നവർ നിറയെ ഉള്ള ലോകമാണ്. അവർക്കും കൂടെ ഒരു പുസ്തകം വേണം. ആരോഗ്യമാസികയും വനിതയും പറയുന്ന മുറിവൈദ്യം പോലെ അല്ലാതെ വിശദമായി ഈ വിഷയങ്ങൾ സംസാരിക്കുന്ന പുസ്തകം.

എന്റെ ഫ്രണ്ട്സ്‌ലിസ്റ്റിൽ ഉള്ള എല്ലാർക്കും, അവിവാഹിതർക്കും, ഏതു പ്രായത്തിൽ ഉള്ള കുഞ്ഞുങ്ങൾ ഉള്ള രക്ഷിതാക്കൾക്കും ഞാൻ ഈ പുസ്തകം സജസ്റ്റ് ചെയ്യുകയാണ്. വായിക്കുമ്പോൾ എവിടെയൊക്കെയോ ഞാൻ എന്നെ കണ്ടു. എന്റെ കുട്ടിക്കാലവും അമ്മുവിന്റെ കുട്ടിക്കാലവും കണ്ടു. അമ്മുവിന് കഥകളിലൂടെ നല്ലതും ചീത്തതും പറഞ്ഞു കൊടുത്തതും, ഗുഡ് ടച്ചും ബാഡ് ടച്ചും പറഞ്ഞു കൊടുത്തതും, puberty ടെയും ആർത്തവത്തിന്റെയും വിവരങ്ങൾ അമ്മുവുമായി സംസാരിച്ചതും. ഇപ്പഴും ചില കാര്യങ്ങൾ അമ്മുവിന്റെ പ്രായത്തിൽ അരുതാത്തത് എന്നു പറഞ്ഞു കൊടുക്കുന്നതും എല്ലാം. ഇതൊക്കെ പറയുന്നതിന് മുന്നേ ഒരു നൂറു വട്ടം മനസ്സിൽ പ്ലാൻ ചെയ്തിട്ടുണ്ട്. ഈ പുസ്തകം നേരത്തെ ഉണ്ടായിരുന്നു എങ്കിൽ എത്ര എളുപ്പമായേനെ എന്ന് ആലോചിക്കുകയാണ്.

അമ്മുവിന് എന്തെങ്കിലും സംശയം വന്നാൽ മിക്കതും ആദ്യം എന്നോടാണ് ചോദിക്കുക. അത്ര ഭീകരമല്ലാത്ത സംശയങ്ങൾ ആണേൽ ഇന്റർനെറ്റിന്റെയോ യൂട്യുബിന്റെയോ സഹായം തേടുകയും ചെയ്യും. എന്റെ ചെറുപ്പത്തിൽ ഇതല്ലായിരുന്നു അവസ്ഥ. കൂട്ടുകാർ കൊണ്ടു വന്നു തള്ളുന്ന ഒരു കൊട്ട കഥകൾ. വിശ്വാസവും ശാസ്ത്രവും ഇടകലർന്ന കുറെ ഏറെ വിവരങ്ങൾ. ഇതൊക്കെ ഒന്ന് ക്ലാരിറ്റി വരുത്തണം എന്നു തോന്നും, പക്ഷെ ആരോട് ചോദിക്കണം എങ്ങനെ ചോദിക്കണം എന്ന പ്രശനം വേണ്ടുവോളം ഉണ്ടായിരുന്നു. മിക്കവാറും എന്റെ ചോദ്യങ്ങൾ മറ്റുള്ളവർ മണ്ടത്തരങ്ങൾ ആയി കാണുന്ന കാലവും.

പക്ഷെ ഇത്തരം വിഷയങ്ങൾ ഒന്നും അതിലും പെടില്ല. അമ്മയാണെങ്കിൽ ഒരു ടിപ്പിക്കൽ നാട്ടുമ്പുറത്തുകാരി. അതൊന്നും അറിയണ്ട, ഇതൊന്നും അറിയണ്ട, നീ ചെറിയ കുട്ടിയാണ്, നീ വലിയ കുട്ടിയായി, പ്രായപൂർത്തി ആവാറായി, പ്രായപൂർത്തി ആയി, നീ ഒരു പെണ്കുട്ടി യാണ്, ആ കുട്ടിയെ നോക്കു, ഈ കുട്ടിയെ നോക്കു, നിന്നെ കണ്ട് അനിയൻ കേട് വരാതെ ഇരുന്നാൽ മതിയായിരുന്നു എന്നീ വാക്കുകൾ അമ്മയുടെ സൗകര്യാർത്ഥം സംഭാഷണങ്ങളിൽ കുത്തി തിരുകുന്ന കാലം. തുറന്ന സംസാരങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല തുടങ്ങുന്ന സംസാരങ്ങൾ വഴക്കിൽ കലാശിക്കുന്ന കാലം കൂടെ ആയിരുന്നു. ‘അമ്മ പറഞ്ഞു തരാൻ തുടങ്ങിയപ്പോഴേക്ക് എല്ലാം എനിക്ക് അറിയാം എന്ന ടീനേജ്‌രിന്റെ അട്ടിട്യൂഡ് എനിക്കും വന്നിരുന്നു. ഭക്ഷണ കാര്യത്തിലും വസ്ത്രങ്ങളുടെ കാര്യത്തിലും മാത്രമാണ് ഞങ്ങളുടെ സംസാരം അക്കാലത്തു ഒത്തു പോയിരുന്നുള്ളൂ.

