DCBOOKS
Malayalam News Literature Website

കുറഞ്ഞ വാചകങ്ങൾകൊണ്ട് അനവധി തത്ത്വചിന്തകൾ സംവേദനം ചെയ്യുന്ന രചനകള്‍!

പി.കെ. പാറക്കടവിന്റെ തിരഞ്ഞെടുത്ത കഥകള് എന്ന പുസ്തകത്തെക്കുറിച്ച് റുമൈസ് ഗസ്സാലി എഴുതിയത്
കുറഞ്ഞ വാചകങ്ങൾകൊണ്ട് അനവധി തത്ത്വചിന്തകൾ സംവേദനംചെയ്യുന്ന രചനകളാണ് പി.കെ. പാറക്കടവിൻ്റേത്. സമൂഹത്തെ കാർന്നുതിന്നുന്ന പലവിധ പ്രശ്നങ്ങളും പി.കെ.യുടെ മിനിക്കഥകളിൽ കടന്നുവരുന്നുണ്ട്. പുതിയകാലത്ത് മനുഷ്യൻ്റെ ജീവിതരീതിയിൽ വന്ന മാറ്റങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും കമ്പോളസംസ്കാരത്തിൻ്റെ കടന്നുകയറ്റവും യന്ത്രവത്കരണത്തിൻ്റെ അനന്തരഫലങ്ങളുമെല്ലാം കഥകളിൽ കാണാം. പ്രതീകാത്മകമായ ആഖ്യാനരീതി വായനക്കാരുടെ മനസിൽ പി.കെയുടെ കഥകൾക്ക് ചിരപ്രതിഷ്ഠ നൽകുന്നുണ്ട്.
Text” ഒരു കാലടിയൊച്ച. പിന്നെ ഒരലർച്ചപോലെ കോളിംഗ് ബെല്ലിൻ്റെ ശബ്ദം. വാതിൽപ്പാളി തുറന്നുനോക്കിയപ്പോൾ അയാൾതന്നെ. കടലാസ് നീട്ടി അയാൾ പറഞ്ഞു: നിങ്ങൾ ശ്വസിച്ച വായുവിൻ്റെ ബില്ല്”. രാജ്യത്ത് ആയിരക്കണക്കിന് രോഗികൾ ഓക്സിജൻ കിട്ടാതെ വിറങ്ങലിച്ചുനിൽക്കുന്ന വർത്തമാനകാലത്തെ ദീർഘദർശനം ചെയ്ത് പി.കെ.പാറക്കടവ് 1993ൽ എഴുതിയതാണ് വരദാനമെന്ന ഈ കഥ.
“ഒരു കണ്ണടയ്ക്കാൻ പറഞ്ഞു.
ഞാൻ രണ്ടു കണ്ണുകളുമടച്ചു.
ഒന്നു വായടയ്ക്കാൻ പറഞ്ഞു.
ഞാൻ നാവിനെ ഉറക്കിക്കിടത്തി.
ഒടുവിൽ ഈ മണ്ണിന്റെ മഹത്ത്വം പറഞ്ഞ്
അവരെന്നെ മണ്ണടക്കി”.
പ്രതികരണശേഷി നഷ്ടപ്പെടുന്ന സമൂഹത്തിന് വന്നുഭവിക്കാവുന്ന ദുരന്തത്തിൻ്റെ ആഴം ഈ വരികളിലുണ്ട്. അന്ധമായ വിധേയത്വം മനുഷ്യൻ്റെ അസ്ഥിത്വത്തെ ഇല്ലായ്മ ചെയ്യുമെന്ന സന്ദേശം അവസ്ഥ എന്ന ഈ കഥയിലുണ്ട്.
”പച്ചക്കറി അരിയുന്നതിനിടയിൽ അടുക്കളയിൽനിന്ന് ഭാര്യ അയാളോട് വിളിച്ചുപറഞ്ഞു: ‘ഈ കത്തിക്ക് തീരേ മൂർച്ചയില്ല’. പഠനമുറിയിൽനിന്നിറങ്ങിവന്ന് അയാൾ സ്വന്തം പേന അവൾക്കുനൽകി”.
സർഗാത്മകതയുടെ സർവ്വ സാധ്യതകളും തൂലിക എന്ന ഈ കഥയിൽ തെളിഞ്ഞുകാണാം.
കഥയ്ക്ക് ജീവൻനൽകുന്നത് വാചകങ്ങളുടെ ആധിക്യമല്ലെന്ന് ബോധ്യപ്പെടുത്തുന്ന രചനകളാണ് ഓരോന്നും. മനുഷ്യ ജീവിതത്തെ സൂക്ഷ്മമായി വിലയിരുത്തുന്ന എഴുത്തുകാർക്കേ ഇങ്ങനെയെല്ലാം എഴുതാൻ സാധിക്കൂ.എല്ലാം മികച്ച വായനാനുഭവം പകർന്നുനൽകുന്നവ.

 

Comments are closed.