DCBOOKS
Malayalam News Literature Website
Rush Hour 2

മുഖം; ശ്രീകുമാരന്‍ തമ്പി എഴുതിയ കവിത

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ശ്രീകുമാരന്‍ തമ്പിയുടെ തിരഞ്ഞെടുത്ത കവിതകള്‍’ എന്ന പുസ്തകത്തില്‍ നിന്നും ഒരു കവിത

ഓരോ പൂവിലും നിന്റെ പേരെഴുതിയിരുന്നു;
എനിക്കുമാത്രം മനസ്സിലാകുന്ന
ഭാഷയില്‍…
ഓരോ ഇലയിലും
നിന്റെ സ്‌നേഹത്തിന്റെ
ഹരിതം നിറഞ്ഞിരുന്നു;
എനിക്കു മാത്രം കാണാന്‍ കഴിയുന്ന
Textപച്ചയില്‍…
നിറഞ്ഞു പറന്ന
പൂമ്പാറ്റകളുടെ
ഈറന്‍ ചിറകുകളില്‍
നിന്റെ ദയയുടെ
പൂമ്പൊടികള്‍ പുരണ്ടിരുന്നു…
എന്നെയുമൊരു
പൂത്തുമ്പിയാക്കിയ
നിന്റെ കാരുണ്യം
എന്റെ ഓര്‍മ്മയുടെ
ചിമിഴില്‍ തുളുമ്പി.
പോക്കുവെയില്‍
ഉരുകിത്തീരുകയായി…
പൂന്തോട്ടത്തില്‍
ഞാന്‍ മാത്രമായി!
പകലിന്റെ ദാഹത്തില്‍നിന്ന്
രാത്രിയുടെ കാമത്തിലേക്ക്
രക്ഷപ്പെടുന്ന മണ്ണ്
പാദങ്ങള്‍ക്കടിയില്‍
പുതിയ അനുഭവമാകുന്നു
ഈ നോട്ടം
എന്റേതല്ലെന്ന് ഞാനറിയുന്നു.

എങ്കിലും നിന്റെ മുഖം
ഒരിക്കലെങ്കിലും കാണാതെ
ഞാനെങ്ങനെയീ
വര്‍ണ്ണങ്ങളോടും ഗന്ധങ്ങളോടും
വിട പറയും…?
വെളിച്ചം പോയ വ്യഥയില്‍
രഹസ്യങ്ങളാകാനൊരുങ്ങുന്ന
ലതികകളുടെ
സംഘഗാനമുയരുന്നു…
അവള്‍ക്കൊരു മുഖമില്ലല്ലോ
പിന്നെയെങ്ങനെ
ഞങ്ങളതു പകര്‍ത്തും…?

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.