DCBOOKS
Malayalam News Literature Website

‘തോട്ടിച്ചമരി’; വംശശുദ്ധിയുടെ പൊളിച്ചെഴുത്ത്

എസ് ഗിരീഷ് കുമാറിന്റെ ‘തോട്ടിച്ചമരി’എന്ന പുസ്തകത്തിന് അമൃത് പ്രദീപ് എഴുതിയ വായനാനുഭവം 

ഒരു ദേശത്തിന്റെ ചരിത്രമാണ് തോട്ടിച്ചമരി. മനുഷ്യന്റെ വിചാരങ്ങളിലും വികാരങ്ങളിലും കെട്ടുപിണഞ്ഞു കിടക്കുന്ന ദേശം സദാ അവന്റെ ചരിത്രബോധത്തെ ഉരുക്കഴിച്ചു കൊണ്ടേയിരിക്കും. മരണപ്പെട്ടിട്ടും എസ്തപ്പാന്റെ ഉയിര് വിട്ടു പോകാതെ മണ്ണിൽ ഉറഞ്ഞു നിൽക്കുന്നത് മാമിക്കുട്ടിയോടുള്ള പ്രണയം കൊണ്ടു മാത്രമല്ല… പറയരുകുന്നിനോടുള്ള അഭിനിവേശം കൊണ്ടുകൂടിയാണ്. ദേശം എന്ന ബോധം എസ്തപ്പാന്റെ ഉള്ളിൽ എപ്പോഴും ഉറച്ചു കിടന്നു.

ചരിത്രം എപ്പോഴും അധികാര ശ്രേണിയുടെ പക്ഷത്താണ്. കാലപ്പാച്ചിലിൽ നിശബ്ദരാക്കപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരും ചരിത്രത്തിന്റെ നിർമ്മിതിയിൽ പങ്കാളികളാണ്. എന്നാൽ അവരുടെ പ്രയത്നങ്ങൾ Textതെളിച്ചു കാട്ടാതെയാണ് ചരിത്രം കടന്നുപോവുന്നത്. ചരിത്രത്തിനുള്ളിൽ ഗോപനം ചെയ്യപ്പെടുന്ന പ്രാദേശിക ചരിത്രത്തെയും സ്വത്വത്തെയും അടയാളപ്പെടുത്തുകയാണ് തോട്ടിച്ചമരിയിലൂടെ എസ്.ഗിരീഷ് കുമാർ…
പല ദേശങ്ങളിൽ നിന്നും പലായനം ചെയ്തവർക്ക് അഭയം നൽകി, അവരെ മൂന്നു കുന്നുകളും നെഞ്ചോട് ചേർക്കുന്നു. മൂന്നു കുന്നുകളും സങ്കരമായ സംസ്കാരത്തിന്റെ വിളനിലമാണ്. വംശത്തിന്റെ വ്യാജമായ ശുദ്ധ സങ്കല്പത്തെ പൊളിച്ചെഴുതുകയാണ് ഈ കൃതി ചെയ്യുന്നത്. പ്രേതം മണ്ണിനോടു പറയുന്നത് മനുഷ്യരുടെ മാത്രമല്ല, മണ്ണിന്റെ കൂടി കഥകളാണ് പതിനെട്ട് അധ്യായങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. പാണ്ഡവ – കൗരവ യുദ്ധത്തിന്റെ ദ്രാവിഡസത്ത മറ്റൊരു രീതിയിൽ പ്രകടമാക്കുന്നുണ്ട്. ആര്യമായതെല്ലാം മഹത്വവത്കരിക്കുന്ന രീതിയെ അറത്തുമാറ്റി ദ്രാവിഡപ്പെരുമയുടെ യാഥാർത്ഥ്യത്തെ നോവലിൽ അവതരിപ്പിക്കുന്നുണ്ട്.

വെങ്കോട്ട, മുണ്ടുകുഴി, കുന്നന്താനം, മാടപ്പള്ളി എന്നീ സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മൂന്നു കുന്നകളുടെ ജീവിത ചരിത്രം അനാവൃതമാക്കുകയാണ് തോട്ടിച്ചമരി. പ്രകൃതി ചൂഷണങ്ങളുടെയും വർഗ്ഗവർണ്ണ ഉച്ചനീചത്വങ്ങളുടെയും മനുഷ്യനിസ്സഹായവസ്ഥയുടെയും ചിത്രങ്ങൾ നോവലിസ്റ്റ് വരച്ചിടുന്നു’. പറയരുകുന്ന് യഥാർത്ഥത്തിൽ പരിത്യജിക്കപ്പെട്ടവരുടെ ഇടമാണ്. സ്വന്തം ദേശത്ത് നിന്നും അടർത്തിമാറ്റപ്പെട്ടു മറ്റ് ദേശങ്ങളിലേയ്ക്കു കാലങ്ങളായി കുടിയേറിപ്പാർക്കുന്നവരായാലും ജന്മദേശ ബോധം അവരെ കാന്തം പോലെ വലിച്ചടുപ്പിക്കുന്നു. ഇവിടെയും അവിടെയും അല്ലാത്ത ഒരു ദ്വന്ദ അസ്തിത്വം (Diasporic Identity) അവരിൽ രൂപീകൃതമാകുന്നു. അത് തങ്കപ്പൊടിയിൽ പ്രകടമാണ്. ഈ അസ്തിത്വ ദു:ഖത്തെ അവർ കീഴടക്കുന്നത് കഥ പറച്ചിലിലൂടെയാണ്.

മോഹങ്ങളും മോഹഭംഗങ്ങളും മിന്നിയും മങ്ങിയും അങ്ങനെ കുന്നുകൾക്കു മുകളിൽ വട്ടമിട്ടു പറക്കുന്നുണ്ട്..
എസ്തപ്പാൻ [തോട്ടിച്ചമരി] ,കറുത്ത പെണ്ണമ്മ, മാമിക്കുട്ടി, തങ്കപ്പൊടി, പൊറിയൻ തോമ, ഗുണ്ട് മുരളി, കിളി ബാബു, ഗ്രേസി, കുട്ടായിയപ്പൻ തുടങ്ങിയവരെല്ലാം ഗ്രാമത്തിന്റെ മിഴിവുറ്റ ചിത്രമാണ്. നാടൻ പദങ്ങളുടെയും നാട്ടാചാരങ്ങളുടെയും പൊത്തുപൊരുത്തമാണ് തോട്ടിച്ചമരി.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.