അച്ഛൻ പലപ്പോഴും എന്റെ സാധാരണ സംശയങ്ങളേ നേരെ പുസ്തകങ്ങളിലേക്ക് തള്ളി വിടാറാണ് പതിവ്. ആദ്യമാദ്യമൊക്കെ സങ്കടമായിരുന്നു. ഒന്നിനും മറുപടി തരാതെ ഏതേലും പുസ്തകം പറഞ്ഞിട്ട് അത് വായിച്ചു നോക്കാൻ പറയും.

അന്നാണേൽ ഇന്റർനെറ്റും ഇല്ല. മലയാളം വാക്കുകളിൽ സംശയം തോന്നിയാൽ ശബ്ദതാരവലി, ഇംഗ്ലീഷിൽ സംശയം തോന്നിയാൽ ഓസ്‌ഫോഡ് ഡിക്ഷണറി, സ്ഥലങ്ങളുടെ സംശയം വന്നാൽ അറ്റ്ലസ്, കഥകളിൽ സംശയം വന്നാൽ, പുരാണിക് എൻസെയ്‌ക്ലോപീഡിയ, ഈസോപ് കഥകൾ, പഞ്ചതന്ത്രം കഥകൾ, ഐതിഹ്യമാല, ഗ്രീക്ക് കഥകൾ, പിന്നെയും ഒരു പിടി കഥാ സമാഹാരങ്ങൾ. ഇതായിരുന്നു എന്റെ ലോകം. നാട്ടിൻപുറത്തെ എന്റെ സ്കൂളിൽ എന്റെ കൂട്ടുകാർ എന്നെക്കാൾ കഷ്ടം. ടീച്ചർമാരോടൊക്കെ പരിധിയിൽ അപ്പുറം സംശയം ചോദിക്കാൻ പേടി. എന്ത് ചോദിച്ചാലും അതേ സ്കൂളിൽ പഠിപ്പിക്കുന്ന അച്ഛൻ അറിയും, അല്ലേൽ ടീച്ചേർമാരോക്കെ തുണി തുന്നിക്കുന്ന തുന്നൽക്കാരിയായ എന്റെ അമ്മയറിയും.

ഞങ്ങടെ വീട്ടിലെ അച്ഛന്റെ ലൈബ്രറിയിൽ കട്ടിയുള്ള ബ്രൗണ് കടലാസു കൊണ്ടു പൊതിഞ്ഞ ഒരു പുസ്തകം ഉണ്ടായിരുന്നു. അത്ര പെട്ടെന്ന് ശ്രദ്ധയിൽ പെടാതെ വെച്ചിരുന്ന ആ പുസ്തകം ഞാൻ കണ്ടത് ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ ആണ്. പണ്ടേ ലേശം കൗതുകം കൂടുതൽ ആണല്ലോ. തുറന്നു നോക്കി. ക്ഷേത്രങ്ങളുടെ പുറത്തൊക്കെ കൊത്തി വെച്ചിരിക്കുന്ന പോലത്തെ പ്രതിമയുടെ ഒക്കെ ഛായ ചിത്രം ഉള്ള അക കവറുകൾ ഉള്ള ഒരു പുസ്തകം. ലൈംഗിക വിജ്ഞാന കോശം. കണ്ടപ്പോഴേ പൊള്ളി എന്നതാണ് സത്യം. ഇന്ന് നമ്മൾ ഇന്റർനെറ്റിൽ എന്തേലും സെർച്ച് ചെയ്യുമ്പോൾ വല്ല adult content ഉം വന്നാൽ ഒന്നു ചുറ്റും നോക്കുന്നത് പോലെ.

