DCBOOKS
Malayalam News Literature Website

മണ്ണിനോട് കഥ പറയുന്ന പ്രേതത്തിന്റെ വിങ്ങലുകൾ…

എസ് ഗിരീഷ് കുമാറിന്റെ ‘തോട്ടിച്ചമരി’എന്ന പുസ്തകത്തെക്കുറിച്ച് എഴുത്തുകാരി ബീന പങ്കുവെച്ച കുറിപ്പ് 

എസ് ഗിരീഷ്കുമാറിന്റെ തോട്ടിച്ചമരി എന്ന നോവലിന് കവർ ഡിസൈൻ ചെയ്ത വിഷ്ണു റാം മുൻപ് എഫ്ബിയിൽ പോസ്റ്റുചെയ്ത കവർ ചിത്രത്തിൽ നിന്നാണ് പേരിൽ വ്യത്യസ്തയുള്ള ഈ നോവൽ ശ്രദ്ധിച്ചത്. WTP Live ന്റെ 2022 ലെ നോവൽ പുരസ്‌കാരം തോട്ടിച്ചമരി കരസ്ഥമാക്കിയപ്പോൾ ഈ നോവൽ വേണ്ടത്ര വായിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ഉണ്ടായില്ലല്ലോ എന്ന തോന്നലുണ്ടായി. അതിനിടെ നാട്ടിൽ നിന്ന് നോവൽ വരുത്തിക്കാനും വായിക്കാനും കഴിഞ്ഞു. ചില്ല റിയാദ് നടത്തിയ പ്രതിമാസ വായനയുടെ ഭാഗമായി എനിക്ക് തോട്ടിച്ചമരിയുടെ വായനാനുഭവം പങ്കുവെക്കാനായി.

മാഞ്ഞുപോയ കുന്നുകൾ സൃഷ്ടിച്ച വേവലാതിയിൽ നിന്നാണ് തോട്ടിച്ചമരിയിലേക്ക് താൻ എത്തിയത് എന്ന് മുൻമൊഴിയിൽ നോവലിസ്റ്റ് സൂചിപ്പിക്കുന്നുണ്ട്. എന്നാൽ നോവലിന്റെ വികാസം പരിസ്ഥിതി ആക്റ്റിവിസത്തിലേക്ക് വഴുതാനുള്ള എല്ലാ സാദ്ധ്യതകളും കൈയ്യടക്കത്തോടെ റദ്ദ് ചെയ്തുകൊണ്ടാണ് ഗിരീഷ്കുമാർ കഥകളുടെ ഈ കഥ നമുക്ക് മുന്നിൽ കുടഞ്ഞിടുന്നത്.

സുസ്ഥിര വികസനം ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും കുവികസനത്തിലേക്കുള്ള മണ്ണുമാന്തി യന്ത്രയുദ്ധങ്ങൾ Textനെഞ്ചുപറിക്കുന്ന വേദനയുണ്ടാക്കും. ഓരോ മനുഷ്യനും തന്റെ പ്രദേശത്തെ മണ്ണിൽ ആഴ്ന്നിറങ്ങിയ വേരുകളുണ്ടാവും.

ആ വേരുകളിൽ നിന്ന് അടർത്തിമാറ്റപ്പെടുന്നവർക്ക് അതിജീവനത്തിനായി പോരാടിയേ മതിയാവൂ. വെട്ടിപ്പിടിക്കാൻ വെമ്പുന്നവർക്ക് അതിനായുള്ള യുദ്ധങ്ങൾ അന്തമില്ലാത്ത തുടർച്ചയുമാണ്. കുന്നുകളുടെ, മണ്ണിന്റെ, മണ്ണിൽ വേരുകളുള്ള ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും പോരാട്ടങ്ങളുടെ കഥയാണ് തോട്ടിച്ചമരി. കഥ പറച്ചിലുകാരുടെ കഥയും അകറ്റിനിർത്തപെട്ടവരുടെ കഥയും കൂടിയാണ്. മുണ്ടൂഴിയിലെ പറയരുകുന്നും വള്ളോരുകുന്നും ഉമിക്കുന്നും സാക്ഷിയായി ഞാൻ ഈ നോവൽ അനുഭവിക്കുകയാണ് ചെയ്തത്.

പ്രേതയുദ്ധത്തിന്റെ ഒന്നാം അദ്ധ്യായത്തിൽ തുടങ്ങി വൈവിദ്ധ്യമാർന്ന പോരാട്ടങ്ങളിലൂടെ പതിനെട്ടാം അദ്ധ്യായത്തിൽ തോറ്റവരുടെ യുദ്ധത്തിൽ എത്തിനിൽക്കുമ്പോൾ നോവൽ അവസാനിക്കുകയല്ല തുടരുകതന്നെയാണ്. വെൺകൊട്ട വിത്തുകൾ തളിരിട്ട് തലയുയർത്തി തുടങ്ങുകയായിരുന്നല്ലോ!
ഈ നോവൽ വായിച്ചിട്ടില്ലാത്തവർ തോട്ടിച്ചമരി സ്വർഗം വേണ്ടെന്ന് വെച്ചത് എന്തിനെന്നു വായിച്ചു തന്നെ അറിയുക.

എസ്തപ്പാൻ തോട്ടിച്ചമരി ആയതിന്റെ പൊരുൾ… മണ്ണിനോട് കഥ പറയുന്ന പ്രേതത്തിന്റെ വിങ്ങലുകൾ…
പാണ്ഡവരുടെ വനവാസത്തിനുള്ള പുറപ്പാടും യഹോവയുടെ അരുളപ്പാടനുസരിച്ച് പുറപ്പെട്ട അബ്രഹാമിന്റെ പുറപ്പാടും തങ്കപ്പൊടിയുടെ കഥ പറച്ചിലിലൂടെ എസ്തപ്പാനിൽ കുഴഞ്ഞുമറിഞ്ഞത്…

കുടിയേറ്റക്കാർ, പരിവർത്തിത ക്രിസ്ത്യാനികൾ, ബ്രാഹ്‌മണ അധിനിവേശങ്ങൾ, ബുദ്ധമത പ്രതിരോധങ്ങൾ…
എല്ലാം ഒരു പ്രദേശത്തിന്റെ ഭാഷയിൽ, സാംസ്കാരികതയിൽ ഒട്ടും സങ്കീർണത വായനയിൽ അനുഭവപ്പെടാത്തവിധം ലളിതമായി എന്റെ ആസ്വാദനത്തിലേക്ക് സന്നിവേശിപ്പിക്കാൻ നോവലിസ്റ്റിന് കഴിഞ്ഞു.
ഈ നോവൽ ഏറെ വായിക്കപ്പടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്. അത് സാമൂഹികമായ ഒരു അനിവാര്യത കൂടിയാണ്. വിനിൽ പോളിന്റെ ‘അടിമ കേരളത്തിന്റെ അദൃശ്യചരിത്രം’ പോലുള്ള ചരിത്രഗ്രന്ഥങ്ങളിലൂടെ നിർവഹിക്കപ്പെടുന്ന ദൗത്യങ്ങളിൽ ചിലത് തോട്ടിച്ചമരി എന്ന സാഹിത്യകൃതി നിർവഹിക്കുന്നുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.