ആ പുസ്തകത്തിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. ജീവശാസ്ത്രപരമായ കാര്യങ്ങൾ, അന്ധ വിശ്വാസങ്ങൾ, വളർച്ചയുടെ ഘട്ടങ്ങൾ, ലൈംഗികതയുമായി ബന്ധപ്പെട്ട മാനസിക ആരോഗ്യം, ലൈംഗിക രോഗങ്ങൾ, ഗർഭകാലത്തെ വിവിധ ഘട്ടങ്ങൾ, ശൈശവം തൊട്ട് വാർധക്യം വരെ ലൈംഗികതയുമായി ബന്ധപ്പെട്ട കുറെ വിഷയങ്ങൾ. പാഠപുസ്തകങ്ങൾ പോലെ വിശദീകരണങ്ങളും ചിത്രങ്ങളും ഒക്കെ ഉള്ള ഒരു പുസ്തകം. ഒറ്റയടിക്കൊന്നും വായിക്കാൻ പറ്റില്ലല്ലോ. ആരും കാണാതെ, കിട്ടുന്ന സമയങ്ങളിൽ ഇടക്കിടെ ആയി, ആദ്യമാദ്യം താൽപ്പര്യം തോന്നിയ വിഷയങ്ങൾ തുടങ്ങി കുറെ ഒക്കെ വായിച്ചു. പക്ഷെ ഇത് വായിച്ചു എന്ന് ആരോടും പറയാൻ ധൈര്യമില്ലാത്ത അവസ്ഥ. ഇത് വായിച്ചു എന്നറിഞ്ഞാൽ വഴക്കു കിട്ടുമോ എന്നു പേടി. സ്കൂളിലെ കൂട്ടുകാരോട് പറഞ്ഞാൽ അത് പിന്നെ ഒരു വർത്തമാനം ആവുകയോ അച്ഛന്റെയോ അമ്മയുടേയോ അടുത്തു എത്തുമോ എന്ന പേടി. പണ്ടേ രഹസ്യം സൂക്ഷിക്കുന്നതിൽ ഞാൻ മിടുക്കി ആയിരുന്നല്ലോ.

വർഷങ്ങൾക്ക് ശേഷം ഞാൻ ഗർഭിണിയായി ഇരുന്നപ്പോൾ ‘അമ്മ ആ പുസ്തകം എനിക്ക് കൊണ്ടു വന്നു തന്നു. ഗർഭകാലത്തെ പറ്റി അമ്മക്ക് പഠിക്കാൻ വേണ്ടി അച്ഛൻ കൊണ്ടു വന്നു കൊടുത്തതായിരുന്നത്രെ ആ പുസ്തകം. ഓരോ ഘട്ടത്തിലും കുഞ്ഞിന്റ്‌റെ വളർച്ചയെ പറ്റിയും പോഷകങ്ങളെ പറ്റിയും ഒക്കെ മനസ്സിലാക്കാൻ. അമ്മയുടെ കയ്യിൽ നിന്ന് ആ പുസ്തകം വാങ്ങിച്ചപ്പോഴും ഞാൻ പറഞ്ഞില്ല. ഇതൊക്കെ പണ്ടേ വായിച്ചു ബോധിച്ചതാണ് എന്ന്.

തമാശ എന്തെന്ന് വെച്ചാൽ അതിൽ ഇല്ലാത്ത/വിപുലീകരിക്കാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു എന്നതാണ്. അതിൽ എവിടെയും പോസ്റ്റ് പാർട്ടം ബ്ലൂ നെ പറ്റിയോ പോളി സിസ്റ്റിക് ഓവറിയെ പറ്റിയോ ഞാൻ ശ്രദ്ധിച്ചില്ല. പക്ഷെ ഇത് രണ്ടും ഞാൻ നേരിടേണ്ടി വന്നു. പതിയെ പഠിക്കേണ്ടി വന്നു. ഒന്നും പൂർണ്ണമല്ല, ആരും പൂർണ്ണരല്ല. ലൈംഗിക വിദ്യാഭ്യാസം സമൂഹവുമായി ഒരുപാട് ഇഴ ചേർന്നു കിടക്കുന്ന ഒരു കാര്യമാണ്. കൃത്യമായ അപ്ഡേഷൻ ഓരോരോ കാലഘട്ടത്തിലും വേണ്ടത് അത്യന്താപേക്ഷിതം. എല്ലാം അറിയാം എന്നു കരുതുന്നവരിൽ ആവും ഏറ്റവും വലിയ അജ്ഞർ ഇരിക്കുന്നത്. അവനവന് വേണ്ടിയും കുഞ്ഞുങ്ങൾക്ക് വേണ്ടിയും സഹജീവികൾക്ക് വേണ്ടിയും ആധികാരികമായ അറിവുകൾ ഉണ്ടാക്കി എടുക്കേണ്ടത് ഏറ്റവും വലിയ ആവശ്യമാണ്. ഇനിയത്തെ ലോകത്തെങ്കിലും….

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.